ADVERTISEMENT

റഷ്യൻ എനർജി കോർപറേഷൻ ലൂക്കോയിലിന്റെ മുൻ മാനേജരായ അലക്‌സാണ്ടർ സുബോട്ടിന്റെ ദുരൂഹമരണമാണ് റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ ചർച്ചകൾക്കിടയിൽ ശ്രദ്ധനേടുന്ന വലിയ വിവാദം. ഒറ്റപ്പെട്ട സംഭവമല്ല ഇത്. യുദ്ധം തുടങ്ങിയ ശേഷം ദുരൂഹസാഹചര്യത്തിൽ മരിക്കുന്ന ഏഴാമത്തെ ശതകോടീശ്വരനാണ് സുബോട്ട്. റഷ്യൻ ഭരണകൂടത്തിലും സർക്കാരിലും വരെ നിർണായക സ്വാധീനമുണ്ടായിരുന്ന വമ്പൻമാരാണ് ഇവരെല്ലാം.

 

സുബോട്ടിന്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും റിപ്പോർട്ടുകളും വെളിയിൽ വന്നിട്ടുണ്ട്. തവളവിഷം ഉള്ളിൽ ചെന്നാണ് അദ്ദേഹം മരിച്ചത്. മദ്യപാനശീലമുള്ള സുബോട്ടിൻ മദ്യത്തിന്റെ ഹാങ്ങോവർ മാറ്റാനായി മോസ്‌കോയുടെ വടക്കുകിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന പട്ടണമായ മിറ്റിസ്ചിയിലെ നാട്ടുവൈദ്യനിൽ നിന്നും മരുന്ന് വാങ്ങുക പതിവായിരുന്നു.

മാഗ്വ എന്നറിയപ്പെടുന്ന ഈ നാട്ടുവൈദ്യൻ ഒരു മന്ത്രവാദികൂടിയാണ്. ചെറിയ അളവിൽ തവളവിഷം ശരീരത്തിലേക്കു കുത്തിവച്ച് സുബോട്ടിന്റെ ഹാങ്ങോവർ നേരത്തെയും മാഗ്വ സുഖപ്പെടുത്തുമായിരുന്നു. എന്നാൽ കഴിഞ്ഞദിവസം കൂടിയ അളവിൽ വിഷം അകത്തു ചെന്നതിനാലാവണം സുബോട്ടിന്റെ ബോധം മറയുകയും അദ്ദേഹത്തിനു ഹൃദയസ്തംഭനമുണ്ടാകുകയും ചെയ്തു. ഇതിനുള്ള പ്രാഥമിക ചികിത്സയായി മാഗ്വ മരുന്നു കൊടുത്തെങ്കിലും മാഗ്വയുടെ വീട്ടിൽവച്ചുതന്നെ സുബോട്ടിൻ മരിക്കുകയാണുണ്ടായത്. റഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണക്കമ്പനിയായ ലൂക്കോയിലിൽ ഒരു ലക്ഷത്തിലധികം ആളുകൾ ജോലി ചെയ്യുന്നുണ്ട്.

 

സുബോട്ടിന്റെ മരണത്തെക്കുറിച്ചുള്ള പുതിയ വിവരണം എല്ലാവരും വിശ്വസിച്ച മട്ടില്ല. മരണത്തിനു പിന്നിൽ ദുരൂഹകാരണങ്ങളോ അട്ടിമറിയോ ഉണ്ടാകാമെന്ന് പലയിടത്തും നിന്ന് വാദമുയരുന്നുണ്ട്. റഷ്യ യുക്രെയ്‌നെ ആക്രമിക്കാൻ പദ്ധതിയിട്ട ജനുവരിമാസം മുതൽ ഇതുവരെ സുബോട്ടിനുൾപ്പെടെ 7 ശതകോടീശ്വരൻമാർ കൊല്ലപ്പെട്ടത് സംശയത്തിനു വഴിവയ്ക്കുന്നുണ്ട്.

ക്രെംലിൻ ഓഫിസറും റഷ്യൻ എണ്ണഭീമനായ ഗ്യാസ്‌പ്രോം കമ്പനിക്കായുള്ള ധനകാര്യസ്ഥാപനമായ ഗ്യാസ്‌പ്രോംബാങ്കിൽ ഉന്നത പിടിപാടുള്ളയാളുമായ വ്‌ലാഡിസ്ലാവ് അവായേവ് ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണ് ഇക്കൂട്ടത്തിൽ ആദ്യത്തെ സംഭവം. 

 

ഇതു സംഭവിച്ച് ദിവസങ്ങൾക്കുളളിൽ തന്നെ സെർഗെയ് പ്രോടോസെന്യ എന്ന റഷ്യൻ ശതകോടീശ്വരൻ ഭാര്യ നടാലിയയെയും മകളെയും കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം സ്‌പെയ്‌നിൽ ആത്മഹത്യ ചെയ്തു. 55കാരനായ സെർഗെയ് ക്രെംലിനുമായി അടുപ്പമുള്ള നോവാടെക് എന്ന കമ്പനിയുടെ ഡപ്യൂട്ടി ചെയർമാനായിരുന്നു.

 

ഈ രണ്ട് മരണങ്ങളും ആത്മഹത്യകളല്ല, മറിച്ച് കൊലപാതകങ്ങളായിരുന്നെന്നും ആത്മഹത്യയെന്ന നിലയിൽ അവതരിപ്പിക്കപ്പെടുകയാണെന്നും അഭ്യൂഹങ്ങളുണ്ട്. അലക്‌സാണ്ടർ ട്യുലകോവ്, ലിയോനിഡ് ഷൂൽമാൻ, ഇഗോർ വോലുബയേവ് തുടങ്ങിയ ഉന്നത കോടീശ്വരൻമാരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇവർക്കെല്ലാം റഷ്യൻ ഊർജമേഖലയുമായി നേരിട്ടു ബന്ധമുള്ളവരാണ്.

യുദ്ധം തുടങ്ങിയ നാൾ മുതൽ റഷ്യൻ പ്രമുഖരുടെ പേരുകളും ചർച്ചയാകുന്നുണ്ട്. പല വിദേശരാജ്യങ്ങളിലും ഇവർ ഉപരോധങ്ങൾ നേരിട്ടു. ഇവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്ക് വിലക്കും നേരിട്ടു. റോമൻ അബ്രമോവിച്ചിനെപ്പോലുള്ള പ്രമുഖരുടെ ലക്ഷ്വറി യാട്ടുകൾ പോലും തുറമുഖങ്ങളിൽ പിടിച്ചിട്ടിരുന്നു. എന്താണ് ഇപ്പോഴുള്ള ദുരൂഹമരണങ്ങൾക്ക് കാരണമെന്ന് വ്യക്തമായിട്ടില്ല. റഷ്യൻ ഭരണകൂടത്തിന് ഈ മരണങ്ങളുമായി ബന്ധമുണ്ടെന്ന വാദങ്ങൾ ഉയരുന്നുണ്ട്.

 

English Summary: Russian Energy Tycoon Dies From Toad Poison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT