ഐഫോണുകളുടെ വില കുറയും; ടെക്മേഖല മാറിമറിയും: ആപ്പിളിനെതിരെ അപ്രതീക്ഷിത നീക്കവുമായി അമേരിക്ക
Mail This Article
അപ്രതീക്ഷിതവും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്നതുമായ ഒരു നീക്കവുമായി ടെക്‌നോളജി ഭീമന്‍ ആപ്പിളിനെതിരെ അമേരിക്ക. കമ്പനിക്കെതിരെ നിയമനടപടികളുമായി നീങ്ങുകയാണ് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് (ഡോജ്). സ്മാര്‍ട്ഫോണ്‍ മാര്‍ക്കറ്റിലെ ആപ്പിളിന്റെ കുത്തകയ്‌ക്കെതിരെയാണ് നീക്കം.
ഐഫോണിന്റെ പരിപൂര്‍ണ നിയന്ത്രണം കമ്പനി കയ്യില്‍വയ്ക്കുന്നു എന്നാണ് പ്രധാന ആരോപണം എന്ന് ദി വേര്‍ജിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ആപ്പിള്‍ ഇത് നിഷേധിക്കുകയും, ഈ നീക്കത്തിനെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. മുമ്പും ഇത്തരം നീക്കങ്ങള്‍ വരുന്ന സമയത്ത് ആപ്പിള്‍ പറഞ്ഞിട്ടുള്ള കാര്യമാണ്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമുള്ളതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഉപകരണ വില വർധിക്കാനുള്ള കാരണവും ആപ്പിളോ?
ആപ്പിളിനെതിരെയുളള നീക്കത്തില്‍ ഇത്തവണ ഡോജിനൊപ്പം 16 സ്റ്റേറ്റുകളുടെയും ഡിസ്ട്രിക്ടുകളുടെയും അറ്റോര്‍ണി ജനറലുമാരും ചേരുന്നു എന്നതാണ് കാര്യങ്ങള്‍ക്ക് കൂടുതല്‍ ഗൗരവ സ്വഭാവം കൈവരാനുള്ള കാരണം. ആപ്പിള്‍ ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ക്കും ഡവലപ്പര്‍മാര്‍ക്കും കൂടുതല്‍ പണം മുടക്കേണ്ടി വരുന്നു എന്നും ഐഫോണിനെ ആശ്രയിക്കാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിതരാക്കുന്നു എന്നും കുറ്റപത്രത്തിൽ പറയുന്നു.
ചിലരുമായി നടത്തുന്ന കരാറുകളില്‍ ആപ്പിള്‍ മാറ്റംവരുത്തുന്നു, ഐഫോണിലെ ചില നിര്‍ണായക ഫീച്ചറുകള്‍ ചില ഡവലപ്പര്‍മാര്‍ക്ക് തുറന്നു നല്‍കുന്നില്ല തുടങ്ങിയ ആരോപണങ്ങളുമുണ്ട്. ഇതെല്ലാം തങ്ങള്‍ക്കു മറ്റാരിൽനിന്നും വെല്ലുവിളി ഉയരരുത് എന്നു കരുതി ആപ്പിള്‍ നടത്തുന്ന നീക്കങ്ങളാണ് എന്നാണ് ആരോപണം. ഐഫോണിനു മേല്‍ കുത്തക നിലനിര്‍ത്തുക വഴി ഉപയോക്താക്കൾ, ഡവലപ്പര്‍മാർ, കണ്ടെന്റ് ക്രിയേറ്റര്‍മാർ, ആര്‍ട്ടിസ്റ്റുകൾ, പബ്‌ളിഷര്‍മാർ, ചെറുകിട ബിസിനസുകാർ, കച്ചവടക്കാർ തുടങ്ങിയവരിൽനിന്നൊക്കെ പണം പിടുങ്ങുന്നു, എന്നാണ് ഡോജിന്റെ പരാതിയില്‍ പറയുന്നത്.
ആപ്പിള്‍ ആധിപത്യം പുലര്‍ത്തുന്ന പല കാര്യങ്ങളും യുഎസ് സർക്കാർ കുറ്റപത്രത്തിൽ എടുത്തുപറയുന്നുണ്ട്. അതിൽ ചിലവ ഇതാണ്:
1. സൂപ്പര്‍ ആപ്പുകളുടെ പ്രവര്‍ത്തനം താറുമാറാക്കുന്നു. പല പ്രോഗ്രാമുകളുടെ സേവനങ്ങള്‍ ഒരു കുടക്കീഴിലെത്തിക്കുന്ന ആപ്പുകളെയാണ് ഈ ഗണത്തില്‍ പെടുത്തുന്നത്. ഇത്തരം ആപ്പുകള്‍ക്ക് ഇടം നല്‍കിയാല്‍ ഐഒഎസ്ഉപകരണങ്ങള്‍ തന്നെ വേണം എന്ന ജ്വരം ആളുകള്‍ക്ക് ഇല്ലാതായേക്കാം.
