sections
MORE

ചൈനയെ തകർക്കാൻ മുന്നിലുള്ളത് അറ്റകൈ പ്രയോഗം, സംഭവിക്കുക വൻ ‘കടൽ യുദ്ധം’

us-navy-fleet-south-china-sea
ദക്ഷിണ ചൈനാ കടലിൽ നിരീക്ഷണം നടത്തുന്ന യുഎസ് നാവിക സേന (ഫയൽ ചിത്രം)
SHARE

ചൈനയെ തോല്‍പിക്കാനുള്ള ഏറ്റവും ചെലവുകുറഞ്ഞ, ഫലപ്രദമായ മാര്‍ഗം വ്യാപാര പങ്കാളികളുമായുള്ള ബന്ധം തകര്‍ക്കുന്നതും എണ്ണയും പ്രകൃതിവാതകവും അടക്കമുള്ള പ്രകൃതിവിഭവങ്ങളുടെ ലഭ്യത ഇല്ലാതാക്കുന്നതുമാണെന്ന് അമേരിക്കന്‍ പ്രതിരോധ വിദഗ്ധര്‍. അമേരിക്കന്‍ നാവിക സേനയുടെ നേതൃത്വത്തില്‍ ചൈനക്കെതിരെ ഉപരോധം കൊണ്ടുവരണമെന്നാണ് മുന്‍ യുഎസ് നാവിക സേന ക്യാപ്റ്റനും രാഷ്ട്രീയ വിശകലന വിദഗ്ധനുമായ ബ്രാഡ്‌ഫോര്‍ഡ് ഡിസ്മ്യൂക്‌സ് അഭിപ്രായപ്പെടുന്നത്. അതായത് കടൽ വഴിയുള്ള ചൈനീസ് നീക്കങ്ങൾക്ക് തടയിടുക എന്നതാണ്. 

ആഗോളവല്‍ക്കരണമാണ് ചൈനയെ ആഗോളശക്തിയാക്കി മാറ്റിയത്. സമുദ്രം വഴിയുള്ള സാധ്യതകള്‍ മുതലാക്കിയായിരുന്നു ചൈനയുടെ വളര്‍ച്ചയെന്ന് ഡിസ്മ്യൂക്‌സ് ചൂണ്ടിക്കാണിക്കുന്നു. എതിരാളികളുടെ വിഭവങ്ങള്‍ പരിമിതപ്പെടുത്തി ദുര്‍ബലരാക്കുന്ന ഉപരോധമെന്ന യുദ്ധതന്ത്രത്തിന് ചരിത്രത്തില്‍ ഏറെക്കാലത്തെ പഴക്കമുണ്ട്. എന്നാല്‍ കടല്‍വഴിയുള്ള വ്യാപാരങ്ങളും ഇടപാടുകളും നിയന്ത്രിച്ച് ഒരു രാജ്യത്തെ ഉപരോധിക്കുന്ന രീതിക്ക് അധികകാലത്തെ പഴക്കമില്ല. എന്നാല്‍ ഈ നിര്‍ദേശം പ്രാവര്‍ത്തികമാക്കുകയെന്നത് പറയും പോലെ എളുപ്പമല്ലെന്ന് മുന്നറിയിപ്പ് നല്‍കുന്നവരുമുണ്ട്.

സമ്പത്തിനൊപ്പം സൈനിക ശക്തി കൂടിയായുള്ള ചൈനയുടെ വളര്‍ച്ച പല രാജ്യങ്ങളും ആശങ്കയോടെയാണ് കാണുന്നത്. കടല്‍ വഴിയുള്ള വ്യാപാരത്തിന് വലിയ പ്രാധാന്യമാണ് ചൈന നല്‍കുന്നത്. എണ്ണ അടക്കമുള്ള പല നിര്‍ണായക വിഭവങ്ങളും പ്രധാനമായും ചൈനയിലെത്തുന്നത് കപ്പല്‍മാര്‍ഗമാണ്. ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ മറ്റു രാജ്യങ്ങളിലേക്കെത്തുന്നതും കപ്പലുകളില്‍ തന്നെ.

ചൈനക്കെതിരെ സമുദ്ര ഉപരോധം കൊണ്ടുവരണമെന്ന് കഴിഞ്ഞ ഏപ്രിലില്‍ തന്നെ യുഎസ് ചീഫ് ഓഫ് നേവല്‍ ഓപറേഷന്‍സ് അഡ്മിറല്‍ മൈക്കല്‍ ഗില്‍ഡേ അഭിപ്രായപ്പെട്ടിരുന്നു. ഇത്തരമൊരു ഉപരോധം ചൈനക്കുമേല്‍ ഫലപ്രദമായി നടപ്പാക്കണമെങ്കില്‍ അമേരിക്കക്കൊപ്പം സഖ്യരാജ്യങ്ങളും കൈകോര്‍കേണ്ടി വരും. ബ്രാഡ്‌ഫോര്‍ഡ് ഡിസ്മ്യൂക്‌സിന്റെ അഭിപ്രായത്തില്‍ പ്രധാനമായും രണ്ട് ഘട്ടങ്ങളിലായാണ് ഉപരോധം നടപ്പാക്കുക.

യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അമേരിക്കന്‍ കപ്പലുകളും മറ്റും വലിയ തോതില്‍ എല്ലാത്തരം ചൈനീസ് കപ്പലുകളുടെ നീക്കത്തെ തടസപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യും. ചൈനയെ സഹായിക്കാനെത്തുന്ന മറ്റു രാജ്യങ്ങളുടെ കടല്‍വഴിയുള്ള സഞ്ചാരങ്ങളും നിയന്ത്രിക്കേണ്ടതുണ്ട്. ചൈനീസ് ചരക്കുകപ്പലുകളുടേയും മത്സ്യബന്ധന ബോട്ടുകള്‍ അടക്കമുള്ളവയുടേയും എണ്ണം കണക്കിലെടുക്കുമ്പോള്‍ ഇത് എളുപ്പത്തില്‍ സാധ്യമാകില്ലെന്നും ഡിസ്മ്യൂക്‌സ് ഓര്‍മിപ്പിക്കുന്നുണ്ട്. 

രണ്ടാംഘട്ടത്തില്‍ നിരോധനം ഫലപ്രദമാണെന്ന് ഉറപ്പുവരുത്താനായി ആഗോളതലത്തില്‍ വിവിധ സമുദ്രങ്ങളില്‍ നിരീക്ഷണം നടത്തേണ്ടതുണ്ട്. അമേരിക്കന്‍ സഖ്യരാജ്യങ്ങളുടെ കൂടി സഹായത്തിലേ ഇത് സാധ്യമാകൂ. ചൈനീസ് തുറമുഖങ്ങളിലേക്ക് നിരോധനം ലംഘിച്ചെത്തുന്ന കപ്പലുകളും തുറമുഖങ്ങളില്‍ നിന്നും പോകുന്ന കപ്പലുകളും അമേരിക്കന്‍ മുങ്ങിക്കപ്പലുകള്‍ ഉപയോഗിച്ച് തകര്‍ക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഈ യുദ്ധതന്ത്രത്തില്‍ മുങ്ങിക്കപ്പലുകള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. 

ചൈനീസ് നിര്‍മിത ബോംബര്‍ വിമാനങ്ങളും റോക്കറ്റുകളും മുങ്ങിക്കപ്പലുകളും രാജ്യാന്തര നിലവാരം വെച്ചുനോക്കുമ്പോള്‍ അത്ര മുന്നിലല്ല. അതുകൊണ്ടുതന്നെ അമേരിക്കന്‍ നേതൃത്വത്തിലുള്ള ഈ സമുദ്ര ഉപരോധം മറികടക്കുക ചൈനക്ക് എളുപ്പമാകില്ല. 

അതേസമയം ഇത്തരം ഉപരോധങ്ങള്‍ ചെലവേറിയതാണെന്നതും വസ്തുതയാണ്. ഏതെല്ലാം കപ്പലുകളെയാണ് ആദ്യം നിയന്ത്രിക്കേണ്ടതെന്നത് അടക്കമുള്ള തന്ത്രപ്രധാനമായ തീരുമാനങ്ങളും സമുദ്ര ഉപരോധം ഫലപ്രദമാകുന്നതില്‍ നിര്‍ണായകമാകുമെന്നും ഡിസ്മ്യൂക്‌സ് ഓര്‍മിപ്പിക്കുന്നു. ചൈനക്കെതിരായ ഇത്തരമൊരു ഉപരോധം അമേരിക്കയേയും മറ്റു ലോകരാജ്യങ്ങളെ തന്നെയും വലിയതോതില്‍ ബാധിക്കാനിടയുണ്ട്. അപ്പോഴും ഇത്തരമൊരു ഉപരോധം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രാജ്യം ചൈനയാകുമെന്ന് കാര്യത്തില്‍ സംശയം വേണ്ട.

English Summary: To defeat china in war strangle its economy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA