യൂട്യൂബിൽ വിഡിയോകൾ കാണാൻ പറ്റുന്നില്ലേ! ഇനി ലോഗിന്‍ ചെയ്യണം, ഈ മാറ്റം അറിയാം
Mail This Article
യൂട്യൂബിൽ ലോഗിന്‍ ചെയ്യാനൊന്നും പലരും മെനക്കെടാറില്ലായിരുന്നു. കമന്റുകളും മറ്റും ചെയ്യുമ്പോഴായിരുന്നു ഇക്കാര്യം പലരും ഓർക്കുക. എന്നാൽ യൂട്യൂബ് ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് സൈന്‍-ഇന്‍ ചെയ്യാത്തവര്‍ക്ക് ഇനി റെക്കമെന്‍ഡേഷന്‍ കാണിച്ചേക്കില്ലെന്നു റിപ്പോര്‍ട്ട്. ബ്രൗസറുകളുടെ ഇന്‍കോഗ്നിറ്റോ, അല്ലെങ്കിൽ പ്രൈവറ്റ് മോഡ് ഉപയോഗിക്കുന്നവര്‍ക്കും റെക്കമെന്‍ഡേഷന്‍ നല്‍കില്ല.
പല രാജ്യങ്ങളിലും യൂട്യൂബിന്റെ പുതിയ മാറ്റം പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ടെന്നു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത് ബ്ലീപിങ് കംപ്യൂട്ടര്‍ ആണ്. എന്തുകൊണ്ടാണ് ഗൂഗിള്‍ ഈ മാറ്റം കൊണ്ടുവരുന്നതെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. യൂട്യൂബിന്റെ ഹോം ആയി ഒരു ബ്ലാങ്ക് പേജ് പലര്‍ക്കും കിട്ടിത്തുടങ്ങിയിട്ടുണ്ട്. ട്രൈ സേര്‍ച്ചിങ് (സേര്‍ച്ച് ചെയ്തു നോക്കൂ..) എന്ന സന്ദേശവും പലര്‍ക്കും ലഭിക്കുന്നു.
ഐഒഎസ് കോള്‍-ടു-വിഡിയോ ഫീച്ചര്‍ ആന്‍ഡ്രോയിഡിലേക്ക്! ഫോണ്‍ കോളുകള്‍ പുതിയ തലത്തിലേക്ക്
ഫോണ്‍ കോളുകള്‍ നടത്തുന്ന രീതി പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. രണ്ടു പുതിയ ഫീച്ചറുകളാണ് ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് വരുന്നത്. ഒരു വോയിസ് കോള്‍ ഇനി എളുപ്പം വിഡിയോ കോള്‍ ആക്കാന്‍ സാധിക്കും എന്നതാണ് അതിലൊന്ന്. രണ്ടാമത്തേത്, ആന്‍ഡ്രോയിഡ് ഫോണ്‍ ഉടമകള്‍ക്ക് ഐഫോണിലേക്ക് വിഡിയോ കോളിന് തുടക്കമിടാനാകും എന്നതും.
വാട്‌സാപ് പോലെയുള്ള തേഡ് പാര്‍ട്ടി ആപ്പുകള്‍ വഴി ഇപ്പോള്‍ സാധ്യമാണെങ്കിലും, ആന്‍ഡ്രോയിഡിലെ നേറ്റിവ് ആപ്പുകള്‍ വഴി ഇനി ഇതു സാധിക്കും എന്നതാണ് പുതിയ മാറ്റം. ഒരു പുതിയ ഫോണ്‍വിളി സംസ്‌കാരത്തിന് തുടക്കമിട്ടേക്കാം എന്നും കരുതുന്നു. ആപ്പിള്‍ തങ്ങളുടെ ഐഒഎസില്‍ ഫെയ്‌സ്‌ടൈം ഇന്റഗ്രേഷന്‍ കൊണ്ടുവന്നതിന് സമാനമാണ് ആന്‍ഡ്രോയിഡില്‍ ഗൂഗിള്‍ ഉടനെ അവതരിപ്പിക്കാന്‍ പോകുന്ന 'വിപ്ലവകരമായ' ഫീച്ചറെന്നാണ് വിലയിരുത്തല്‍.
Read More: അമ്പട കേമ... ട്രൂകോളറേ, കോൾ വരും മുന്‍പ് കട്ട് ചെയ്യാം
ഗൂഗിളിന്റെ ഫോണ്‍ ആപ് പുതിയ ഘട്ടത്തിലേക്ക്
ആന്‍ഡ്രോയിഡിലെ ഫോണ്‍ ആപ്പില്‍ ഗൂഗിള്‍ നടത്തിവരുന്ന പരീക്ഷണങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഒരു സാധാരണ വോയിസ് കോള്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഒറ്റ ടാപിൽ വിഡിയോ കോള്‍ ആക്കി മാറ്റാം. ഇത്തരത്തില്‍ ഒരു ബട്ടണ്‍ ആണ് ഗൂഗിള്‍ ഫോണ്‍ ആപ്പില്‍ ഉടനെ ലഭിക്കുക. ആപ്പിളിന്റെ ഫെയ്‌സ്‌ടൈമിലേതിനു സമാനമായ ഫീച്ചറായിരിക്കും ഇത്.
പരീക്ഷണ ഘട്ടത്തില്‍ പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് 14ല്‍ പ്രവര്‍ത്തിക്കുന്ന, തിരഞ്ഞെടുത്ത പിക്‌സല്‍ ഫോണ്‍ ഉടമകള്‍ക്ക് മാത്രമാണ് നല്‍കിയിരിക്കുന്നത്. അവര്‍ക്ക് പുതിയ 'ഗൂഗിള്‍ ഫോണ്‍' ആപ്പും ഉണ്ടായിരിക്കണം. പക്ഷേ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ ഫീച്ചര്‍ നിരവധി ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് നല്‍കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍.
ഐഫോണ്‍ ഉടമകളെയും വിളിക്കാം
നിലവില്‍ തേഡ് പാര്‍ട്ടി ആപ്പുകള്‍ വഴിയല്ലാതെ ആന്‍ഡ്രോയിഡ് ഫോണുടമയ്ക്ക് ഐഫോണ്‍ ഉടമയുമായി വിഡിയോ കോള്‍ നടത്താനാവില്ല. എന്നാല്‍, ഇനി അതും മാറുന്നു. ഗൂഗിള്‍ മീറ്റ് ആപ് ഉണ്ടായിരിക്കണം എന്നു മാത്രം. ഫോണ്‍ ആപ്പും മീറ്റ് ആപ്പും തമ്മില്‍ യോജിപ്പിച്ചാണ് പുതിയ ഫീച്ചര്‍ ഗൂഗിള്‍ കൊണ്ടുവരുന്നത്. ഈ പുതിയ കോള്‍ ഫീച്ചറുകള്‍ നാം ഫോണ്‍ കോള്‍ നടത്തുന്ന രീതി തന്നെ മാറ്റിമറിച്ചേക്കും എന്നാണ് വിലയിരുത്തല്‍.
മസ്‌കിന്റെ നേതൃത്വത്തില്‍ സിലിക്കന്‍ വാലി ട്രംപിനെ പിന്തുണയ്ക്കുമോ?
അമേരിക്കന്‍ പ്രസിഡന്റായി തിരിച്ചെത്താന്‍ ശ്രമിക്കുന്ന ഡോണള്‍ഡ് ട്രംപിന് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കിന്റെ പിന്തുണ ലഭിക്കുമോ എന്ന് ഇപ്പോള്‍ പലരും ചോദിക്കുന്നു. പരമ്പരാഗതമായി ഡെമോക്രാറ്റുകളോട് ചായ്വ്‍ പുലര്‍ത്തിവന്ന സിലിക്കന്‍ വാലി, മസ്‌കിന്റെ നേതൃത്വത്തില്‍ ട്രംപിനെ വീണ്ടും വൈറ്റ് ഹൗസിലെത്തിക്കാന്‍ ശ്രമിച്ചേക്കാം എന്നാണ് എഎഫ്പിയുടെ പുതിയ റിപ്പോര്‍ട്ട് പറയുന്നത്. പ്രസിഡന്റ് സ്ഥാനത്തിനായുള്ള മത്സരത്തില്‍ ട്രംപ് ഇപ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാർഥി ആയേക്കാവുന്ന ജോ ബൈഡനെക്കാള്‍ ഏറെ പിന്നിലാണ്.
Read More at:ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്; ഭാവി, ഭൂതം, വർത്തമാനം!
തിരഞ്ഞെടുപ്പു ഫണ്ടിന്റെ കാര്യത്തില്‍ പോലും ട്രംപ് പ്രശ്നം നേരിടുന്നു. എന്നാല്‍, കഴിഞ്ഞയാഴ്ച മസ്‌കും ട്രംപും നേരില്‍ കണ്ടു ചര്‍ച്ച നടത്തി എന്ന വാര്‍ത്ത പുറത്തുവിട്ടത് ന്യൂയോര്‍ക് ടൈംസാണ്. ട്രംപ് നേരിടുന്ന പല പ്രശ്‌നങ്ങളും ഒറ്റയടിക്ക് പരിഹരിക്കാന്‍ കെല്‍പ്പുള്ളയാളാണ് മസ്‌ക് എന്നതാണ് ഈ കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യം കൈവരാനുള്ള കാരണം. വാര്‍ത്ത വന്ന ശേഷം, താന്‍ ഇരു സ്ഥാനാർഥികള്‍ക്കും പണം നല്‍കുന്നില്ലെന്ന് മസ്‌ക് ഒരു പോസ്റ്റ് എക്‌സില്‍ ഇട്ടു.
അമേരിക്കന്‍ തിരഞ്ഞെടുപ്പിന് എത്തുന്ന ഫണ്ടുകള്‍ സുതാര്യമല്ലെന്നാണ് എഎഫ്പി പറയുന്നത്. അതേസമയം, മസ്‌ക് മാത്രമായിരിക്കില്ല ട്രംപിന് പിന്തുണ നല്‍കാന്‍ സാധ്യതയുള്ളത് എന്ന വാര്‍ത്തകളും പ്രചരിക്കുന്നു. നെറ്റ്‌സ്‌കെയ്പ് സ്ഥാപകന്‍ മാര്‍ക് അന്‍ഡ്രീസെന്‍, പീറ്റര്‍ തിയല്‍ തുടങ്ങി പലരും ഇത്തവണ ട്രംപിന് പിന്തുണ നല്‍കിയേക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ തവണ സിലിക്കന്‍ വാലിയില്‍ നിന്ന് 25 ശതമാനം വോട്ട് മാത്രമാണ് ട്രംപിന് ലഭിച്ചത്.
നിര്‍മിത ബുദ്ധി (എഐ) വികസിപ്പിക്കലുമായി വന്‍ കിടമത്സരങ്ങളാണ് സിലിക്കന്‍ വാലി കമ്പനികള്‍ തമ്മില്‍ ഇപ്പോള്‍ അരങ്ങേറുന്നത്. ട്രംപ് പ്രസിഡന്റായി എത്തിയാല്‍ പലതും തങ്ങള്‍ക്ക് അനുകൂലമാക്കി എടുക്കാനാകുമോ എന്ന ഉദ്ദേശ്യവും പുതിയ നീക്കത്തിനു പിന്നില്‍ ഉണ്ടായേക്കാം.
ഗൂഗിളിന്റെ എഐ വികസിപ്പിക്കല്‍ വേണ്ട കരുത്ത് കാണിക്കുന്നില്ലെന്ന് അഭിപ്രായമുണ്ട്. മസ്‌കിന്റെ സ്വന്തം എക്‌സ്എഐ ഗ്രോക്കും ശോഭിക്കുന്നില്ല. എഐ മേഖലയിലെ കരുത്തായിരിക്കും വരും വര്‍ഷങ്ങളില്‍ വമ്പന്‍ ടെക് കമ്പനിയുടെ ജയപരാജയങ്ങള്‍ തീരുമാനിക്കുക എന്നതിനാല്‍ വൈറ്റ് ഹൗസിന്റെ പിന്തുണ ലഭിക്കാനുള്ള ശ്രമം പുതിയ നീക്കങ്ങള്‍ക്കു പിന്നില്‍ സംശയിക്കുന്നു.
മസ്‌കിന്റെ വാദങ്ങളില്‍ പൊരുത്തക്കേടെന്ന് ഓപ്പണ്‍എഐ
എഐ വികസിപ്പിക്കലില്‍ ഏറ്റവും മുന്നോട്ടു പോയ കമ്പനികളിലൊന്നായ ഓപ്പണ്‍എഐയും ഇലോണ്‍ മസ്‌കും തമ്മില്‍ കടുത്ത ഏറ്റുമുട്ടലിന്റെ പാതയിലാണ്. ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍എഐക്കെതിരെ മസ്‌ക് കോടതിയ സമീപിച്ചിരിക്കുകയാണ്. എന്നാല്‍, മസ്‌ക് കമ്പനിക്കെതിരെ ഉയര്‍ത്തിയ വാദങ്ങളില്‍ പൊരുത്തക്കേടുണ്ടെന്ന് ഓപ്പണ്‍എഐ തിരിച്ചടിച്ചു എന്ന് ബ്ലൂംബര്‍ഗ്. ഓപ്പണ്‍എഐ ചീഫ് എക്‌സിക്യൂട്ടിവ് സാം ആള്‍ട്ട്മാന്‍, പ്രസിഡന്റ് ഗ്രെഗ് ബ്രോക്മാന്‍ എന്നിവര്‍ക്കെതിരെയാണ് മസ്‌ക് കേസു കൊടുത്തിരിക്കുന്നത്. മസ്‌ക് അവകാശപ്പെടുന്ന തരത്തിലുള്ള ഒരു കരാറും ഉണ്ടാക്കിയിരുന്നില്ലെന്നാണ് കമ്പനി പറയുന്നത്.
ഗ്രോക് ഓപ്പണ്‍-സോഴ്‌സ് ആക്കി മസ്‌ക്
ഓപ്പണ്‍എഐയുമായുള്ള ഏറ്റുമുട്ടലില്‍ പുതിയ നീക്കവുമായി മസ്‌ക്. അദ്ദേഹത്തിന്റെ പുതിയ എഐ കമ്പനിയായ എക്‌സ്എഐയുടെ സ്വന്തം ചാറ്റ്‌ബോട്ടായ ഗ്രോക്കിനെ മസ്ക് ഓപ്പണ്‍-സോഴ്‌സാക്കി. വലിയ വിജയമൊന്നും ഇതുവരെ ഗ്രോക്കിന് ഉണ്ടാക്കാനായിട്ടില്ല.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍-സോഴ്‌സ് കമ്പനിയായി നിലനിര്‍ത്താന്‍ താനടക്കമുള്ളവര്‍ സ്ഥാപിച്ച ഓപ്പണ്‍എഐ ഇപ്പോള്‍ ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്നു എന്നും, അതിനെ സോഫ്റ്റ്‌വെയര്‍ഭീമന്‍ മൈക്രോസോഫ്റ്റിന്റെ അധീനതയിലാക്കി എന്നുമാണ് മസ്‌ക് ഇപ്പോള്‍ ആരോപിക്കുന്നത്. അതേസമയം, ഓപ്പണ്‍എഐയുടെ വിജയത്തിന്റെ പങ്കുപറ്റാനാവുന്നില്ലെന്നുള്ള നിരാശയാണ് മസ്‌കിന്റേത് എന്നും ആരോപണങ്ങളുണ്ട്.