ADVERTISEMENT

ലോകത്തിന്റെ ഗതി മാറ്റിയേക്കും എന്നു കരുതുന്ന സാങ്കേതിക വിദ്യയായ നിര്‍മിത ബുദ്ധി (എഐ) വികസിപ്പിക്കുന്ന കാര്യത്തില്‍ മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ മുന്നോട്ടുപോകാനുള്ള സുശക്തമായ നീക്കവുമായി ഇന്ത്യ. രാജ്യം സ്വന്തമായി ഒരു എഐ സംവിധാനം വികസിപ്പിച്ചെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ പദ്ധതിക്കായി 10,000 കോടി രൂപയിലേറെ വകമാറ്റിയേക്കുമെന്നാണ് കേന്ദ്ര ഐടി വകുപ്പു മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകൾ. പദ്ധതിക്ക് ഉടന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയേക്കും.

സര്‍വ്വാധികാരമുള്ള എഐ

കംപ്യൂട്ടിങ് ഓഎസ്, സ്മാര്‍ട്ട്‌ഫോണ്‍ ഓഎസ് തുടങ്ങിയവയുടെ കാര്യത്തില്‍ മറ്റു രാജ്യങ്ങളുടെ ടെക്‌നോളജി ഉപയോഗിക്കേണ്ട അവസ്ഥയിലാണ് ഇപ്പോള്‍. പതിന്മടങ്ങ് കരുത്തുറ്റ സാങ്കേതികവിദ്യയായ എഐയുടെ കാര്യത്തില്‍ അത്തരം ഒരു സാഹചര്യം ഉണ്ടാകരുതെന്നും, ഈ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കണം എന്ന ആഗ്രഹത്തോടെയുമാണ് പുതിയ പദ്ധതികള്‍ ഇന്ത്യ ആവിഷ്‌കരിക്കുന്നത്. ഇതിനായി തങ്ങള്‍ക്ക് സര്‍വ്വാധികാരമുള്ള എഐ (sovereign AI) വികസിപ്പിക്കാനാണ് രാജ്യത്തിന്റെ ഉദ്ദേശം. ഇതിനായി രാജ്യത്ത് കംപ്യൂട്ടേഷന്‍ ശേഷി വളര്‍ത്തും. കൂടാതെ, കംപ്യൂട്ട്-ആസ്-എ-സര്‍വിസ് ഇന്ത്യന്‍ സ്റ്റാര്‍ട്ട്-അപ്പുകള്‍ക്ക് ലഭ്യമാക്കും.

Representative Image. Photo Credit : Metamorworks / iStockPhoto.com
Representative Image. Photo Credit : Metamorworks / iStockPhoto.com

ഗവണ്‍മെന്റ്-സ്വകാര്യ മേഖലകള്‍ കൈകോര്‍ക്കും

പുതിയ ലക്ഷ്യപ്രാപ്തിക്കായി പൊതുമേഖലയും സ്വകാര്യമേഖലയും കൈകോര്‍ക്കും. ഉടനെ ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്ന എഐയുടെ കുത്തനെയുള്ള വളര്‍ച്ചയുടെ നേട്ടങ്ങള്‍ കൊയ്യാന്‍ തന്നെയാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. എഐ സാമ്പത്തിക മേഖലയിലും വന്‍ പ്രഭാവമുണ്ടാക്കിയേക്കും എന്നും രാജ്യം മുന്‍കൂട്ടി കാണുന്നു.

10,000-30,000 ജിപിയു കരുത്തില്‍

ഇന്ത്യ സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്ന കംപ്യൂട്ട് കപ്പാസിറ്റി കരുത്ത് ഏകദേശം 10,000-30,000 ജിപിയു (ഗ്രാഫിക് പ്രൊസസിങ് യൂണിറ്റ്) ആയിരിക്കും. അതിനു പുറമെ 1,000-2,000 ജിപിയു കരുത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴിയും സൃഷ്ടിച്ചേക്കും. പ്രശസ്ത എഐ ചാറ്റ് സംവിധാനമായ ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐ ഇപ്പോള്‍ ആശ്രയിക്കുന്നത് 10,000 ജിപിയുവിനെയും, അനുബന്ധ ഉപകരണങ്ങളെയുമാണ് എന്ന വിവരം, കാര്യങ്ങള്‍ക്ക്കൂടുതല്‍ വ്യക്തത വരുത്തും.

ബാർസിലോനയിൽ നടന്ന മൊബൈല്‍ വേൾഡ് കോൺഗ്രസിൽനിന്ന് (Photo by Josep LAGO / AFP)
ബാർസിലോനയിൽ നടന്ന മൊബൈല്‍ വേൾഡ് കോൺഗ്രസിൽനിന്ന് (Photo by Josep LAGO / AFP)

ഉപയോക്താക്കളുടെ ഡേറ്റ ശേഖരിച്ചേക്കും

സുശക്തമയ എഐ സൃഷ്ടിക്കണമെങ്കില്‍ ശുദ്ധമായ ഡേറ്റയും വേണം. ഇതിനായി ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഡേറ്റ ഉപയോഗിക്കാനാണ് സാധ്യത. നിലവില്‍ ഇന്ത്യയില്‍പ്രവര്‍ത്തിക്കുന്ന വിദേശ ഇന്റര്‍നെറ്റ് ഭീമന്മാര്‍ അവരുടെ ഡേറ്റാ സെന്ററുകള്‍ ഇന്ത്യയ്ക്കു വെളിയിലും സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം കമ്പനികള്‍ക്ക് ഇന്ത്യയില്‍ തന്നെ ഡേറ്റാ സെന്ററുകള്‍ സ്ഥാപിക്കാനുള്ള പലവിധ പ്രോത്സാഹനങ്ങളും താമസിയാതെ പ്രഖ്യാപിച്ചേക്കും. ഡേറ്റ ശേഖരിക്കാനായിഒരു ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറും ഇന്ത്യ സ്ഥാപിച്ചേക്കും. വളരെ കുറഞ്ഞ ചിലവില്‍ ഡേറ്റ ശേഖരിക്കാന്‍ ഇതിനു സാധിക്കും.

അതിനു പുറമെ ആമസോണ്‍, ഗൂഗിള്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ കമ്പനികളില്‍ നിന്നും ഉപയോക്താക്കളുടെ ഡേറ്റ ശേഖരിച്ചേക്കും എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വ്യക്തിയെ തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയില്‍ അനോനിമൈസ്ഡ് ആയിട്ടുള്ള ഡേറ്റയായിരിക്കും നല്‍കാന്‍ ആവശ്യപ്പെടുക. ഇങ്ങനെ ശേഖരിക്കുന്ന വ്യക്തിയെ തിരിച്ചറിയാന്‍ സാധിക്കാത്ത ഡേറ്റ ഇന്ത്യന്‍ ഗവേഷകര്‍ക്കും സ്റ്റാര്‍ട്ട്-അപ്പുകള്‍ക്കും നല്‍കാനും അനുശാസിക്കുന്ന ഒരു നിയമത്തിന്റെകരടു രേഖയും ഇപ്പോള്‍ കാണാം.

(Photo by Lionel BONAVENTURE / AFP)
(Photo by Lionel BONAVENTURE / AFP)

ചാറ്റ്ജിപിറ്റി പ്ലസ് സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് ഇങ്ങനെ

നവംബര്‍ 2022ല്‍ അവതരിപ്പിച്ച ചാറ്റ്ജിപിറ്റി അതിന്റെ ജൈത്രയാത്ര ഇപ്പോഴും നിര്‍വിഘ്‌നം തുടരുകയാണ്. ബ്ലോഗ് പോസ്റ്റുകളും, ഇമെയിലുകളും, ലേഖനങ്ങളും ഒക്കെഎഴുതാന്‍ വളരെ ആശ്രയിക്കാവുന്ന ഒന്നാണ് ഇത് എന്നാണ് പരക്കെയുള്ള അഭിപ്രായം. ഈ എഐ സേര്‍ച്ച് സംവിധാനത്തിന്റെ ഫ്രീ വേര്‍ഷനു പുറമെ, ചാറ്റ്ജിപിറ്റി പ്ലസ് എന്ന പേരില്‍ സബ്‌സ്‌ക്രിപ്ഷന്‍ നല്‍കേണ്ട ഒരു വേര്‍ഷനും 2023ല്‍ അവതരിപ്പിച്ചിരുന്നു.

കൂടുതല്‍ ആധൂനികമായ ടൂളുകള്‍ ആണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചാറ്റ്ജിപിറ്റിപ്ലസിന് പുതുക്കിയ വരിസംഖ്യാ നിരക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് ഓപ്പണ്‍എഐഇപ്പോള്‍. വ്യക്തികള്‍ക്ക് പ്രതിമാസം 20 ഡോളറാണ് നിശ്ചയിച്ചിരിക്കുന്നത്. വലിയ കമ്പനികള്‍ക്കും മറ്റും ഇതിലേറെ പണം നല്‍കേണ്ടി വരും.

ലോകത്തെ ഏറ്റവും ശക്തമായ എഐ ഗൂഗിള്‍ ഈ വര്‍ഷം പരിചയപ്പെടുത്തിയേക്കും

Representative Image. Photo Credit : NanoStockk / iStockPhoto.com
Representative Image. Photo Credit : NanoStockk / iStockPhoto.com

എഐയുടെ കാര്യത്തില്‍ ഇതുവരെ ലോകം കണ്ടത് ചാറ്റ്ജിപിറ്റിയുടെ തേരോട്ടമാണെങ്കില്‍, 2024ല്‍ ശക്തമായി തിരിച്ചടിക്കാന്‍ ഒരുങ്ങുകായാണ് സേര്‍ച്ച് ഭീമന്‍ ഗൂഗിള്‍ എന്ന് ദി വേര്‍ജ്. എഐയില്‍ ഒന്നാം സ്ഥാനത്തിനുള്ള മത്സരത്തില്‍ ഇരു കമ്പനികള്‍ക്കും പുറമെ, മെറ്റയും മൈക്രോസോഫ്റ്റും ഉണ്ടായിരിക്കും.

ചാറ്റ്ജിപിറ്റിയോട് കിടപിടിക്കുന്ന എഐ സംവിധാനങ്ങള്‍ അവതരിപ്പിക്കാന്‍ ഇതുവരെ ഗൂഗിളിനു സാധിച്ചിട്ടില്ല എന്ന വിമര്‍ശനത്തിന്റെ മുനയൊടിക്കാന്‍ആയിരിക്കും ഗൂഗിള്‍ ശ്രമിക്കുക. ജെമിനി അള്‍ട്രാ എന്നായിരിക്കാം ഈ വര്‍ഷം ഗൂഗിള്‍ പരിചയപ്പെടുത്താന്‍ ഒരുങ്ങുന്ന അത്യാധൂനിക എഐ സംവിധാനത്തിന്റെ പേര്.

ഫെയ്‌സ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും നിയമ പരിരക്ഷ നഷ്ടമായേക്കാം

ഇന്ത്യയില്‍ ഫെയ്‌സ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും നിയമ പരിരക്ഷ നഷ്ടമായേക്കാമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. തട്ടിപ്പു ലോണ്‍ ആപ്പുകളുടെപരസ്യങ്ങള്‍ കണ്ടെത്തി നീക്കംചെയ്യുന്നതില്‍ ഈ സമൂഹ മാധ്യമങ്ങള്‍ പരാജയപ്പെട്ടാല്‍ ഇവയുടെ നിയമ പരിരക്ഷ എടുത്തു കളയുന്ന കാര്യമാണ് ഗവണ്‍മെന്റ് പരിഗണിക്കുന്നത്. നിലവിലുള്ള ഐടി റൂളുകള്‍ ഇതിനായി പരിഷ്‌കരിച്ചേക്കും. എന്നാല്‍, ഇത് ലോക്‌സഭ തിരഞ്ഞെടുപ്പിനു ശേഷം മാത്രമെഉണ്ടായേക്കൂ എന്നും പറയപ്പെടുന്നു.

നാസയുടെ ചൊവ്വാ ഹെലികോപ്റ്ററുമായി ബന്ധം പുന:സ്ഥാപിച്ചു

ബന്ധം നഷ്ടപ്പെട്ടുപോയ ഇഞ്‌ജെന്യുവിറ്റി എന്ന പേരുള്ള ചൊവ്വാ ഹെലികോപ്റ്ററുമായി തങ്ങളുടെ പെര്‍സിവറന്‍സ് റോവര്‍ ബന്ധം പുന:സ്ഥാപിച്ചു എന്ന് നാസ അറിയിച്ചു. ജനുവരി 18നായിരുന്നു ബന്ധം നഷ്ടപ്പെട്ടത്. ചൊവ്വായില്‍ ഇന്‍ജെന്യുവിറ്റി അതിന്റെ 72-ാം പറക്കല്‍ പൂര്‍ത്തിയാക്കവേയാണ് അതുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. ഹെലികോപ്റ്റര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഭൂമിയിലെ കണ്‍ട്രോൾ സെന്ററുകള്‍ക്ക് കൈമാറുക എന്നതാണ്  പെര്‍സിവറന്‍സ് റോവര്‍ ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com