പുതിയ ഗൂഗിൾ ഓഫിസിൽ വൈഫൈ ലഭിക്കാതെ ജീവനക്കാർ; വിചിത്ര പരിഹാരവുമായി കമ്പനി
Mail This Article
ഗൂഗിളിന്റെ കലിഫോർണിയയിലെ മൗണ്ടൻ വ്യൂ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ബേവ്യൂ കെട്ടിടം മാസങ്ങളായി വൈഫൈ പ്രശ്നം നേരിടുന്നതായി റിപ്പോർട്ട്. വർക് ഫ്രം ഹോം ചെയ്തിരുന്ന ജീവനക്കാര്‍ ആഴ്ചയിൽ 3 ദിവസമെങ്കിലും ഓഫീസിൽ എത്തണമെന്നു ഗൂഗിൾ അറിയിച്ചിരുന്നു. ബേ വ്യൂ കെട്ടിടവും അതിന് ചുറ്റുമുള്ള ക്യാംപസും ഗൂഗിൾ തന്നെ രൂപകല്പന ചെയ്ത് നിർമിച്ചതാണ്.
ബേ വ്യൂവിന്റെ അത്യാധുനിക സൗകര്യങ്ങളായ "ഗൂഗിളി ഇന്റീരിയറുകൾ", ഏവർക്കും വിജയിക്കാൻ ആവശ്യമായ സാഹചര്യങ്ങൾ ഉള്ള ഒരു അന്തരീക്ഷമാണെന്നു എടുത്തുകാട്ടുന്ന 229 പേജുള്ള ഒരു പുസ്തകവും കമ്പനി പുറത്തിറക്കിയിരുന്നു. ഡ്രാഗൺസ്‌കെയിൽ സോളാർ സ്‌കിൻ , സമീപത്തെ കാറ്റാടി ഫാമുകൾ എന്നിവയാൽ 90% സമയവും കാർബൺ രഹിത ഊർജത്തിൽ പ്രവർത്തിക്കുന്ന ഓഫീസാണെന്നായിരുന്നു ഗൂഗിൾ വിശദീകരിച്ചത്.
ഈ മനോഹരമായ കെട്ടിടത്തിന്റ 600,000 ചതുരശ്ര അടി തിരമാല പോലെയുള്ള മേൽക്കൂര രൂപകൽപ്പന ബ്രോഡ്‌ബാൻഡ് സിഗ്നലുകളെ തടസ്സപ്പെടുത്തുന്നതായാണ് ജീവനക്കാർ സംശയിക്കുന്നു. നിലവിൽ ഇതർനെറ്റ് കേബിളുകൾ ഉപയോഗിക്കുകയോ സ്വന്തം മൊബൈലിലെ ഹോട്സ്പോട് ഉപയോഗിക്കുകയോ ഒക്കെയാണ് ജീവനക്കാർ ചെയ്യുന്നത്.
ഗൂഗിളിന്റെ ബേ വ്യൂ ഓഫീസിലെ ജീവനക്കാർ മാസങ്ങളായി വൈഫൈ പ്രശ്‌നങ്ങൾ നേരിടുന്നുവെന്നു ജെമിനിയും സ്ഥിരീകരിച്ചു: കുറഞ്ഞ വേഗമുള്ള അതേസമയം വിശ്വസനീയമല്ലാത്ത വൈഫൈ കണക്ഷൻ ഗൂഗിളിന്റെ എഐ പ്രോജക്ടുകളെയുൾപ്പടെ ബാധിച്ചിട്ടുണ്ടെന്നും ജെമിനി പറയുന്നു.
അടുത്തുള്ള ഒരു കഫേയിൽ നിന്നുള്ള മികച്ച വൈഫൈ ഉപയോഗിച്ച് പ്രവർത്തിക്കാൻ പോലും മാനേജർമാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ. എന്തായാലും ഒരു താൽക്കാലിക പരിഹാരമെന്ന നിലയിൽ മികച്ച വൈഫൈ ചിപ്പുകളുള്ള പുതിയ ലാപ്‌ടോപ്പുകളും ജീവനക്കാര്‍ക്ക് നൽകുന്നുണ്ടത്രെ. എപ്പോൾ ഈ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അതിന്റെ കാരണമെന്തായിരിക്കുമെന്നതും സംബന്ധിച്ച ഒരു കാര്യവും ഔദ്യോഗികമായി ഗൂഗിൾ വിശദീകരിക്കുന്നില്ല.