ADVERTISEMENT

കൂടംകുളം ആണവ നിലയത്തിനു മുകളില്‍ കഴിഞ്ഞ വര്‍ഷം ഒന്നിലേറെ തവണ അണ്‍ഐഡന്റിഫൈഡ് ഫ്‌ളൈയിങ് ഒബ്ജക്ട് (യുഎഫ്ഒ) കണ്ടെന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ അവകാശവാദത്തെക്കുറിച്ച് പഠിക്കുമെന്ന് യുഎഫ്ഒ ഗവേഷകൻ. ചെന്നൈയിലെ സബീര്‍ ഹുസൈന്‍ എന്ന ഗവേഷകനാണ് പഠനം നടത്തുന്നത്. ഒരു അ‍ജ്ഞാതവസ്തു കൂടംകുളം പ്ലാന്റിനു മുകളിലൂടെ വളഞ്ഞുപുളഞ്ഞു സഞ്ചരിക്കുന്നതു കണ്ടെന്നും അതി‌ന്റെ രണ്ടു വിഡിയോ എടുത്തെന്നും സെയ്ദ് അബ്ദുൽ ഖാദറെന്ന സബ് ഇൻസ്പെക്ടറാണ് അവകാശപ്പെട്ടത്. ആ വിഡിയോകളാണ് സബീര്‍ ഹുസൈന്‍ പരിശോധിക്കുന്നത്. 

ആ വസ്തുവിന്റെ അസാധാരണ ചലനങ്ങളും അത് ചലിക്കാതെ നിന്ന രീതിയും അതി വേഗത്തില്‍ അപ്രത്യക്ഷമായതുമൊന്നും വിശദീകരിക്കാന്‍ സാധിക്കുന്നില്ല എന്നാണ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സബീര്‍ പറഞ്ഞത്. ആണവ നിലയങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന ഇടങ്ങളിലാണ് ഇവ പ്രത്യക്ഷപ്പെടുന്നതെന്നും സബീര്‍ പറഞ്ഞു.

സെയ്ദിനു പുറമെ മുന്‍ ഡിജിപി പ്രദീപ് വി.ഫിലിപ്പും യുഎഫ്ഒയുടെ ചിത്രമെടുത്തതായി അവകാശപ്പെട്ടിട്ടുണ്ട്. അദ്ദേഹം ചെന്നൈയ്ക്ക് അടുത്ത് മുട്ടുകാട് കടലിനു മുകളിലാണ് യുഎഫ്ഒ കണ്ടത്.എൻജിനിയറിങ് ബിരുദധാരിയായ സെയ്ദ് 2023 ഓഗസ്റ്റില്‍ പത്തിലേറെ തവണ യുഎഫ്ഒ കണ്ടെന്നാണ് അവകാശപ്പെട്ടതെന്നും സബീര്‍ പറഞ്ഞു. 

Representative Image. Photo Credit : PhonlamaiPhoto  / iStockPhoto.com
Representative Image. Photo Credit : PhonlamaiPhoto / iStockPhoto.com

2020 മുതല്‍ കൂടംകുളത്ത് താൻ യുഎഫ്ഒ കാണുന്നുണ്ടെന്ന് സെയ്ദ് ഒരു മാധ്യമത്തോടു പറഞ്ഞത്. സബീറുമായി ഇതേക്കുറിച്ച് സംസാരിച്ച ശേഷം, താന്‍ കണ്ടത് യുഎഫ്ഒ തന്നെയാണെന്നു 100 ശതമാനം ഉറപ്പായെന്നും സെയ്ദ് പറഞ്ഞു.

ആണവ നിലയങ്ങള്‍ക്കു മുകളില്‍ അജ്‍ഞാത വസ്തുക്കൾ പറക്കുന്നതു കണ്ടതായി പല രാജ്യങ്ങളിലും അവകാശവാദങ്ങളുണ്ടായിട്ടുണ്ട്. അണ്‍ഐഡെന്റിഫൈഡ് അനൊമലസ് ഫെനോമിനാ (യുഎപി) കണ്ടു എന്നുള്ള അവകാശവാദങ്ങള്‍ മുഴുവന്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണെന്ന് യുഎസിലെ പുതിയ നിയമം അനുശാസിക്കുന്നു. യുഎപിയുമായി ബന്ധപ്പെട്ട് പുലര്‍ത്തിയിരുന്ന രഹസ്യാത്മകത നീക്കം ചെയ്യുന്നതാണ് യുഎസ് നാഷനല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ട്. 

അതേസമയം, വിശദീകരിക്കാനാകാത്ത ഇത്തരം ആകാശ പ്രതിഭാസങ്ങള്‍ അന്യഗ്രഹ ജീവികളോ പേടകങ്ങളോ ആകണമെന്നുമില്ല. ആണവനിലയങ്ങള്‍ക്ക് മുകളില്‍ മാത്രം ഇവ പ്രത്യക്ഷപ്പെടുന്നതു വിശദീകരിക്കാനാകുമോ എന്നും ഗവേഷകര്‍ അന്വേഷിക്കുന്നുണ്ട്. 

മനുഷ്യന്റെ തലച്ചോറിന് വമ്പന്‍ വലുപ്പ വർധന; പക്ഷേ....

Photo Credit: shutterstock.com/ vs148
Photo Credit: shutterstock.com/ vs148

ജെന്‍ സെഡ്, ആല്‍ഫാ (1990കള്‍ക്കു ശേഷം ജനിച്ചവര്‍) തലമുറയില്‍ ഉണ്ടായ കുട്ടികളുടെ തലച്ചോറിന് ഏകദേശം 100 വര്‍ഷം മുമ്പ് ജനിച്ചവരുടേതിനേക്കാള്‍ 7 ശതമാനം വരെ വലുപ്പക്കൂടുതല്‍  ഉണ്ടായിട്ടുണ്ടാകാമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയയിലെ ഗവേഷകര്‍. പക്ഷേ, പുതിയ തലമുറയ്ക്ക് മുന്‍ തലമുറകളെ അപേക്ഷിച്ച് ബുദ്ധിമാനം (ഐക്യൂ) കുറഞ്ഞിരിക്കുന്നതായി നേരത്തേ നടത്തിയ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് പുതിയ തലമുറയിലുള്ളവര്‍ സ്മാര്‍ട്ഫോണുകളെയും, ഇന്റര്‍നെറ്റിനെയും കൂടുതലായി ആശ്രയിക്കുന്നതിനാല്‍ ആകാമെന്നാണ് നിഗമനം. എന്തായാലും രണ്ടു കണ്ടെത്തലുകളും ഗൗരവമുള്ളവയാണ്. 

നദേലയ്ക്കു പിന്നാലെ ഡവുലുരിയും മൈക്രോസോഫ്റ്റ് നേതൃനിരയില്‍

സോഫ്റ്റ്‌വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ്, സര്‍ഫസ് ടീമുകള്‍ക്ക് പുതിയ മേധാവിയായി ഇന്ത്യന്‍ വംശജന്‍ പവന്‍ ഡവുലുരി. വര്‍ഷങ്ങളായി ഈ പദവിയിലിരുന്നിരുന്ന പാനോസ് പാനെയ് കമ്പനിയില്‍ നിന്നു പുറത്തുപോയതാണ് ഡവുലുരിക്കു വഴി തുറന്നത്. 

Representative image Credit: X/Shutthiphong Chandaeng
Representative image Credit: X/Shutthiphong Chandaeng

മൈക്രോസോഫ്‌റ് മേധാവി സത്യ നദെലയ്ക്കു പിന്നാലെ മറ്റൊരു ഇന്ത്യക്കാരനും കമ്പനിയിലെ ഉന്നത സ്ഥാനത്തെത്തിയതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യന്‍ വംശജര്‍. അധികം അറിയപ്പെടാത്ത ആളാണെങ്കിലും ഡവുലുരി മൈക്രോസോഫ്റ്റില്‍ 23 വര്‍ഷമായി ജോലി ചെയ്യുന്നു. 

മൈക്രോസോഫ്റ്റ് ആപ്പുകളില്‍ എഐ: അഡോബിയുമായി സഹകരണം

മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ് ആപ്പുകളില്‍ അതിനൂതന സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളിക്കുന്നതിന് അഡോബിയുമായി സഹകരിക്കും. അഡോബി എസ്‌ക്പീരിയന്‍സ് ക്ലൗഡും മൈക്രോസോഫ്റ്റ് കോപൈലറ്റുമായി സഹകരിപ്പിച്ചാണ് എഐ കേന്ദ്രീകൃത ടൂളുകള്‍ മൈക്രോസോഫ്റ്റ് 365, ഔട്ട്‌ലുക്ക്, ടീംസ്, വേഡ് തുടങ്ങിയ ആപ്പുകളിലേക്ക് എത്തുക. 

പബ്ജി മൊബൈലിലേക്ക് 120എഫ്പിഎസ് മോഡ്

(Photo by Yuri KADOBNOV / AFP)
(Photo by Yuri KADOBNOV / AFP)

പബ്ജി മൊബൈലിന് ഉടന്‍ ലഭിക്കാനിരിക്കുന്ന അപ്‌ഡേറ്റിലൂടെ (വേര്‍ഷന്‍ 3.2) സെക്കന്‍ഡില്‍ 120 ഫ്രെയിം റിഫ്രെഷ് റേറ്റ് എത്തുന്നു. ഇത് ഗെയിം കൂടുതല്‍ മികവുറ്റതാക്കും. ഇപ്പോള്‍ സെക്കന്‍ഡില്‍ 90 ഫ്രയിം മാത്രമാണ് ലഭിക്കുന്നത്. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഇത്പ്രയോജനപ്പെടും. അതേസമയം, ഈ ഫീച്ചര്‍ ഹൈ എന്‍ഡ് ഫോണുകളില്‍ മാത്രമായിരിക്കും ലഭിക്കുക എന്നറിയുന്നു. 

ടെലിഗ്രാമില്‍ പരിധിയില്ലാത്ത സ്റ്റോറേജ്

ഉപയോക്താക്കള്‍ക്ക് പരിധിയില്ലാത്ത സംഭരണശേഷി നല്‍കുമെന്ന് സന്ദേശക്കൈമാറ്റ ആപ്പായ ടെലിഗ്രാം. വാട്‌സാപ്പില്‍ ഗൂഗിള്‍ സൗജന്യമായി നല്‍കുന്ന 15 ജിബിക്കു ശേഷം ഫയലുകള്‍ സംഭരിക്കണമെങ്കില്‍ മാസവരി അടച്ചേ തീരൂ എന്ന സാഹചര്യത്തിലാണ് അണ്‍ലിമിറ്റഡ് സംഭരണശേഷി ഓഫര്‍ ചെയ്ത് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ടെലിഗ്രാം ശ്രമിക്കുന്നത്. എത്ര ഫയലുകള്‍ വേണമെങ്കിലും സംഭരിക്കാം. പക്ഷേ, ഓരോ ഫയലും 2ജിബിയില്‍ താഴെ ആയിരിക്കണം. ടെലഗ്രാം പ്രീമിയം ഉപയോഗിക്കുന്നവര്‍ക്ക് പരമാവധി ഫയല്‍ സൈസ് 4ജിബി ആയിരിക്കും. അതേസമയം, ഇത്തരം ഫയലുകള്‍ക്ക് മള്‍ട്ടി ഡിവൈസ് സിങ്ക് ഉണ്ടായിരിക്കില്ലെന്നും പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com