വാള്‍-ഇ ക്യാമറയുമായി നതിങ് ഫോണ്‍ (2എ)!; വിലയും വിശദാംശങ്ങളും അറിയാം
Mail This Article
വ്യത്യസ്തമായ ഒരു ഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുകയായിരുന്നോ? പരിഗണിക്കാം പുതിയ നതിങ് ഫോണ്‍ (2എ) മോഡല്‍. വിലയും ഫീച്ചറുകളും നോക്കിയാല്‍ ഒരുപക്ഷേ, 19,999 രൂപയ്ക്ക് ഇപ്പോള്‍ വാങ്ങാവുന്ന ഏറ്റവും മികച്ച ഹാന്‍ഡ്‌സെറ്റുകളിലൊന്നാണ് നതിങ് ഫോണ്‍ (2എ). ഫോണിന്റെ 8+128ജിബി വേരിയന്റിന്റെ വില 23,999 രൂപയാണ്. ഈ മോഡല്‍ മാര്‍ച്ച് 12 വരെ ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍ക്കുന്നത് 19,999 രൂപയ്ക്കാണ്. കുറച്ചു ഫോണുകള്‍ മാത്രമായിരിക്കും ഈ വിലയ്ക്കു വില്‍ക്കുക എന്നാണ് സൂചന.
സ്മാര്‍ട്ഫോണ്‍ നിര്‍മാണ മേഖലയിലേക്ക് അവസാനമെത്തി ശ്രദ്ധ പിടിച്ചുപറ്റിയ കമ്പനികളിലൊന്നയ നതിങ് ഇത്തവണയും വ്യത്യസ്തമായ ലുക്ക് ഉള്ള ഫോണാണ് ഇറക്കിയിരിക്കുന്നത്. ഫോണിനെ ശ്രദ്ധേയമാക്കുന്ന പ്രധാന മാറ്റം പിന്‍ക്യാമറകള്‍ പിടിപ്പിച്ചിരിക്കുന്ന രീതിയാണ്. ഇത് 2008ല്‍ പുറത്തിറക്കിയ വാള്‍-ഇ (WALL-E) സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടതുപോലെയുള്ള ഇരട്ട 'പിന്‍ ക്യാമറാ കണ്ണുകളാണ്'.
പ്രധാന ഫീച്ചറുകള്‍
പീക് ബ്രൈറ്റ്‌നസ് 1300 വരെയുള്ള 6.7-ഇഞ്ച് ഫുള്‍എച്ഡി പ്ലസ് അമോലെഡ് സ്‌ക്രീനാണ്. മീഡിയാടെക് ഡിമെന്‍സിറ്റി 720 പ്രോ പ്രൊസസറാണ് ശക്തി പകരുന്നത്. വേരിയന്റുകള്‍ ഇങ്ങനെ-128+ 8ജിബി, 256+ 8ജിബി, 256+12ജിബി. ഇരട്ട പിന്‍ക്യാമറകള്‍ക്ക് റസലൂഷന്‍ 50എംപി വീതം. 4കെ/30പി വരെ വിഡിയോ റെക്കോഡിങ്. ഡിസ്‌പ്ലെയ്ക്കുള്ളില്‍ തന്നെയുള്ള ഒപ്ടിക്കല്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍. ബാറ്ററി 5000എംഎഎച്, 45w ചാര്‍ജിങ്. ആന്‍ഡ്രോയിഡ് 14-കേന്ദ്രമായി സൃഷ്ടിച്ച നതിങ് ഒഎസ് 2.5ല്‍ പ്രവര്‍ത്തിക്കുന്നു.
പ്രശസ്ത ടെക് യൂട്യൂബര്‍ മാര്‍ക്കസ് ബ്രൗണ്‍ലീ ഫോണ്‍ റിവ്യൂ ചെയ്തിട്ടുണ്ട്. നതിങ് ഫോണ്‍ (2എ) കുറഞ്ഞ വിലയുള്ള നല്ലൊരു ഫോണാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ക്യാമറകളില്‍ ഹൈ-എന്‍ഡ് ഫോണുകളുടെ പ്രകടനം പ്രതീക്ഷിക്കേണ്ട. എന്നാല്‍, അത്ര മോശവുമല്ലെന്ന് ബ്രൗണ്‍ലീ വിധിയെഴുതുന്നു. പുതിയ കാലത്തെ ഫോണുകളില്‍ പ്രതീക്ഷിക്കുന്നതു പോലെ ജനറേറ്റിവ് എഐയും ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അല്‍പ്പം അധിക പകിട്ട് തോന്നിക്കുന്നത് മുതിര്‍ന്നവര്‍ക്ക് ഇഷ്ടപ്പെടുമോ എന്ന സംശയം ഉയരുന്നു. പുതിയ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന യുവജനങ്ങള്‍ക്ക് പരിഗണിക്കാവുന്ന ഫോണാണ് നതിങ് ഫോണ്‍ (2എ) എന്നാണ് സൂചന.
