sections
MORE

താലിബാൻ: വിദേശമന്ത്രി സ്ഥാനം നഷ്ടപ്പെട്ട് സ്താനിക്സായി; ഇന്ത്യയിൽ പരിശീലനം തേടിയ ‘ഷേരു’

Sher-Mohammad-Abbas
Photo: AFP
SHARE

വിദേശകാര്യമന്ത്രിയാകുമെന്നു കരുതിയിയെങ്കിലും അതാകാതെ വിദേശകാര്യ വകുപ്പിൽ ഉപമന്ത്രി സ്ഥാനത്തേക്ക് ഷേർ മുഹമ്മദ് സ്താനിക്സായി നിയമിതനായി. ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ പരിശീലനം നേടിയ മുൻ അഫ്ഗാൻ സൈനികൻ എന്ന നിലയിൽ സ്താനിക്സായി ശ്രദ്ധ നേടിയിരുന്നു. ദോഹയിലെ താലിബാൻ രാഷ്ട്രീയകാര്യാലയത്തിന്റെ മേധാവി എന്ന നിലയിലും സ്താനിക്സായി പ്രശസ്തനായിരുന്നു.

നിലവിലെ താലിബാൻ മന്ത്രിസഭയിൽ എല്ലാവരെക്കാളും വിദ്യാഭ്യാസവും ഒഴുക്കോടെ ഇംഗ്ലിഷിൽ സംസാരിക്കാനുള്ള കഴിവും, താലിബാന്റെ ഇപ്പോഴത്തെ ഏറ്റവും പ്രബലരായ ആറു നേതാക്കളിൽ ഒരാളെന്ന പരിവേഷവും മൂലം വിദേശകാര്യമന്ത്രി സ്ഥാനം സ്താനിക്സായിക്കു ലഭിക്കുമെന്ന് രാജ്യാന്തര നിരീക്ഷകർ പ്രതീക്ഷിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ ബറാകി ബറാക് ജില്ലയിൽ ജനിച്ച സ്താനിക്സായിക്ക് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തരബിരുദമുണ്ട്. എന്നാൽ മന്ത്രി സ്ഥാനം ലഭിച്ചില്ല. മറിച്ച് ദോഹയിലെ ഓഫിസിലെ താലിബാൻ നെഗോഷ്യേഷൻ ടീമംഗവും മുതിർന്ന താലിബാൻ നേതാവുമായ അമീർ ഖാൻ മുത്താഖിക്കാണു വിദേശകാര്യ മന്ത്രി സ്ഥാനം. മുൻപുള്ള താലിബാൻ സർക്കാരിൽ സാംസ്കാരിക മന്ത്രിയായിരുന്നു മുത്താഖി.

1996 ൽ താലിബാൻ അഫ്ഗാനിൽ ആദ്യം അധികാരം പിടിച്ചതു മുതൽ യുഎസ് ആക്രമണങ്ങളിൽ അധികാരം നഷ്ടപ്പെടുന്നതു വരെ വിദേശകാര്യ സഹമന്ത്രിയായിരുന്നു സ്താനിക്സായി. അതേ സ്ഥാനം തന്നെയാണ്  വീണ്ടും ലഭിച്ചിരിക്കുന്നത്.

എഴുപതുകളിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി അഫ്ഗാൻ സൈനികർക്ക് പരിശീലനം നൽകുന്ന പതിവ് ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലുണ്ടായിരുന്നു. അങ്ങനെയാണ് അന്ന് അഫ്ഗാൻ സൈന്യത്തിൽ ഓഫിസറായിരുന്ന സ്താനിക്സായി ഇന്ത്യയിലെത്തുന്നത്. ഇത്തരത്തിൽ ‍45 അഫ്ഗാൻ സൈനികർ ഇവിടെയെത്തി. മൂന്നു വർഷം ഇവിടെ പരിശീലനം നേടി.ഷേരു എന്നായിരുന്നു അന്ന് സ്താനിക്സായിയുടെ വിളിപ്പേരെന്ന് കൂടെയുണ്ടായിരുന്നവർ ഓർക്കുന്നു. അത്ര മികച്ച ഒരു കേഡറ്റ് ആയിരുന്നില്ല ഷേരു.

തിരിച്ചുപോയ സ്താനിക്സായി സോവിയറ്റ്–അഫ്ഗാൻ യുദ്ധത്തിൽ വിവിധ മുജാഹിദീൻ ഗ്രൂപ്പുകളുടെ കമാൻഡറായി പ്രവർത്തിച്ചു. പിന്നീട് താലിബാനിൽ ചേർന്നു. 2012ലാണ് സ്താനിക്സായി ഖത്തറിലെത്തിയതും അവിടെ താലിബാന്റെ രാഷ്ട്രീയ കാര്യാലയം തുറക്കാൻ ചുക്കാൻ പിടിക്കുന്നതും. എന്നാൽ തയ്യബ് ആഘ എന്ന മറ്റൊരു വ്യക്തിയാണ് ആദ്യം അവിടെ മേധാവിയായത്. 2015 ആയതോടെ ആഘ സ്ഥാനമൊഴിയുകയും സ്താനിക്സായി അധികാരത്തിലെത്തുകയും ചെയ്തു. താലിബാനുമായി അഫ്ഗാൻ സർക്കാർ യുദ്ധം നടത്തുമ്പോൾ തന്നെ സ്റ്റാനിക്സായി ചൈന, ഉസ്ബെക്കിസ്ഥാൻ, ഇന്തൊനീഷ്യ തുടങ്ങിയ വിവിധ രാജ്യങ്ങൾ സന്ദർശിക്കുകയും വിവിധ ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.

അഫ്ഗാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായി ബിരുദാനന്തര വിദ്യാഭ്യാസം പൂർത്തിയാക്കിയതും ഇന്ത്യയിൽ നിന്നാണ്. ഹിമാചൽ പ്രദേശിലായിരുന്നു അദ്ദേഹത്തിന്റെ പഠനം.

English Summary: Meet Sher Mohammad Abbas Stanikzai, the Taliban minister who was once at Indian Military Academy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA