ADVERTISEMENT

ചൈനയുടെ തെക്കുള്ള പസിഫിക് സമുദ്രമേഖലയായ തെക്കൻ ചൈനാക്കടലിലേക്ക് നാവികാഭ്യാസത്തിനായി സേനയെ അയയ്ക്കാൻ ഇന്ത്യ. രണ്ടു മാസം നീണ്ടു നിൽക്കുന്ന പര്യടനത്തിൽ, ക്വാഡ് കൂട്ടായ്മയിലെ പങ്കാളികളായ യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ നാവികസേനയ്ക്കൊപ്പം വിവിധ സൈനികാഭ്യാസങ്ങളിൽ സേന പങ്കെടുക്കും. മലബാർ 2021 എന്നാണ് നാവികാഭ്യാസ പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്. ഇതോടൊപ്പം തെക്കൻ ചൈനാക്കടലിൽ തീരങ്ങളുള്ള സിംഗപ്പൂർ, വിയറ്റ്നാം, ഇന്തൊനീഷ്യ, ഫിലിപ്പീൻസ് എന്നിവയുമായും സൈനികാഭ്യാസങ്ങളിൽ ഇന്ത്യ പങ്കെടുക്കും. ഗൈഡഡ് മിസൈൽ ഡിട്രോയർ ഐഎൻഎസ് രൺവിജയ്, ഗൈഡഡ് മിസൈൽ ഫ്രിഗേറ്റ് ഐഎൻഎസ് ശിവാലിക്, അന്തർവാഹിനി വേധ ഐൻഎസ് കഡ്മാട്, ഐഎൻഎസ് കോറ എന്നീ നാലു പടക്കപ്പലുകളാണ് ഇതിനായി യാത്ര തിരിക്കുന്നത്. കൃത്യമായ തീയതി വെളിവാക്കിയിട്ടില്ല.

ഇന്ത്യൻ നാവികസേനയും സുഹൃദ്‌രാജ്യങ്ങളുടെ നാവികസേനകളും തമ്മിൽ മികച്ച സഹകരണവും സഹവർത്തിത്വവും വർധിപ്പിക്കാനുള്ള അവസരമായിട്ടാണ് സൈനികാഭ്യാസത്തെ കാണുന്നതെന്നാണ് ഇന്ത്യയുടെ നിലപാട്. തെക്കൻ ചൈനാക്കടലിൽ ശക്തമായ താത്പര്യങ്ങൾ ചൈനയ്ക്കുണ്ട്. ഈ കടലിലെ ദ്വീപായ തയ്‌വാൻ തങ്ങളുടേതാണെന്നാണ് അവരുടെ നിലപാട്. തെക്കൻ ചൈനാക്കടൽ മേഖല പൂർണമായും തങ്ങളുടെ അധീനതയിലാണെന്ന നിലപാടും അവർ ഉയർത്തുന്നു. ഈ മേഖലയിലെ ആൾപ്പാർപ്പില്ലാത്ത ഒട്ടേറെ ദ്വീപുകളും മറ്റും ചൈന തങ്ങളുടേതാക്കി അവിടെ നാവിക, മിസൈൽ കേന്ദ്രങ്ങളാക്കി പരിവർത്തനപ്പെടുത്തിയിരുന്നു. ഇങ്ങോട്ടേക്ക് വൻ ശക്തികളുടെ സേനകൾ പ്രവേശിക്കുന്നതും സൈനികാഭ്യാസം നടത്തുന്നതും ബെയ്ജിങ്ങിന് അത്ര രുചിക്കുന്ന കാര്യമല്ല. കഴിഞ്ഞയാഴ്ച ഒരു ബ്രിട്ടിഷ് വിമാനവാഹിനിക്കപ്പൽ ഇതുവഴി കടന്നുപോയിരുന്നു. ചൈനീസ് മാധ്യമങ്ങൾ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും പഴയകാല ബ്രിട്ടിഷ് കൊളോണിയൽ വാഴ്ച വീണ്ടെടുക്കാനുള്ള വിഫലശ്രമമമെന്നു വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

പടിഞ്ഞാറൻ പസിഫിക് മേഖലയിൽ തങ്ങളുടെ സാന്നിധ്യം ശക്തമായി ഉണ്ടാകുമെന്ന സന്ദേശം ഈ പര്യടനം വഴി ഇന്ത്യ ചൈനയ്ക്കു നൽകുമെന്ന് രാജ്യാന്തര പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.അധികാരമേറ്റതിനു ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഏഷ്യയുടെ പസിഫിക് മേഖലയിലേക്ക് തന്റെ ശ്രദ്ധ ഉറപ്പിച്ചിട്ടുണ്ട്. ദോക്‌ലായിൽ ചൈനയുടെ കടന്നാക്രമണമുണ്ടായ ശേഷം ക്വാഡ് സഖ്യവുമായി ഇന്ത്യ കൂടുതൽ അടുക്കാൻ ശ്രമിക്കുന്നുണ്ട്. ഇൻഡോ പസിഫിക് മേഖല, രാജ്യാന്തര നിയമങ്ങളാൽ ബന്ധിതമാണെന്നും അവിടെ സ്വതന്ത്രവും സുഗമവും ശാന്തവുമായ രാജ്യാന്തര കപ്പൽ ഗതാഗതം ഉറപ്പാക്കണമെന്നുമാണ് ക്വാഡ് സഖ്യം മുന്നോട്ടു വയ്ക്കുന്ന ശക്തമായ നിലപാട്.

 

മറ്റു പല രാജ്യങ്ങളും തെക്കൻ ചൈനാക്കടലിലെ ചൈനയുടെ അധീശത്വശ്രമങ്ങളിൽ രോഷാകുലരാണ്. രണ്ടു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം ജർമനി ആദ്യമായി ഒരു പടക്കപ്പൽ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. ചൈനയുടെ നിലപാടുകളെ ജർമനി അംഗീകരിക്കുന്നില്ലെന്നത് ഊന്നിപ്പറയാനാണ് ഇത്. ജർമൻ പ്രതിരോധമന്ത്രി നേരിട്ടു തുറമുഖത്തെത്തിയാണ് കപ്പലിനെ യാത്രയാക്കിയതെന്നത് യാത്രയുടെ പ്രാധാന്യം വെളിവാക്കുന്നു. ഡിസംബറിൽ കപ്പൽ തെക്കൻ ചൈനാക്കടലിലെത്തും.

 

English Summary: Indian Navy to deploy 4 frontline warships early August in next edition of Malabar exercise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT