ADVERTISEMENT

അമേരിക്കയും ജപ്പാനും ദക്ഷിണ കൊറിയയും വെല്ലുവിളിച്ചാലും കിം ജോങ് ഉന്നിന്റെ മിസൈൽ പരീക്ഷണങ്ങൾ നിർത്തുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ ദിവസവും ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തി, അതും ലോകത്തെ ഏറ്റവും വേഗമുളള മിസൈൽ വിഭാഗത്തിൽപെട്ട ഹൈപ്പർസോണിക് ആയുധവും. ഉത്തരകൊറിയയുടെ ചൊവ്വാഴ്ചത്തെ മിസൈൽ പരീക്ഷണം  ഹ്വാസോങ്-8 ഹൈപ്പർസോണിക് മിസൈൽ ആണെന്ന് ബുധനാഴ്ച രാവിലെ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

ഹൈപ്പർസോണിക് മിസൈലിന്റെ പരീക്ഷണം കാണാൻ രാജ്യത്തിന്റെ സെൻട്രൽ മിലിട്ടറി കമ്മിഷൻ ചെയർമാൻ കിം ജോങ് ഉന്നും എത്തിയിരുന്നു. ഉത്തര കൊറിയ ഒരാഴ്ചയ്ക്കിടെ നടത്തിയ രണ്ടാമത്തെയും ഹൈപ്പർസോണിക് മിസൈൽ പരീക്ഷണമാണിത്. ഇതോടെ ഉത്തര കൊറിയ നടത്തുന്ന ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം മൂന്നായി.

 

മിസൈലിന്റെ വിക്ഷേപണവും പറക്കലും നിരീക്ഷിച്ച ദക്ഷിണ കൊറിയൻ ജോയിന്റ്സ് ചീഫ് ഓഫ് സ്റ്റാഫ് പറയുന്നതനുസരിച്ച്, ഇത് ജപ്പാൻ കടലിനു കുറുകെ 700 കിലോമീറ്ററിലധികം സഞ്ചരിക്കുകയും 60 കിലോമീറ്റർ ഉയരത്തിൽ എത്തുകയും ചെയ്തു എന്നാണ്. അതേസമയം, മാക് 10 അല്ലെങ്കിൽ മണിക്കൂറിൽ 7,600 മൈലിലധികം വേഗത്തിലായിരുന്നു മിസൈലിന്റെ കുതിപ്പെന്നും വിവിധ റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.

 

കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയുടെ (കെ‌സി‌എൻ‌എ) റിപ്പോർട്ട് പ്രകാരം, മിസൈൽ 1,000 കിലോമീറ്റർ സഞ്ചരിച്ചു കൃത്യമായി ലക്ഷ്യത്തിലെത്തി എന്നാണ്. 600 കിലോമീറ്റർ ‘ഗ്ലൈഡ് ജമ്പ് ഫ്ലൈറ്റ്’ ഉൾപ്പെടെയാണിത്. മിസൈൽ രാജ്യാന്തര സമുദ്രത്തിൽ പതിച്ചതായും നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ജാപ്പനീസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. 

 

ജപ്പാൻ പരീക്ഷണത്തെ അപലപിച്ചു രംഗത്തെത്തി. ഉത്തര കൊറിയയുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെയും വിശാലമായ പ്രദേശത്തിന്റെയും മുഴുവൻ രാജ്യാന്തര സമൂഹത്തിന്റെയും സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും ജപ്പാൻ അറിയിച്ചു. യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ ഉത്തര കൊറിയ ലംഘിച്ചുവെന്ന് ആരോപിച്ച് യുഎസും വിക്ഷേപണത്തെ അപലപിച്ചു.

 

English Summary: North Korea Successfully Fired Hypersonic Missile During Tuesday Launch Attended by Kim Jong Un

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT