ഏഴ് നക്ഷത്രങ്ങൾക്കു ചുറ്റും ഡൈസൺ ഗോളം? ഏലിയൻസ് സാന്നിധ്യം; ഭയക്കേണ്ടതുണ്ടെന്ന് ആൽബർട്ടോ കാബറെല്ലോ
Mail This Article
അന്യഗ്രഹജീവികൾ അഥവാ ഏലിയൻസ് അമേരിക്കൻ സൈഫി സിനിമകളിൽ മാത്രമേയുള്ളോ അതോ യഥാർഥത്തിൽ ഉണ്ടോ?. ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും സാധ്യതകളുണ്ടെന്നു പല ഗവേഷകരും അഭിപ്രായപ്പെടുന്നു. അതിൽ ചില രസകരമായ പഠനങ്ങൾ ഒന്നു പരിശോധിക്കാം. നമ്മുടെ താരാപഥമായ ആകാശഗംഗയിലെ 7 നക്ഷത്രങ്ങളെങ്കിലും ഏലിയൻ സമൂഹങ്ങളുടെ ഊർജശ്രോതസ്സുകളാകാനുള്ള സാധ്യതയുണ്ടെന്ന പഠനമാണ് ഒരെണ്ണം. ഡൈസൺ സ്ഫിയറെന്ന ഭാവനാത്മകമായ ഘടന നക്ഷത്രത്തിനു ചുറ്റും സ്ഥാപിച്ചാകാം ഈ നക്ഷത്രങ്ങളിൽ നിന്ന് അന്യഗ്രഹജീവി സമൂഹങ്ങൾ ഊർജം നേടുന്നതെന്നും ഗവേഷകർ പറയുന്നു.
1960ൽ ഭൗതികശാസ്ത്രജ്ഞനായ ഫ്രീമാൻ ഡൈസണാണ് ഇത്തരമൊരു ഘടനയുടെ സാധ്യത ചർച്ചയ്ക്കുവച്ചത്. സാങ്കേതികപരമായി വളരെയേറെ മുന്നോട്ടു പോകുന്ന ഏലിയൻ സമൂഹങ്ങൾക്ക് ഇത്തരം ഘടനകളുണ്ടാക്കി ഊർജം നേടാമെന്നും ഇവയ്ക്ക് മറ്റൊരു ഊർജത്തിന്റെയും ആവശ്യമില്ലെന്നുമായിരുന്നു ഫ്രീമാൻ ഡൈസണിന്റെ സിദ്ധാന്തം. അങ്ങനെ ഈ ഘടനകൾക്ക് ഡൈസൺ സ്ഫിയർ എന്ന പേരു കിട്ടി.
നക്ഷത്രങ്ങളെ പൂർണമായി വലയം ചെയ്യുന്ന ഗോളങ്ങളും വലയങ്ങൾ പോലുള്ള ഘടനകളുമൊക്കെ ഡൈസൺ സ്ഫിയറുകൾക്കായി പരിഗണിക്കപ്പെട്ടു. ഇത്തരം ഘടനകൾ ഉണ്ടാകുന്ന രീതിയിലേക്ക് ജീവിസമൂഹങ്ങൾ പുരോഗമിക്കാൻ സാധ്യത കുറവാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അങ്ങനെ പുരോഗമിച്ച് ഇവയുണ്ടായാൽ ഡൈസൺ സ്ഫിയറുകളെ കണ്ടെത്താൻ സാധിക്കുമത്രേ. നക്ഷത്രങ്ങളിൽ നിന്നു ചൂട് വലിച്ചെടുത്ത് ഡൈസൺ സ്ഫിയറുകൾ വലിയ തോതിൽ ഇൻഫ്രാറെഡ് വികിരണങ്ങൾ പുറത്തുവിടുന്നതിനാലാണ് ഇത്. ഇൻഫ്രെറെഡ് എക്സസ് എമിഷൻ എന്ന് ഇവ അറിയപ്പെടുന്നു.
ഇത്തരം വികിരണങ്ങൾ കണ്ടെത്താനായി പലരും വലിയ തോതിൽ നിരീക്ഷണങ്ങൾ നടത്താറുണ്ട്. ഇപ്പോൾ പുറത്തിറങ്ങിയ പുതിയൊരു പഠനത്തിൽ ശാസ്ത്രജ്ഞർ ക്ഷീരപഥത്തിലെമ്പാടും നിരീക്ഷണം നടത്തുകയും ഡൈസൺ സ്ഫിയർ കാണാനിടയുള്ള 7 നക്ഷത്രങ്ങളെ കണ്ടെത്തുകയുമായിരുന്നു.
ഭൂമിയും സൗരയൂഥവും ഉൾപ്പെടുന്ന നക്ഷത്ര സമൂഹമാണ് ക്ഷീരപഥം അഥവാ ആകാശഗംഗ. ഈ മഹാ താരവ്യവസ്ഥയിൽ മറ്റ് അന്യഗ്രഹജീവി സമൂഹങ്ങളുണ്ടെന്നും ഇവയിൽ കുറഞ്ഞത് 4 എണ്ണമെങ്കിലും വിദൂരഭാവിയിൽ നമ്മുടെ ഗ്രഹമായ ഭൂമിയെ ആക്രമിച്ചേക്കാമെന്നും സ്പെയിനിലെ വിഗോ സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ആൽബർട്ടോ കാബല്ലെറോ 2022ൽ പഠനം നടത്തിയിരുന്നു.
സാധ്യതാപഠനമാണ് ആൽബർട്ടോ കാബറെല്ലോ നടത്തിയത്. ആദ്യമായി 1915 മുതൽ 2022 വരെയുള്ള കാലയളവിൽ മറ്റു രാജ്യങ്ങളെ ആക്രമിച്ച രാജ്യങ്ങളുടെ കണക്ക് അദ്ദേഹം എടുത്തു. ഇന്നു ലോകത്തിലുള്ള 195 രാജ്യങ്ങളിൽ 51 രാജ്യങ്ങൾ ഇത്തരത്തിൽ ആക്രമണം നടത്തിയിട്ടുണ്ടെന്ന് കാബറെല്ലോ പറയുന്നു. യുഎസാണ് ഏറ്റവും മുന്നിൽ.
ഇതെല്ലാം കണക്കെടുത്ത് ചില മാത്തമാറ്റിക്കൽ പഠനങ്ങൾ നടത്തിയ കാബറെല്ലോ ഒരു നിഗമനത്തിൽ എത്തിച്ചേർന്നു. നിലവിൽ ഭൂമിയിലെ മനുഷ്യർ മറ്റു ഗ്രഹങ്ങളെ ആക്രമിക്കാനുള്ള സാധ്യത 0.028 ശതമാനമാണ്.ഭൂമിയിലെ മനുഷ്യസമൂഹം ഇന്നും സൗരയൂഥത്തിനു പുറത്തേക്ക് കടക്കാനുള്ള(ഇന്റർസ്റ്റെല്ലാർ സ്പേസ്) ശേഷി കൈവശമാക്കിയിട്ടില്ല. 259 വർഷങ്ങൾ കഴിയുമ്പോൾ മനുഷ്യർ ഈ ശേഷി നേടിയേക്കാം.അപ്പോൾ 0.0014 ശതമാനമായിരിക്കും അധിനിവേശത്തിനുള്ള സാധ്യത. മനുഷ്യസമൂഹം പുരോഗതി നേടുന്തോറും അധിനിവേശ പ്രവണത കുറഞ്ഞുവരുന്നതിനാലാണ് ഇത്.
ക്ഷീരപഥത്തിൽ 15,785 ഇടങ്ങളിൽ മനുഷ്യർക്കു തുല്യമായ ജീവസമൂഹങ്ങളുണ്ടാകുമെന്ന് ചില ഗവേഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ കണക്ക് കാബറെല്ലോയും ഉപയോഗിച്ചു. ഇതിൽ 4 സമൂഹങ്ങളെങ്കിലും മനുഷ്യരോട് ശത്രുത പുലർത്താനും ഭൂമിയിൽ അധിനിവേശം പുലർത്താനുമുള്ള എല്ലാ സാധ്യതകളുമുണ്ടെന്നും കാബറെല്ലോ പറഞ്ഞു.