പേസ്മേക്കർ ഘടിപ്പിച്ചവര്‍ക്ക് ഐഫോൺ 13, 14 ജീവന് ഭീഷണിയായേക്കാം! മുന്നറിയിപ്പുമായി ആപ്പിൾ
Mail This Article
പേസ്മേക്കര്‍ പോലുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ശരീരത്തില്‍ ഘടിപ്പിച്ചവര്‍ ഐഫോണുകളെ 15 സെന്റിമീറ്ററെങ്കിലും അകലത്തില്‍ വയ്ക്കണമെന്ന മുന്നറിയിപ്പുമായി ആപ്പിള്‍. പേസ് മേക്കറുകളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കാന്‍ തക്കശേഷിയുള്ള കാന്തങ്ങളും വൈദ്യുത കാന്തിക മണ്ഡലവും ആപ്പിള്‍ ഉപകരണങ്ങളിലുണ്ട് എന്നതാണ് മുന്നറിയിപ്പിന് പിന്നില്‍. ഐഫോണ്‍ 13, 14 എന്നിവയ്ക്ക് പുറമേ എയര്‍പോഡ്, ആപ്പിള്‍ വാച്ച്, ഹോം പോഡ്, ഐപാഡ്, മാക്, ബീറ്റ്സ് എന്നിവ ഉപയോഗിക്കുന്നവരും കരുതലെടുക്കണം.
ഫിറ്റ്ബിറ്റ്, ആപ്പിള്‍ വാച്ചുകള്‍ എന്നിവയും സമാനമായ ഉപകരണങ്ങളും ശരീരത്തില്‍ ഘടിപ്പിച്ച ജീവന് രക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നുവെന്ന് കഴിഞ്ഞ മാസം പുറത്തുവന്ന ഒരു പഠനം കണ്ടെത്തിയിരുന്നു. ആപ്പിളിന്റെ ബ്ലോഗ് പോസ്റ്റിലാണ് തങ്ങളുടെ ഉപകരണങ്ങളിലെ ശക്തമായ വൈദ്യുത കാന്തിക മണ്ഡലവും കാന്തങ്ങളും ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളെ സ്വാധീനിച്ചേക്കാമെന്ന് പറഞ്ഞിട്ടുള്ളത്. സുരക്ഷിതമായ അകലത്തില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ വയ്ക്കുകയെന്ന പോംവഴിയാണ് ഈ പ്രശ്നത്തിന്റെ പരിഹാരത്തിനായി നിര്‍ദേശിച്ചിരിക്കുന്നത്.
ജീവന് രക്ഷാ ഉപകരണങ്ങളെ സ്മാര്‍ട് ഫോണുകള്‍ സ്വാധീനിക്കുമെന്ന മുന്നറിയിപ്പ് ആദ്യം വരുന്നത് 2020 ഒക്ടോബറില്‍ ഐഫോണ്‍ 12 പുറത്തിറങ്ങിയപ്പോഴായിരുന്നു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന് തന്നെ ഐഫോണിന്റെ ഉപയോഗം സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. 'കാന്തങ്ങള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളെ സ്വാധീനിക്കുമെന്നത് നേരത്തേ അറിവുള്ളതാണ്. എങ്കിലും ഐഫോണ്‍ 12ല്‍ ഉപയോഗിച്ച കാന്തങ്ങളും അതുണ്ടാക്കുന്ന കാന്തികമണ്ഡലത്തിന്റെ സ്വാധീനവും അമ്പരപ്പിക്കുന്നതാണ്' എന്നായിരുന്നു 2021ല്‍ ബ്രൗണ്‍ സര്‍വകലാശാലയിലെ ഡോ. മിഷേലെ വു പറഞ്ഞത്.
ശക്തിയേറിയ കാന്തങ്ങളുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുമായി അകലം പാലിക്കണമെന്ന മുന്നറിയിപ്പ് ഡോക്ടര്‍മാര്‍ തന്നെ ഇത്തരം രോഗികള്‍ക്ക് നല്‍കാറുണ്ട്. സാധാരണ പേസ്മേക്കറുടെ പ്രവര്‍ത്തന സമയത്തെ നിയന്ത്രിക്കുന്നത് കാന്തത്തിന്റെ കൂടി സഹായത്തിലാണ്. അതുകൊണ്ടുതന്നെ ഐഫോണ്‍ പോലുള്ള ഉപകരണങ്ങള്‍ അടുത്തെത്തിയാല്‍ പേസ് മേക്കര്‍ ഘടിപ്പിച്ചവരുടെ ഹൃദയമിടിപ്പ് വേഗത്തിലാവാനോ പതുക്കെയാവാനോ ഒക്കെ സാധ്യതയുണ്ട്. ഹൃദയമിടിപ്പിലെ താളപ്പിഴകള്‍ രോഗികളുടെ ജീവന് വരെ ഭീഷണിയാവുന്ന സാഹചര്യവും ഉണ്ടായേക്കാമെന്നതാണ് ആശങ്ക കൂട്ടുന്നത്.
English Summary: Apple issues health warning to millions to keep their iPhone six inches away from their chest