ADVERTISEMENT

സ്വാതന്ത്ര്യദിന പരേഡിനു മുന്നോടിയായുള്ള സൈനിക മാർച്ച് പാസ്റ്റിൽ ഹൈഹീൽ ചെരുപ്പകളിട്ടു വനിതാ സൈനികർ പങ്കെടുത്തതിനെതിരെ യുക്രൈൻ പ്രതിരോധ മന്ത്രാലയത്തിനു നേർക്ക് വിമർശനം ഉയരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പ്രതിരോധ മന്ത്രി തന്നെയാണ് ഈ ചിത്രങ്ങൾ ആദ്യം പുറത്തുവിട്ടത്.

പ്രതിരോധ മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചാണ് സൈനികർ ഹൈഹീലിട്ടു വരേണ്ടി വന്നതെന്നു കരുതപ്പെടുന്നു. വനിതാ സൈനികരെ ആക്ഷേപിക്കുന്നതരത്തിലായി പോയി ഈ ലിംഗവിവേചനപരമായ നടപടിയെന്നു പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു. സഭയിലെത്തിയ യുക്രൈൻ പ്രതിപക്ഷ കക്ഷികളിലെ വനിതാ അംഗങ്ങൾ ഹൈഹീലുകൾ പുറത്തെടുക്കുകയും പ്രതിരോധ മന്ത്രി ആൻഡ്രി തരനോട് ഇതു ധരിക്കാനാവശ്യപ്പെടുകയും ചെയ്തതോടെ വിവാദം കനത്തു. മധ്യകാല മാനസികാവസ്ഥയുള്ളവരാണ് ഇപ്പോൾ യുക്രെയ്ൻ ഭരിക്കുന്നതെന്ന് അവർ പറഞ്ഞു. പ്രതിരോധമന്ത്രിയാകുന്നതിനു മുൻപ് സൈനികനായിരുന്ന ആൻഡ്രി തരൻ ലഫ്. ജനറൽ റാങ്കിൽ വിരമിച്ച ഉന്നത സൈനിക ഓഫിസറാണ്.

ഹൈഹീലുകൾ സ്ത്രീകളുടെ മേൽ സൗന്ദര്യ വ്യവസായങ്ങൾ അടിച്ചേൽപ്പിച്ച സംഗതിയാണെന്നും തികഞ്ഞ സ്ത്രീവിരുദ്ധതയാണ് ഇവ സൈനികരോട് ധരിക്കാൻ നിർബന്ധിച്ചതിലൂടെ സർക്കാർ ചെയ്തതെന്നും യുക്രെയ്‌നിയൻ ആക്ടിവിസ്റ്റായ മരിയ ഷാപ്രനോവ പറഞ്ഞു.

 

വളരെ ബുദ്ധിമുട്ടിയാണു സൈനികർ ബൂട്ടിനു പകരം ഹൈഹീലണിഞ്ഞ് മാർച്ച് പാസ്റ്റ് പൂർത്തിയാക്കിയതെന്നു നിരീക്ഷകർ പറയുന്നു. ആവേശമല്ല, മറിച്ച് തളർന്ന രീതിയിലുള്ള മുഖഭാവമാണ് മാർച്ചിൽ വനിതാ സൈനികരിൽ കണ്ടതെന്നും അവർ പരാതിപ്പെടുന്നു. ഇവരിലധികവും പരിശീലനം പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന കേഡറ്റുമാരാണ്.

സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രെയ്‌ന് 1991ൽ, യൂണിയൻ തകർന്നതോടെയാണു സ്വാതന്ത്ര്യം ലഭിച്ചത്. സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളിൽ സ്ത്രീകളും വലിയ രീതിയിൽ ഭാഗഭാക്കായിരുന്നു.

 

സൈന്യത്തിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന രാജ്യമാണ് യുക്രെയ്ൻ. മുപ്പതിനായിരം വനിതാ സൈനികരും നാലായിരം ഓഫിസർമാരും യുക്രെയ്ൻ സൈന്യത്തിൽ വനിതകളായുണ്ട്. ഇവരിൽ 12 പേർ കേണൽ മുതലുള്ള ഉന്നത ഫ്‌ളാഗ് ഓഫിസർ റാങ്കുകളുള്ളവരാണ്. ഒരു ജനറൽ വനിതാ ഓഫിസറും സൈന്യത്തെ നയിക്കുന്നു. നിലവിൽ റഷ്യൻ അനുകൂല വിമതർക്കെതിരെ യുക്രെയ്‌നിൽ നടക്കുന്ന പോരാട്ടത്തിൽ പതിനായിരത്തിലധികം സ്ത്രീകൾ പടക്കളത്തിലുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്: എഎഫ്‌പി

English Summary: Ukrainian Women Troops Marching in Heels Spark Outrage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT