ADVERTISEMENT

നിര്‍മിത ബുദ്ധിയും (എഐ), മെഷീന്‍ ലേണിങും ശക്തിപകരുന്ന പുതിയ ഒരു ഫീച്ചര്‍ തങ്ങള്‍ വികസിപ്പിച്ചുവരികയാണെന്ന് ആപ്പിള്‍ അറിയിച്ചു. ഐ ട്രാക്കിങ് എന്ന പേരില്‍ അറിയപ്പെടുന്ന ഇത് 2024ല്‍ തന്നെ ഐഫോണിലേക്കും ഐപാഡിലേക്കും എത്തിയേക്കുമെന്ന സൂചനയും കമ്പനി നല്‍കുന്നു. ഐഓഎസ് 18ല്‍ ആയിരിക്കും ഇത് ലഭ്യമാുക എന്നാണ് പൊതുവെ കരുതുന്നത്. 

എന്താണ് ഐ ട്രാക്കിങ്?

ശാരീരിക പരിമിതികള്‍ ഉള്ളവരെ മനസില്‍വച്ചാണ് പുതിയ ഫീച്ചര്‍ ആപ്പിള്‍ വികസിപ്പിച്ചു വരുന്നത്. അതേസമയം, ഭാവിയില്‍ ഇതിന് പല ഉപയോക്താക്കള്‍ക്കും ബഹുവിധ സാധ്യതകള്‍ തുറന്നിട്ടേക്കാം. ഐപാഡിലേക്കും ഐഫോണിലേക്കുമാണ് നോട്ടം ഉപയോഗിച്ചുള്ള നാവിഗേഷന്‍ ആദ്യം എത്തുന്നത്. ആപ്പിള്‍വിഷന്‍ പ്രോയിലും ഐപാഡുകളിലും ഉള്ള ഡ്വെല്‍ കണ്ട്രോള്‍ (Dwell Control) എന്ന ഫീച്ചറും കൂടെ പ്രയോജനപ്പെടുത്തി ആയിരിക്കും പുതിയ തരം നാവിഗേഷന്റെ ഓരോ ഘട്ടവും പ്രവര്‍ത്തിക്കുക. 

ഐഫോണിന്റെയും ഐപാഡിന്റെയും മുന്‍ ക്യാമറാ സിസ്റ്റം ഉപയോഗിച്ചായിരിക്കും ഐ കണ്ട്രോളിന്റെ സെറ്റ്-അപ്പും കാലിബറേഷനും. ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിക്കാനായി ഐ ട്രാക്കിങ് ഡേറ്റ മുഴുവന്‍ അതത് ഉപകരണങ്ങളില്‍ തന്നെ സൂക്ഷിക്കുമെന്നും, തങ്ങളുടെ സേര്‍വറുകളിലേക്ക് മാറ്റില്ലെന്നുംആപ്പിള്‍ പറയുന്നു. 

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

ഐ ട്രാക്കിങ് എല്ലാ ആപ്പുകളിലും പ്രവര്‍ത്തിക്കുമെന്നും, അതിന് അധിക ഹാര്‍ഡ്‌വെയര്‍ വേണ്ടന്നും കമ്പനി പറയുന്നു. അതായത്, ഇനി ഇറങ്ങാന്‍ പോകുന്ന ഐഫോണ്‍ 16 സീരിസോ, പുതിയ ഐപാഡ് സീരിസോ ഒന്നും ഇല്ലെങ്കിലും ഐഓഎസ് 18 പ്രവര്‍ത്തിക്കുന്ന മിക്ക ഉപകരണങ്ങളിലും ഐ ട്രാക്കിങ്സാധ്യമായേക്കും എന്നാണ് വരികള്‍ക്കിടയില്‍ വായിച്ചാല്‍ തോന്നുക. 

വോക്കല്‍ ഷോട്കട്‌സ്

ആപ്പിളിന്റ വോയിസ് അസിസ്റ്റന്റ് സിരിക്കു മനസിലാകുന്ന ചില വാക്കുകളും പ്രയോഗങ്ങളും ഉപയോഗിച്ച് ചില ഫങ്ഷനുകള്‍ നടത്താന്‍ സാധിക്കുന്ന ഫീച്ചറിനെയാണ് വോക്കല്‍ ഷോട്കട്‌സ് എന്നു വിളിക്കുന്നത്. സങ്കീര്‍ണ്ണമായ ചില കാര്യങ്ങള്‍ക്കായി പോലും ഇത് പ്രയോജനപ്പെടുത്താനായേക്കും. ഇവയ്‌ക്കൊപ്പം എത്തിയേക്കും എന്നു പ്രതീക്ഷിക്കുന്ന മറ്റൊരു ഫീച്ചറാണ് Atypical Speech. സ്പീച്ച് റെക്കഗ്നിഷന്‍ ഫീച്ചറിന്റെ സാധ്യത കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് ഇത്. സെറിബ്രല്‍ പോള്‍സി, എഎല്‍എസ് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഇത്ഗുണകരമായേക്കും. 

Image Credit: Shahid Jamil/Istock
Image Credit: Shahid Jamil/Istock

ഐഫോണ്‍ 16 പ്രോ മാക്‌സില്‍ പുതിയ ബാറ്ററി ടെക്‌നോളജി കണ്ടേക്കും

ആപ്പിള്‍ ഈ വര്‍ഷം ഇറക്കാന്‍ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ ഐഫോണ്‍ 16 മാക്‌സില്‍ പുതിയ ബാറ്ററി ടെക്‌നോളജി അവതരിപ്പിച്ചേക്കുമെന്ന് അവകാശവാദം. കൂടുതല്‍ ഊര്‍ജ്ജ സാന്ദ്രതയുള്ള ബാറ്ററി സെല്‍സ് ആയിരിക്കും ഈ മോഡലിന് നല്‍കുക എന്നാണ് ആപ്പിള്‍കമ്പനിയുമായി ബന്ധപ്പെട്ട പല വിവരങ്ങളും പുറത്തുവിടുന്ന വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ പറയുന്നത്. 

മുന്‍ തലമുറയിലെ ഐഫോണ്‍ മാക്‌സ് മോഡലുകള്‍ക്കുള്ള അതേ വലിപ്പമുള്ള ബാറ്ററി ആയിരിക്കാം ഐഫോണ്‍ 16 മാക്‌സിലും ഉപയോഗിക്കുന്നതെങ്കിലും അത് കൂടുതല്‍ നേരത്തേക്ക് പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ഈ മാറ്റത്തിനായി ഐഫോണ്‍ 16 മാക്‌സിന്റെ ബാറ്ററിക്ക് സ്‌റ്റെന്‍ലെസ് സ്റ്റീല്‍ കെയ്‌സ് നല്‍കും. നിലവിലുള്ള ഫോണുകള്‍ക്ക് അലുമിനിയം കെയ്‌സ് ആണ്. പുതിയ സാങ്കേതികവിദ്യ ഐഫോണ്‍ 16 മാക്‌സില്‍ മാത്രമേ കാണൂ എന്നാണ് കുവോ ഊഹിക്കുന്നത്. അതേസമയം, അടുത്ത വര്‍ഷം ഇറക്കുമെന്നുകരുതുന്ന ഐഫോണ്‍ 17 സീരിസിലെ എല്ലാ മോഡലുകള്‍ക്കും പുതിയ ടെക്‌നോളജി ലഭിച്ചേക്കുമെന്നും കുവോ പറയുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഐഫോണ്‍ 15 സീരിസില്‍ പുതിയ സ്റ്റാക്ഡ് ബാറ്ററി ടെക്‌നോളജി കൊണ്ടുവന്നേക്കുമെന്ന് പലരും കരുതിയിരുന്നെങ്കിലും അത് ഉണ്ടായില്ല.  

phone-apple - 1

ആന്‍ഡ്രോയിഡ് 15നിൽ പ്രൈവറ്റ് സ്‌പേസ്; എന്താണത്?

ആന്‍ഡ്രോയിഡ് 15 ബീറ്റാ 2 ഉപയോഗിക്കുന്നവരില്‍ പലര്‍ക്കും ഒരു പുതിയ പ്രൈവറ്റ് സ്‌പേസ് ഫീച്ചര്‍ അങ്ങ് ഇഷ്ടപ്പെട്ട മട്ടാണ്. ഇങ്ങനെ ഒരു ഫീച്ചര്‍ എത്രയും വേഗം ഐഫോണില്‍ വന്നിരുന്നെങ്കില്‍ എന്നു പറഞ്ഞ് ബിജിആറില്‍ ലേഖനം എഴുതിയിരിക്കുന്നത് ക്രിസ് സ്മിത് ആണ്. 

എന്താണ് പ്രൈവറ്റ് സ്‌പേസ്?

ഫോണില്‍ മറ്റാരും കാണാതെ വയ്‌ക്കേണ്ട ആപ്പുകളും കണ്ടെന്റും സൂക്ഷിക്കാനുള്ള സ്ഥലത്തിനാണ് പ്രൈവറ്റ് സ്‌പേസ് എന്നു വിളിക്കുന്നത്. ഒരു ആപ്പിന്റെ തന്നെ രണ്ട് വേര്‍ഷന്‍സ് പോലും നിങ്ങള്‍ക്ക് ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാം. ഗൂഗിളിന്റെ ആപ്പുകള്‍ക്കു പോലും രണ്ടു വേര്‍ഷന്‍ആകാം. 

Image Credit: Canva
Image Credit: Canva

പ്രൈവറ്റ് സ്‌പേസ് നോക്‌സോ?

സാംസങ് ഗ്യാലക്‌സി ഫ്‌ളാഗ്ഷിപ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രൈവറ്റ് സ്‌പേസിനു സമാനമായ ഫീച്ചര്‍ കുറച്ചുകാലമായി ലഭ്യമാണ്. ഇതിനെ സാംസങ് വിളിക്കുന്നത് നോക്‌സ് (Knox) എന്നാണ്. എന്തായാലും ആന്‍ഡ്രോയിഡ് 15 ഉപയോക്താക്കള്‍ക്ക് നോക്‌സിന് സമാനമായ ഫീച്ചര്‍ താമസിയാതെലഭിച്ചേക്കും. നോക്‌സിന് മികച്ച സുരക്ഷയാണ് സാംസങ് നല്‍കുന്നത്. അത്തരത്തിലുള്ള മികവ് പ്രൈവറ്റ് സ്‌പേസിനു ലഭിക്കുമോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടെന്നും പറയുന്നു.  

മേല്‍ക്കൂര സൗരോര്‍ജ്ജോത്പാദനം പ്രിയപ്പെട്ടതാകുന്നു

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന ചൂടിനെ ചെറുക്കാന്‍ ലോകമെമ്പാടും ആളുകള്‍ തങ്ങളുടെ കെട്ടിടങ്ങളുടെ മേല്‍ക്കൂരകളില്‍ സോളാര്‍ പാനലുകള്‍ വയ്ക്കുന്നത് വര്‍ദ്ധിപ്പിച്ചു തുടങ്ങി. സ്വന്തമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് എയര്‍ കണ്ടിഷണറുകള്‍ പ്രവര്‍ത്തിപ്പിച്ച്ശരീരത്തിനു വേണ്ട തണുപ്പു നല്‍കാനുള്ള ശ്രമത്തിന് കൂടുതല്‍ പേര്‍ ശ്രമിച്ചു തുടങ്ങിയിരിക്കുന്നു എന്ന് സിനെറ്റ് റിപ്പോര്‍ട്ട്. വൈദ്യുതി വാങ്ങാന്‍ വേണ്ടിവരുന്ന പണം കുറയ്ക്കാന്‍ ഇടവരുത്തുന്നു എന്നതാണ് സോളാര്‍ പാനലുകള്‍ വിന്യസിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതത്രെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com