യൂട്യൂബിന് വെല്ലുവിളി ഉയര്‍ത്താന്‍ എക്‌സ്! വിഡിയോ ക്രീയേറ്റര്‍മാർക്ക് പുതിയ സാധ്യതകൾ
Mail This Article
ടെസ്‌ലാ മേധാവി ഇലോണ്‍ മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ മാധ്യമമായ എക്‌സ്, പ്രശസ്ത വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആയ യൂട്യൂബിന് വെല്ലുവിളി ഉയര്‍ത്താന്‍ ഒരുങ്ങുന്നതായി റിപ്പോർട്ടുകള്‍. പുതിയ പദ്ധതി ഈ ആഴ്ച പ്രഖ്യാപിച്ചേക്കും. തുടക്കത്തില്‍ ആമസോണ്‍, സാംസങ് തുടങ്ങിയ കമ്പനികളുടെ സ്മാര്‍ട്ട് ടിവികളില്‍ പ്രവര്‍ത്തിക്കുന്ന ആപ് ആയി ആയിരിക്കും, യൂട്യൂബ് ടിവി ആപ്പിന്റെ ഫീച്ചറുകളെല്ലാം എക്‌സിന്റെ ആപ്പിനും ഉണ്ടായിരിക്കും. ദൈര്‍ഘ്യമേറിയ വിഡിയോകള്‍ വലിയ സ്‌ക്രീനില്‍ കാണുന്നതു പ്രോത്സാഹിപ്പിക്കാനാണ് മസ്‌ക് ഉദ്ദേശിക്കുന്നതെന്നു പറയുന്നു.
വിഡിയോ ക്രീയേറ്റര്‍മാരെ ആകര്‍ഷിക്കാനും പദ്ധതി
യൂട്യൂബിനോട് എതിരിടാന്‍ വിഡിയോ കണ്ടെന്റ് സൃഷ്ടാക്കളെ എക്‌സിലേക്ക് ആകര്‍ഷിക്കനുള്ള വന്‍ പദ്ധതികളും മസ്‌കിനുണ്ട്. ഇവ ഈ ആഴ്ച തന്നെ പ്രഖ്യാപിക്കുമോ എന്ന കാര്യം വ്യക്തമല്ല. ഇതിനെല്ലാം പണം കണ്ടെത്താനായി എക്‌സില്‍ പുതിയ അഡ്വെര്‍ട്ടൈസര്‍ ടാര്‍ഗറ്റിങ് കൊണ്ടുവരാനും മസ്‌ക് ഉദ്ദേശിക്കുന്നു. കണ്ടെന്റ് ക്രിയേറ്റര്‍മാരുടെ വിഡിയോ ആരംഭിക്കുന്നതിനു മുമ്പ് പരസ്യം കാണിക്കാനാണ് ഉദ്ദേശം. ടൈംലൈനിലും, ക്രിയേറ്ററുടെ പ്രൊഫൈലിലും പരസ്യ ദാതാവിന് പരസ്യം കാണിക്കാം.
നിലവില്‍ ഏകദേശം 80,000 ക്രിയേറ്റര്‍മാരാണ് എക്‌സില്‍ ഉള്ളത്. കിട്ടുന്ന വരുമാനം ക്രിയേറ്റര്‍മാരുമായി പങ്കിടും. ലഭിക്കുന്ന വരുമാനത്തിന്റെ 55 ശതമാനമാണ് യൂട്യൂബ് ക്രിയേറ്റര്‍മാര്‍ക്ക് നല്‍കുന്നത്. എക്‌സ് ഇതില്‍ കൂടുതല്‍ നല്‍കുമോ എന്ന കാര്യം വ്യക്തമല്ല. മസ്‌കിന്റെ ഭരണപരിഷ്‌കാരങ്ങളെ തുടര്‍ന്ന് എക്‌സ് പ്ലാറ്റ്‌ഫോമിന് പരസ്യം നല്‍കുന്നതു നിറുത്തിയ പരസ്യക്കാരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും പറയുന്നു.
യൂട്യൂബിലും തീരാത്ത ലക്ഷ്യങ്ങളും മസ്‌കിനുണ്ട്
ലൈവ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ട്വിച്, എന്‍ക്രിപ്റ്റഡ് സന്ദേശക്കൈമാറ്റ ആപ്പുകളായ വാട്‌സാപ്, സിഗ്നല്‍ തുടങ്ങിയവ, സോഷ്യല്‍ മീഡിയ ഫോറമായ റെഡിറ്റ് തുടങ്ങിയവയ്ക്കും എതിരാളികളെ ഉണ്ടാക്കാനുള്ളപദ്ധതിയും മസ്‌കിനുണ്ടെന്നാണ് ഫോര്‍ച്യൂണ്‍ നല്‍കുന്ന സൂചന.
എക്‌സില്‍ ലൈക്‌സിന്റെയും റീപോസ്റ്റിന്റെയും എണ്ണം കാണിക്കാതിരുന്നാലോ എന്ന് മസ്‌ക്
ട്വിറ്റര്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചുവന്ന സമൂഹ മാധ്യമം ഏറ്റെടുത്ത മസ്‌ക് അതില്‍ നടത്തിയ ഭരണപരിഷ്‌കാരങ്ങള്‍ 'കുപ്രസിദ്ധമാണ്' എന്നാണ് പൊതുവെയുള്ള അഭിപ്രായം. ആ ഗണത്തില്‍ പെടുത്താവുന്ന മാറ്റങ്ങളില്‍ ചിലതു കൂടെ ഉടന്‍ കണ്ടൈക്കാമത്രെ. എക്‌സ് പ്ലാറ്റ്‌ഫോമുകളിലെ ലൈക്കുകളുടെയും, റീപോസ്റ്റുകളുടെയും എണ്ണം ഒളിപ്പിച്ചാലോ എന്ന അഗാധമായ ചിന്തയിലാണ് മസ്‌ക് ഇപ്പോഴത്രെ.
ഒരു സമൂഹ മാധ്യമം എന്ന നിലയില്‍ നിന്ന് ബാങ്കിങ് മുതല്‍ ഷോപ്പിങ് വരെ നടത്താവുന്ന എന്തും ചെയ്യാവുന്ന ഒരു ആപ്പായി വേഷംമാറിക്കൊണ്ടിരിക്കുകയാണ് എക്‌സ് ഇപ്പോള്‍ എന്നും അദ്ദേഹം പറയുന്നു. മസ്‌കിന്റെ സ്വപ്‌നമാണ് ഒരു 'എവ്‌രിതിങ് ആപ്പ്' സൃഷ്ടിക്കുക എന്നത്.
∙എപ്പിക്കിന്റെ ഡവലപ്പര്‍ അക്കൗണ്ട് ആപ്പിള്‍ പുന:സ്ഥാപിച്ചു
ഗെയിം നിര്‍മ്മാണ കമ്പനിയായ എപ്പിക്കിന്റെ ഡിവലപ്പര്‍ അക്കൗണ്ട് ആപ്പിള്‍ കമ്പനി നിരോധിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് എപ്പിക് പരാതി നല്‍കിയതോടെ യൂറോപ്യന്‍ യൂണിയന്‍ അധികാരികള്‍ അത്പഠിച്ചുവരികയായിരുന്നു. എന്തായാലും, അക്കൗണ്ട് പുന:സ്ഥാപിച്ചിരിക്കുകയാണ് ആപ്പിളിപ്പോള്‍. ഇനി എപ്പിക്കിന് ഇയുവില്‍ ഐഫോണുകള്‍ക്കും, ഐപാഡുകള്‍ക്കുമായി സ്വന്തം ആപ്പ് സ്റ്റോര്‍ സ്ഥാപിക്കാന്‍ സാധിക്കുമെന്ന് എന്‍ഗ്യാജറ്റ്.
∙ഡിജിറ്റല്‍ അവതാരമെടുത്ത് മരിലിന്‍ മണ്‍റോയും
മരിച്ചു പോയ പ്രശസ്ത വ്യക്തികളില്‍ പലരുടെയും 'അവതാറുകള്‍ എഐയുടെ സഹായത്തോടെ സൃഷ്ടിക്കുന്നു എന്ന കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇവയിലേറെയും അനുമതി വാങ്ങാതെയാണ് പുന:സൃഷ്ടിക്കപ്പെടുന്നത് എന്നതാണ് മറ്റൊരു കാര്യം. അവസാനമായി ഇത്തരത്തില്‍ പുന:സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് നടി മരിലിന്‍ മണ്‍റോ ആണ്. 'ഡിജിറ്റല്‍ മരിലിന്‍ മണ്‍റോ' എന്ന വിവരണത്തോടെ ഇത് ചെയ്തിരിക്കുന്നത് സോള്‍ മെഷീന്‍സ് എന്ന കമ്പനിയാണെന്ന് എന്‍ഗ്യാജറ്റ്.
∙സാം ആള്‍ട്ട്മാന്‍ ഓപ്പണ്‍എഐ ബോര്‍ഡില്‍ തിരിച്ചെത്തി
മൂന്ന് പുതിയ ഡയറക്ടര്‍മാര്‍ക്കൊപ്പം സാം ആള്‍ട്ട്മാനും ഓപ്പണ്‍എഐ ബോര്‍ഡില്‍ തിരിച്ചെത്തുന്നു. കമ്പനിയുടെ മേധാവി സ്ഥാനത്തു നിന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ശേഷം തിരിച്ചെത്തിയ ആള്‍ട്ട്മാന്‍ വീണ്ടും കമ്പനിയുടെ ബോര്‍ഡിലും ഇടം ലഭിച്ചിരിക്കുകയാണിപ്പോള്‍. അതേസമയം, എന്തിനാണ് ആള്‍ട്ട്മാനെ കമ്പനി പുറത്താക്കിയത് എന്ന കാര്യം ഇപ്പോഴും ഒരു നിഗൂഢതയായി തുടരുകയും ചെയ്യുന്നു.
∙കൂറ്റന്‍ മാക്ബുക്ക് അവതരിപ്പിക്കാന്‍ ആപ്പിള്‍!
ആപ്പിള്‍ 20.3-ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ഒരു മാക്ബുക്ക് 2027ല്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അതേസമയം, ഇത് പരമ്പരാഗത ലാപ്‌ടോപ് ആയേക്കില്ലെന്നാണ് സൂചന. മടക്കാവുന്ന സ്‌ക്രീനുള്ളകംപ്യൂട്ടിങ് ഉപകരണമായിരിക്കാം ഇത് എന്നാണ് വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ പ്രവചിക്കുന്നത്. ഇതിനെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ലഭ്യമല്ല. നിലവില്‍ 16-ഇഞ്ച് ആണ് ഏറ്റവും വലിയ മാക്ബുക്കിന്റെ സ്‌ക്രീന്‍.
അതേസമയം, മടക്കാവുന്ന ഐഫോണും, ഐപാഡും ഉണ്ടാക്കിയെടുക്കുക എന്നത് ഇപ്പോള്‍ ആപ്പിളിന്റെ ലക്ഷ്യമല്ലെന്നും കുവോ അഭിപ്രായപ്പെടുന്നു. മറിച്ച്, ആപ്പിള്‍ ഇപ്പോള്‍ പുറത്തിറക്കാന്‍ ആഗ്രഹിക്കുന്നഏക ഫോള്‍ഡബ്ള്‍ ഉപകരണം ഈ മാക്ബുക്ക് ആണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍.
∙പണി പാളുമെന്ന പേടിയില്‍ അമേരിക്കയിലെ ഐടി ജോലിക്കാര്‍
ഏതാനും വര്‍ഷം മുമ്പു വരെ ഐടി മേഖലയില്‍ ഒരു ജോലി എന്നത് മിക്കവര്‍ക്കും ഒരു സ്വപ്‌നം ആയിരുന്നു. എന്നാല്‍, ഇപ്പോള്‍ അമേരിക്കയില്‍ നടത്തിയ ഒരു സര്‍വെയിലെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്-വമ്പന്‍ടെക് കമ്പനികളില്‍ മുതല്‍ സ്റ്റാര്‍ട്ട്-അപ് മേഖലയില്‍ ഉള്ളവര്‍ വരെയുള്ളവരില്‍ നടത്തിയ സര്‍വെയില്‍ പറയുന്നത് 89 ശതമാനം ജോലിക്കാരും തങ്ങളുടെ ജോലി 2024ല്‍ തന്നെ പോകുമൊ എന്നു ഭയക്കുന്നു എന്നാണ്.
അമേരിക്കയില്‍ ഈ വര്‍ഷം ആദ്യ രണ്ടു മാസങ്ങളില്‍ മാത്രം ഏകദേശം 50,000 ഐടി ജീവനക്കാര്‍ക്ക് ജോലി പോയി എന്നത്, അവരുടെ ഭീതി അസ്ഥാനത്തല്ലെന്നു കാണിച്ചു തരുന്നു എന്ന് അതോറിറ്റി ഹാക്കറിന്റെറിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍മിത ബുദ്ധിയുടെ കടന്നുകയറ്റമാണ് പേടിക്കു കാരണം.
Read More: ഉത്തരകൊറിയൻ മിസൈലുകളേറ്റു തളർന്ന ഗതികെട്ട ഒരു പാറ; എന്താണ് കിമ്മിനിത്ര ദേഷ്യം?
∙മുന്‍ ഗൂഗിള്‍ ജോലിക്കാരന്‍ എഐ രഹസ്യങ്ങള്‍ ചൈനയ്ക്കു കൈമാറിയെന്ന്
ഗൂഗിളിന്റെ മുന്‍ എൻജിനിയര്‍ ആയിരുന്ന ലിന്‍വെയ് ഡിങ് കമ്പനിയുടെ ചില എഐ രഹസ്യങ്ങള്‍ ചൈനക്കു കൈമാറി എന്ന കേസില്‍ അമേരിക്കയില്‍ വിചാരണ നേരിടുന്നു. ഇയാള്‍ കഴിഞ്ഞയാഴ്ചയാണ് അറസ്റ്റിലായത്. തങ്ങളുടെ അത്യാധുനിക ടെക്‌നോളജി ചൈനയുടെയും റഷ്യയുടെയും കൈകളില്‍ എത്താതിരിക്കാനുള്ള പഴുതടച്ച മുന്‍കരുതലുകള്‍ ബൈഡന്‍ ഭരണകൂടം സ്വീകരിച്ചുവരുന്നതിനിടയിലാണ് പുതയ സംഭവവികാസങ്ങള്‍.
തങ്ങളുടെ വാണിജ്യ രഹസ്യങ്ങളും മറ്റും ശേഖരിക്കുന്നതും വില്‍ക്കുന്നതും കണ്ടുനില്‍ക്കുന്ന പ്രശ്‌നമില്ലെന്നാണ് യുഎസ് അറ്റോര്‍ണി ജനറല്‍ മെറിക് ഗാര്‍ലണ്ട് പ്രതികരിച്ചത്. ചിപ്പുകളെക്കുറിച്ചുംസിസ്റ്റങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ കൈമാറി എന്ന ആരോപണത്തിലാണ് ഡിങ് വിചാരണ നേരിടാന്‍ പോകുന്നത്.