വിമാനത്തേക്കാള്‍ സ്പീഡുള്ള ട്രെയിന്‍! യാഥാർഥ്യമാക്കാൻ ചൈനീസ് എൻജിനീയർമാർ
Mail This Article
ഏത്രയും വേഗം അകലെ ഒരു സ്ഥലത്തെത്താന്‍ ഒരു നൂറ്റാണ്ടിലേറെയായി മനുഷ്യരാശി ആശ്രയിച്ചുവരുന്നത് വിമാനങ്ങളെയാണ്. എന്നാല്‍, അടുത്ത ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ മണിക്കൂറില്‍ 1,243 മൈല്‍ താണ്ടാന്‍ സാധിക്കുന്ന ട്രെയിന്‍ യാഥാര്‍ഥ്യമാക്കാൻ സാധിക്കുമെന്ന് ഗവേഷകര്‍ കരുതുന്നു. ബോയിങ് 737 വിമാനത്തിന്റെ ഇരട്ടിയിലേറെ വേഗത! ടി-ഫ്‌ളൈറ്റ് ടെക്‌നോളജിയാണ് പുതിയ ട്രെയിനുകള്‍ക്ക് പിന്‍ബലം നല്‍കുക.
Read more:ആകാശത്ത് ചിറകുവിരിച്ച പച്ചനിറത്തിലെ വമ്പൻ പക്ഷി, ചൊവ്വയിലെ പുളയുന്ന പാമ്പുകൾ; കൗതുക ചിത്രങ്ങൾ
ടി-ഫ്‌ളൈറ്റ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിനുകള്‍ ഇപ്പോള്‍ നടത്തിയ പ്രാരംഭ പരീക്ഷണങ്ങളില്‍ മണിക്കൂറില്‍ 387 മൈല്‍ സ്പീഡ് വരെ നേടിയിരിക്കുകയാണ്. വരും വര്‍ഷങ്ങളില്‍ ഇതിന്റെ സാധ്യത പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാനായേക്കും എന്ന പ്രതീക്ഷ നല്‍കുന്നത്. നിലവില്‍ ഏറ്റവും വേഗതയേറിയ ട്രെയിന്‍ ജപ്പാന്റെ എംഎല്‍എക്‌സ്01 മാഗ്‌ലെവ് ആണ്. അതിന്റെ സ്പീഡ് സെക്കന്‍ഡില്‍ 361 മൈല്‍ ആണ്. പരീക്ഷണ ഘട്ടത്തില്‍തന്നെ പുതിയ മാഗ്‌ലെവ് ടെക്‌നോളജിയായ ടി-ഫ്‌ളൈറ്റ് നിലവിലുളള മാഗ്‌ലെവ് സാങ്കേതികവിദ്യയെ മറികടന്നതോടെയാണ് പുത്തന്‍ പ്രതീക്ഷ ഉണര്‍ന്നിരിക്കുന്നത്.
ശബ്ദത്തേക്കാള്‍ വേഗതയുള്ള ട്രെയിന്‍ ഉണ്ടാക്കാമെന്ന് സ്വപ്നം
അള്‍ട്രാ ഹൈസ്പീഡ് ട്രെയിന്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കന്‍ ശ്രമിക്കുന്നത് ചൈനീസ് എൻജിനീയമാരാണ്. ടി-ഫ്‌ളൈറ്റ് സാങ്കേതികവിദ്യയും മാഗ്നെറ്റിക്ലെവിറ്റേഷന്‍ (മാഗ്‌ലെവ്) പ്രയോജനപ്പെടുത്തുന്നു. പോഡുകളെ (അത്യാധൂനിക ബോഗി) കാന്തികമായി അതിന്റെ ട്രാക്കില്‍ നിന്ന് ഉയര്‍ത്തി നിറുത്തി, ഗ്ലൈഡ് (തെന്നിയകലുന്ന) ചെയ്യിക്കുന്ന സാങ്കേതികവിദ്യയാണിത്. സാധാരണ ട്രെയിനുകളുടെ ചക്രങ്ങളും പാളവും തമ്മിലുണ്ടാകുന്ന ഘര്‍ഷണത്തില്‍ നഷ്ടമാകുന്ന സ്പീഡ് പോലും ഇതിന് പ്രശ്‌നമല്ല. വിദൂര സ്ഥലങ്ങളിലേക്ക് അതിവേഗം എത്താനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളിലൊന്നായി ഇത് താമസിയാതെ മാറിയേക്കും.
ആശയം പഴയത്
ടി-ഫ്‌ളൈറ്റിനു പിന്നിലുള്ള ആശയം താരതമ്യേന പഴയതാണ്. അമേരിക്കന്‍ എൻജീനിയറായ റോബട്ട് ഗോദാര്‍ദ് ആണ് ഇത് ആദ്യമായി മുന്നോട്ടുവച്ചത്. ആരും ഏറ്റെടുക്കാതിരുന്നഈ സങ്കല്‍പ്പം 2013ല്‍ സ്‌പെയസ്എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് സമര്‍പ്പിച്ച ഒരു ധവള പത്രത്തോടെ വീണ്ടും ജീവനാര്‍ജ്ജിക്കുകയായിരുന്നു. വാക്വം ട്യൂബുകളിലുടെ ഘര്‍ഷണമില്ലാതെ ഒഴുകി നീങ്ങുന്നവയാണ് മാഗ്‌ലെവ് ട്രെയിനുകള്‍. യാത്രയ്ക്ക് ഉപയോഗിക്കുന്ന പോഡുകളെ ട്രാക്കുകളില്‍നിന്ന് ഉയര്‍ത്തുന്നതിനാല്‍ സാധാരണ ട്രെയിന്‍ യാത്രയുടെ ഒച്ചയും ബഹളവും സൃഷ്ടിക്കപ്പെടുന്നുമില്ല.
നിലവിലെ വാക്വം ട്യൂബുകളില്‍ വായുവിന്റെ മര്‍ദ്ദം യാത്രയുടെ സ്പീഡ് ഒരു പരിധിക്കപ്പുറത്ത് വര്‍ദ്ധിപ്പിക്കുന്നതിന് തടസമാകുന്നു. എന്നാല്‍ ഇനി ഉണ്ടാക്കാന്‍പോകുന്ന വാക്വം ട്യൂബുകള്‍ക്ക് നിലവിലെ വേഗതയുടെ ഏഴു മടങ്ങുവരെ വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചേക്കുമെന്നാണ് പ്രതീക്ഷ.
ചൈനാ എറോസ്‌പേസ് സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ (കാസിക്) ആണ് പുതിയ സാധ്യത തേടി മുന്നിട്ടിറങ്ങിയിരിക്കുന്നതെന്ന് ന്യൂ അറ്റ്‌ലസിനെ ഉദ്ധരിച്ച്, ലൈവ് സയന്‍സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ആദ്യ ഘട്ട പരീക്ഷണങ്ങള്‍ ചെറിയ ദൂരത്തിലാണ് നടത്തിയത്. രണ്ടു കിലോമീറ്റര്‍ നീളമുള്ള ട്രാക്കില്‍ നടത്തിയ പരീക്ഷണമാണ് ഇപ്പോള്‍ ഈ വേഗം കൈവരിച്ചിരിക്കുന്നത്. അടുത്ത ഘട്ട പരീക്ഷണങ്ങള്‍ 60 കിലോമീറ്റര്‍ ട്രാക്കില്‍ നടത്താനാണ് കാസിക്കിന്റെ ഉദ്ദേശം. ഈ ഘട്ടത്തില്‍ മണിക്കൂറില്‍ 621 മൈല്‍ വേഗത ആര്‍ജ്ജിക്കാനാകുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.
കടക്കാന്‍ കടമ്പകള്‍ ഏറെ
പ്രതീക്ഷിക്കുന്ന വേഗതയായ മണിക്കൂറില്‍ 1,243 മൈല്‍ ആര്‍ജ്ജിക്കാന്‍ ടി-ഫ്‌ളൈറ്റ് വാഹനത്തിന് സാധിച്ചാല്‍ അത് നാസയുടെ പരീക്ഷണ ഘട്ടത്തിലുള്ള എക്‌സ്-59 വിമാത്തേക്കാള്‍ സ്പീഡില്‍ സഞ്ചരിക്കും. എക്‌സ്-59ന്റെ പരമാവധി വേഗം മണിക്കൂറില്‍ 937 മൈല്‍ ആണ്. അതേസമയം, കോണ്‍കോഡിന്റെ സൂപ്പര്‍സോണിക് വിമാനങ്ങളുടെ വേഗതയായ മണിക്കൂറില്‍ 1,350 മൈല്‍ ആര്‍ജ്ജിക്കാന്‍, ടി-ഫ്‌ളൈറ്റിന് സാധ്യമല്ലെന്നാണ് കണക്കു കൂട്ടല്‍.
എന്നാല്‍, ടി-ഫ്‌ളൈറ്റ് ട്രെയിനുകള്‍ക്ക് പ്രതീക്ഷിക്കുന്ന വേഗത ആര്‍ജ്ജിക്കാന്‍ പ്രായോഗിക കടമ്പകള്‍ ഏറെയുണ്ട്. പരീക്ഷണങ്ങള്‍ക്ക് തന്നെ വന്‍ തോതില്‍ പണവുംവേണ്ടിവരും. എന്തായാലും, ഒരു ഹൈപ്പര്‍ലൂപ് ട്രെയിനിന് ഇപ്പോള്‍ 387 മൈല്‍ വേഗത ആര്‍ജ്ജിക്കാനായിരിക്കുന്നു എന്ന നേട്ടം ആഘോഷിക്കുകയാണ് ശാസ്ത്രലോകം.
സിവില്‍ സര്‍വിസിലും എഐയുടെ ശേഷി പ്രയോജനപ്പെടുത്താന്‍ റിഷിയുടെ ബ്രിട്ടണ്‍
നിര്‍മിത ബുദ്ധി (എഐ) നല്‍കുന്ന ഉത്തരങ്ങളില്‍ തെറ്റു കടന്നുവരാമെന്നും, അതിനാല്‍ തന്നെ മനുഷ്യര്‍ ജോലി ചെയ്യേണ്ടായി ഉണ്ട് എന്നുമാണ് ചില വിശകലനവിദഗ്ധര്‍പറയുന്നത്. എന്നാല്‍, എഐയുടെ ശേഷി പരമാവധി സിവല്‍ സര്‍വിസ് ജോലികള്‍ക്കു പോലും പ്രയോജനപ്പെടുത്താനാണ് റിഷി സുനകിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്ന് ഫൈനാന്‍ഷ്യല്‍ ടൈംസ്. യുകെയുടെ ഉപപ്രധാനമന്ത്രി ഒളിവര്‍ ഡൗഡന്‍ ഉടനെ പരിചയപ്പെടുത്താനിരിക്കുന്നറെഡ് ബോക്‌സ് ടൂള്‍ തന്നെ ഇതിന് ഒരു ഉദാഹരണമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിശ്വസനിയമായ കേന്ദ്രങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ ശേഖരിക്കാനും, സംക്ഷേപിച്ചു നല്‍കാനുമുള്ള എഐ ടൂളായിരിക്കും ഇതെന്നാണ് പറയുന്നത്. ഡൗഡന്‍ പറയുന്നത് 25 സിവില്‍ സര്‍വന്റ്‌സിനെ ഇരുത്തി മൂന്നു മാസം പണിയെടുപ്പിച്ചാല്‍ കിട്ടുന്ന റിസൽട്ട് അതിവേഗം ലഭിക്കാന്‍ ഉതകുന്നതാണ് റെഡ് ബോക്‌സ് എന്നാണ്. ഇങ്ങനെ കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ ആരെക്കൊണ്ടെങ്കിലും പരിശോധിപ്പിച്ച് ആധികാരികത ഉറപ്പാക്കണമെങ്കില്‍ പോലും സേവന വകുപ്പുകളില്‍ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കും എന്ന തോന്നല്‍ മൂലമാണ് റിഷി ഗവണ്‍മെന്റ് ഈ വഴി സ്വീകരിക്കുന്നതത്രെ.
എഐയുടെ കടന്നുകയറ്റം ഒഴിവായേക്കാവുന്ന മേഖലകളിലൊന്നാണ് സിവില്‍ സര്‍വിസ് എന്ന് ആരെങ്കിലും കരുതിയിരുന്നെങ്കില്‍ വീണ്ടുവിചാരം നടത്തേണ്ട സമയമാണിതെന്ന് റിപ്പോര്‍ട്ടുകള്‍പറയുന്നു. അതി ശ്രദ്ധ വേണ്ട ചില കാര്യങ്ങളിലൊഴികെ എഐയെ പ്രവേശിപ്പിക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നതത്രെ.
എഐയെക്കുറിച്ച് പ്രധാനമന്ത്രിയും ബില്‍ ഗേറ്റ്‌സും ചര്‍ച്ച നടത്തി
പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ എഐയുടെ ശേഷി പ്രയോജനപ്പെടുത്തുന്ന കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ഇപ്പോള്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സും ചര്‍ച്ച നടത്തി. തങ്ങളുടെ സംഭാഷണം ഗംഭീരമായിരുന്നു എന്ന് പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. നേരത്തെ വിദേശകാര്യ വകുപ്പു മന്ത്രി എസ്. ജയശങ്കറുമായും ഗേറ്റ്‌സ് ചര്‍ച്ച നടത്തിയിരുന്നു.
ഇന്ത്യന്‍ ടെക്‌നോളജിയെ പ്രകീര്‍ത്തിച്ച് ഗേറ്റ്‌സ്
എഐയുടെ കാര്യത്തില്‍ ഇന്ത്യ ഗംഭീര മുന്നേറ്റമാണ് നടത്തുന്നതെന്ന് ഗേറ്റ്‌സ് അഭിപ്രായപ്പെട്ടു. ഈ മേഖലയില്‍ ഇന്ത്യ ലോക നേതൃനിരയിലേക്ക് ഉയരുമെന്നും അദ്ദേഹംപറഞ്ഞു. രാജ്യത്തെ വാധ്വാനി (Wadhwani), ഐഐടി ഗ്രൂപ്പുകളെക്കുറിച്ച് ഗേറ്റ്‌സ് പുകഴ്ത്തി പറഞ്ഞു.