ADVERTISEMENT

2024 എന്ന വർഷം അന്യഗ്രഹജീവി നിഗൂഢസിദ്ധാന്തക്കാർക്കു കൊയ്ത്തു കാലമാണ്. അമേരിക്കയിലെ ഷോപ്പിങ്ങ് മാളിൽ പത്തടിയോളം ഉയരമുള്ള  അന്യഗ്രഹജീവിയെ കണ്ടെത്തിയെന്ന വാർത്ത അസംബന്ധമെന്നു പൊലീസ് വെളിപ്പെടുത്തിയതിനു പിന്നാലെ ഇതാ മറ്റൊരു 'ഏലിയൻ സൈറ്റിങ്'. തെക്കുകിഴക്കൻ ബ്രസീലിലുള്ള വിദൂര ദ്വീപായ ഇൽഹോ ഡോ മെലിൽ നിന്നുള്ള വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ കത്തിപ്പടരുന്നത്.

വിഡിയോയിലെ ദൃശ്യങ്ങൾ ഇപ്രകാരമാണ്. കുന്നിൻ മുകളിൽ നിൽക്കുന്ന രണ്ട് നിഗൂഢ രൂപങ്ങളെ കണ്ടതായി യാത്രികരായ നാട്ടുകാർ പറയുന്നു. രണ്ടുരൂപങ്ങളും വിചിത്രമായി എന്നാൽ ഏകദേശം മനുഷ്യസമാനമായ രീതിയിൽ കൈകൾ വീശുന്നത് കാണാമായിരുന്നു. പക്ഷേ ഈ രൂപങ്ങൾക്കു അസാധാരണ വലുപ്പവുമുണ്ടായിരുന്നു.

മനുഷ്യസാധ്യമല്ലാത്ത വേഗത്തിലായിരുന്നു സഞ്ചാരമെന്നും വിഡിയോ ചിത്രീകരിച്ച ദമ്പതികൾ അവകാശപ്പെടുന്നു. എന്തായാലും വിഡിയോ സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിനു കാണികളെ നേടിയിരിക്കുകയാണ്

 പത്തടിനീളമുള്ള അന്യഗ്രഹജീവി, ചീറിപ്പാഞ്ഞ പൊലീസ് വാഹനങ്ങൾ! അസംബന്ധമെന്ന് അധികൃതർ

അമേരിക്കയിലെ മിയാമിയിലുള്ള ഒരു മാളിന്‌റെ പുറത്ത് വൻതോതിലുള്ള പൊലീസ് വാഹന വിന്യാസം കാട്ടുന്ന  വിഡിയോ പ്രചരിച്ചതോടെയായിരുന്നു മിയാമി മാളിലെ കഥകൾക്കു തുടക്കം. താമസിയാതെ ഇതു സംബന്ധിച്ച നിറംപിടിപ്പിച്ച കഥകൾ പ്രവഹിക്കാൻ തുടങ്ങി.

മിയാമിയിലെ ഈ മാളിനുള്ളിൽ പത്തടിയോളം വലുപ്പമുള്ള ഒരു അന്യഗ്രഹജീവി വന്നുപെട്ടെന്നും ഇരുചെവിയറിയാതെ  നീക്കാനാണ് ഇത്രയും വലിയ പൊലീസ് സേന രംഗത്തിറങ്ങിയതെന്നും പ്രചാരണമുണ്ടായി.

പുറത്തുവന്ന അത്ര റസല്യൂഷനൊന്നുമില്ലാത്ത വിഡിയോയിൽ വളരെ ഉയരമുള്ള ഒരു സത്വം പോലെ രൂപവും കാണാം. എന്നാൽ താമസിയാതെ കൂടുതൽ വ്യക്തമായ വിഡിയോ പുറത്തിറങ്ങി. അതിൽ ഈ സത്വത്തെ കാണാനില്ലായിരുന്നു. എഡിറ്റ് ചെയ്ത വിഡിയോയാണ് ആദ്യം പ്രചരിച്ചതെന്ന് വെളിവാക്കുന്നതാണ് ഇത്.

ന്യൂഇയർ രാത്രിയായിരുന്നു ഈ സംഭവങ്ങൾ. അന്നേദിവസം മാളിൽ നടന്ന ആഘോഷപരിപാടികൾക്കിടയിൽ ചെറുപ്പക്കാർ തമ്മിൽ വലിയ സംഘർഷം പൊട്ടിപ്പുറപ്പെട്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാനാണു തങ്ങൾ എത്തിയതെന്നുമാണ് പൊലീസ് വിശദീകരണം. അന്യഗ്രഹജീവിയും പറക്കുംതളികയുമൊന്നും അങ്ങോട്ടേക്കു വന്നതേയില്ലെന്നും പൊലീസ് ഉറപ്പുപറയുന്നു

ഏരിയ 51 എന്ന യുഎസ് എയർഫോഴ്‌സിന്‌റെ സങ്കേതം 

അന്യഗ്രഹജീവികളിലും ഭൂമിയിലേക്കുള്ള അവരുടെ ആഗമന കഥകളിലുമൊക്കെ യുഎസിലെ നല്ലൊരു ശതമാനം ആളുകൾ ദൃഢമായി വിശ്വസിക്കുന്നു. ദുരൂഹസ്വഭാവമുള്ള എന്തെങ്കിലും സംഭവമുണ്ടായാൽ അത് അന്യഗ്രഹജീവികളുമായി കൂട്ടിക്കെട്ടാൻ അമേരിക്കക്കാർക്ക് വളരെ ഉത്സാഹമാണ്. യുഎഫ്ഒ ചരിത്രത്തിലെ കുപ്രസിദ്ധ സംഭവങ്ങളായ റോസ്വെൽ, ബെറ്റി ബാർണി ഹിൽ, ബാറ്റിൽ ഓഫ് ലൊസാഞ്ചലസ്, യുഎസ് നേവി വിഡിയോസ് തുടങ്ങിയവയൊക്കെ സംഭവിച്ചത് അമേരിക്കയിലാണ്. 

യുഎഫ്ഒ സംഭവങ്ങൾ വിശ്വസിക്കുന്നവരിൽ അമേരിക്കയിലെ സാധാരണക്കാർ മാത്രമല്ല, ഉന്നത സൈനിക ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരുമൊക്കെ ഇതിലുണ്ട്. ഏരിയ 51 എന്ന യുഎസ് എയർഫോഴ്‌സിന്‌റെ സങ്കേതം അന്യഗ്രഹജീവികളെ പാർപ്പിക്കുന്ന ഇടമാണെന്നുപോലും വിശ്വസിക്കുന്ന അമേരിക്കക്കാർ ധാരാളം.

ആദ്യകാലത്ത് സിനിമകളിലും ചില പുസ്തകങ്ങളിലും പ്രൊപ്പഗാൻഡ ഡോക്യുമെന്ററികളിലുമൊക്കെയായി ഒതുങ്ങിനിന്നിരുന്ന യുഎഫ്ഒ ചർച്ചകൾ സമൂഹമാധ്യമങ്ങളും ഇന്‌റർനെറ്റും വ്യാപകമായതോടെ പുതിയ ഇടംതേടി. സമൂഹമാധ്യമങ്ങളും ചില ഫോറങ്ങളുമൊക്കെ യുഎഫ്ഒ നിഗൂഢവാദക്കാരുടെ വിളയാട്ട നിലങ്ങളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com