വീണ്ടും അമ്പരപ്പിക്കുമോ നതിങ്? 200 എംപി ക്യാമറാ ഫോണുമായി റിയല്‍മി; ജൂണില്‍ പ്രതീക്ഷിക്കുന്ന 6 ഫോണുകള്‍ ഇവ
Mail This Article
സ്മാര്‍ട് ഫോണ്‍ വാങ്ങാനാഗ്രഹിക്കുന്ന പലരും നോക്കുന്നത് നല്‍കുന്ന പണം മുതലാകുന്നുണ്ടോ എന്നാണ്. വേണ്ട കരുത്തും ഇഷ്ടപ്പെട്ട ഡിസൈനും ചേര്‍ത്തിണക്കി നിര്‍മിച്ച ഫോണുകളാണ് മിക്കവര്‍ക്കും പ്രിയപ്പെട്ടത്. ഒരുപക്ഷേ അത്തരത്തിലുള്ള ഒരുപറ്റം ഫോണുകള്‍ അടുത്ത മാസം പുറത്തിറങ്ങിയേക്കാം. ആഗോള തലത്തില്‍ തന്നെ ശ്രദ്ധ നേടിയ നതിങ് ഫോണ്‍ (1)ന്റെ അടുത്ത വേര്‍ഷന്‍ എങ്ങനെയിരിക്കും എന്നറിയാന്‍ ടെക്‌നോളജി പ്രേമികള്‍ക്ക് ആകാംക്ഷയിലാണ്. അതുപോലെ തന്നെയാണ് സാംസങ് എസ്34എഫ്ഇ മോഡലിന്റെ കാര്യവും. ജൂണില്‍ പുറത്തിറങ്ങുമെന്ന് കരുതുന്ന ആറു ഫോണുകള്‍ ഇതാ:
∙ നതിങ് ഫോണ്‍ (2)
വേറിട്ട നിര്‍മാണ രീതിയുമായി എത്തി, പൊതുവെ തരക്കേടില്ലാത്ത പ്രകടനം നടത്തിയ നതിങ് ഫോണ്‍ (1) അടുത്തിറങ്ങിയ ഏറ്റവും ശ്രദ്ധേയമായ സ്മാര്‍ട് ഫോണുകളില്‍ ഒന്നായിരുന്നു. ഇടത്തരം വിലയും അതിനെ ആകര്‍ഷകമാക്കിയ ഘടകങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍, അതിന്റെ അടുത്ത വേര്‍ഷനായ നതിങ് ഫോണ്‍ (2)ന് പഴയ വില പ്രതീക്ഷിക്കേണ്ടന്ന് ഇപ്പോള്‍ വ്യക്തമായ സൂചനകളുണ്ട്. വേറിട്ട ഫോണ്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കിയ വണ്‍പ്ലസ് കമ്പനിയുടെ സ്ഥാപകരിലൊരാളായ കാള്‍ പെയ് തനിച്ചു തുടങ്ങിയ കമ്പനിയാണ് നതിങ്. വ്യത്യസ്തമായ ഫോണ്‍ എന്ന ആശയം തലയ്ക്കുപിടിച്ച അദ്ദേഹം അടുത്ത മോഡലില്‍ എന്തെങ്കിലും മാജിക് ഒരുക്കുമോ എന്ന് അന്വേഷിക്കാതിരിക്കാനാവില്ല.
∙ ഇത്തവണ അമേരിക്കയിലും വില്‍ക്കാന്‍ ആഗ്രഹം
നതിങ് ഫോണ്‍ (2)ന് ശക്തിപകരുന്നത് സ്‌നാപ്ഡ്രാഗണ്‍ 8 പ്ലസ് ജെന്‍ 1 ആണെന്ന് കമ്പനി പറഞ്ഞിട്ടുണ്ട്. കുറഞ്ഞത് 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണായിരിക്കും ഇത്. 4,700 എംഎഎച് ആയിരിക്കും ബാറ്ററി. ഫാസ്റ്റ് വയേഡ് ചാര്‍ജിങ്, വയര്‍ലെസ് ചാര്‍ജിങ് തുടങ്ങിയ ഫീച്ചറുകളും ഉണ്ടായിരിക്കും. ഇത്തവണ അമേരിക്കയിലും ഫോണ്‍ വില്‍ക്കണമെന്നാണ് കാള്‍ ആഗ്രഹിക്കുന്നത്. നതിങ് ഫോണിന്റെ അവതരണം ജൂണ്‍ അവസാനത്തിൽ പ്രതീക്ഷിക്കാം. ചിലപ്പോള്‍ ജൂലൈ ആദ്യത്തിലേക്കും പോയേക്കാം.
∙ 200 എംപി ക്യാമറാ ഫോണുമായി റിയല്‍മി 11 പ്രോ പ്ലസ്
ജൂണില്‍ തന്നെ പുറത്തിറക്കപ്പെടുമെന്ന് ഉറപ്പുള്ള ഫോണുകളിലൊന്നാണ് 200 എംപി പ്രധാന ക്യാമറ പേറുന്ന ഇടത്തരം ഫോണായിരിക്കും റിയല്‍മി 11 പ്രോ പ്ലസ്. കൂറ്റന്‍ റെസലൂഷനും സൂപ്പര്‍ സൂം ഉള്ള ക്യാമറ തന്നെയായിരിക്കും ഇതിന്റെ പ്രധാന ആകര്‍ഷണീയത. മീഡിയടെക് ഡിമെന്‍സിറ്റി 7050 പ്രോസസറും കുറഞ്ഞത് 8 ജിബി റാമും 128 ജിബി സ്റ്റോറേജും പ്രതീക്ഷിക്കുന്നു. ലെതര്‍ പിന്‍പ്രതലവും, അല്‍പം കേര്‍വ്ഡ് ഡിസ്‌പ്ലേയുമാണ് മറ്റു ഫീച്ചറുകളില്‍ ചിലത്. നതിങ് ഫോണ്‍ (2)നോളം വില വന്നേക്കില്ല എന്നതും ചിലര്‍ക്ക് ഇത് പരിഗണിക്കാന്‍ കാരണമായേക്കാം.
∙ സാംസങ് ഗ്യാലക്‌സി എസ്23 എഫ്ഇ
സാംസങ് കമ്പനി ഫ്‌ളാഗ്ഷിപ് ഫോണിന്റെ പല ഫീച്ചറകളും ഉള്‍ക്കൊള്ളിച്ച്, എന്നാല്‍ നിര്‍മാണ വസ്തുക്കളിലും രീതിയിലും മാറ്റം വരുത്തി പുറത്തിറക്കുന്ന ഒന്നായിരിക്കും സാംസങ് ഗ്യാലക്‌സി എസ്23എസ്ഇ, അല്ലെങ്കില്‍ സ്‌പെഷല്‍ എഡിഷന്‍. ഫോണിന് സാംസസങ്ങിന്റെ ഇപ്പോഴത്തെ ഏറ്റവും കരുത്തുറ്റ പ്രോസസറായ എക്‌സിനോസ് 2200 ആയിരിക്കും ശക്തിപകരുക. അതേസമയം, 120 ഹെട്‌സ് റിഫ്രെഷ് റെയ്റ്റും ഉണ്ടായിരിക്കും. ആന്‍ഡ്രോയിഡ് 13 കേന്ദ്രമായി പരുവപ്പെടുത്തിയ വണ്‍യുഐ ആയിരിക്കും സോഫ്റ്റ്‌വെയര്‍. ടെലി ലെന്‍സ് അടക്കം മൂന്നു പിന്‍ക്യാമറകള്‍ പ്രതീക്ഷിക്കുന്നു. പ്രധാന ക്യാമറയും, അള്‍ട്രാവൈഡ് ക്യാമറയും ഉള്‍ക്കൊള്ളുന്നതായിരിക്കും സിസ്റ്റമെന്നാണ് സൂചന. വയര്‍ലെസ് ചാര്‍ജിങ് അടക്കം മികച്ച ഫോണുകളില്‍ പ്രതീക്ഷിക്കുന്ന ഫീച്ചറുകളില്‍ മിക്കതും സാംസങ് ഗ്യാലക്‌സി എസ്23 എഫ്ഇയില്‍ പ്രതീക്ഷിക്കുന്നു. അതേസമയം, ഇങ്ങനെ ഒരു മോഡല്‍ സാംസങ് നിര്‍മിച്ചുവരുന്നതായി ധാരാളം ഊഹാപോഹങ്ങള്‍ ഉണ്ടെങ്കിലും തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു വ്യക്തതയുമില്ലെന്ന് ടോംസ് ഗൈഡ് പറയുന്നു. ഏകദേശം 599 ഡോളറായിരിക്കാം വില എന്നും കരുതുന്നു.
∙ മോട്ടൊറോള എക്‌സ40
അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറക്കുമെന്നു കരുതപ്പെടുന്ന മോഡലുകളിലൊന്നാണ് മോട്ടറോള എക്‌സ്40. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഇപ്പോള്‍ ലഭ്യമായ ഏറ്റവും കരുത്തുറ്റ പ്രോസസറായ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ഉപയോഗിച്ചു നിര്‍മിച്ച ഫോണുകളില്‍ ഏറ്റവും വില കുറഞ്ഞവയില്‍ ഒന്നായിരിക്കുമിതെന്നാണ് കരുതപ്പെടുന്നത്. ഇതിന് 6.7 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനും 165 റിഫ്രെഷ് റെയ്റ്റുമുണ്ടായിരിക്കും. ഡിസ്‌പ്ലേയ്ക്കുള്ളില്‍ തന്നെയായിരിക്കും ഫിംഗര്‍പ്രിന്റ് സെന്‍സര്‍. മികച്ച വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റന്‍സും മോട്ടൊറോള എക്‌സ40 ഫോണിന് പ്രതീക്ഷിക്കുന്നു.
∙ ഐക്യൂ നിയോ 7 പ്രോ
വരുന്ന ആഴ്ചകളില്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുമെന്ന് ഉറപ്പുള്ള ഒരു മോഡലാണ് ഐക്യൂ നിയോ 7 പ്രോ. നതിങ് ഫോണ്‍ (2) ശക്തിപകരുന്നതെന്നു കരുതുന്ന സ്‌നാപ്ഡ്രാഗണ്‍ 8പ്ലസ് ജെന്‍ 1 പ്രോസസറായിരിക്കും ഇതിലും. അതേസമയം, നതിങ് മോഡലിനെക്കാള്‍ വില അല്‍പം കുറവായാല്‍ അദ്ഭുതപ്പെടേണ്ട. ഫുള്‍എച്ഡി പ്ലസ് ഡിസ്‌പ്ലേ, 120ഹെട്‌സ് റിഫ്രെഷ് റെയ്റ്റ് തുടങ്ങിയവയും പ്രതീക്ഷിക്കുന്നു. കൂടുതല്‍ കപ്പാസിറ്റിയുള്ള ബാറ്ററിയും120w ചാര്‍ജിങ്ങുമാണ് പറഞ്ഞു കേള്‍ക്കുന്ന മറ്റു ചില പ്രധാന ഫീച്ചറുകള്‍.
∙ വണ്‍പ്ലസ് നോര്‍ഡ് 3
ഇന്ത്യയില്‍ ഏറെ ആരാധകരുളള കമ്പനികളിലൊന്നാണ് വണ്‍പ്ലസ്. കമ്പനിയുടെ താരതമ്യേന വില കുറഞ്ഞ ഫോണ്‍ ശ്രേണിയാണ് നോര്‍ഡ്. ഈ ശ്രേണിയിലെ ഏറ്റവും പുതിയ മോഡല്‍ അടുത്ത മാസം തന്നെ പുറത്തിറക്കിയേക്കുമെന്ന് പലരും വിശ്വസിക്കുന്നു. മീഡിയടെക് ഡിമെന്‍സിറ്റി 9000 പ്രോസസര്‍ ആയിരിക്കും ഇതിന് എന്നാണ് കരുതുന്നത്. വലിയ ബാറ്ററിയും 6.7-ഇഞ്ച്, 1.5കെ ഡിസ്‌പ്ലേയും ഫോണിനു പ്രതീക്ഷിക്കുന്നു. റിഫ്രെഷ് റെയ്റ്റ് 120 ആയിരിക്കുമെന്നും കരുതുന്നു. നിലവിലുള്ള സൂചനകള്‍ പ്രകാരം വണ്‍പ്ലസ് എയ്‌സ് 2വി പേരുമാറ്റി ഇറക്കുന്നതായിരിക്കും വണ്‍പ്ലസ് നോര്‍ഡ് 3.
∙ ചാറ്റ്‌ബോട്ട് യുഗത്തിലേക്ക് പ്രവേശിച്ച് ഓപറാ ബ്രൗസറും
2ജി, 3ജി കാലത്ത് ഉപയോക്താക്കളെ അനായാസമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാൻ സഹായിച്ച ബ്രൗസറായ ഓപറ കഴിഞ്ഞ വര്‍ഷങ്ങളിൽ പിന്നോട്ടുപോയിരുന്നു. എഡ്ജ്, വിവാള്‍ഡി തുടങ്ങിയ ബ്രൗസറുകള്‍ ആര്‍ജ്ജിച്ച കരുത്തിനും ബ്രേവിന്റെ സുരക്ഷാ ഫീച്ചറുകള്‍ക്കുമൊക്കെ മുന്നില്‍ ഒപറയെ കാണാന്‍ പോലുമില്ലായിരുന്നു. എന്തായാലും എഐ യുഗത്തില്‍ ഒരു തിരിച്ചുവരവിനു ശ്രമിക്കുകയാണ് ഓപറ. ഇത്തവണ അറിയ (Aria) ചാറ്റ്‌ബോട്ടിന്റെ സേവനമാണ് കമ്പനി നല്‍കുന്നത്.
∙ സൈഡ്ബാറില്‍ അറിയ
ഓപറ ബ്രൗസറിന്റെ സൈഡ്ബാറിലാണ് അറിയ ചാറ്റ്‌ബോട്ട് ഇരിക്കുന്നത്. വിവിധ വിഷയങ്ങളെക്കുറിച്ച് അതിവേഗം ചാറ്റ് ചെയ്യാന്‍ ഇത് സഹായിക്കുന്നു. അറിയയുടെ അറിവുകള്‍ പരിമിതപ്പെടുത്തിയിട്ടില്ല എന്നുള്ളതും ഇതിന്റെ പുതുമകളിലൊന്നാണ്. എന്നുപറഞ്ഞാല്‍ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചു പോലും അറിയയോട് ചാറ്റ് ചെയ്യാന്‍ സാധിച്ചേക്കും. വൈറല്‍ എഐ ചാറ്റ് സേവനം ചാറ്റ്ജിപിടിയുടേതിനോട് സമാനമാണ് അറിയുടെ രീതികളും.
∙ അറിയ ഉറങ്ങിപ്പോകുന്നോ?
അറിയ ചാറ്റ്‌ബോട്ടിന്റെ പ്രവര്‍ത്തനം തരക്കേടില്ലെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ചോദ്യം മനസ്സിലാക്കാത്തതു പോലെ സന്ദര്‍ഭോചിതമല്ലാത്ത ഉത്തരങ്ങള്‍ നല്‍കുന്നു എന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ഇതെന്താ അറിയ ഉറങ്ങിപ്പോകുകയാണോ എന്ന തോന്നല്‍ വരുന്നു എന്നാണ് പറയുന്നത്. അറിയ മോശം ഉത്തരം നല്‍കിയ ചോദ്യങ്ങള്‍ മൈക്രോസോഫ്റ്റ് ബിങ്ങിനോടു ചോദിച്ചാല്‍ പല മടങ്ങ് വ്യക്തതയുള്ള ഉത്തരം ലഭിക്കുന്നുവെന്നും പറയുന്നു. എന്തായാലും, പരീക്ഷണ തത്പരരായ ടെക്‌നോളജി പ്രേമികള്‍ക്ക് ഇന്‍സ്റ്റാള്‍ ചെയ്തു നോക്കാവുന്ന ഒന്നാണ് ഓപറ ബ്രൗസറെന്നും പറയുന്നു. അടുത്ത പല അപ്‌ഡേറ്റുകള്‍ കഴിയുമ്പോള്‍ കൂടുതല്‍ വ്യക്തത കൈവരിക്കാന്‍ അറിയയ്ക്ക് കഴിയുമെന്നും കരുതുന്നു.
English Summary: Upcoming Smartphones launching in June 2023 in India