ADVERTISEMENT

504 ക്യുബിറ്റ് ശേഷിയുള്ള ക്വാണ്ടം കംപ്യൂട്ടിങ് ചിപ് വികസിപ്പിച്ചു ചൈന. ലോകമെമ്പാടുമുള്ള ഗവേഷകർക്ക് ക്ലൗഡിലൂടെ ഇതിന്റെ സേവനങ്ങൾ ലഭിക്കാനുള്ള അവസരവും ഒരുക്കപ്പെടും (ചില ക്വാണ്ടം കംപ്യൂട്ടിങ് സേവനങ്ങളും പ്രക്രിയകളും ക്ലൗഡിലൂടെ ചെയ്യാൻ സാധ്യമാണ്). നിലവിലെ ക്വാണ്ടം കംപ്യൂട്ടറുകളുടെ ശേഷി കൂട്ടുകയാണ് ലക്ഷ്യം.

സിഹായോങ് എന്നാണ് ചിപ്പിന്റെ പേര്.ചൈനീസ് അക്കാദമി ഓഫ് സയൻസസിനു കീഴിലുള്ള പ്രത്യേക ലാബാണ് ചിപ്പിനു പിന്നിൽ. ചൈനീസ് ക്വാണ്ടം കംപ്യൂട്ടിങ് കമ്പനിയായ ക്വാണ്ടംസിടെക്കിനാണ് ആദ്യ സിയാഹോങ് ചിപ്പ് ലഭിച്ചത്. ഐബിഎം പോലുള്ള കമ്പനികളുടെ ക്ലൗഡ് അധിഷ്ഠിത ക്വാണ്ടം സേവനങ്ങളോട് കിടപിടിക്കുന്നതാണ് സിയാഹോങ്ങെന്ന് ചൈന അറിയിച്ചു.

Photo: Bartlomiej K. Wroblewski/ Shutterstock
Photo: Bartlomiej K. Wroblewski/ Shutterstock

ക്വാണ്ടം കംപ്യൂട്ടിങ് ഭാവിയുടെ പ്രതീക്ഷയാണ്.

അടുത്തിടെ സൂപ്പർ കംപ്യൂട്ടറുകൾ 10,000 വർഷമെടുത്തു ചെയ്യുന്ന കണക്കുകൂട്ടൽ വെറും മൂന്നു മിനിറ്റ് കൊണ്ടാണു ഗൂഗിളിന്റെ സൈക്കാമോർ മെഷീൻ ചെയ്തത്. മിത്ത് എന്നു കരുതിയിരുന്ന ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ അപാരശേഷി അഥവാ ‘ക്വാണ്ടം സുപ്രമസി’ യാഥാർഥ്യത്തിലേക്കെന്നതിന്റെ സൂചനയായിരുന്നു ഇത്.

'ക്വാണ്ടം സുപ്രമസി' എന്ന വാക്ക് ആദ്യം ഉപയോഗിച്ചത് കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (കാൽടെക്) ഭൗതികശാസ്ത്രജ്ഞൻ ജോൺ പ്രെസ്‌കില്ലാണ്. ഇതിന്റെ ആശയം ആദ്യമായി നൽകിയത് 1981ൽ ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ റിച്ചഡ് ഫെയ്ൻമാനും.സാദാ കംപ്യൂട്ടറുകൾക്കു സ്വപ്നം കാണാനൊക്കാത്ത സമസ്യകൾ ഞൊടിയിടയിൽ ചെയ്തുതീർക്കുന്ന ബ്രഹ്മാണ്ഡ കംപ്യൂട്ടർ പ്രോസസറുകളാണ് ഇതിന്റെ അടിസ്ഥാനം. 

ദീർഘനാളായി ഈ മേഖലയിൽ മത്സരരംഗത്തുള്ള ഐബിഎമ്മും ഗൂഗിളും ക്വാണ്ടം പ്രോസസറുകൾ ഇറക്കിയിട്ടുണ്ട്. ബ്രിസിൽകോൺ, ടെനറിഫ്, യോർക് ടൗൺ തുടങ്ങി ഒട്ടേറെ ഉദാഹരണങ്ങൾ. 

Photo Credit : 13 Phunkod / Shutterstock.com
Photo Credit : 13 Phunkod / Shutterstock.com

എന്താണു ക്വാണ്ടം കംപ്യൂട്ടിങ്ങിനെ ഇത്ര കരുത്തുറ്റതാക്കുന്നത് ?

സാധാരണ കംപ്യൂട്ടറുകൾ വൈദ്യുതിയുടെ ഒഴുക്കുമായി ബന്ധപ്പെട്ടാണു പ്രവർത്തിക്കുന്നത്. ഇതിനെ അടിസ്ഥാനപ്പെടുത്തി 0, 1 എന്നീ ഡിജിറ്റൽ മൂല്യങ്ങളുള്ള ബിറ്റുകളാണ് നമ്മൾ ഇന്നു കാണുന്ന ഡിജിറ്റൽ കംപ്യൂട്ടറുകളുടെ അടിസ്ഥാനം.എന്നാൽ ഇലക്ട്രോണുകൾ, ഫോട്ടോണുകൾ തുടങ്ങി ക്വാണ്ടം മെക്കാനിക്സ് നിയമങ്ങൾ അനുസരിക്കുന്ന കണങ്ങളുടെ ഭൗതികനിയമങ്ങൾ ഉപയോഗിച്ചാണു ക്വാണ്ടം കംപ്യൂട്ടിങ് പ്രവർത്തിക്കുന്നത്.

സാധാരണ കംപ്യൂട്ടറുകളിലെ ബിറ്റുകൾക്കു പകരം ഇവിടെ ക്യുബിറ്റുകളാണ്. ഒരു ക്യുബിറ്റിനു സാധാരണ ബിറ്റിനേക്കാൾ പലമടങ്ങു വിവരങ്ങൾ ശേഖരിച്ചുവയ്ക്കാൻ ശേഷിയുണ്ട്. ഇതു പ്രോസസർ ശേഷി വൻരീതിയിൽ കൂട്ടുന്നു. ഫലമോ, സാധാരണ കംപ്യൂട്ടർ വിമാനമാണെങ്കിൽ ക്വാണ്ടം കംപ്യൂട്ടർ റോക്കറ്റാണ്. ഇതൊക്കെയാണെങ്കിലും ക്വാണ്ടം കംപ്യൂട്ടിങ് ഉടനൊന്നും ജനോപകാരപ്രദമായ നിലയിലേക്കു എത്താൻ വഴിയില്ലെന്നാണ് ഗവേഷകരുടെ അനുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com