ADVERTISEMENT

കിഴക്കൻ യൂറോപ്യൻ രാജ്യവും മുൻ സോവിയറ്റ് റിപ്പബ്ലിക്കുമായ യുക്രെയിനിലേക്ക് ഏതു നിമിഷവും റഷ്യ ആക്രമണവും അധിനിവേശവും നടത്താമെന്ന സ്ഥിതി തുടരുകയാണ്. കിഴക്കൻ യൂറോപ്പിൽ അശാന്തി തുടർന്നുകൊണ്ടേയിരിക്കുന്നു. രാജ്യാന്തര വിപണികൾ പോലും റഷ്യ– യുക്രെയ്ൻ യുദ്ധമേഖങ്ങൾ മൂടിയ നിലയിലാണ്. ലക്ഷക്കണിക്കിനു സൈനികരെയാണ് റഷ്യ യുക്രെയ്ൻ അതിർത്തിക്കു സമീപം വിന്യസിച്ചിരിക്കുന്നത്. റഷ്യ ആക്രമണത്തിനു സജ്ജമായിക്കഴിഞ്ഞെന്നാണു യുഎസ് നിരീക്ഷണവും.

 

ഇതോടെ എല്ലാ യുദ്ധസമയത്തുമെന്നതു പോലെ ഇരുരാജ്യങ്ങളുടെ സൈനികക്കരുത്തുകൾ താരതമ്യം ചെയ്തുള്ള പഠനത്തിനും അരങ്ങൊരുങ്ങി. ലോകത്തെ ഏറ്റവും സൈനികശേഷിയുള്ള രാജ്യങ്ങളിലൊന്നാണു റഷ്യ. അത്യാധുനിക പ്രതിരോധ ആയുധങ്ങളും മറ്റു സംവിധാനങ്ങളുമൊക്കെ കുന്നുകൂട്ടിയിരിക്കുന്ന രാജ്യം. ലോകത്തെ തന്നെ ഏറ്റവും വലിയ രാജ്യമാണ് റഷ്യ. യൂറോപ്പിൽ റഷ്യ കഴിഞ്ഞാൽ വലുപ്പത്തിൽ രണ്ടാമത്തെ രാജ്യം യുക്രെയ്നാണ്. 1991ൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ റഷ്യയോട് അകലാൻ തുടങ്ങിയ യുക്രെയ്ന് 2014ലാണ് റഷ്യയെ യുദ്ധത്തിൽ അഭിമുഖീകരിക്കേണ്ടി വന്നത്.

 

ക്രിമിയൻ‌ പ്രതിസന്ധി അതോടെ ഉടലെടുത്തു.യുക്രെയ്ന്റെ അന്നത്തെ റഷ്യൻ അനുകൂല പ്രസിഡന്റായിരുന്ന വിക്ടർ യാനുകോവിച്ച് യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള ജനാഭിലാഷം മാനിക്കാതെ റഷ്യ നയിക്കുന്ന യൂറേഷ്യൻ ഇക്കണോമിക് യൂണിയനിൽ ചേരാൻ തീരുമാനമെടുത്തു. ഇതു വൻ കിട ജനകീയപ്രക്ഷോഭത്തിനു കാരണമായി. യൂറോമൈദാൻ പ്രക്ഷോഭം എന്നറിയപ്പെട്ട ഈ പ്രക്ഷോങം യാനുകോവിച്ചിന്റെ രാജിയിലേക്കു നയിച്ചു.എന്നാ‍ൽ ഇതിനോട് സൈനികമായാണു റഷ്യ പ്രതികരിച്ചത്. അന്ന് യുക്രൈന്റെ ഭാഗമായ ക്രിമിയയിലേക്കു കടന്നു കയറിയ റഷ്യൻ സേന പ്രദേശം റഷ്യയിലേക്കു കൂട്ടിച്ചേർത്തു.

ഈ യുദ്ധചരിത്രം റഷ്യയുടെ ഏകപക്ഷീയമായ വിജയത്തിന്റെ കഥയാണ്. പരാജയത്തിന്റെ കയ്പുനീർ കുടിച്ച യുക്രെയ്ൻ ഇതിനു ശേഷം തങ്ങളാലാകുംവിധം തങ്ങളുടെ പ്രതിരോധസംവിധാനങ്ങൾ വികസിപ്പിക്കാൻ നോക്കിയിരുന്നു. എന്നാൽ ഇതൊന്നും റഷ്യയുടെ കരുത്തിനൊപ്പമെത്തില്ലെന്നത് പച്ചപ്പരമാർഥം.

russian-army

 

∙ കരുത്തൻ റഷ്യ

russian-missile

 

സൈനിക കരുത്തിൽ ലോകത്തിലെ രണ്ടാമത്തെ വൻശക്തിയായി ഗ്ലോബൽ ഫയർപവർ ഇൻഡെക്സ് റഷ്യയെ വിലയിരുത്തുന്നു. യുക്രെയ്ന് 22ാം സ്ഥാനമാണുള്ളത്. റഷ്യയ്ക്ക് 9 ലക്ഷം സജീവ സൈനികരുണ്ട്. യുക്രെയ്ന് ഇതിന്റെ നാലിലൊന്നു മാത്രമാണ് സൈനികശേഷി.പാരാമിലിട്ടറി ഫോഴ്സുകളുടെ എണ്ണത്തിലും അഞ്ചുമടങ്ങോളം കരുത്ത് റഷ്യയ്ക്ക് യുക്രെയ്നു മേലുണ്ട്.യുക്രെയ്ന് 318 യുദ്ധവിമാനങ്ങളാണുള്ളത്. റഷ്യയ്ക്ക് ഇതേ സ്ഥാനത്ത് 4173 യുദ്ധവിമാനങ്ങളുണ്ട്. 69 ഫൈറ്റർ എയർക്രാഫ്റ്റുകൾ യുക്രെയ്നുള്ളപ്പോൾ റഷ്യയ്ക്ക് ഇവയുടെ എണ്ണം 772 ആണ്. യുക്രെയ്ന് 112 ഹെലിക്കോപ്റ്ററുകളും റഷ്യയ്ക്ക് 544 ഹെലിക്കോപ്റ്ററുകളുമുണ്ട്. 2596 ടാങ്കുകളെ യുക്രെയ്ൻ സേന വഹിക്കുമ്പോൾ, റഷ്യൻ ടാങ്കുകളുടെ എണ്ണം 12,420 ആണ്. മേഖലയിലെ യുദ്ധത്തിൽ വലിയ സ്വാധീനം പുലർത്തുന്നവയാണ് ടാങ്കുകൾ.