2. ഹാര്‍ഡ്‌വെയര്‍ കരുത്തിനെ ആശ്രയിക്കാതെ സുഗമമായി സ്ട്രീമിങ് നടത്താന്‍ സാധിക്കുന്ന വിഡിയോ ഗെയിമുകളെയും മറ്റും ബ്ലോക് ചെയ്യുന്നു.
3. ഐഫോണും ആന്‍ഡ്രോയിഡും തമ്മില്‍ കൈമാറുന്ന സന്ദേശങ്ങളിലെ മീഡിയയുടെ ഗുണനിലവാരം കുറയ്ക്കുന്നു
4. തേഡ്പാര്‍ട്ടി സ്മാര്‍ട് വാച്ചുകള്‍ ഐഫോണിനോട് സഹകരിച്ചു പ്രവര്‍ത്തിപ്പിക്കുമ്പോള്‍ പരിമിതികള്‍ ഏര്‍പ്പെടുത്തുന്നു
5. തേഡ്-പാര്‍ട്ടി ഡവലപ്പര്‍മാര്‍ ആപ്പിളിനോട് മത്സരിക്കാന്‍ സാധിക്കുന്ന വോലറ്റ് ഉണ്ടാക്കിയാല്‍ അതിന്റെ പ്രവര്‍ത്തനത്തിന് തടയിടുന്നു
‘ആപ്പിളിനെതിരെ ഏതെങ്കിലും ആപ്പില്‍നിന്നോ സേവനത്തില്‍നിന്നോ മത്സരം ഉണ്ടാകുമെന്നു തോന്നിയാല്‍ അതിനെതിരെ പുതിയ നിയമങ്ങളും കുരുക്കുകളുമായി കമ്പനി ചാടിവീഴും. എതിരാളികളുടെ സാങ്കേതികവിദ്യയ്ക്ക് തുരങ്കംവയ്ക്കും’– ഡോജിന്റെ ആന്റിട്രസ്റ്റ് മേധാവി ജൊനാതന്‍ ക്യാന്റര്‍ പറഞ്ഞു. അമേരിക്കന്‍ ഡിസ്ട്രിക്ട് കോര്‍ട്ട് ഫോര്‍ ദ് ഡിസ്ട്രിക്ട് ഓഫ് ന്യൂജഴ്‌സിയിലാണ് ആപ്പിളിനെതിരെ കേസു കൊടുത്തിരിക്കുന്നത്. മുകളില്‍ ഉന്നയിച്ചിരിക്കുന്ന പ്രശ്‌നങ്ങളുമായി മുന്നോട്ടുപോകാന്‍ ആപ്പിളിനെ അനുവദിക്കരുതെന്നാണ്പരാതിക്കാര്‍ പറഞ്ഞിരിക്കുന്നത്.
ആപ്പിളുമായി മത്സരിക്കാന്‍ മറ്റു കമ്പനികൾക്ക് അവസരമുണ്ടാക്കണമെന്നും പരാതിക്കാര്‍ കോടതിയോട് അഭ്യർഥിച്ചിട്ടുണ്ട്. ആപ്പിളിന് എതിരായ വിധിയാണ് വരുന്നതെങ്കില്‍ കമ്പനിയെ വിഭജിച്ച്ചെറിയ കമ്പനികളാക്കാന്‍ ഉദ്ദേശ്യമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഡോജ് വ്യക്തമാക്കിയില്ല. ആദ്യം കോടതി വിധി വരട്ടെ എന്ന നിലാപാടാണ് അവര്‍ സ്വീകരിച്ചത്.
നിയമനടപടിയുമായി മുന്നോട്ടു പോകുന്ന കാര്യം ഡോജ് ഡപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ലീസാ മൊണാകോ ഒരു പത്രസമ്മേളനത്തിലാണ് അറിയിച്ചത്. എതിരാളികളെ ശ്വാസംമുട്ടിക്കുന്ന ആപ്പിളിന്റെ രീതികളെ ലീസ വിമര്‍ശിച്ചു. സ്മാര്‍ട്ഫോണ്‍ മാര്‍ക്കറ്റിനെ വിപ്ലവകരമായി മാറ്റിമറിക്കുന്നതിനു പകരം അതിന്റെ പുരോഗതിക്കു തടസമാകുകയാണ് ആപ്പിളിന്റെ നിലപാടുകള്‍ എന്നും ലീസ ആരോപിച്ചു. ഡോജ് 25 വര്‍ഷം മുമ്പ് ഇത്തരം ഒരു നീക്കം വഴിയാണ് അന്നത്തെ ഭീമന്‍ മൈക്രോസോഫ്റ്റിനെ തളച്ചത്. അതിന്റെ ഫലമായി ഉയര്‍ത്തെഴുന്നേറ്റ കമ്പനികളിലൊന്നാണ് ആപ്പിള്‍ എന്നു മറക്കരുതെന്നും അധികാരികള്‍ ഓര്‍മ്മപ്പെടുത്തി.
ട്രില്ല്യന്‍ കണക്കിന് ഡോളര്‍ ആസ്തിയുള്ള ആപ്പിളിനെതിരെ മുന്നോട്ടുപോകുന്ന തങ്ങള്‍ക്ക് പല പ്രശ്‌നങ്ങളും നേരിടേണ്ടിവരുമെന്ന് അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ മെറഗ് ഗാര്‍ലണ്ട് സമ്മതിച്ചു. അതേസമയം, ആപ്പിളിന്റെ നയങ്ങള്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെയും ജനങ്ങളെയും ദോഷകരമായി ബാധിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പൗരന്മാരുടെ താത്പര്യം സംരക്ഷിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും വ്യക്തികള്‍ക്ക് സ്വയം സംരക്ഷിക്കാന്‍ സാധിക്കാത്തതിനാലാണ് അവര്‍ക്കു വേണ്ടി ഇടപെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിനെ നേരിടാന്‍ ഏതറ്റംവരെയും പോകുമെന്ന് ആപ്പിള്‍
എന്നാല്‍, പുതിയ കേസ് ഡോജ് വിജയിച്ചാല്‍ അത് കമ്പനിയുടെ ഭാവിയെ ബാധിക്കുമെന്നാണ് ആപ്പിള്‍ വക്താവ് ഫ്രെഡ് സയിന്‍സ് ഒരു പത്രക്കുറിപ്പില്‍ പറഞ്ഞത്. ആപ്പിളില്‍നിന്ന് പ്രതീക്ഷിക്കുന്ന തരത്തിലുള്ള പുരോഗതി പിന്നെ കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, സേവനങ്ങള്‍ പരസ്പരം ബന്ധിപ്പിച്ചു പ്രവര്‍ത്തിപ്പിക്കുകയാണ്.
ഇതില്‍ സർക്കാരിനെ ഇടപെടാന്‍ അനുവദിച്ചാല്‍ അത് അപകടകരമായ ഒരു രീതിക്കു തുടക്കമിടുകയായിരിക്കുമെന്നും, അത് ജനങ്ങളുടെ താത്പര്യം സംരക്ഷിക്കല്‍ ആയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ഈ നീക്കം തെറ്റായ രീതിയാണെന്നും അതിനെ നേരിടാന്‍ കമ്പനി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു. കേസ് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ആപ്പിള്‍ ഉദ്ദേശിക്കുന്നത്. ഡോജ് വരുതിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന രണ്ടാമത്തെ ടെക്‌നോളജി കമ്പനിയാണ് ആപ്പിള്‍. നേരത്തെ ഗൂഗിളിനെതിരെയും ഇത്തരം ഒരു നീക്കം നടത്തുകയുണ്ടായി. അത് ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്.
ഐഫോണുകളുടെ വില പോലും ഇടിഞ്ഞേക്കാം
തങ്ങള്‍ കണ്ണും കാതും തുറന്നിരുന്നു നോക്കുന്നതുകൊണ്ടാണ് ഐഒഎസും മറ്റും ഇത്ര സുഗമമായി പ്രവര്‍ത്തിക്കുന്നത് എന്ന ആപ്പിളിന്റെ വാദം അംഗീകരിച്ചാല്‍ പോലും, തങ്ങള്‍ക്കെതിരെ ആരും മത്സരിക്കരുത് എന്ന ചിന്താഗതി സമ്മതിച്ചുകൊടുക്കാനാവില്ലെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ആപ്പിളിനെതിരെയാണ് വിധി വരുന്നതെങ്കില്‍ പുതിയ ടെക്‌നോളജികള്‍ ശ്രദ്ധപിടിച്ചു പറ്റി മുന്നോട്ടു വന്നെന്നിരിക്കാം. ഡവലപ്പര്‍ ആപ്പിളിന് കുറച്ചു പണം നല്‍കിയാല്‍ മതിയായേക്കും.
ഇതിനെല്ലാം പുറമെ ഐഫോണിന്റെ വില കുറയ്‌ക്കേണ്ടതായി പോലും വന്നേക്കാമെന്ന് ദ് വേര്‍ജിന്റെ വിശകലനത്തില്‍ പറയുന്നു. ആപ്പിള്‍ നിലനിര്‍ത്തിപ്പോരുന്ന സിസ്റ്റത്തിന് അതിന്റെ ഗുണങ്ങളുണ്ടെന്നു സമ്മതിച്ചാല്‍പോലും, ഭാവി കൂടി പരിഗണിക്കുമ്പോള്‍ ആപ്പിളിന് മൂക്കുകയര്‍ ഇടുന്നതു തന്നെയായിരിക്കും നല്ലതെന്നാണ് വിലയിരുത്തല്‍.