ADVERTISEMENT

പാക്കിസ്ഥാന്റെ ചെറു മുങ്ങിക്കപ്പലിന്റേയും ചൈനയുമായി സഹകരിച്ച് മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കുന്ന കേന്ദ്രത്തിന്റേയും സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത്. കറാച്ചി തുറമുഖത്തോട് ചേര്‍ന്നുള്ള സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ നിന്നും ഈ തന്ത്രപ്രധാന വിവരങ്ങള്‍ ചികഞ്ഞെടുത്തത് @detresfa എന്ന ട്വിറ്റര്‍ യൂസറാണ്. ദ പ്രിന്റിനോട് സംസാരിക്കവേ ഓപണ്‍ സോഴ്‌സ് ഇന്റലിജന്‍സ് വിദഗ്ധനായ @detresfa ഈ ചിത്രങ്ങള്‍ പാക്ക്–ചൈന സംയുക്ത മുങ്ങിക്കപ്പല്‍ നിര്‍മാണ കേന്ദ്രത്തിന്റേതാണെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.

സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ച് പ്രതിരോധ രഹസ്യങ്ങള്‍ കണ്ടെത്തുന്ന മറ്റൊരു ഓപണ്‍ സോഴ്‌സ് ഇന്റലിജന്‍സ് വിദഗ്ധനായ എച്ച്ഐ സട്ടണുമായി അടുത്ത ബന്ധമുണ്ട് @detresfa എന്ന ട്വിറ്റര്‍ യൂസര്‍ക്ക്. പാക്കിസ്ഥാന്റെ ചെറു മുങ്ങിക്കപ്പലിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ കഴിഞ്ഞവര്‍ഷം ആദ്യമായി പുറത്തുവിട്ടത് സട്ടണായിരുന്നു. ഏതാണ്ട് 55 അടി നീളവും ഏഴ് മുതല്‍ എട്ട് അടി വരെ വീതിയുമുള്ള ചെറു മുങ്ങിക്കപ്പലുകളെന്നാണ് ഫോബ്‌സില്‍ സട്ടണ്‍ അന്ന് ഇതേക്കുറിച്ചെഴുതിയത്. 

'സാധാരണ മുങ്ങിക്കപ്പലുകളെ കണക്കിലെടുക്കുമ്പോള്‍ വളരെ ചെറുതാണ് ഈ മുങ്ങിക്കപ്പലുകള്‍. ഇവയുടെ വലുപ്പവും സ്ഥിതി ചെയ്യുന്ന പ്രദേശവും കണക്കിലെടുക്കുമ്പോള്‍ പാക്കിസ്ഥാന്‍ നാവികസേനയുടെ പ്രത്യേക വിഭാഗമായ എസ്എസ്ജി (എൻ)ന്റെ ഭാഗമാണിവയെന്നുവേണം കരുതാന്‍. എക്‌സ് ക്രാഫ്റ്റ് എന്നാണ് പാക്കിസ്ഥാനി നാവികസേനയില്‍ ഇത് അറിയപ്പെടുന്നത്. ഇറ്റാലിയന്‍ പ്രതിരോധ നിര്‍മാണ കമ്പനിയായ Cos.Mo.S നേരത്തെ രണ്ട് സെറ്റ് ചെറു മുങ്ങിക്കപ്പലുകള്‍ വിറ്റിരുന്നുവെന്നും എച്ച്ഐ സട്ടണ്‍ പറയുന്നു. ഏറ്റവും പുതിയ പാക്ക് ചെറു മുങ്ങിക്കപ്പലുകളുടെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അത് തദ്ദേശീയമായി നിര്‍മിച്ചതാണെന്ന സൂചനയാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

സംഘര്‍ഷവേളയില്‍ ഇന്ത്യന്‍ തീരത്ത് അപ്രതീക്ഷിത ആക്രമണം നടത്താന്‍ ശ്രമിച്ചാല്‍ ഈ ചെറു മുങ്ങിക്കപ്പലുകള്‍ പാക്ക് സൈന്യത്തിന് ഏറെ സഹായം ചെയ്യുമെന്നും സട്ടണ്‍ ഓര്‍മിപ്പിക്കുന്നുണ്ട്. പ്രധാനമായും രണ്ട് ടോര്‍പിഡോ ട്യൂബുകളാണ് ഇവയുടെ ആയുധം. വൈദ്യുതി പ്രവഹിപ്പിച്ചുകൊണ്ട് സ്വയം പ്രതിരോധിക്കാനും ശത്രുക്കള്‍ക്ക് നേരെ അപ്രതീക്ഷിത ആക്രമണം നടത്താനും ഇവക്ക് സാധിക്കും. ചെറു മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കുമെന്ന് 2015-16 വാര്‍ഷിക റിപ്പോര്‍ട്ടില്‍ പാക്ക് ഡിഫന്‍സ് പ്രൊഡക്ഷന്‍ ഡിവിഷന്‍ പറഞ്ഞിരുന്നു. 2016-17 ആകുമ്പോഴേക്കും നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമിട്ടിരുന്നത്. 

 

പാക്കിസ്ഥാന്റെ ചെറു മുങ്ങിക്കപ്പലുകളുടെ സാന്നിധ്യത്തേയും ശേഷിയേയും കുറിച്ച് ഇന്ത്യന്‍ സേനക്ക് വ്യക്തമായ ധാരണയുണ്ട്. ഇതേക്കുറിച്ച് കഴിഞ്ഞ ഏപ്രിലില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് വൈസ് അഡ്മിറില്‍ എം.എസ് പവാറിനോട് ചോദിച്ചിരുന്നു. പാക്കിസ്ഥാന്റെ ചെറു മുങ്ങിക്കപ്പലുകളെക്കുറിച്ചും അവയുടെ ശേഷിയെക്കുറിച്ചും അറിയാം. ഈ ചെറുമുങ്ങിക്കപ്പലുകളെ നിരീക്ഷിക്കുന്നുണ്ട്. 26/11 മുംബൈ ഭീകരാക്രമണത്തിന് ശേഷം തീരമേഖലയിലെ സുരക്ഷക്ക് നമ്മള്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. കടല്‍ വഴിയുള്ള എല്ലാ ഭീഷണികളേയും ഗൗരവത്തിലാണെടുക്കുന്നത്. കടലിലെ ഏതൊരു രഹസ്യ നീക്കങ്ങളേയും തിരിച്ചറിയുന്ന ഇലക്ട്രോണിക് നെറ്റ് തീര സംരക്ഷണ സേന ഉപയോഗിക്കുന്നുണ്ടെന്നും എം.എസ് പവാര്‍ പറഞ്ഞിരുന്നു.

 

നാല് ആധുനിക ചെറു മുങ്ങിക്കപ്പലുകളും എട്ട് പരമ്പരാഗത പടക്കപ്പലുകളും നിര്‍മിക്കുന്നതിന് ചൈനയുമായി പാക്കിസ്ഥാന്‍ കരാറിലെത്തിയിരുന്നു. ചൈനീസ് നാവികസേനയുടെ 039എ യുവാന്‍ ക്ലാസ് മുങ്ങിക്കപ്പലുകളുടെ മറ്റൊരു പതിപ്പാണ് പാക്കിസ്ഥാനുവേണ്ടി നിര്‍മിക്കുക. ഇതില്‍ നാല് മുങ്ങിക്കപ്പലുകള്‍ ചൈനയില്‍ വെച്ചും ബാക്കി നാലെണ്ണം പാക്കിസ്ഥാനില്‍ വെച്ചും നിര്‍മിക്കാനാണ് പദ്ധതി. 2023ന് മുൻപ് തന്നെ ആദ്യ ചൈനീസ് മുങ്ങിക്കപ്പല്‍ പാക്കിസ്ഥാന് കൈമാറിയേക്കും.

 

ഇന്ത്യയുടെ സ്‌കോര്‍പിയന്‍ മുങ്ങിക്കപ്പലുകള്‍ക്ക് സമാനമാണ് ചൈന പാക്കിസ്ഥാന് നല്‍കുന്ന മുങ്ങിക്കപ്പലിലെ സൗകര്യങ്ങളെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം, ഇന്ത്യയുടെ സ്‌കോര്‍പിയന്‍ മുങ്ങിക്കപ്പലിനില്ലാത്ത എഐപി (എയര്‍ ഇന്‍ഡിപെന്റന്റ് പ്രൊപ്പല്‍ഷന്‍) സംവിധാനം പാക്കിസ്ഥാനു ലഭിക്കുന്ന മുങ്ങിക്കപ്പലുകള്‍ക്കുണ്ടായിരിക്കും. ഇതുവഴി അന്തരീക്ഷത്തില്‍ നിന്നും ഓക്‌സിജന്‍ സ്വീകരിക്കാതെ തന്നെ പ്രവര്‍ത്തിക്കാന്‍ ഈ മുങ്ങിക്കപ്പലുകള്‍ക്ക് സാധിക്കും. ചൈനയില്‍ നിന്നും ഈ മുങ്ങിക്കപ്പലുകള്‍ പാക്കിസ്ഥാന് ലഭിക്കുന്നത് തീര്‍ച്ചയായും ഇന്ത്യക്ക് തലവേദനയാണെന്നും എച്ച്.ഐ സട്ടണ്‍ പറഞ്ഞു.

 

വിവരങ്ങൾക്ക് കടപ്പാട്: ദി പ്രിന്റ്

 

English Summary: Satellite images reveal Pakistan’s new midget submarine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT