ADVERTISEMENT

രണ്ടാം ലോക മഹായുദ്ധത്തിലെ ആദ്യഘട്ടത്തില്‍ ജര്‍മന്‍ മുന്നേറ്റത്തിന് സഹായിച്ചത് ബ്ലിറ്റ്‌സ്‌ക്രീഗ് എന്ന അവരുടെ മിന്നലാക്രമണ യുദ്ധ രീതിയായിരുന്നു. എതിരാളികള്‍ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് അതിവേഗത്തില്‍ പരമാവധി ശക്തിയില്‍ ആക്രമണം നടത്തിയാണ് നാത്‌സി പട്ടാളം പോളണ്ട്, നോര്‍വേ, ബെല്‍ജിയം, ഹോളണ്ട്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ പിടിച്ചെടുത്തത്. ഈ സമയത്തെല്ലാം നാത്‌സി സൈനികരുടെ യുദ്ധവെറിയും മണിക്കൂറുകളോളം യുദ്ധം ചെയ്താലും ക്ഷീണം വരാത്തതുമെല്ലാം ലോകമാകെ ചര്‍ച്ചയായിരുന്നു. നാത്‌സി പട്ടാളക്കാരുടെ അതിമാനുഷികമെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ ശേഷിക്ക് പിന്നില്‍ മെത്താംഫെറ്റാമൈൻ എന്ന മരുന്നായിരുന്നു. 

∙ യുദ്ധത്തിനിറങ്ങുന്നവർക്ക് ഉത്തേജക മരുന്നുകൾ

ദ സ്പീഡ് കള്‍ച്ചര്‍ എന്ന തലക്കെട്ടില്‍ 1975ല്‍ ലെസ്റ്റര്‍ ഗ്രിന്‍സ്പൂണും പീറ്റര്‍ ഹെഡ്‌ബ്ലോമും പ്രസിദ്ധീകരിച്ച പഠനത്തില്‍ യുദ്ധരംഗത്ത് ഉപയോഗിച്ചിരുന്ന ഉത്തേജക മരുന്നുകളെക്കുറിച്ച് പറയുന്നുണ്ട്. ജര്‍മന്‍ സൈനികര്‍ മാത്രമല്ല ജാപ്പനീസ്, അമേരിക്കന്‍, ബ്രിട്ടിഷ് സൈനികരെല്ലാം വ്യാപകമായി ഉത്തേജക മരുന്നുകള്‍ ഉപയോഗിച്ചിരുന്നു. ജര്‍മനിക്കും രണ്ടാം ലോക മഹായുദ്ധത്തിന്റെ തുടക്കത്തില്‍ എതിരാളികളെ ഞെട്ടിക്കുന്ന വേഗത്തില്‍ മുന്നേറ്റം നടത്തുന്നതിന് സഹായിച്ചതും ഇത്തരം ഉത്തേജകങ്ങളായിരുന്നു. 

∙ മെത്താംഫെറ്റാമൈൻ എന്ന അദ്ഭുത ഉത്പന്നം

നാത്‌സികളുടെ പ്രത്യയശാസ്ത്രം പൊതുവേ ഉത്തേജക മരുന്നുകളെ പരസ്യമായി എതിര്‍ക്കുകയാണ് ചെയ്തിട്ടിട്ടുള്ളത്. ദുര്‍ബലരായ വ്യക്തികളാണ് ഉത്തേജക മരുന്നുകളെ ആശ്രയിക്കുകയെന്നായിരുന്നു വിശദീകരണം. എന്നാല്‍ മെത്താംഫെറ്റാമൈന്റെ കാര്യത്തില്‍ ഇതൊന്നും വിലപ്പോയില്ല. മറ്റു ഉത്തേജക മരുന്നുകള്‍ നിരോധിക്കുകയോ ഉപയോഗം നിരുത്സാഹപ്പെടുത്തുകയോ ചെയ്‌തെങ്കില്‍ മെത്താംഫെറ്റാമൈൻ ഒരു അദ്ഭുത ഉത്പന്നമായാണ് അവതരിപ്പിക്കപ്പെട്ടത്. 

hitler

 

∙ മെത്താംഫെറ്റാമൈൻ അടങ്ങിയ ചോക്കളേറ്റുകൾ

 

'നമുക്ക് ദുര്‍ബലരെ ആവശ്യമില്ല. ശക്തരെയാണ് വേണ്ടത്' എന്ന് ഒരിക്കല്‍ ഹിറ്റ്‌ലര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ദുര്‍ബലര്‍ കറുപ്പ് പോലുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ ശക്തരായവര്‍ അതിമാനുഷരാവാനായി മെത്താംഫെറ്റാമൈൻ ഉപയോഗിക്കുകയാണ് എന്നായിരുന്നു നാത്‌സികളുടെ വിശദീകരണം. പെര്‍വിറ്റിന്‍ എന്ന ബ്രാന്‍ഡ് നെയിമിലായിരുന്നു മെത്താംഫെറ്റാമൈൻ അവതരിപ്പിക്കപ്പെട്ടത്. പുറത്തിറങ്ങി മാസങ്ങള്‍ക്കകം തന്നെ പെര്‍വിറ്റിന് വലിയ ആരാധകരുണ്ടായി. മരുന്നുകടകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ തന്നെ പെര്‍വിറ്റിന്‍ നല്‍കി. മെത്താംഫെറ്റാമൈൻ അടങ്ങിയ ചോക്കളേറ്റുകളും അക്കാലത്ത് ജര്‍മനിയില്‍ വ്യാപകമായിരുന്നു. 

 

∙ 50 മണിക്കൂര്‍ വരെ ഉറക്കമില്ലാതെ, ക്ഷീണമറിയാതെ യുദ്ധം 

nazi-death-camp

 

നാത്‌സി ജര്‍മനിയിലെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫെന്‍സ് ഫിസിയോളജി ഡയറക്ടറായിരുന്ന ഡോ. ഒട്ടോ എഫ് റാങ്കെ മെത്താംഫെറ്റാമിന്റെ ഒരു ആരാധകനായിരുന്നു. രാസവസ്തുക്കളാല്‍ ഉത്തേജിതരായ സൈനിക ശക്തിയില്‍ ശത്രുക്കളെ അതിവേഗം പരാജയപ്പെടുത്തുന്നതിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു ഡോ. ഒട്ടോയുടെ പ്രധാന ചുമതല തന്നെ. ഡോ. ഒട്ടോ എഫ് റാങ്കെ സ്വയം ഒരു മെത്താംഫെറ്റാമൈൻ അടിമയായിരുന്നു. തന്റെ മെഡിക്കല്‍ ഡയറിയില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു 'പെര്‍വിറ്റിന്‍ കഴിച്ചാല്‍ നിങ്ങള്‍ക്ക് തുടര്‍ച്ചയായി 36 മുതല്‍ 50 മണിക്കൂര്‍ വരെ ക്ഷീണമറിയാതെ ജോലിയെടുക്കാനാകും'. ഉറക്കം പോലുമില്ലാതെ ഡോ. ഒട്ടോ എഫ് റാങ്കെയെ പോലുള്ളവരെ പണിയെടുപ്പിക്കാന്‍ നാത്‌സികളെ സഹായിച്ചത് പെര്‍വിറ്റിന്‍ എന്നറിയപ്പെട്ടിരുന്ന മെത്താംഫെറ്റാമൈനായിരുന്നു. 

 

∙ ആദ്യം പ്രയോഗിച്ചത് പോളണ്ടിനു നേരെ മിന്നലാക്രമണത്തിന്

Adolf Hitler, giving Nazi salute. To Hitler's right is Rudolph Hess. 1939.. Photo credit :Everett Collection/Shutterstock.com
Adolf Hitler, giving Nazi salute. To Hitler's right is Rudolph Hess. 1939.. Photo credit :Everett Collection/Shutterstock.com

 

1939 സെപ്റ്റംബറില്‍ പോളണ്ടിനു നേരെ നടത്തിയ ജര്‍മനിയുടെ മിന്നലാക്രമണമായിരുന്നു മെത്താംഫെറ്റാമൈന്റെ യുദ്ധമുഖത്തിലെ ആദ്യത്തെ പരീക്ഷണം. ഒക്ടോബര്‍ ആകുമ്പോഴേക്കും ഒരു ലക്ഷത്തോളം പോളിഷ് സൈനികരാണ് നാത്‌സികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വന്‍ വിജയമായി മാറിയ പോളണ്ട് ആക്രമണത്തിനു പിന്നിലെ നാത്‌സി അദ്ഭുതമരുന്നായിരുന്നു പെര്‍വിറ്റിന്‍. വൈകാതെ തന്നെ പെര്‍വിറ്റിന്റെ പാര്‍ശ്വഫലങ്ങളും വലിയ തോതില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഇതോടെ 1940 ഓടെ തന്നെ ഡോക്ടറുടെ കുറിപ്പടിയുള്ളവര്‍ക്ക് മാത്രം പെര്‍വിറ്റിന്‍ നല്‍കിയാല്‍ മതിയെന്ന നിര്‍ദേശമുണ്ടായി. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ അവഗണിക്കപ്പെടുകയോ മറികടക്കുകയോ ആണുണ്ടായത്. 

 

∙ നാത്‌സി പട്ടാളക്കാര്‍ കഴിച്ചത് 3.50 കോടി മെത്താംഫെറ്റാമൈൻ ഗുളികകൾ

 

1940 ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലത്ത് മാത്രം 3.50 കോടി മെതഫെറ്റമിന്‍ ഗുളികകളാണ് നാത്‌സി പട്ടാളക്കാര്‍ മാത്രം കഴിച്ചത്. പോര്‍വിമാനങ്ങള്‍ പറത്തിയിരുന്ന പൈലറ്റുമാരും ടാങ്കുകള്‍ ഓടിച്ചിരുന്ന സൈനികരുമെല്ലാം മെത്താംഫെറ്റാമൈൻ  ചോക്ലേറ്റുകള്‍ കഴിക്കുന്നത് പതിവായിരുന്നു. രാവും പകലുമില്ലാതെ അപ്രതീക്ഷിത സമയത്ത് നടത്തിയ മിന്നലാക്രമണ യുദ്ധ രീതിയാണ് ജര്‍മനി ബ്ലിറ്റ്‌സ്‌ക്രീഗിലൂടെ അവതരിപ്പിച്ചത്. പോളണ്ടിന് പിന്നാലെ 1940 ഏപ്രിലില്‍ ജര്‍മനി നടത്തിയ ആക്രമണത്തില്‍ ഡെന്മാര്‍ക്കും നോര്‍വേയും വീണു. തൊട്ടടുത്ത മാസം ഹോളണ്ടും ബെല്‍ജിയവും നാത്‌സിപ്പടയുടെ തേരോട്ടത്തില്‍ തറപറ്റി. ഒടുവില്‍ ഫ്രാന്‍സിന്റെ വന്‍ വീഴ്ചയും ജര്‍മന്‍ മിന്നലാക്രമണത്തിലൂടെ തന്നെയായിരുന്നു. 

 

∙ 390 കിലോമീറ്റര്‍ മലനിരകളും കൊടുംകാടും താണ്ടിയത് 11 ദിവസം കൊണ്ട്

 

ജര്‍മന്‍ കാലാള്‍പടയും ടാങ്കുകളും ആര്‍ഡെന്‍സ് മലനിരകള്‍ മറികടക്കില്ലെന്നാണ് ഫ്രാന്‍സും ഇംഗ്ലണ്ടും വിശ്വസിച്ചിരുന്നത്. എന്നാല്‍ മലനിരകളും കൊടുംകാടും അടങ്ങിയ 390 കിലോമീറ്റര്‍ ദൂരം വെറും 11 ദിവസം കൊണ്ട് മറികടന്നാണ് ജര്‍മന്‍ പട ഫ്രാന്‍സിനു നേരെ ആക്രമണം നടത്തിയത്. പലപ്പോഴും വിമാനത്തില്‍ പറന്ന് ശത്രു സൈന്യത്തിന്റെ പിന്‍നിരയില്‍ ചെന്നിറങ്ങി അപ്രതീക്ഷിത ആക്രമണങ്ങള്‍ നടത്തി വന്‍ നാശം വരുത്താനും ജര്‍മന്‍ സേനക്കായി. 'നിര്‍ഭയരും ക്ഷീണിക്കാത്തവരും വലിയ തോതില്‍ ഉത്തേജക ഔഷധങ്ങള്‍ കഴിക്കുന്നവരും' എന്നായിരുന്നു ബ്രിട്ടിഷ് മാധ്യമങ്ങള്‍ നാത്‌സി സൈന്യത്തെ വിശേഷിപ്പിച്ചത്. 

 

∙ ദുരന്തമായി പാര്‍ശ്വഫലങ്ങൾ

 

ഫ്രാന്‍സ് അധിനിവേശം ജര്‍മനി പൂര്‍ത്തിയാക്കും മുൻപ് തന്നെ മെത്താംഫെറ്റാമൈന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യാപകമായി തുടങ്ങി. ഈ മരുന്ന് കിട്ടാതെ വന്നാല്‍ സൈനികര്‍ അക്രമോത്സുകരാകുന്നത് സാധാരണയായി. ദിവസം നാല് തവണ മെത്താംഫെറ്റാമൈൻ ആഴ്ചകളോളം ഉപയോഗിച്ച പലരും ഹൃദയാഘാതം വന്ന് കൊല്ലപ്പെട്ടു. 1940 അവസാനത്തോടെ മെത്താംഫെറ്റാമൈന്റെ ഉപയോഗം പരിമിതപ്പെടുത്താന്‍ നിര്‍ബന്ധിതരായി. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ യുദ്ധമെന്നാണ് രണ്ടാം ലോകമഹായുദ്ധം അറിയപ്പെടുന്നത്. നിര്‍ണായകമായ പല നാത്‌സി സൈനിക നീക്കങ്ങള്‍ക്ക് ഊര്‍ജ്ജമായ ആ ലഹരി മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ വ്യാപകമായതോടെ ഇതിന്റെ ഉല്‍പാദനവും ഉപയോഗവും കുറയ്ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. 

 

വിവരങ്ങള്‍ക്ക് കടപ്പാട്: പീറ്റര്‍ ആന്ദ്രേസ് എഴുതിയ കില്ലര്‍ ഹൈ; എ ഹിസ്റ്ററി ഓഫ് വാര്‍ ഇന്‍ സിക്‌സ് ഡ്രഗ്‌സ് എന്ന പുസ്തകം.

 

English Summary: Nazis Dosed Soldiers with Performance-Boosting 'Superdrug'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT