ചാറ്റ് ചെയ്യാൻ ആരുമില്ലേ? വാട്സാപിൽ ഇതാ ഒരു നിർമിതബുദ്ധി കൂട്ടുകാരൻ

Mail This Article
ചാറ്റ് ചെയ്യാൻ ആരുമില്ലാത്തവർക്കായി ചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ പറയാനും വാട്സാപിൽ ഇതാ നിര്‍മിത ബുദ്ധിയുടെ (എഐ) സാന്നിധ്യം. ആദ്യം അമേരിക്കയിലെ ഉപയോക്താക്കള്‍ക്കാണ് ലഭ്യമാക്കിയിരുന്നതെങ്കിലും ഇന്ത്യയില്‍ ചിലര്‍ക്കും ഈ സേവനം ഇപ്പോള്‍ കിട്ടിതുടങ്ങിയെന്നാണ് റിപ്പോർട്ട്. വാട്സാപ്പിന്റെ വലതു വശത്ത് താഴെയായി 'മെറ്റാ എഐ' എന്നു കാണാനാകുന്നവര്‍ക്ക് ഇപ്പോള്‍ ഉപയോഗിച്ചു തുടങ്ങാം. മറ്റൊരാളോടു സംസാരിക്കുന്ന മട്ടില്‍ ചാറ്റ് ചെയ്യാന്‍ അനുവദിക്കുന്ന മെറ്റാ എഐയുടെ സാന്നിധ്യം, മറ്റു വാട്സാപ് ഉപയോക്താക്കള്‍ക്കും മാസങ്ങള്‍ക്കുള്ളില്‍ ലഭിച്ചേക്കും.
എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം?
വാട്സാപ്, മെസൻജർ, ഇന്‍സ്റ്റഗ്രാം എന്നീ ആപ്പുകളില്‍ എഐ സാന്നിധ്യം കൊണ്ടുവരും എന്ന് 2023ലെ മെറ്റാ കണക്ടിലാണ് കമ്പനി അറിയിച്ചത്. കമ്പനി സ്വന്തമായി വികസിപ്പിച്ച ലാമാ 2 (Llama 2) ജനറേറ്റിവ് ടെക്സ്റ്റ് മോഡലും, കമ്പനിയുടെ തന്നെ ലാര്‍ജ് ലാംഗ്വെജ് മോഡല്‍ ഗവേഷണഫലവും പ്രയോജനപ്പെടുത്തിയാണ് ഇത് കൊണ്ടുവന്നിരിക്കുന്നത്. എഐ വഴി തേടുന്ന തത്സമയ വിവരങ്ങള്‍ നല്‍കാനായി മൈക്രോസോഫ്റ്റ് ബിങ്ങിനെയും മെറ്റാ ആശ്രയിക്കും.
മെറ്റാ എഐയുടെ ശ്രദ്ധേയമായ ഫീച്ചറുകളിലൊന്ന് ഇമേജ് ജനറേഷന് ടൂള്‍ ആണ്. വാക്കാലുള്ള പ്രോംപ്റ്റുകൾ കേട്ട്, മെറ്റാ എഐയ്ക്ക് യഥാര്‍ത്ഥമെന്നു തോന്നിപ്പിക്കുന്ന ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. (ഉദാ: കോട്ട് ഇട്ട് തൊപ്പിവച്ച ഒരു വെളുത്തപൂച്ചയുടെ ചിത്രം എന്നൊക്കെ കമാന്‍ഡ് നല്‍കാം.)

കമാന്‍ഡ് നല്കാന് ആഗ്രഹിക്കുന്നവര്‍ ആദ്യം '@MetaAI /imagine' എന്നു ടൈപ് ചെയ്ത ശേഷം തങ്ങളുടെ ആവശ്യവും എഴുതണം. ഇങ്ങനെ ജനറേറ്റ് ചെയ്തു കിട്ടുന്ന ചിത്രങ്ങളും മറ്റും ഉപയോക്താക്കള്‍ക്ക് അവരുടെ വാട്സാപ് ചാറ്റുകള്‍ കൂടുതല്‍ രസകരമാക്കാന്‍ ഉപയോഗിക്കാം. ഇമെജ് ജനറേഷനു പുറമെ, ചാറ്റിനിടയില്‍ അവസരോചിതമായ തമാശകളും, അറിവും പങ്കുവയ്ക്കേണ്ടവര്ക്കും എഐയുടെ സഹായം തേടാം. ചാറ്റുകള്‍ക്കിടയില്‍ സന്ദര്‍ഭോചിതമായ ഉപദേശങ്ങള്‍ നല്കാന് ആഗ്രഹിക്കുന്നവര്‍ക്കും മെറ്റാ എഐയെ സമീപിക്കാനായേക്കും.
വാട്സാപില്‍ മെറ്റാ എഐ ഐക്കണ്‍ ഇപ്പോൾ കാണാന്‍ സാധിക്കുന്നവര്‍, അതില്‍ ടാപ് ചെയ്താല്‍ ഇന്‍ബോക്സില്‍ എത്താം. ഇവിടെ സംശയങ്ങള്‍ ചോദിക്കുകയും, ചിത്രങ്ങള്‍ സൃഷ്ടിച്ചു നല്കാന് ആവശ്യപ്പെടുകയുമൊക്കെ ചെയ്യാം. മെറ്റാ എഐക്കു പുറമെ, മിസ്റ്റര്‍ബീസ്റ്റ്, നഓമി ഓസാകാ തുടങ്ങി 28 പ്രശസ്തരുടെ പേരിലുള്ള എഐ അസിസ്റ്റന്റുകളും തങ്ങള്‍ വികസിപ്പിക്കുന്നുണ്ടെന്ന് മെറ്റാ അറിയിച്ചിട്ടുണ്ട്. എഐ സ്റ്റിക്കര്‍ ഫീച്ചറും മെറ്റാ പരിചയപ്പെടുത്തിയിട്ടുണ്ട്.