പരീക്ഷണ ഘട്ടത്തിലുള്ള എഐ ടൂളുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സമ്മതം വാങ്ങണം
പൂര്‍ണമായും ആശ്രയിക്കാനാകാത്ത, നിര്‍മിത ബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായ ടൂളുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ. കൂടാതെ, പരീക്ഷണഘട്ടത്തിലുള്ള എഐ സംവിധാനങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിപ്പിക്കുന്നതിനു മുമ്പ് സർക്കാരിന്റെ അനുമതി വാങ്ങിയിരിക്കണമെന്നും ഐടി മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് ഗൂഗിളിന്റെ ജെമിനി നല്‍കിയ ഉത്തരം വിവാദമായ കാര്യം നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ.
കൂടുതല്‍ വിശദീകരണവുമായി മന്ത്രി
ആദ്യം ഇറക്കിയ അഡ്വൈസറിക്കു വിശദീകരണവുമായി ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന എഐ മോഡലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ചാണ് മന്ത്രി റഞ്ഞത്. ഇത് സമൂഹത്തിന് ഗുണംചെയ്യില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, നേരത്തേ ഇറക്കിയ അഡൈ്വസറി പൂര്‍ണമായും പാലിക്കേണ്ടതായില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, സർക്കാർ ഇറക്കിയ നിര്‍ദേശം ടെക്‌നോളജി കമ്പനികള്‍ ഗൗരവത്തില്‍ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐഫോണുകളും ഗ്യാലക്‌സി എസ്23 അള്‍ട്രാ 5ജിയും വിലക്കുറവില്‍!
ഇതെഴുതുന്ന സമയത്ത് വില കുറച്ചു വില്‍ക്കുന്ന ഏതാനും ഫോണുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതാ. ഒരു വില്‍പനമേളയുടെയും ഭാഗമല്ലാത്തതിനാല്‍ എത്ര ദിവസത്തേക്കു കിഴിവ് നല്‍കുന്നത് തുടരും എന്ന കാര്യം വ്യക്തമല്ല.
സാംസങ് ഗ്യാലക്‌സി എസ്23 അള്‍ട്രാ 5ജി 1,09,999 രൂപയ്ക്ക്!
എംആര്‍പി 1,49,999 രൂപയുള്ള സാംസങ് ഗ്യാലക്‌സി എസ്23 അള്‍ട്രാ 5ജി ഇപ്പോള്‍ 1,09,999 രൂപയ്ക്ക് വാങ്ങാം! ഈ പ്രീമിയം ഫോണിന്റെ 12+256ജിബി വേരിയന്റിനാണ് ഈ വില. പലിശരഹിത തവണ വ്യവസ്ഥയും, ബാങ്ക് കാര്‍ഡുകള്‍ക്കുളള ആനുകൂല്യങ്ങളും പുറമെ ഉണ്ട്.
ഐഫോണ്‍ 14 പ്ലസ് ഇപ്പോള്‍ 66,999 രൂപയ്ക്ക്
എംആര്‍പി 89,900 രൂപയുള്ള 128ജിബി ഐഫോണ്‍ 14 പ്ലസ് ഇതെഴുതുന്ന സമയത്ത് ആമസോണ്‍ 66,999 രൂപയ്ക്ക് വില്‍ക്കുന്നു. പലിശരഹിത തവണ വ്യവസ്ഥയിലും ഇത് വാങ്ങാം.
ഐഫോണ്‍ 14 മോഡല്‍ 58,999 രൂപയ്ക്ക്
എംആര്‍പി 69,900 രൂപ വരുന്ന ഐഫോണ്‍ 14ന്റെ 128ജിബി വേരിയന്റും ഇപ്പോള്‍ ആമസോണ്‍ വില കുറച്ചു വില്‍ക്കുന്നുണ്ട്. ഇപ്പോള്‍ ഈ മോഡല്‍ 58,999 രൂപയ്ക്ക് വാങ്ങാം.
ആപ്പിളിന് 1.95 ബില്യന്‍ ഡോളര്‍ പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍
ഉപയോക്താക്കള്‍ക്ക് ആപ്പിളിന്റെ ആപ് സ്റ്റോറിനു വെളിയിലും പണമടയ്ക്കല്‍ സംവിധാനം ഒരുക്കാത്തതിന് യൂറോപ്യന്‍ യൂണിയന്‍ ആപ്പിളിന് 1.95 ബില്യന്‍ ഡോളര്‍പിഴയിട്ടു. സ്‌പോട്ടിഫൈ അടക്കമുള്ള മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ നല്‍കിയ പരാതിയിലാണ് ഇയുവിന്റെ യൂറോപ്യന്‍ കമ്മിഷന്‍ പിഴയിട്ടത്. ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ പലതും അവരുടെ കുത്തകയാക്കി വച്ചിരിക്കുന്നതിനെതിരെയാണ്പിഴ. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ ഗൂഗിളിന് മൊത്തം 8.25 ബില്യന്‍ യൂറോ പിഴ ചുമത്തിയിട്ടുണ്ട്.
ഇന്റര്‍നെറ്റില്‍ ചില കമ്പനികള്‍ പുലര്‍ത്തുന്ന ആധിപത്യത്തിനെതിരെ ഉള്ള നീക്കത്തില്‍ ഇയു, ബില്യനയര്‍ ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ എക്‌സ് പ്ലാറ്റ്‌ഫോമിനെയും പെടുത്തിയേക്കുമെന്ന് ബ്ലൂംബര്‍ഗ്. തങ്ങളുടെ പരിധിയിലുള്ള പ്രദേശങ്ങളില്‍ എന്തു ചെയ്യണം, ചെയ്യേണ്ട എന്ന കാര്യത്തില്‍ പുതിയ നിബന്ധനകള്‍ ഗൂഗിള്‍ സേര്‍ച്ച്, ആപ്പിള്‍, ആമസോണ്‍, മെറ്റാ പ്ലാറ്റ്‌ഫോം തുടങ്ങിയ കമ്പനികള്‍ക്ക് ഇയു നല്‍കി.
ഇയുവിന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ടിന്റെ (ഡിഎംഎ) പരിധി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമാണ് പുതിയ നിയമങ്ങള്‍. നിലവില്‍ മസ്കിന്റെ എക്‌സിന് ഇത് ബാധകമല്ലെങ്കിലും താമസിയാതെ ആ കമ്പനിയെയും ഡിഎംഎയുടെ പരിധിയില്‍ കൊണ്ടുവന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
മൈക്രോസോഫ്റ്റ് കോപൈലറ്റ് ഇനി ഫയലുകള്‍ വിശകലനം ചെയ്യും
മൈക്രോസോഫ്റ്റ് കമ്പനിയുടെ, എഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കോപൈലറ്റ് താമസിയാതെ ടെക്സ്റ്റുകള്‍ വിശകലനം ചെയ്യുകയും അവയുടെ രത്‌നച്ചുരുക്കം നല്‍കുകയുംചെയ്യാന്‍ ശേഷി ആര്‍ജ്ജിച്ചേക്കും. ഈ ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷണഘട്ടത്തിലാണ്.
സ്‌പോര്‍ട്‌സ് തന്ത്രങ്ങള്‍ മെനയാന്‍ എഐ ധാരാളമായി പ്രയോജനപ്പെടുത്തിയേക്കും
സ്‌പോര്‍ട്‌സ് മേഖലയിലെ വിശകലങ്ങള്‍ മനുഷ്യരെക്കാള്‍ പതിന്മടങ്ങ് മികവോടെ നടത്താനുള്ള ശേഷിയും എഐ ആര്‍ജ്ജിക്കുന്നു. സ്‌പോര്‍ട്‌സിലെ നിർണായക നിമിഷമാണ് എഐയുടെ കടന്നുവരവ് എന്നാണ് ഇഎസ്പിഎന്‍ വൈസ് പ്രസിഡന്റ് കിവിന്‍ ലോപസ് പറഞ്ഞത്. ജനറേറ്റിവ് എഐയുടെ സാധ്യതകളെക്കുറിച്ച് അധികമാര്‍ക്കും ഇപ്പോള്‍ വലിയ ധാരണയൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ദിവസവുമെന്നവണ്ണം എഐ പുതിയ ശേഷി ആര്‍ജ്ജിക്കുന്നു. പുറംതിരിഞ്ഞു നില്‍ക്കാതെ എഐ പ്രവാഹത്തിനൊപ്പം ചേരാനായില്ലെങ്കില്‍ പിന്തള്ളപ്പെടും എന്നാണ് ഫിലാഡെല്‍ഫിയ സെവന്റിസിക്‌സേഴ്‌സിന്റെ പ്രസിഡന്റ് ഡാരില്‍ മോറി പറഞ്ഞത്.