ADVERTISEMENT

കൊച്ചി∙ അനുദിനം മാറുന്ന ഡിജിറ്റൽ ലോകത്തെ പുതുപുത്തൻ സാധ്യതകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവിൽ സംഭവിക്കാനിരിക്കുന്ന വമ്പൻ മാറ്റങ്ങള്‍, ഭാവിയിലേക്കുള്ള പ്രതീക്ഷകൾ, സൈബർ സുരക്ഷയുടെ കാണാപ്പുറങ്ങൾ, അതിരുകൾ ഭേദിച്ചു മുന്നേറുന്ന വിനോദ വ്യവസായത്തിലെ ചലനങ്ങൾ, സ്റ്റാർട്ടപ്പുകൾക്കും വൻകിട ബ്രാൻഡുകൾക്കും വേദിയൊരുക്കുന്ന ഇന്ത്യയിലെയും കേരളത്തിലെയും സംരംഭക വിപ്ലവങ്ങൾ... എല്ലാം നിറഞ്ഞുനിന്ന ഒരു പകലിന് ഒടുവിൽ തിരശ്ശീല. മുഖ്യ പ്രഭാഷണം നിർവഹിച്ച ഐടി–നൈപുണ്യവികസന, സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖരൻ പറഞ്ഞതു പോലെ, സ്വതന്ത്ര ഇന്ത്യയിൽ ഇത്രയേറെ അവസരങ്ങളുണ്ടായ മറ്റൊരു കാലമില്ല. ആ അവസരങ്ങളുടെ കൈപിടിച്ചു മുന്നേറാൻ സഹായിക്കുന്ന ചർച്ചകൾക്കു വേദിയൊരുക്കിയണ് മനോരമ ഓൺലൈൻ ‘ടെക്സ്പെക്‌റ്റേഷന്‍സ്’ ഡിജിറ്റൽ ഉച്ചകോടിയുടെ അഞ്ചാം പതിപ്പിന് പരിസമാപ്തി കുറിച്ചത്. 

Read More at: ഡിജിറ്റൽ ഉപഭോക്താവിൽ നിന്ന് ഇന്ത്യ ഡിജിറ്റൽ ദാതാവായി: രാജീവ് ചന്ദ്രശേഖർ

‘മനോരമ ഓൺലൈനിന്റെ 25 വർഷങ്ങൾ: നവ ഡിജിറ്റൽ ക്രമത്തിന്റെ ഉൾക്കൊള്ളൽ, പരിണാമം, കുതിപ്പ്’ എന്ന വിഷയത്തിലൂന്നി നടന്ന ചർച്ചകളെല്ലാംതന്നെ, ഡിജിറ്റൽ ലോകത്തിനു മുന്നിൽ അവസരങ്ങളും സാധ്യതകളും അനന്തമാണെന്ന സന്ദേശം പകരുന്നതായിരുന്നു. ജെയിൻ ഓൺലൈനിന്റെ സഹകരണത്തോടെ നടന്ന ഉച്ചകോടിയിൽ സാങ്കേതിക മേഖലയിലെ വിദഗ്ധര്‍, നിക്ഷേപകര്‍, ചലച്ചിത്ര പ്രവർത്തകർ, സംരംഭകർ, മാധ്യമപ്രവർത്തകർ ഉൾപ്പെടെ പങ്കെടുത്തു. ‘ബൗദ്ധികമായി അത്രയേറെ വികസിച്ച മനസ്സുകളുമായിട്ടായിരിക്കും ഡിജിറ്റല്‍ സംഗമത്തിനു ശേഷം നിങ്ങൾ ഓരോരുത്തരും പുറത്തിറങ്ങുന്നത്’ എന്നായിരുന്നു ഉച്ചകോടിക്കു തുടക്കം കുറിച്ചുകൊണ്ട് ബിസിനസ് ബ്ലോഗിങ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ കിരുബ ശങ്കർ പറഞ്ഞത്. അതു ശരിവയ്ക്കും വിധം ആറു സെഷനുകളിലായി നടന്ന ചർച്ചകൾ അക്ഷരാർഥത്തിൽ ആശയങ്ങളുടെ അലകടൽ തീർക്കുകയായിരുന്നു.

rajeev-minister-

മനോരമ ഓൺലൈൻ 25 വർഷം പിന്നിട്ടതിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായാണ് ഇത്തവണ ‘ടെക്സ്പെക്ടേഷൻസ്’ സംഘടിപ്പിച്ചത്. മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു സ്വാഗതം പറഞ്ഞു. യുണൈറ്റഡ് സ്‌കില്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ സഹ സ്ഥാപകൻ ഡോ. ടോം ജോസഫ് ആശംസാ പ്രസംഗം നടത്തി. ‘കേന്ദ്ര സർക്കാരിന്റെ കാഴ്ചപ്പാടിലെ നവ ഡിജിറ്റല്‍ ക്രമം’ എന്ന വിഷയത്തിലായിരുന്നു കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ മുഖ്യപ്രഭാഷണം. തുടർന്ന് കേരളത്തിൽനിന്നുയരുന്ന സ്റ്റാർട്ടപ്പുകൾ, ആർടിഫിഷ്യൽ ഇന്റലിജൻസും ബിസിനസ് ഇന്റലിജൻസും, ഇന്ത്യയിൽനിന്നുയരുന്ന ലക്ഷ്വറി ബ്രാൻഡുകള്‍, വാർത്തയുടെ ഭാവി, ഡിജിറ്റൽ ബാങ്കിങ് സംവിധാനത്തിലെ സുരക്ഷിതത്വം, പ്രാദേശിക അതിരുകൾ മായുന്ന വിനോദലോകം എന്നീ വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടന്നു.

‘കേരളത്തിൽ നിന്നുയരുന്ന സ്റ്റാർട്ടപ്പുകൾ’എന്ന പാനൽ ചർച്ചയിൽ നിന്ന്.  ചിത്രം : മനോരമ
‘കേരളത്തിൽ നിന്നുയരുന്ന സ്റ്റാർട്ടപ്പുകൾ’എന്ന പാനൽ ചർച്ചയിൽ നിന്ന്. ചിത്രം : മനോരമ

വ്യത്യസ്തമായ ആശയത്തെ വിജയത്തിലെത്തിക്കുന്നതാണ് സംരംഭകന്റെ വെല്ലുവിളി എന്ന് ‘കേരളത്തിൽനിന്നുയരുന്ന സ്റ്റാർട്ടപ്പുകൾ’ എന്ന പാനൽ ചർച്ചയിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. ഒരു സംരംഭം വളരാൻ പണവും സാങ്കേതികവിദ്യയും നമ്മെ സഹായിക്കും. പക്ഷേ ഒപ്പമുള്ളവരുടെയും ജനത്തിന്റെയും പിന്തുണയാണ് ഏറ്റവും പ്രധാനം. സംരംഭം ആരംഭിക്കുമ്പോൾ എല്ലാം സ്വയം ചെയ്യാനാകില്ല. ചുറ്റുമുള്ളവരെ വിശ്വാസത്തിലെടുത്തേ മതിയാകൂ. മൂല്യം നോക്കി ഉൽപന്നം തിരഞ്ഞെടുക്കുന്നവരുടെ കാര്യമെടുത്താൽ കേരളം മികച്ച ഉപഭോക്തൃ വിപണിയാണെന്നതാണ് സത്യമെന്നും വിദഗ്ധർ പറഞ്ഞു. എക്സ്പീരിയൻ ടെക്നോളജീസ് എംഡിയും സിഇഒയുമായ ബിനു ജേക്കബ്, വാൻ മൊബിലിറ്റി സിഇഒ ജിത്തു സുകുമാരൻ നായർ, ടോട്ടോ ലേണിങ് സ്ഥാപകനും സിഇഒയുമായ ജോഫിൻ ജോസഫ്, ജിയാക്ക ആൻഡ് അബിറ്റോ സാർട്ടോറിയൽ ഫാഷൻ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും സിഇഒയുമായ ശ്രീജിത്ത് ശ്രീകുമാർ, ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് എന്നിവരാണ് ചർച്ചയിൽ‍ പങ്കെടുത്തത്.

Read More at: ‘കേരളം മികച്ച ഉപഭോക്തൃ വിപണി; പൊതുബോധത്തിലും മാറ്റം വരണം’

ai-pannel

ജീവിതം കൂടുതൽ മികച്ചതാക്കാനുള്ള പിന്തുണയാണു നിർമിത ബുദ്ധിയിൽ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) നിന്ന് ഏവരും പ്രതീക്ഷിക്കുന്നതെന്ന് ‘എഐയും ബിസിനസ് ഇന്റലിജൻസും’ എന്ന വിഷയത്തിലെ പാനൽ ചർച്ചയിൽ പങ്കെടുത്ത വിദഗ്ധർ വ്യക്തമാക്കി. വിപുലമായ സാധ്യതകൾ ഉറപ്പിക്കുന്നതിനൊപ്പം ഏറെ വെല്ലുവിളികളും ഈ രംഗത്തുണ്ട്. നിലവിലുള്ള മറ്റു സാങ്കേതിക വിദ്യകളെ കൂട്ടിയിണക്കുന്ന ചാലകശക്തിയായി ഭാവിയിൽ നിർമിത ബുദ്ധി മാറും. വൈവിധ്യമാർന്ന മേഖലകളിലേക്കു നിർമിത ബുദ്ധി വ്യാപരിക്കുമ്പോഴും ഉത്തരവാദിത്തം ഉറപ്പിക്കുന്ന സങ്കേതങ്ങളാവണം അതിലുണ്ടാകേണ്ടത്. ആമസോൺ വെബ് സർവീസ് സീനിയർ മാനേജർ പ്രവീൺ ജയകുമാർ, അഡോബിയുടെ ഇന്ത്യയിലെ സൊല്യൂഷൻ കൺസൽറ്റിങ് മേധാവി സൗമിത്ര ധൻകർ, ഗൂഗിൾ ക്ലൗഡ് കസ്റ്റമർ എൻജിനീയറിങ് ഡയറക്ടർ സുബ്രം നടരാജൻ എന്നിവരാണ് പാനൽ ചർച്ചയിൽ പങ്കെടുത്തത്. ബിസിനസ് ബ്ലോഗിങ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ കിരുബ ശങ്കർ മോഡറേറ്ററായി.

Read More at: നിർമിതബുദ്ധിക്ക് അനന്തസാധ്യത; വേണ്ടത് ഉത്തരവാദിത്തം ഉറപ്പിക്കുന്ന സങ്കേതങ്ങൾ 

bangalore-watch-company

 

വിപണിയിൽ നമ്മുടെ ഉൽപന്നം എങ്ങനെ ‘പൊസിഷൻ’ ചെയ്യുന്നുവെന്നതു പ്രധാനമാണെന്ന് ബാംഗ്ലൂർ വാച്ച് കമ്പനിയുടെ അമരക്കാരായ നിരുപേഷ്‌ ജോഷിയും മേഴ്സി അമൽരാജും വ്യക്തമാക്കി. ‘ഇന്ത്യയിൽനിന്നുയരുന്ന ലക്ഷ്വറി ബ്രാൻഡുകള്‍’ എന്ന പാനൽ‍ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. പല ഇന്ത്യൻ കമ്പനികളും ബ്രിട്ടിഷ് കാലത്തെ സ്മാരകങ്ങളും ദൈവങ്ങളുടെ ചിത്രവുമൊക്കെയാണ് വാച്ചുകളിൽ ഉപയോഗിച്ചത്. എന്നാൽ ആധുനിക ഇന്ത്യയുടെ കഥ വാച്ചുകളിലൂടെ പറയുകയാണു തങ്ങൾ ചെയ്തതെന്ന് അവർ പറഞ്ഞു. വാച്ച് ടൈം ഇന്ത്യ എഡിറ്റർ ഇൻ ചാർജ് പ്രീതിക മാത്യുവും ചർച്ചയിൽ പങ്കെടുത്തു.

future-news-

Read More at:  ക്രിക്കറ്റിലൂടെ ഒരു ‘കവർ ഡ്രൈവ്’; നിരുപേഷിന്റെയും  മേഴ്സിയുടെയും ‘സമയം’ നന്നാക്കിയ ലക്ഷുറി ലോകം

 

data-security

കാലത്തിനൊത്ത മാറ്റങ്ങൾ വാർത്താമേഖലയും ഉൾക്കൊള്ളേണ്ടതുണ്ടെന്നു വാർത്താ അനുബന്ധ മേഖലയിൽ സജീവമായ ഗൂഗിൾ ഇന്ത്യ, മണികൺട്രോൾ, സ്ക്രോൾ ഡോട്ട് ഇൻ, ദ് ഹിന്ദു എന്നിവയിലെ പ്രമുഖർ ‘വാർത്തയുടെ ഭാവി’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ വ്യക്തമാക്കി. കാലമെത്ര മാറിയാലും സാങ്കേതിക വിദ്യകൾ മാറിമറിഞ്ഞാലും വിശ്വാസ്യത തന്നെയാണു വാർത്തകളെ മൂല്യവത്താക്കുന്നത്. ബ്രാൻഡ് മൂല്യത്തിനൊപ്പം വിശ്വാസ്യതയും ഉറപ്പിക്കുന്ന മാധ്യമങ്ങൾക്കാണ് വാർത്താലോകത്ത് മുന്നേറാനാകുകയെന്നും അവർ പറഞ്ഞു. ഗൂഗിൾ ഇന്ത്യ ന്യൂസ് പാർട്ണർഷിപ് ഹെഡ് ദുർഗ രഘുനാഥ്, മണികൺട്രോൾ എക്സിക്യൂട്ടീവ് എഡിറ്റർ ബിനോയ് പ്രഭാകർ, സ്ക്രോൾ ഡോട്ട് ഇൻ എഡിറ്റർ നരേഷ് ഫെർണാണ്ടസ്, ദ് ഹിന്ദു സിഇഒ എൽ.വി. നവനീത് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ബിസിനസ് ബ്ലോഗിങ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ കിരുബ ശങ്കറായിരുന്നു മോഡറേറ്റർ.

Read More at: കാലത്തിനൊത്ത് വാർത്താമേഖല മാറണം; കാലമെത്ര മാറിയാലും പ്രധാനം വിശ്വാസ്യത

ott

‘ഡിജിറ്റൽ ബാങ്കിങ് സംവിധാനത്തിലെ സുരക്ഷിതത്വം’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ ഡിജിറ്റൽ സുരക്ഷയെപ്പറ്റിയുള്ള ആശങ്കകൾ പങ്കുവച്ചും സൈബർ തട്ടിപ്പുകളിൽനിന്ന‌ു രക്ഷപ്പെടാനുള്ള വഴികൾ പറഞ്ഞും വിദഗ്ധർ‍ സൈബർ സുരക്ഷാവബോധത്തിന്റെ ആവശ്യകത വ്യക്തമാക്കി. ഇന്ത്യയിൽ ഡിജിറ്റൽവൽക്കരണം ശക്തമായതോടെ സൈബർ സുരക്ഷയും നിർ‌ണായക വിഷയമായിരിക്കുകയാണ്. ഇന്ത്യയുടെ മൊബൈൽ വോലറ്റ് വിപണി വളരുകയാണ്. ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് മൊബൈൽ ഡിവൈസുകളിലൂടെ മാത്രം ദിവസവും നടക്കുന്നത്. ഈ സാഹചര്യത്തിൽ സുരക്ഷ നിർണായകമാണ്. സൈബർ സുരക്ഷയിൽ ആരെയും കണ്ണുമടച്ചു വിശ്വസിക്കാതിരിക്കുക എന്നതാണ് അടിസ്ഥാന പ്രമാണം. സൈബർ സുരക്ഷ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ് എന്ന ചിന്ത വളർത്തിയെടുക്കാൻ കഴിയണമെന്നും അവർ പറഞ്ഞു. അക്കാമയ് ടെക്നോളജീസ് ബിസിനസ് ഹെഡ് അരവിന്ദ് ഗണേശൻ, ഫെഡറൽ ബാങ്ക് ഐടി വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ആൻഡ് ഹെഡ് ബാബു തോമസ്, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫിസർ ജി. വെങ്കിട്ടരാമൻ, സൗത്ത് ഇന്ത്യൻ ബാങ്ക് ജോയിന്റ് ജനറൽ മാനേജരും ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫിസറുമായ ഷിബു കെ.തോമസ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എ. ബാലകൃഷ്ണൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

Read More at: പണം തട്ടാൻ ബോട്ടുകളും ‘ജംതാര’യും റഷ്യൻ മാഫിയയും വരെ; എങ്ങനെ രക്ഷപ്പെടും?

വിനോദ വ്യവസായത്തിൽ കേരളത്തിൽനിന്നുള്ള സിനിമകളെയും മറ്റും ‘പ്രാദേശികം’ എന്നു വിശേഷിപ്പിച്ചിരുന്ന കാലം മാറിയെന്നും, ഇന്ന് ‘മുഖ്യധാര’ സിനിമയാണ് കേരളത്തിൽനിന്നുണ്ടാകുന്നതെന്നും ചലച്ചിത്ര പ്രവർത്തകർ. ‘പ്രാദേശിക അതിരുകൾ മായുന്ന വിനോദലോകം’ എന്ന വിഷയത്തില്‍ നടന്ന പാനൽ ചർച്ചയിലാണ് ഈ അഭിപ്രായം ഉയർന്നത്. ഒടിടി ചലച്ചിത്ര മേഖലയെ മാറ്റുമെന്ന പ്രവചനത്തെ തുടക്കത്തിൽ കാര്യമായെടുത്തില്ല. എന്നാൽ കോവിഡ് അതെല്ലാം മാറ്റിമറിച്ചു. ഒടിടി വന്നതോടെ സിനിമയ്ക്ക് അതിരുകളില്ലാതായി. മികച്ച കണ്ടന്റ് വന്നതോടെ ‘സ്റ്റാർസി’നേക്കാൾ അഭിനേതാക്കൾക്ക് പ്രാധാന്യം ലഭിച്ചു. എല്ലാ മേഖലകളിലുമുണ്ടാകുന്ന മാറ്റം മലയാള സിനിമ പെട്ടെന്നു തന്നെ ഏറ്റെടുക്കുന്നുണ്ടെന്നും സോണിലിവ് ഹെഡ് ഓഫ് കണ്ടന്റ് സൗഗത മുഖർജി, സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് സഹസ്ഥാപക സുപ്രിയ മേനോൻ, നടിയും പിന്നണി ഗായികയുമായ മംമ്ത മോഹൻദാസ്, തിരക്കഥാകൃത്തും സംവിധായകനും നിർമാതാവും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരുടെ പാനൽ അഭിപ്രായപ്പെട്ടു.

സമാപന ചടങ്ങിൽ, മനോരമ ഓൺലൈൻ സംഘടിപ്പിച്ച ഡിജിറ്റല്‍ ചേഞ്ച്‌മേക്കേഴ്സ് 2023 മത്സരത്തിലെ ജേതാക്കൾക്ക് മറിയം മാമ്മൻ മാത്യുവും ഡോ. ടോം ജോസഫും പുരസ്കാരങ്ങൾ സമ്മാനിച്ചു. അക്കാമയ്, ഐസ്ഡിസി, പോപ്പുലർ ഹ്യുണ്ടായ് എന്നിവരായിരുന്നു ഉച്ചകോടിയുടെ ടെക്നോളജി, നോളജ്, ട്രാവൽ പാർട്ണർമാർ‌.

English Summary: Kerala's Largest Digital Summit: Techspectations 2023 Ends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com