രഹസ്യം ചോര്‍ത്തിയെന്ന്: ഓപ്പണ്‍എഐ രണ്ട് ജീവനക്കാരെ പുറത്താക്കി
ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന എഐ കമ്പനിയായ ഓപ്പണ്‍എഐ തങ്ങളുടെ രണ്ട് ഉദ്യോഗസ്ഥരെ കമ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്കി എന്ന് ആരോപിച്ച് പുറത്താക്കി എന്ന് ദി ഇന്‍ഫര്‍മേഷന്‍. കമ്പനിയുടെ മുഖ ശാസ്ത്രജ്ഞന് ഇല്യ സറ്റ്സ്കെവറുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ലിയൊപോള്‍ഡ് അസ്ചെന്ബ്രെണര് ( Aschenbrenner) അടക്കം രണ്ടു പേരെയാണ് പുറത്തിറക്കിയതത്രെ.
സുരക്ഷാ മേഖലയില്‍ അസാധാരണ വൈദഗ്ധ്യം പ്രകടിപ്പിച്ച ആളായിരുന്നു ലിയോപൊള്ഡ്. എന്തു വിവരമാണ് ഇരുവരും പുറത്തുവിട്ടത് എന്ന കാര്യത്തെക്കുറിച്ച് ഇപ്പോള്‍ വ്യക്തതയില്ല. തങ്ങളുടെ മേധാവി സാം ഓള്‍ട്ട്മാനെ അടക്കം പുറത്താക്കുകയും തിരിച്ചെടുക്കുകയും ചെയ്ത കമ്പനിയാണ് ഒപ്പണ്‍എഐ.
ഗൂഗിള്‍ വണ്‍ വിപിഎന്‍ നിറുത്തലാക്കുന്നത് എന്തുകൊണ്ട്?
ഗൂഗിള്‍ വണ്‍ ഉപയോക്താക്കള്‍ക്ക് ഒക്ടോബര്‍ 2020 മുതല്‍ നല്‍കിവന്ന വിപിഎന്‍ സേവനം നിറുത്തുന്നു. ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ തുടക്കത്തില്‍ പ്രതിമാസം 9.99 ഡോളര്‍ നല്കേണ്ടിയിരുന്നു. തുടര്‍ന്ന് അത് 1.99 ഡോളറായി കുറച്ചിട്ടു പോലും പ്രതീക്ഷിച്ച അത്ര കസ്റ്റമര്‍മാരെ കിട്ടാത്തതിനാലാണ് വിപിഎന്‍ നിറുത്താന്‍ പോകുന്നതെന്ന് 9ടു5ഗൂഗിള്‍. അതേസമയം, ഗൂഗിള്‍ വണ്‍ സേവനത്തിന് 100 ദശലക്ഷം സബ്സ്ക്രൈബര്‍മാരെ ലഭിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങള്‍ വിപിഎന്‍ നിറുത്തിയാലും തേഡ്പാര്‍ട്ടി വിപിഎന്‍ ഉപയോഗിക്കാന്‍ അനുവദിക്കുമെന്നാണ് കമ്പനി പറയുന്നത്.
ഹ്യുമെയ്ന്‍ എഐ പിന് റിവ്യൂകള്‍ പറയുന്നതെന്ത്?

സ്മാര്‍ട്ട്ഫോണുകള്‍ പകരമാകാന്‍ കൊതിച്ച് രംഗപ്രേവശം നടത്തിയ ഹ്യുമെയ്ന്‍ എഐ പിന് റിവ്യൂകള്‍ പറയുന്നതെന്ത്? ദി വേര്‍ജ്, എന്‍ഗ്യാജറ്റ് തുടങ്ങിയമികച്ച വെബ്സൈറ്റുകള്‍ എഐ പിന്, ആവശം പകരുന്ന ഒരു ഉപകരണമായോ, സ്മാര്‍ട്ട്ഫോണിനു പകരം വയ്ക്കാനാകുന്ന ഒന്നായോ കരുതുന്നില്ല. എഐ പിന്നിലുള്ള ക്യാമറയ്ക്കും, പ്രൊജക്ടറിനും മികച്ച പ്രതികരണം ലഭിച്ചില്ല. ക്യാമറ വളരെ മോശമാണെന്നാണ് ഇന്വേഴ്സിന്റെ വിലയിരുത്തലില്‍ പറയുന്നത്.
എഐ പിന് തെറ്റായ വിവരം നല്കുന്നു എന്ന ആരോപണവും ഉണ്ട്. ഗൂഗിള്‍ ജെമിനി അടക്കമുള്ള എഐ സേവനങ്ങളാണ് എഐ പിന് ഉപയോഗിക്കുന്നത്. ഹ്യുമെയ്ന്‍ എഐ പിന് ഉപകരണം വാങ്ങാന്‍ 699 ഡോളര്‍ നല്‍കണം. പുറമെ അതു പ്രവര്‍ത്തിപ്പിക്കാന്‍ ഓരോ മാസവും 24 ഡോളര്‍ വരിസംഖ്യയും നല്കിക്കൊണ്ടിരിക്കണം. എന്നാല്‍, ഉപകരണത്തില്‍ കണ്ട പല പ്രശ്നങ്ങളും ഭാവിയില്‍ പരിഹരിക്കപ്പെട്ടു കൂടാ എന്നില്ലെന്ന ശുഭാപ്തിവിശ്വാസം പങ്കുവയ്ക്കുന്ന റിവ്യൂവര്‍മാരും ഉണ്ട്.
കമ്പനികള്‍ വര്‍ക് ഫ്രം ഹോം നിറുത്തലാക്കുന്നത് എന്തുകൊണ്ട്?
മെറ്റാ കമ്പനി മേധാവി മാര്‍ക് സക്കര്‍ബര്‍ഗ് ഏതാനും വര്‍ഷം മുമ്പു പറഞ്ഞത് തങ്ങളുടെ ജോലിക്കാരില്‍ പകുതി പേരും 2030ൽ ഓഫിസിലെത്താതെ റിമോട്ട് ജോലി ചെയ്യുന്നവര്‍ ആയിരിക്കുമെന്നാണ്. കോവിഡ്-19ന്റെ കാലത്ത് നടത്തിയ ഇത്തരം പ്രഖ്യാപനങ്ങള്‍ ഒക്കെ മറന്ന് വര്‍ക് ഫ്രം ഹോം തൊഴില്‍ രീതി കമ്പനികള്‍ ഇപ്പോള്‍ നിറുത്തലാക്കി തുടങ്ങിയിരിക്കുന്നത് എന്തുകൊണ്ടാണ്?
ജോലിക്കാരുടെ വീടുകളിലെ മുറികള്‍ ഓഫിസ് ആക്കി മാറ്റുകയും, വീട്ടിലിരുന്നു ജോലി രീതി ശാശ്വതമായിരിക്കും എന്നു കരുതുകയും ചെയ്ത കാലം അവസാനിപ്പിച്ച് എല്ലാ ജോലിക്കാരും ആഴ്ചയില്‍ മൂന്നു ദിവസം എങ്കിലും ഓഫിസില്‍ എത്തി ജോലിയെടുത്തേ മതിയാകൂ എന്ന് മെറ്റാ, ആമസോണ്‍, ഡെല്‍, ഐബിഎംതുടങ്ങിയ കമ്പനികള്‍ പറഞ്ഞു കഴിഞ്ഞു. ടിസിഎസ്, ഇന്‍ഫോസിസ് തുടങ്ങിയ ഇന്ത്യന്‍ കമ്പനികളും ജോലിക്കാരെ തിരിച്ചുവിളിച്ചു തുടങ്ങി.

ഒരു കമ്പനിയിലെ ജോലിക്കാര്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുക, കമ്പനിയുടെ സംസ്കാരം ആര്‍ജ്ജിക്കാനുള്ള അവസരം നഷ്ടമാകുക, പരിശീലനം എളുപ്പമാക്കുക, മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള സാധ്യത പ്രയോജനപ്പെടുത്തുക തുടങ്ങി പല ഗുണങ്ങളും ഓഫിസ് ജോലിക്കുണ്ട് എന്ന് അധികാരികള്‍ തിരിച്ചറിഞ്ഞതിനാലാണ് ഇത്.