ADVERTISEMENT

1943, ഓഗസ്റ്റ് 25. രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരി കൊണ്ട സമയം. ടുണീഷ്യയിലെ വ്യോമതാവളത്തില്‍ നിന്നും 166 അമേരിക്കന്‍ പി38 പോര്‍വിമാനങ്ങള്‍ കിഴക്കു ദിശയില്‍ പറന്നു. ഇറ്റലിയായിരുന്നു ലക്ഷ്യം. അപ്രതീക്ഷിത ആക്രമണത്തില്‍ 65 ഇറ്റാലിയന്‍ വിമാനങ്ങളാണ് തകര്‍ത്തത്. ഇറ്റലിയുടെ പ്രത്യാക്രമണത്തില്‍ ഏഴ് പി38എസ് വിമാനങ്ങള്‍ അമേരിക്കക്കും നഷ്ടമായി. ഈ ദൗത്യത്തിനിടെ ഒരൊറ്റ പോര്‍വിമാനത്തേയും പൈലറ്റിനേയും കാണാതായിരുന്നു. ആ വിമാനം ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. 

puzzle-2 - 1

അമേരിക്കന്‍ വ്യോമസേനയിലെ യുവ പൈലറ്റായിരുന്ന വാറന്‍ സിംഗര്‍ പറത്തിയിരുന്ന പി38 പോര്‍വിമാനമാണ് 1943 ഓഗസ്റ്റ് 25ന് സൈനിക ദൗത്യത്തിനിടെ അപ്രത്യക്ഷമായത്. പിന്നീട് പല തിരച്ചിലുകള്‍ നടന്നെങ്കിലും വാറന്‍ സിംഗറിനേയും അദ്ദേഹം പറത്തിയ പോര്‍വിമാനത്തേയും കുറിച്ച് എട്ടു പതിറ്റാണ്ടുകള്‍ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ലക്ഷ്യസ്ഥലമായ ഫോഗിയിലേക്ക് ഒരിക്കലും സിംഗറും വിമാനവും എത്തിയിരുന്നില്ല. അവസാനമായി സിംഗറിനേയും വിമാനത്തേയും കണ്ടുവെന്ന് റിപ്പോര്‍ട്ടു ചെയ്തിരുന്ന മാന്‍ഫ്രെഡോണിയയിലാണ് ഇപ്പോള്‍ ഈ വിമാനം കണ്ടെത്തിയിരിക്കുന്നത്. 

Image Credit: Vikks/shutterstock
Image Credit: Vikks/shutterstock

മാന്‍ഫ്രഡോണിയയില്‍ കടലില്‍ 40 അടി താഴ്ച്ചയില്‍ നിന്നാണ് വിമാനം മുങ്ങള്‍ വിദഗ്ധര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. യുദ്ധത്തിനിടെ അപ്രത്യക്ഷനാവുമ്പോള്‍ 22 വയസുമാത്രമായിരുന്നു സിംഗറിന്റെ പ്രായം. അഞ്ചു മാസങ്ങള്‍ക്കു മുന്‍പ് മാത്രമാണ് സിംഗര്‍ മാര്‍ഗരറ്റിനെ വിവാഹം കഴിച്ചത്. വിവാഹ ശേഷം ആകെ മൂന്നു ദിവസങ്ങള്‍ മാത്രമാണ് സിംഗര്‍ മാര്‍ഗരറ്റിനൊപ്പം കഴിഞ്ഞത്. പിന്നീട് യുദ്ധഭൂമിയിലേക്കു പോവാന്‍ സിംഗര്‍ നിര്‍ബന്ധിതനായി. സിംഗര്‍ യുദ്ധഭൂമിയില്‍ അപ്രത്യക്ഷനാവുമ്പോള്‍ അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു മാര്‍ഗരറ്റ്. പിന്നീട് ഇവര്‍ പെഗ്ഗി എന്ന മകള്‍ക്ക് ജന്മം നല്‍കി. ഇവരിലൂടെ 12 ചെറുമക്കളും സിംഗറിനുണ്ടായി എന്നതും മറ്റൊരു അതിശയം. 

ഇറ്റാലിയന്‍ നേവല്‍ ലീഗിനു കീഴില്‍ ഡോ. ബിസിയോട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കടലില്‍ പി38 പോര്‍വിമാനത്തെ കണ്ടെത്തിയത്. യന്ത്രതകരാര്‍ മൂലം കടലിലേക്ക് വിമാനം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. അപ്രതീക്ഷിതമായി സമുദ്രത്തിലൂടെ പോയതിനാല്‍ അമേരിക്കന്‍ പോര്‍വിമാനത്തിനു നേരെ ആക്രമണത്തിനുള്ള സാധ്യത കുറവാണ്. മാത്രമല്ല കരയില്‍ നിന്നും ഏകദേശം ഏഴുകിലോമീറ്റര്‍ അകലെ സമുദ്രത്തിലാണ് പി38 മുങ്ങിക്കിടക്കുന്നതും. 

പോര്‍വിമാനം കണ്ടെത്തിയെങ്കിലും വാറന്‍ സിംഗറിന്റെ ഭൗതിക അവശിഷ്ടങ്ങളൊന്നും മുങ്ങല്‍ വിദഗ്ധര്‍ക്ക് കണ്ടെത്താനായിട്ടില്ല. വിമാനത്തിന്റെ ജനലുകള്‍ തുറന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് സിംഗര്‍ അപകടശേഷം വിമാനത്തില്‍ നിന്നും പുറത്തെത്തിയിരിക്കാനാണ് സാധ്യതയെന്നാണ് തിരച്ചിലിന് നേതൃത്വം നല്‍കിയ ഡോ. ബിസിയോട്ടി പറയുന്നത്. സിംഗര്‍ കടലില്‍ നീന്തി രക്ഷപ്പെടാന്‍ ശ്രമിക്കാനും മുങ്ങി പോവാനുമുള്ള സാധ്യതയാണ് ഏറെ. യൂണിഫോമിലായിരുന്നു സിംഗര്‍ എന്നതിനാല്‍ എളുപ്പത്തില്‍ മുങ്ങിപോവാനുള്ള സാധ്യതയും തള്ളാനാവില്ലെന്നും ഡോ. ബിസിയോട്ടി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT