ADVERTISEMENT

നമ്മുടെയെല്ലാം വിവരങ്ങള്‍ ചോര്‍ത്താനായി അമ്പരപ്പിക്കുന്ന മാര്‍ഗങ്ങളാണ് സൈബര്‍ ഹാക്കര്‍മാര്‍ ഉപയോഗിക്കുന്നത്. സ്മാര്‍ട് ഫോണുകളും ടാബ്‌ലെറ്റുകളും ലാപ്‌ടോപുകളും അവയിലെ സ്വകാര്യ വിവരങ്ങളും സുരക്ഷിതമായിരിക്കണമെങ്കില്‍ പൊതു കേന്ദ്രങ്ങളിലെ ചാര്‍ജറുകള്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് അമേരിക്കയുടെ എഫ്ബിഐ. ജ്യൂസ് ജാക്കിങ് വഴി നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താനും ദുരുപയോഗം ചെയ്യാനും ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്. 

 

എഫ്ബിഐയുടെ ട്വിറ്ററിലാണ് ഈ മുന്നറിയിപ്പ് സന്ദേശം പ്രത്യക്ഷപ്പെട്ടത്. 'വിമാനത്താവളം, ഹോട്ടല്‍, ഷോപ്പിങ് സെന്ററുകള്‍ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങളിലെ ഫ്രീ ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉപയോഗിക്കരുത്. പബ്ലിക് യുഎസ്ബി പോട്ടുകള്‍ നിങ്ങളുടെ ഉപകരണങ്ങളിലേക്ക് വൈറസുകളെ എത്തിക്കും. നിങ്ങളുടെ സ്വന്തം ചാര്‍ജറുകളും യുഎസ്ബി കോഡും യാത്രകളില്‍ കൂടെ കരുതൂ' എന്നാണ് എഫ്ബിഐ സന്ദേശം. 

 

എന്തെങ്കിലും പ്രത്യേകം സംഭവത്തെ അടിസ്ഥാനപ്പെടുത്തിയല്ല മുന്നറിയിപ്പെന്നാണ് ലഭിക്കുന്ന വിവരം. 2021 മുതല്‍ തന്നെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ ജ്യൂസ് ജാക്കിങ്ങിനെക്കുറിച്ച് മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. പൊതു യുഎസ്ബികളും ചാര്‍ജറുകളും ഉപയോഗിക്കുന്നതു വഴി സംഭവിക്കുന്ന സൈബര്‍ സുരക്ഷാ പാളിച്ചയെക്കുറിച്ചായിരുന്നു. എഫ്സിസി മുന്നറിയിപ്പുകള്‍. 

Read more at: എഐ മേഖലയില്‍ വീണ്ടും വന്‍കുതിപ്പിന്റെ സൂചന-എന്താണ് ഓട്ടോജിപിറ്റി?

നിങ്ങളുടെ ഫോണില്‍ നിന്നോ മറ്റ് ഉപകരണങ്ങളില്‍ നിന്നോ മുഴുവന്‍ വിവരങ്ങളും ഹാക്കര്‍ ചോര്‍ത്തിയെടുക്കുന്ന സൈബര്‍ ആക്രമണമാണ് ജ്യൂസ് ജാക്കിങ്. പൊതു ചാര്‍ജറുകള്‍ ഉപയോഗിക്കുമ്പോള്‍ വളരെയെളുപ്പം ഈ ചതിക്കുഴിയില്‍ ഇരകളെ വീഴ്ത്താന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും. നിങ്ങളുടെ വിവരങ്ങള്‍ മാത്രമല്ല മൊബൈല്‍ ഇന്റര്‍നെറ്റ് ഡേറ്റയും ഇതേ രീതിയില്‍ മോഷ്ടിക്കപ്പെടാം. മാല്‍വെയറുകള്‍ ഉപയോഗിച്ച് നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും ജിപിഎസ് വിവരങ്ങളും സാമ്പത്തിക ഇടപാടുകളുടെ രേഖകളുമെല്ലാം ഹാക്കര്‍മാര്‍ക്ക് എളുപ്പം കൈവശപ്പെടുത്താനാവും. 

 

ജ്യൂസ് ജാക്കിങ്ങില്‍ നിന്നും രക്ഷപ്പെടാനുള്ള ഏറ്റവും പ്രധാന മാര്‍ഗം എഫ്ബിഐ പറഞ്ഞതു തന്നെയാണ്. ഒരു കാരണവശാലും പൊതു ചാര്‍ജറുകള്‍ ഉപയോഗിച്ച് ചാര്‍ജു ചെയ്യാതിരിക്കുക. പവര്‍  ബാങ്കോ സ്വന്തം ചാര്‍ജറോ ഇതിന് പകരം ഉപയോഗിക്കാം. ചാര്‍ജു ചെയ്യുന്ന സമയത്ത് ഫോണ്‍ ലോക്കാണെന്ന് ഉറപ്പുവരുത്തുന്നത് എളുപ്പം വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിന്നും ഹാക്കര്‍മാരെ തടയുന്നു. ആന്‍ഡ്രോയിഡ് ആണെങ്കിലും ഐഒഎസ് ആണെങ്കിലും ഓട്ടമാറ്റിക് ഡേറ്റ ട്രാന്‍സ്ഫര്‍ ഡിസേബിള്‍ ചെയ്യുന്നതോടെ ഒരു പരിധി വരെ ഡേറ്റ മോഷണം തടയാനാവും. യുഎസ്ബി കോണ്ടം പോലുള്ള ഉപകരണങ്ങളും ഇത്തരം സൈബര്‍ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കും.

 

English Summary: FBI warns against using public phone charging stations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com