sections
MORE

ഇന്ത്യയുടെ മൂന്നാമത്തെ വിമാനവാഹിനി കപ്പൽ സമയത്ത് തന്നെ നീറ്റിലിറിക്കും

ins-Vikramaditya
ഐഎന്‍എസ് വിക്രമാദിത്യ
SHARE

കോവിഡിന്റെ പശ്ചാത്തലത്തില്‍ രണ്ടാമത്തെ വിമാനവാഹിനി കപ്പല്‍ കമ്മീഷന്‍ ചെയ്യാനുള്ള ഇന്ത്യയുടെ നീക്കം അടുത്തവര്‍ഷത്തേക്ക് നീളും. രണ്ടാം വിമാനവാഹിനി കപ്പലിന്റെ കാര്യത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും മൂന്നാം വിമാന വാഹിനികപ്പല്‍ സമയത്ത് തന്നെ സേനയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ നാവിക സേന ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനയുടെ വര്‍ധിച്ചു വരുന്ന സാന്നിധ്യത്തെ പ്രതിരോധിക്കാനായി രണ്ട് പോര്‍വിമാനങ്ങളുടെ വ്യൂഹത്തെ രംഗത്തിറക്കാനും പദ്ധതിയുണ്ട്. 

ദക്ഷിണ ചൈന കടലില്‍ അമേരിക്ക അടുത്തിടെ നടത്തിയ സൈനികാഭ്യാസം ചൈനയെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. പേരില്‍ മാത്രമല്ല അധികാരമെന്ന് ചൈന വീമ്പിളക്കുന്ന ദക്ഷിണ ചൈന കടലിലായിരുന്നു അമേരിക്കയുടെ എയര്‍ക്രാഫ്റ്റ് കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ (സിഎസ്ജി) അഭ്യാസം. പ്രതിദിനം കടലില്‍ 900 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ അമേരിക്കയുടെ ഈ സേനാവ്യൂഹത്തിനാകും.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വലിയ തോതില്‍ പടക്കപ്പലുകളേയും അന്തര്‍വാഹിനികളേയും ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. എങ്കില്‍ പോലും വിമാന വാഹിനി കപ്പലുകളുടെ കാര്യത്തില്‍ ഇന്ത്യക്ക് പ്രതീക്ഷിച്ച മുന്‍തൂക്കമുണ്ടാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിക്കുന്ന ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലിന്റെ പ്രൊപ്പല്‍ഷന്‍, ട്രാന്‍സ്മിഷന്‍, ഷാഫ്റ്റിംങ് സംവിധാനങ്ങളുടെ പരിശോധന എന്നിവയാണ് കോവിഡിനെ തുടര്‍ന്ന് നീളുന്നത്.

2003 ജനുവരിയിലാണ് ആദ്യത്തെ തദ്ദേശീയ വിമാനവാഹിനി കപ്പലിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. നിലവിലെ സാഹചര്യത്തില്‍ 2021 സെപ്റ്റംബറിലായിരിക്കും ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് കമ്മീഷന്‍ ചെയ്യുക. ആയുധങ്ങള്‍ സജ്ജീകരിച്ച് പോര്‍വിമാനങ്ങള്‍ കപ്പലില്‍ ഇറങ്ങുന്ന രീതിയില്‍ പൂര്‍ണ്ണമായും സജ്ജമാകാന്‍ 2022-23 വരെ പിന്നെയും കാത്തിരിക്കേണ്ടി വരും. ഏതാണ്ട് 22,590 കോടിരൂപയാണ് ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പലിന്റെ ചെലവ് കണക്കാക്കുന്നത്.

ചൈനക്ക് ഇപ്പോള്‍ തന്നെ രണ്ട് വിമാനിവാഹിനി കപ്പലുകളുണ്ട്. രണ്ടെണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. 2050 ആകുമ്പോഴേക്കും പത്ത് വിമാനവാഹിനിക്കപ്പലുകള്‍ സജ്ജമാക്കുകയാണ് ചൈനയുടെ ലക്ഷ്യം. തന്ത്രപ്രധാനമായ മലാക്ക കടലിലെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്നും ചൈന കണക്കുകൂട്ടുന്നു. 

44,500 ടണ്‍ ഭാരമുള്ള ഐഎന്‍എസ് വിക്രമാദിത്യയാണ് ഇപ്പോള്‍ ഇന്ത്യക്കുള്ള ഏക വിമാനവാഹിനി കപ്പല്‍. 2013 നവംബറില്‍ റഷ്യയില്‍ നിന്നും 2.33 ബില്യണ്‍ ഡോളറിനാണ് ഇന്ത്യ ഈ വിമാനവാഹിനിക്കപ്പല്‍ സ്വന്തമാക്കിയത്. വീണ്ടും രണ്ട് ബില്യണ്‍ ഡോളര്‍ കൂടി ചെലവഴിച്ചാണ് 45 മിഗ് 29കെ വിമാനങ്ങള്‍ക്ക് വേണ്ട സജ്ജീകരണങ്ങള്‍ ഇന്ത്യ ഒരുക്കിയത്. 

രണ്ടാമത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ നിര്‍മിക്കണമെന്ന നാവികസേനയുടെ ആവശ്യം 2015 മെയ് മാസം മുതല്‍ സര്‍ക്കാരിന് മുന്നിലുണ്ട്. ഈ വിമാനവാഹിനിക്കപ്പലിന് 65,000 ടണ്‍ ഭാരമാണ് കണക്കാക്കുന്നത്. ആണവോര്‍ജ്ജം ഇന്ധനമാക്കുന്നതോടെ നിര്‍മാണചെലവ് കുറക്കാമെന്ന നിര്‍ദേശവും നാവികസേന മുന്നോട്ടുവെക്കുന്നുണ്ട്. ഏതാണ്ട് 45,000 കോടി രൂപ 10-14 വര്‍ഷത്തിനുള്ളില്‍ ചെലവഴിച്ചാല്‍ മതിയാകുമെന്നാണ് നാവികസേനയുടെ കണക്കുകൂട്ടല്‍. ചൈനയുമായുള്ള പ്രതിസന്ധി അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ രണ്ടാമത്തെ തദ്ദേശീയ വിമാനവാഹിനി കപ്പല്‍ അടക്കമുള്ള പ്രതിരോധ പദ്ധതികള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.

English Summary: Indian Navy will push ahead with plan for 3rd aircraft carrier

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA