sections
MORE

ഇന്ത്യയുടെ ‘വജ്രായുധം’ വാങ്ങാൻ ഫിലിപ്പൈൻ, പിന്നാലെ ലോക രാജ്യങ്ങളും

brahmos
SHARE

ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ബ്രഹ്മോസ് വാങ്ങുന്ന ആദ്യ രാജ്യം ഫിലിപ്പൈൻ ആയിരിക്കുമെന്ന് റിപ്പോർട്ട്. ബ്രഹ്മോസ് മിസൈൽ ഇടപാട് സംബന്ധിച്ച് ഇന്ത്യൻ, ഫിലിപ്പീൻസ് ഉദ്യോഗസ്ഥർ കഴിഞ്ഞ വർഷം തന്നെ ചർച്ച ചെയ്തിരുന്നു. അടുത്ത വർഷം പ്രധാനമന്ത്രി മോദിയും ഫിലിപ്പൈൻ പ്രസിഡന്റ് ഡുട്ടെർട്ടും തമ്മിലുള്ള നയതന്ത്ര ഉച്ചകോടിയിൽ ഇരു രാജ്യങ്ങളും കരാർ ഒപ്പിട്ടേക്കുമെന്നാണ് കരുതുന്നത്.

സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ കരയും കടൽ അധിഷ്ഠിത പതിപ്പുകൾ വിൽക്കുന്നതിനായി തായ്‌ലൻഡ്, ഇന്തൊനീഷ്യ, വിയറ്റ്നാം എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളുമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇന്തോ-റഷ്യൻ ബ്രഹ്മോസ് സംവിധാനം സ്വന്തമാക്കുന്ന ആദ്യ രാജ്യമായി ഫിലിപ്പൈൻസ് മാറും.

ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ആയുധ സംവിധാനം നിർമിക്കുന്ന ബ്രഹ്മോസ് എയ്‌റോസ്‌പേസ് തങ്ങളുടെ ടീമിനെ മനില സന്ദർശിക്കാൻ ഡിസംബറോടെ അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃത്യമായ തിയതി അറിയില്ലെങ്കിലും ഫെബ്രുവരിയിൽ നരേന്ദ്ര മോദിയും റോഡ്രിഗോ ഡുട്ടെർട്ടും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉച്ചകോടിയിൽ ഇരു രാജ്യങ്ങളും മറ്റ് നിരവധി കരാറുകളിലും ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം മുതൽ ഫിലിപ്പൈൻസ് സൈന്യത്തിന്റെ ആദ്യത്തെ ലാൻഡ് ബേസ്ഡ് മിസൈൽ സിസ്റ്റം ബാറ്ററി ഇന്ത്യയുടെ ബ്രഹ്മോസുമായി സജ്ജമാക്കാൻ മനില ഒരുങ്ങുകയാണ്. 2019 ഡിസംബറിൽ ഒരു എക്‌സ്‌പോയിൽ മിസൈലിന്റെ ലാൻഡ് അധിഷ്ഠിത പതിപ്പിനെ വാങ്ങാൻ താൽപര്യമുണ്ടെന്ന സൂചന നൽകിയിരുന്നു.

നവംബർ 6 ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ഫിലിപ്പൈൻസ് വക്താവ് തിയോഡോറോ ലോക്സിൻ ജൂനിയറും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ബ്രഹ്മോസ് കരാർ ഒപ്പിടേണ്ടതായിരുന്നു. എന്നാൽ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ഒപ്പിടൽ  ആസൂത്രണം ചെയ്തപോലെ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല.

‘തീരദേശ പ്രതിരോധ നീക്കങ്ങൾ ശക്തിപ്പെടുത്തുന്നതിനാൽ ഇത്തരത്തിലുള്ള മിസൈൽ സ്വന്തമാക്കാൻ ഫിലിപ്പൈൻ ആർമിക്ക് താൽപ്പര്യമുണ്ടെന്ന് കരസേന വക്താവ് ലഫ്റ്റനന്റ് കേണൽ റാമോൺ സാഗാല മനില ബുള്ളറ്റിനോട് പറഞ്ഞിരുന്നു. ഫിലിപ്പൈൻ ആർമി അതിന്റെ പീരങ്കി റെജിമെന്റിന്റെ പരിധിയിൽ വരുന്ന ആദ്യ ലാൻഡ് അധിഷ്ഠിത മിസൈൽ ബാറ്ററി സജീവമാക്കുന്നതിന് ബ്രഹ്മോസിന്റെ വാങ്ങൽ സഹായിക്കുമെന്നാണ് അനുമാനിക്കുന്നത്.

ഫിലിപ്പൈൻ കൂടാതെ ലോകത്തെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ബ്രഹ്മോസ് വാങ്ങാൻ നിരവധി രാജ്യങ്ങൾ രംഗത്തുണ്ട്. അത്യാധുനിക ക്രൂസ് മിസൈലായ ബ്രഹ്മോസ് ഫിലിപ്പൈനു വിൽക്കുന്ന കാര്യം ഇന്ത്യയുടെ സജീവ പരിഗണനയിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആദ്യമായി ഒരു വിദേശ രാഷ്ട്രത്തിനു ബ്രഹ്മോസ് മിസൈൽ വിൽപന നടത്തുന്നതിനുള്ള സുപ്രധാന നീക്കമായാണ് വിലയിരുത്തുന്നത്. 

ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. കര-നാവിക-വ്യോമ സേനകൾക്കു വേണ്ടിയുള്ള ബ്രഹ്മോസിന്റെ പ്രത്യേക പതിപ്പുകൾ തയാറാക്കിയിട്ടുണ്ട്. സുഖോയ് 30 വിമാനങ്ങൾക്കു മാത്രമാണു ബ്രഹ്മോസ് മിസൈൽ വഹിക്കാൻ ശേഷിയുള്ളത്. ഇതിനു വേണ്ടി സുഖോയ് പരിഷ്കരിച്ച് തയാറാക്കുകയായിരുന്നു. ബെംഗളുരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) പരിഷ്കരിച്ച വിമാനം 2015 ഫെബ്രുവരിയിലാണു വ്യോമസേനയ്ക്കു കൈമാറിയത്. വീണ്ടും ഒരു വർഷത്തെ പരീക്ഷണങ്ങൾക്കും ജോലികൾക്കുമൊടുവിലാണു സുഖോയ് 30-ബ്രഹ്മോസ് സംയോജനം പൂർത്തിയായത്. 

വ്യക്തമായി കാണാൻ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങളിൽ പോലും ആക്രമണം നടത്താൻ കഴിയുമെന്നതാണു ബ്രഹ്മോസ്–സുഖോയ് സംയോജനത്തിന്റെ ഗുണം. ഇന്ത്യയും റഷ്യയും ചേർന്നാണു ബ്രഹ്മോസ് മിസൈൽ വികസിപ്പിച്ചത്. മണിക്കൂറിൽ 3,200 കിലോമീറ്ററാണു വേഗം. ഭാരം 2500 കിലോ. കരയിൽനിന്നും കടലിൽനിന്നും തൊടുക്കാം. 300 കിലോമീറ്ററാണു സൂക്ഷ്മമായ ആക്രമണത്തിന്റെ ദൂരപരിധി. ഒരേ സമയം 16 മിസൈലുകൾ വരെ വിടാനാകും. ഈ 16 മിസൈലും മൂന്ന് സെക്കന്റിന്റെ ഇടവേളകളിൽ പുറപ്പെട്ടു കൃത്യമായ ലക്ഷ്യത്തിലെത്തും. എത്ര ചെറിയ ലക്ഷ്യമായാലും കൃത്യമായി എത്തിച്ചേരും. എത്ര വലിയ ലക്ഷ്യമായാലും പൂർണമായും തകർക്കാനും കഴിയും.

English Summary: India To Supply BrahMos Missile To Philippines Amid Rising Tensions With China; Deal Likely To Be Signed Next Year

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA