പീക്ക് 5140 തിരിച്ചുപിടിച്ച ക്യാപ്റ്റൻ വിക്രം ബത്ര- കാർഗിലിന്റെ ഷേർഷാ

captain-vikram-batra
SHARE

ഇന്ന് കാർഗിൽ വിജയദിനം. ഇന്ത്യൻ മേഖലയിലേക്ക് അതിക്രമിച്ചു കടന്ന പാക്കിസ്ഥാനെ കീഴ്‌പ്പെടുത്തി 1999 ജൂലൈ 26ന് ഇന്ത്യൻ സേന കാർഗിലിൽ വെന്നിക്കൊടി പാറിച്ചു. രണ്ട് ആണവശക്തികൾ തമ്മിൽ നടന്ന യുദ്ധമെന്ന നിലയിൽ ലോകരാജ്യങ്ങളുടെ ശ്രദ്ധ നേടിയ യുദ്ധമായിരുന്നു കാർഗിൽ. ഭൗമനിരപ്പിൽ നിന്ന് അനേകായിരം അടി വരെ പൊക്കമുള്ള ചെങ്കുത്തായ മലമ്പ്രദേശത്തു നടന്ന യുദ്ധം ലോകയുദ്ധചരിത്രത്തിലെ തന്നെ ഏറ്റവും ദുർഘടമായ പോരാട്ടങ്ങളിലൊന്നുമായിരുന്നു. ഇന്ത്യൻ സേനയുടെ യശസ്സ് വാനോളമുയർത്തിയ നിർണായകമായ ഈ യുദ്ധത്തിൽ ഒട്ടേറെ ഇന്ത്യൻ യുദ്ധവീരൻമാരുടെ ജീവൻ പൊലിഞ്ഞു. തിളക്കമാർന്ന ആ രക്തസാക്ഷിത്വങ്ങളിലെ ജ്വലിക്കുന്ന ഏടാണ് ക്യാപ്റ്റൻ വിക്രം ബത്രയുടെ കഥ.

∙ ക്യാപ്റ്റൻ വിക്രം ബത്ര

ഹിമാചൽപ്രദേശിലെ പാലംപുരിലുള്ള ഘുഗ്ഗറിലാണ് ബത്ര ജനിച്ചത്. ചെറുപ്രായത്തിൽ തന്നെ സൈനികനാകുക എന്നതായിരുന്നു അദ്ദേഹത്തിന്‌റെ ആഗ്രഹം. അധ്യാപക ദമ്പതികളുടെ മകനായി ജനിച്ച വിക്രം ടേബിൾ ടെന്നിസ്, കരാട്ടെ തുടങ്ങിയവയിൽ പ്രാവീണ്യം നേടി. ചണ്ഡീഗഡിലെ കോളജിൽ മെഡിക്കൽ സയൻസ് ഡിഗ്രിക്കായി ചേർന്നെങ്കിലും അവിടെ വച്ച് എൻസിസിയിൽ അംഗമാകുകയും അതിലെ റാങ്കുകളിൽ ഉയരുകയും ചെയ്തു. എൻസിസി അംഗമായിരിക്കെ 1994ൽ ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ മാർച്ച്പാസ്റ്റിൽ പങ്കെടുക്കുകയും ചെയ്തു.

ഇതേ കാലയളവിൽ ആർമി എന്ന അഭിനിവേശം ബത്രയിൽ കലശലായി. 1995ൽ കോളജ് പഠനകാലയളവിൽ തന്നെ ഹോങ്കോങ്ങിലെ ഒരു ഷിപ്പിങ് കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ മർച്ചന്റ് നേവി ഓഫിസറായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. എന്നാൽ രാജ്യത്തെ സേവിക്കുക എന്ന സ്വപ്‌നം പൂർത്തീകരിക്കാനായി അദ്ദേഹം ആ ജോലി വേണ്ടെന്നു വച്ചു.

കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയിൽ പങ്കെടുക്കാൻ തയാറെടുക്കാനായി അദ്ദേഹം പഞ്ചാബ് സർവകലാശാലയിലെ എംഎ കോഴ്‌സിനു ചേർന്നു. 1996ൽ കംബൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷ പാസായ 35 പേരിൽ ഒരാളായി ബത്ര മാറി. തുടർന്ന് ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ 19 മാസം നീണ്ട കഠിന പരിശീലനം. ഇതിനു ശേഷം ജമ്മു കശ്മീർ റൈഫിൾസിൽ ലഫ്റ്റനന്റായി ബത്ര സൈനിക ജീവിതത്തിനു തുടക്കമിട്ടു. ജമ്മു കശ്മീരിലെ സോപോറിലായിരുന്നു ആദ്യ പോസ്റ്റിങ്. സോപോറിൽ ഭീകരവാദം ശക്തമായ നാളുകളായിരുന്നു അത്. ഭീകരർക്കെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളിലൂടെ അദ്ദേഹം സൈനികവൃത്തങ്ങളിൽ ശ്രദ്ധ നേടി.

കാർഗിൽ യുദ്ധം തുടങ്ങി ഒരുമാസം പിന്നിട്ടശേഷമാണ് ബത്രയുടെ ബറ്റാലിയൻ അതിൽ അണിചേർന്നത്. 1999 ജൂൺ 19ന് അതിനിർണായകമായ ഒരു വിജയം ബത്രയും ബറ്റാലിയനും ഇന്ത്യയ്ക്ക് നേടിത്തന്നു. പാക്കിസ്ഥാനി സൈനികർ ഇടയ്ക്ക് കൈയടക്കിയ പീക്ക് 5140 എന്ന കൊടുമുടി തിരികെപ്പിടിച്ചതാണ് ഇത്. ദ്രാസിലായിരുന്നു ഇത്. ഉയർന്ന പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നു എന്ന പാക്കിസ്ഥാനുണ്ടായിരുന്ന മേൽക്കൈ കുറയ്ക്കാൻ ഇതു സഹായകമായി. ബത്ര അന്നെടുത്ത ധീരമായ എന്നാൽ സാഹസികമായ തീരുമാനങ്ങളാണ് 5140 പിടിക്കുന്നതിൽ നിർണായകമായത്. ആ പോരാട്ടത്തിൽ എട്ട് പാക്കിസ്ഥാനി സൈനികരെ വധിക്കാനും ബത്രയുടെ സംഘത്തിനായി. ഇതോടെ അദ്ദേഹത്തിനു ക്യാപ്റ്റൻ സ്ഥാനത്തേക്കു പ്രമോഷനായി. അന്നത്തെ കരസേനാ മേധാവി ജനറൽ വേദ് പ്രകാശ് മാലിക് ബത്രയെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ നൽകി. രാജ്യമാകെ ബത്രയുടെ വിജയം ടെലിവിഷനിലൂടെ അറിയിക്കപ്പെട്ടു. ഒരു ദേശീയ നായകനായി ബത്ര മാറുകയായിരുന്നു അപ്പോൾ.

ഇതിനു ശേഷം മുഷ്‌കോഹ് വാലിയിലുള്ള പോയിന്റ് 4875 എന്ന പതിനേഴായിരം അടി പൊക്കമുള്ള മേഖല പിടിക്കാനായി ബത്രയുടെയും സംഘത്തിന്റെയും ശ്രമം. എൺപതു ഡിഗ്രി ചരിവുള്ള ഇങ്ങോട്ടേക്കുള്ള യാത്ര ദുർഘടമായിരുന്നു. കാലാവസ്ഥ തീർത്തും പ്രതികൂലം. പനികൊണ്ടവശനായ ബത്രയ്ക്ക് കമാൻഡിങ് ഓഫിസർ വിശ്രമം അനുവദിച്ചു. 

പോയിന്‌റ് 4875 ഇന്ത്യൻ സേനാംഗങ്ങൾ പിടിച്ചെങ്കിലും താമസിയാതെ പാക്ക് പ്രത്യാക്രമണം തുടങ്ങി. ഇതോടെ പനിക്കിടക്ക വിട്ടെഴുന്നേറ്റ ബത്ര യുദ്ധരംഗത്തേക്കു കുതിച്ചു. വിശ്രമമെടുത്തോളൂ എന്ന കമാൻഡിങ് ഓഫിസറുടെ നിർദേശം അദ്ദേഹം സ്‌നേഹപൂർവം നിരാകരിച്ചു. പോയിന്റ് 4875ൽ അദ്ദേഹം വീരോചിതമായി പോരാടി. എന്നാൽ ഇതിനിടെ പാക്ക് ആക്രമണത്തിൽ അദ്ദേഹത്തിനു പരുക്കുപറ്റി. ഇതിനിടെ കൂട്ടത്തിലുള്ള മറ്റൊരു സൈനികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അദ്ദേഹം ശത്രുദൃഷ്ടികളിൽ പെടുകയും പാക്ക് സൈനികരുടെ ആക്രമണത്തിൽ അദ്ദേഹത്തിനു ഗുരുതര പരുക്ക് പറ്റുകയും ചെയ്തു. 

താമസിയാതെ അദ്ദേഹം വീരചരമമടഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ ബറ്റാലിയൻ അംഗങ്ങൾ പോയിന്റ് 4875 കീഴടക്കുക തന്നെ ചെയ്തു. പിൽക്കാലത്ത് ഇന്ത്യയുടെ ഏറ്റവും വലിയ സൈനിക ബഹുമതിയായ പരംവീർചക്ര ക്യാപ്റ്റൻ വിക്രം ബത്രയ്ക്കു നൽകപ്പെട്ടു.

shershah-movie

വിക്രം ബത്രയുടെ കഥ പശ്ചാത്തലമാക്കി 2021ൽ ഷേർഷാ എന്ന ഹിന്ദി ചിത്രം പുറത്തിറങ്ങിയിരുന്നു. സിദ്ധാർഥ് മൽഹോത്രയാണ് ക്യാപ്റ്റൻ വിക്രമിന്റെ റോൾ അതിൽ ചെയ്തത്. 2003ൽ ഇറങ്ങിയ എൽഒസി കാർഗിൽ എന്ന സിനിമയിലും വിക്രമിന്റെ കഥാപാത്രമുണ്ടായിരുന്നു. അഭിഷേക് ബച്ചനാണ് ആ റോൾ ചെയ്തത്.

English Summary: Kargil Vijay Diwas 2022: The Sher Shah! Remembering Braveheart Captain Vikram Batra

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}