 

റഷ്യ അൽപം പിന്നാക്കമായ നാവിക കരുത്തിൽ യുക്രെയ്ൻ അതിലും പിന്നാക്കമാണ്. റഷ്യയ്ക്ക് ഒരു വിമാനവാഹിനിക്കപ്പലുണ്ടെങ്കിൽ യുക്രെയ്ന് ഒന്നുമില്ല. 70 അന്തർവാഹിനികളെ റഷ്യ വഹിക്കുമ്പോൾ യുക്രെയ്ൻ നാവികസേനയ്ക്ക് അന്തർവാഹിനികളേയില്ല.11 ഫ്രിഗേറ്റ്, 86 കോർവറ്റ് പടക്കപ്പലുകൾ റഷ്യയ്ക്കുണ്ട്. എന്നാൽ യുക്രെയ്ന് ഈ രണ്ടുവിഭാഗത്തിലും ഓരോ കപ്പലുകൾ വീതമാണുള്ളത്.1991ൽ സോവിയറ്റ് യൂണിയനിൽ നിന്നു വേർപെട്ടപ്പോൾ യുക്രെയ്ന് ആണവായുധങ്ങൾ ലഭിച്ചിരുന്നു. അന്നു ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധങ്ങളുള്ള മൂന്നാമത്തെ രാജ്യമായിരുന്നു യുക്രെയ്ൻ.എന്നാൽ പിൽക്കാലത്ത് യുക്രെയ്ൻ ആണവനിർവ്യാപന പദ്ധതിയുടെ ഭാഗമായി. തങ്ങളുടെ ആണവായുധങ്ങൾ നശിപ്പിക്കുകയും ചെയ്തു. എന്നാൽ റഷ്യ ഇന്നും ആണവശക്തിയാണ്... 6257 ആണവ പോർമുനകൾ റഷ്യയ്ക്കുണ്ട്. ലോകത്ത് മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ.

 

ഇതു കൂടാതെ വിവിധ ജൈവ, രാസായുധങ്ങളും റഷ്യയ്ക്കുണ്ട്. എല്ലാ ബോംബുകളുടെയും പിതാവെന്നറിയപ്പെടുന്ന എടിബിഐപി എന്ന ബോംബും റഷ്യൻ ശേഖരത്തിലുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ പ്രഹരശേഷിയുള്ള ആണവേതര ബോംബാണ് ഇത്.സർമാത് സാത്താൻ 2 എന്ന ഐസിബിഎം ഉൾപ്പെടെ ബാലിസ്റ്റിക്, ക്രൂയിസ് വിഭാഗങ്ങളിലായി ഒട്ടേറെ ശക്തമായ മിസൈലുകളും റഷ്യയുടെ കൈവശമുണ്ട്. സൈനികക്കരുത്തിൽ റഷ്യയും യുക്രെയ്നുമായുള്ള താരതമ്യം തീർത്തും ഏകപക്ഷീയമാണ്. നാറ്റോ, യുഎസ് തുടങ്ങിയവരുടെ പിന്തുണയാണ് യുക്രെയ്നുള്ള അനുകൂലഘടകം. 

 

∙ ഏതൊക്കെ വഴി വരാം റഷ്യ?

 

പ്രധാനമായും മൂന്നു റൂട്ടുകളിൽ റഷ്യൻ സൈന്യം യുക്രെയ്നിലേക്ക് എത്താമെന്നാണ് യുദ്ധ നിരീക്ഷകർ പറയുന്നത്. യുക്രെയ്നിന്റെ വടക്കൻ ഭാഗത്തു നിന്നുള്ള പ്രവേശനമാണ് ഇതിൽ ആദ്യത്തേത്.റഷ്യയുടെ സഖ്യരാഷ്ട്രമായ ബെലാറസിന്റെ ഭൂമി ഉപയോഗിച്ചാകും ഈ കടന്നുകയറ്റം. ബെലാറസിലെ മാസിർ എന്ന സ്ഥലത്തു നിന്നാകും ഇതിന്റെ തുടക്കം.

രണ്ടാമതായി റഷ്യ യുക്രെയ്നിലേക്ക് ഒരു മധ്യറൂട്ടുപിടിക്കാനും സാധ്യതയുണ്ട്. യുക്രെയ്നിലെ റഷ്യൻ ചായ്‌വുള്ള വിമതമേഖലയായ ഡോണെസ്ക് വഴിയാകാം ഈ പടപ്പുറപ്പാട്.മൂന്നാമതായി തങ്ങൾ 2014ൽ കൈവശപ്പെടുത്തിയ ക്രിമിയൻ മേഖലവഴിയും റഷ്യൻ സൈന്യം യുക്രെയ്നിലേക്ക് എത്താം.

 

English Summary: Comparison of Ukraine and Russia Military Strengths

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT