ADVERTISEMENT

101 വര്‍ഷങ്ങൾ മുൻപാണ് ലോകത്തിലെ ഏറ്റവും ദുരൂഹത നിറഞ്ഞ ശവക്കല്ലറ കണ്ടെത്തിയത്.  തൊഴിലാളികൾക്ക് വെള്ളമെത്തിക്കുന്ന സംഘത്തിലെ  ഒരു കുട്ടിയാണ്  മണൽ കുഴിക്കുന്ന പണിക്കാരെ അനുകരിക്കാൻ  ശ്രമിച്ചപ്പോൾ ആ പടിക്കെട്ടുകൾ കണ്ടെത്തുന്നതിലേക്കു നയിച്ചതെന്നും ചില കഥകൾ. അതെന്തായാലും ആ പടിക്കെട്ടുകളിൽ നൂറ്റാണ്ടുകളായി ഉറഞ്ഞ മണല്‍ നീക്കി കടന്നു ചെന്നതു  ഏറ്റവും പ്രശസ്തനും ചെറുപ്പക്കാരനുമായ  ഒരു ഫറവോയുടെ ആ കല്ലറയിലേക്കാണ്- തുത്തൻഖാമന്റെ. ഈ പേര് ഏവർക്കും സുപരിചിതമായിക്കഴിഞ്ഞിരിക്കുന്നു.

1922 നവംബർ 4-ന്, ഇംഗ്ലണ്ടിലെ കാർനാർവോൺ പ്രഭുവിന് ഈ സന്തോഷ വാർത്തയെച്ചൊല്ലി ഒരു ടെലഗ്രാം അയയ്ക്കാൻ ഖനനത്തിനു നേതൃത്വം നൽകിയ ബ്രിട്ടിഷുകാരനായ ഹവാർഡ് കാർട്ടറിനു കഴിഞ്ഞു. നവംബർ26നു കല്ലറ തുറന്നപ്പോൾ അദ്ദേഹത്തിനു സാമ്പത്തികമായി എല്ലാ പിന്തുണയും നൽകിയ പ്രഭുവും സ്ഥലത്തു സന്നിഹിതനായിരുന്നു. 

kingtut
e71lena/Istock

'എന്തെങ്കിലും കാണാനാകുന്നുണ്ടോ?'

'അത്ഭുതകരമായ കാര്യങ്ങൾ'! കാർട്ടർ മറുപടി പറഞ്ഞു.

വിചിത്ര മൃഗങ്ങൾ, പ്രതിമകൾ, സ്വർണ്ണം. എല്ലായിടത്തും സ്വർണ്ണത്തിന്റെ തിളക്കം. പൂർണമായും സ്വർണത്തിൽ പൊതിഞ്ഞ ശവപ്പെട്ടിയും മുഖകവചവും അനുബിസിന്റെ വിലമതിക്കാനാകാത്ത രൂപങ്ങളാണു കണ്ടെടുത്തത്. 

antonbelo/Istock
antonbelo/Istock

വിലമതിക്കാനാവാത്ത നിധിക്കൊപ്പം ആഴങ്ങളില്‍നിന്നും മറ്റൊരു  ദുരൂഹ പ്രശ്നംകൂടി പൊന്തിവന്നു തന്റെ ‘ഉറക്കം’ തടസ്സപ്പെടുത്തിയവരെ തുത്തൻഖാമന്റെ ആത്മാവ് പിന്തുടർന്നു കൊലപ്പെടുത്തുമത്രെ. രാജാക്കന്മാരുടെ താഴ്‌വര എന്നറിയപ്പെടുന്ന പ്രദേശത്തെ മറ്റു കല്ലറകളെല്ലാം പലപ്പോഴായി കൊള്ളയടിക്കപ്പെട്ടപ്പോൾ തുത്തൻഖാമന്റെ അറയിലേക്കു കടക്കാൻ ആരും തയാറായില്ലെന്നതും ഗവേഷകർക്കു മുന്നിൽ ചോദ്യചിഹ്നമായി. 

ഫറവോയുടെ ഉറക്കം തടസ്സപ്പെടുത്തുന്നവരെ ശാപം വിടാതെ പിന്തുടരും

 കല്ലറ തുറക്കുന്നതിനു സാക്ഷികളായ പലരും പില്‍ക്കാലത്ത് അകാലമൃത്യു വരിച്ചുവെന്നാണ് നിഗൂഢ സിദ്ധാന്തക്കാര്‍ പ്രചരിപ്പിച്ചു.തുത്തന്‍ഖാമന്റെ കല്ലറ തുറക്കാനായി പണമിറക്കിയ കാർനാർവോണ്‍ പ്രഭുവിന്റെ മരണമാണ് തുത്തന്‍ഖാമന്റെ ശാപത്തിന് ഏറെ കുപ്രസിദ്ധി നല്‍കിയത്. ഒരുതരം കൊതുക് കടിച്ചു പ്രഭുവിന്റെ മുഖത്ത് മുറിവുണ്ടായി. അതിലൂടെ ഷേവ് ചെയ്തതോടെ മുറിവ് കൂടുതല്‍ വലുതായി, അണുബാധയുണ്ടായി വൈകാതെ അദ്ദേഹം മരിക്കുകയും ചെയ്തു. 

തുത്തന്‍ഖാമന്റെ മമ്മിയുടെ മുഖത്ത് ഒരു പ്രത്യേകതരം അടയാളമുണ്ടായിരുന്നു. കാർനാർവോൺ പ്രഭുവിന്റെ മുഖത്ത് അതേ സ്ഥാനത്തുതന്നെയായിരുന്നു കൊതുക് കടിച്ചതെന്നും പലരും പറഞ്ഞു പരത്തി. അതിനും മുന്‍പുതന്നെ തുത്തന്‍ഖാമന്റെ ശാപം സംബന്ധിച്ച മറ്റൊരു കഥയും പ്രചരിച്ചു തുടങ്ങിയിരുന്നു. ഹൊവാര്‍ഡ് കാര്‍ട്ടറുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന കാനറിപ്പക്ഷിയെ ഒരു മൂര്‍ഖന്‍ പാമ്പ് തിന്നതായിരുന്നു അത്. ഈജിപ്ഷ്യന്‍ രാജാക്കന്മാരുടെ കരുത്തിന്റെ പ്രതീകമായിരുന്നു മൂര്‍ഖന്‍. ശവകുടീരത്തിന്റെ സ്വകാര്യതയിൽ കൂടുതൽ കടന്നുകയറുന്നതിനെതിരെ പരേതനായ രാജാവിന്റെ ആത്മാവിൽ നിന്നുള്ള മുന്നറിയിപ്പ് ആയി ന്യൂയോർക്ക് ടൈംസ് ഇതു റിപ്പോർട്ട് ചെയ്തു.

puzzle-1 - 1

ഫറവോമാരുടെ ശാപം

ഇരുണ്ടതും പൊടി നിറഞ്ഞതുമായ അറയിൽ പ്രവേശിച്ചവരിൽ ചിലർ വിചിത്രവും നിഗൂഢവുമായ സാഹചര്യങ്ങളിൽ മരിച്ചതോടെ ഒരു വാക്ക് പ്രശസ്തമായി - ഫറവോമാരുടെ ശാപം. ഖനനവുമായി ബന്ധപ്പെട്ട ആളുകൾ മരിക്കാൻ തുടങ്ങിയപ്പോൾ നിരവധി കഥകൾ പ്രചരിച്ചു. ശവകുടീരം സന്ദർശിച്ച് ഏതാനും മാസങ്ങൾക്ക് ശേഷം, 1923 മെയ് മാസത്തിൽ അമേരിക്കൻ ധനകാര്യ വിദഗ്ദനായ ജോർജ്ജ് ജെയ് ഗൗൾഡ് ന്യുമോണിയ ബാധിച്ച് മരിച്ചു. വാഹനാപകടങ്ങൾ, വെടിവയ്പ്പ്, വീടിന് തീപിടിച്ച്, സ്വന്തം ജീവൻ അപഹരിച്ചവർ എന്നിങ്ങനെ മരണങ്ങളെല്ലാം ശാപക്കണക്കിലായി. ഈ മമ്മി ശാപ സങ്കൽപ്പത്തോടു പാശ്ചാത്യ മാധ്യമങ്ങൾക്കു അതിയായ കൗതുകം ഉണ്ടായിരുന്നു.

ദശാബ്ദങ്ങൾ കടന്നുപോയപ്പോൾ, ശവകുടീരത്തിൽ മാരകമായ എന്തെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന് ചില ശാസ്ത്രജ്ഞർ ചിന്തിച്ചു

എഡ്ഗർ അലൻ പോയുടെ ബന്ധുവായ ഫിലിപ്പ് ലിവിംഗ്സ്റ്റൺ പോയ്ക്കും 1923-ൽ ശവകുടീരം സന്ദർശിച്ച് ഏതാനും മാസങ്ങൾക്ക് ശേഷം ന്യുമോണിയ പിടിപെട്ടു. പക്ഷേ 40 വര്‍ഷത്തോളം അദ്ദേഹം പിന്നീടും ജീവിച്ചിരുന്നു. ലോകത്തിലെ പ്രമുഖ ഈജിപ്‌തോളജിസ്റ്റായി പരക്കെ കണക്കാക്കപ്പെടുന്ന ഡോ സാഹി ഹവാസ് അകാല മരണത്തിന് പിന്നിൽ ശാസ്ത്രീയമായ കാരണമുണ്ടെന്ന് പറയുന്നു."ഒരു ശവകുടീരത്തിനുള്ളിൽ ഒരു മമ്മി ഉണ്ടാകും, ആ മമ്മിയിൽ നിങ്ങൾക്ക് കാണാൻ കഴിയാത്ത രോഗാണുക്കളുമുണ്ടാകും" 

പതിനഞ്ചാം നൂറ്റാണ്ടിലെ പോളിഷ് രാജാവ് ( ലിത്വാനിയൻ ഗ്രാൻഡ് ഡ്യൂക്ക് ) കാസിമിർജാഗില്ലോണിന്റെ ശവകുടീരം 1973-ൽ തുറന്നതിനെത്തുടർന്ന് നിരവധി ശാസ്ത്രജ്ഞര്‍ അകാല മരണത്തിനിരയായി , മൈക്രോബയോളജിസ്റ്റ് ബോലെസ്ലാവ് സ്മിക്  ശവകുടീരത്തിൽ നിന്ന് എടുത്ത സാമ്പിളുകളിൽ അസ്പെർഗില്ലസ് ഫ്ലാവസ് എന്ന ഫംഗസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. ഈ ഫംഗസ് ഉത്പാദിപ്പിക്കുന്ന അഫ്ലാറ്റോക്സിനുകളാണ് മരണകാരണമെന്ന് മാധ്യമ റിപ്പോർട്ടുകൾ വന്നു. 

ലോകത്തിന്റെ പല ഭാഗത്തും ഇത്തരത്തിൽ മമ്മികളിൽ അതീവ മാരകമായ ഫംഗസുകളെ കണ്ടെത്തിയിട്ടുണ്ട്. 1976ൽ ഈജിപ്തിലെ ഒരു ഫറവോയുടെ കല്ലറ പാരിസിലെത്തിച്ചു പരിശോധിച്ചപ്പോൾ ഇത്തരത്തിലുള്ള 89 തരം ഫംഗസുകളെയാണ് ഒരൊറ്റ മമ്മിയിൽ നിന്നു മാത്രം ലഭിച്ചത്. കോളനികളായിട്ടാണ് ഇവയുടെ വാസം. ഇത്തരത്തിലുള്ള 370 കോളനികളും കണ്ടെത്തി. എന്നാൽ പോളണ്ടിൽ നിന്നുള്ള അനുഭവം ഗവേഷകർക്കുണ്ടായിരുന്നതിനാൽത്തന്നെ കല്ലറ തുറക്കുമ്പോൾ ഗവേഷകരെല്ലാം മുഖാവരണം ധരിച്ചിരുന്നു. തുടർന്ന് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മമ്മികളും മൈക്രോബയോളജിസ്റ്റുകൾ പരിശോധിച്ചു. 1999ൽ നടത്തിയ പരിശോധനയിൽ ഏകദേശം 40 മമ്മികളിൽ മാരകമായ ഫംഗസുകളെ കണ്ടെത്തിയിരുന്നു.  

തുത്തൻഖാമുന്റെ ശവകുടീരം തുറന്നതിനെ തുടർന്നുള്ള ചില മരണങ്ങൾക്കും, പ്രത്യേകിച്ച് കാർനാർവോൺ പ്രഭു , ജോർജ്ജ് ജെയ് ഗൗൾഡ് , ആർതർ മേസ് എന്നിവരുടെ മരണത്തിനും ഇത് കാരണമായിരിക്കാമെന്ന് അഭിപ്രായമുയർന്നിരുന്നു. കല്ലറകൾ തുറക്കുന്നതോടെ അന്തരീക്ഷത്തിലേക്ക് വായു കടന്നുവരുന്നതാണു പ്രശ്നം. അതോടെ ഫംഗസുകൾക്ക് അനക്കം തട്ടും. അവ വായുവിൽ കലരും. 

അത് ശ്വസിക്കുന്നതോടെ വിഷം ഉൽപാദിപ്പിക്കപ്പെടുകയും മരിക്കുകയും ചെയ്യും. മൂക്കിലൂടെയും വായിലൂടെയും കണ്ണിലൂടെയും വരെ ഈ ഫംഗസുകൾ അകത്തേക്കു കടക്കുമത്രെ. അക്കാലത്ത് പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനത്തിൽ, ശവക്കുഴിയിൽ കൊള്ളയടിക്കുന്നവരെ ശിക്ഷിക്കാൻ ബോധപൂർവം ഇത്തരം രോഗാണുക്കളെ ശവകുടീരങ്ങളിൽ സ്ഥാപിച്ചതാണെന്ന രീതിയിൽ ഷെർലക്  ഹോംസ് സ്രഷ്ടാവ് സർ ആർതർ കോനൻ ഡോയൽ പറഞ്ഞിരുന്നു.

അതേസമയം ഈ മരണങ്ങൾ ടുട്ട് രാജാവിന്റെ ശവക്കുഴിയിൽ പതിയിരിക്കുന്ന ഏതെങ്കിലും അജ്ഞാത  രോഗാണുവുമായി ബന്ധപ്പെട്ടതാണോ? ഇഏതെങ്കിലും ഈ സിദ്ധാന്തങ്ങളൊന്നും തെളിയിക്കാൻ ശക്തമായ തെളിവുകളൊന്നുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com