ADVERTISEMENT

ലോകത്തെ ഏറ്റവും പണക്കാരായ മനുഷ്യരുടെ പട്ടികയില്‍ അധികം കേട്ടുപരിചയമില്ലാത്ത പേരായിരിക്കും സ്റ്റീവ് ബാള്‍മറിന്റേത്. ബില്‍ ഗേറ്റ്‌സിന്റെ അസിസ്റ്റന്റായി മൈക്രോസോഫ്റ്റില്‍ ജോലി ചെയ്തു തുടങ്ങിയ സ്റ്റീവ് ഇന്ന് ലോകത്തെ അഞ്ചാമത്തെ പണക്കാരനായ മനുഷ്യനാണ്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ സാക്ഷാല്‍ ബില്‍ ഗേറ്റ്‌സിന്റെ തൊട്ടു താഴെയാണ് സ്റ്റീവ് ബാള്‍മറിന്റെ സ്ഥാനം. 

1980ല്‍ ഇരുപത്തിനാലാമത്തെ ജീവനക്കാരനായാണ് സ്റ്റീവ് ബാള്‍മര്‍ മൈക്രോസോഫ്റ്റിലെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ലോകത്തെ ഏറ്റവും പണക്കാരായവരുടെ പട്ടിക ബ്ലൂംബര്‍ഗ് പുറത്തുവിട്ടപ്പോള്‍ സ്റ്റീവിന്റെ സമ്പാദ്യം 117 ബില്യണ്‍ ഡോളറായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബില്‍ഗേറ്റ്‌സിനേക്കാള്‍ അഞ്ചു ബില്യണ്‍ ഡോളര്‍ മാത്രമാണ് സ്റ്റീവ് ബാള്‍മറിന്റെ സമ്പാദ്യത്തില്‍ കുറവുള്ളത്. ബില്‍ ഗേറ്റ്‌സിന്റെ സമ്പാദ്യം 122 ബില്യണ്‍ ഡോളറായാണ് ബ്ലൂംബര്‍ഗ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ഈ വര്‍ഷം മാത്രം 30 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് സ്റ്റീവ് ബാള്‍മറിന്റെ സമ്പാദ്യത്തില്‍ സംഭവിച്ചിരിക്കുന്നത്. എലോണ്‍ മസ്‌ക്, ബെര്‍ണാഡ് അര്‍നോള്‍ട്ട്, ജെഫ് ബെസോസ്, ബില്‍ ഗേറ്റ്‌സ് എന്നിവര്‍ മാത്രമാണ് സ്റ്റീവിന് മുന്നിലുള്ളത്. ആദ്യ പത്തു സ്ഥാനക്കാരില്‍ സ്റ്റീവ് ബാള്‍മറിന് പിന്നില്‍ ലാരി എലിസണ്‍, വാരണ്‍ ബഫറ്റ്, ലാറി പേജ്, മാര്‍ക്ക് സുക്കര്‍ബര്‍ഗ്, സെര്‍ജി ബിന്‍ എന്നിങ്ങനെയുള്ള പ്രമുഖരുണ്ട്. അതി സമ്പന്നന്മാരുടെ പട്ടികയില്‍ ആദ്യപത്തുപേരില്‍ സ്റ്റീവ് ബാള്‍മര്‍ മാത്രമാണ് സ്വന്തം സ്ഥാപനം തുടങ്ങാത്തയാള്‍ എന്ന സവിശേഷതയുമുണ്ട്. 

ഹാര്‍വഡ് സര്‍വകലാശാലയിലെ പഠനത്തിനിടെയാണ് ബാള്‍മര്‍ ബില്‍ഗേറ്റ്‌സിനെ പരിചയപ്പെടുന്നത്. കൊളജ് പഠനം പാതിവഴിയില്‍ അവസാനിപ്പിച്ച് ബില്‍ ഗേറ്റ്‌സ് മൈക്രോസോഫ്റ്റ് തുടങ്ങുന്നു. അതേസമയം 1977ല്‍ തന്നെ ഗണിതത്തിലും സാമ്പത്തികശാസ്ത്രത്തിലും ബാള്‍മര്‍ ഹാര്‍വഡില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കുന്നുണ്ട്. 

ballmer-2
Oleg Anisimov/shutterstock

കോളജ് പഠനത്തിനു ശേഷമാണ് സ്റ്റീവ് ബാള്‍മര്‍ മൈക്രോസോഫ്റ്റില്‍ ചേരുന്നത്. ആദ്യം പ്രസിഡന്റായിരുന്ന ബില്‍ ഗേറ്റ്‌സിന്റെ അസിസ്റ്റന്റായാണ് ജോലി തുടങ്ങുന്നത്. പിന്നീട് മൈക്രോസോഫ്റ്റിന്റെ ബിസിനസ് മാനേജരായി മാറുന്നു. വര്‍ഷങ്ങള്‍ കൊണ്ട് പടി പടിയായി ഉയര്‍ന്ന് പ്രസിഡന്റു വരെയായി. ബില്‍ഗേറ്റ്‌സ് മൈക്രോസോഫ്റ്റില്‍ നിന്നും വിരമിച്ചപ്പോള്‍ മൈക്രോസോഫ്റ്റ് സി.ഇ.ഒ സ്ഥാനത്തേക്കെത്തിയതും സ്റ്റീവ് ബാള്‍മര്‍ തന്നെ. 2014ലാണ് സ്റ്റീവ് ബാള്‍മര്‍ മൈക്രോസോഫ്റ്റ് സി.ഇ.ഒ സ്ഥാനത്തു നിന്നും പടിയിറങ്ങുന്നതും വിരമിക്കുന്നതും. അതേ വര്‍ഷം തന്നെ അദ്ദേഹം എന്‍ബിഎയിലെ ലോസ് എഞ്ചല്‍സ് ക്ലിപ്പേഴ്‌സ് എന്ന ബാസ്‌ക്കറ്റ്‌ബോള്‍ ടീമിനെ രണ്ടു ബില്യണ്‍ ഡോളര്‍ ചിലവിട്ട് വാങ്ങുന്നുണ്ട്. 

മൈക്രോസോഫ്റ്റില്‍ തന്നെയാണ് സ്റ്റീവ് ബാള്‍മറിന്റെ സമ്പന്നത ഒളിഞ്ഞു കിടക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ മൈക്രോസോഫ്റ്റ് ഓഹരിയില്‍. ഏതാണ്ട് നാലു ശതമാനത്തോളം മൈക്രോസോഫ്റ്റ് ഓഹരി സ്റ്റീവ് ബാള്‍മറിന്റെ പേരിലാണെന്നാണ് കരുതപ്പെടുന്നത്.

2023ല്‍ മാത്രം മൈക്രോസോഫ്റ്റ് ഓഹരികള്‍ 40 ശതമാനമാണ് കുതിച്ചുയര്‍ന്നത്. നിര്‍മിത ബുദ്ധിയുടെ ഉപയോഗത്തില്‍ നേടിയ മികവാണ് മൈക്രോസോഫ്റ്റിന്റെ കുതിപ്പിനു പിന്നില്‍. സ്റ്റീവ് ബാള്‍മര്‍ എന്ന അതിസമ്പന്നന്റെ പിന്നിലെ കരുത്തും മൈക്രോസോഫ്റ്റ് എന്ന കമ്പനിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com