sections
MORE

2.5 കോടി ഡോളർ തലയ്ക്ക് വിലയിട്ട കൊടുംഭീകരൻ, ലോകത്തിന് വൻ ഭീഷണിയായി സവാഹിരി

zawahiri
SHARE

അൽഖായിദ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് ഉസാമ ബിൻ ലാദനെന്ന ലോകത്തെ ഭീകരനാകും. സെപ്റ്റംബർ 11 ഭീകരാക്രമണത്തിലൂടെ ലോകമെങ്ങും കുപ്രസിദ്ധി നേടിയ ബിൻ ലാദനെ പിന്നീട് യുഎസ് പാക്കിസ്ഥാനിലെ അബോട്ടാബാദിൽ വെടിവച്ചുകൊന്നു. അതിനു മുൻപ് തന്നെ അൽഖായിദ പഴയതിൽ നിന്നു ശക്തി ക്ഷയിച്ച ഭീകര സംഘടനയായി മാറിയിരുന്നു. ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ ഭീകരസംഘടന പക്ഷേ പൂർണമായും നശിച്ചില്ല.

നിലവിൽ അൽഖായിദയുടെ തലവനാണു അയ്മാൻ അൽ സവാഹിരി, ഉസാമ ബിൻലാദന്റെ പിന്മുറക്കാരൻ. ഇടക്കാലത്ത് ഇയാൾ മരിച്ചെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇന്നലെ ഇയാളുടേതായി പുതിയ ഒരു വിഡിയോ സന്ദേശം പുറത്തിറങ്ങിയത് ലോകമെങ്ങും വാർത്തയായിരുന്നു. ഇതോടെ ഇയാൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നു തെളിഞ്ഞു.

1951 ജൂൺ 19നു ഈജിപ്തിന്റെ തലസ്ഥാനമായ കയ്റോ നഗരത്തിലാണു സവാഹിരി ജനിച്ചത്. രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം ഉൾപ്പെടുന്ന ഒരു പ്രബല കുടുംബത്തിലെ അംഗമായിരുന്ന സവാഹിരി പഠനത്തിൽ സ്കൂൾതലം മുതൽ തന്നെ മികവ് പുലർത്തിയിരുന്നു. 1974ൽ കയ്റോ യൂണിവേഴ്സിറ്റിയിൽ നിന്നു മെഡിക്കൽ ഡിഗ്രി നേടി ഡോക്ടറായ സവാഹിരി താമസിയാതെ എംഎസ് ബിരുദവും നേടി. അറബിയും ഫ്രഞ്ചും നന്നായി കൈകാര്യം ചെയ്യാൻ സവാഹിരിക്കറിയാമായിരുന്നു.

ഇഐജെ എന്ന ഒരു ഭീകരസംഘടനയ്ക്ക് ഈജിപ്തിൽ രൂപം നൽകിക്കൊണ്ടാണ് സവാഹിരി ഭീകരതയിലേക്കു പ്രവേശിച്ചത്. ഇതു പിന്നീട് 1998ൽ അൽഖായിദയിൽ ലയിച്ചു. നിലവിൽ യുഎസ് സർക്കാർ 2.5 കോടി യുഎസ് ഡോളർ തലയ്ക്കു വിലയിട്ട ഭീകരനാണ് സവാഹിരി. 1998ൽ ടാൻസാനിയിലെ ദാറുസ്സലാമിലും കെനിയയിലെ നെയ്റോബിയിലും സ്ഥിതി ചെയ്യുന്ന യുഎസ് എംബസികളിൽ ബോംബിട്ടതിനു പിന്നിൽ സവാഹിരിക്ക് നേരിട്ടു പങ്കുണ്ട്. സെപ്റ്റംബർ 11 വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിലും ഇയാൾ ഇടപെട്ടെന്നാണു കരുതപ്പെടുന്നത്.

ഒരുകാലത്ത് അൽഖായിദയ്ക്ക് പിന്തുണയും പരിശീലനത്തിനു ഭൂമിയും അഭയവും നൽകിയ താലിബാൻ ഇപ്പോൾ അഫ്ഗാനിൽ അധികാരത്തിൽ വന്നശേഷമുള്ള സവാഹിരിയുടെ ഈ വിഡിയോ ആശങ്ക പരത്തുന്നുണ്ട്. 2011ൽ ലാദൻ കൊല്ലപ്പെട്ട ശേഷമാണ് സവാഹിരി അൽഖായിദയുടെ തലവനായി അവരോധിക്കപ്പെടുന്നത്. 

Ayman-al-Zawahiri

തീവ്ര നിലപാടുകൾ ഇന്നും പുലർത്തുന്ന സവാഹിരി, ജയിൽ വാസത്തിലും മറ്റും മാനസാന്തരം വന്ന് സെപ്റ്റംബർ 11 ഭീകരാക്രമണത്തെ തള്ളിപ്പറഞ്ഞ ഭീകരരെ ചതിയൻമാർ എന്നാണു വിശേഷിപ്പിച്ചിട്ടുള്ളത്. താലിബാനെ ഇപ്പോൾ പിന്തുണയ്ക്കുന്ന ചൈനയ്ക്കും സവാഹിരിയുടെ കാര്യത്തിൽ ആശങ്കയുണ്ട്. നിലവിൽ അഫ്ഗാനിസ്ഥാൻ–പാക്കിസ്ഥാൻ അതിർത്തിയിലെ ഏതോ അജ്ഞാത മേഖലയിൽ ഒളിവിലാണ് സവാഹിരിയെന്നാണു കരുതപ്പെടുന്നത്.

English Summary: Who is Al-Qaeda chief Ayman al-Zawahiri?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA