ഇന്റർലോക്കിങ് ഇഷ്ടിക നിർമ്മാണം ലാഭകരം; വിജയം കട്ടയ്ക്ക് കൂടെ നിൽക്കും
Mail This Article
കെട്ടിടനിർമ്മാണ സാമഗ്രികളുടെ സംരംഭകത്വസാധ്യതകൾ ഏറെയാണ്. ചെലവു കുറയ്ക്കാനും വളരെ വേഗം കെട്ടിടനിർമാണം പൂർത്തിയാക്കാനും ഉതകുന്ന സംരംഭങ്ങൾക്കു നല്ല സ്വീകാര്യത ലഭിക്കും. സിമന്റ് ബ്രിക്കുകൾ ഈ രംഗത്തു വലിയ മുന്നേറ്റം ഉണ്ടാക്കി. അതിലെ പോരായ്മകൾകൂടി പരിഹരിച്ചുകൊണ്ട് കടന്നുചെല്ലാവുന്ന ബിസിനസ് സംരംഭമാണ് ഇന്റർലോക്കിങ് മഡ് ബ്രിക്സ് നിർമാണവും വിൽപനയും.
നിർമാണരീതി
നല്ല മണ്ണാണ് പ്രധാന അസംസ്കൃതവസ്തു. മണ്ണ്, സിമന്റ്, ഗ്രാവൽ മിക്സ്, റബർ കെമിക്കലുകൾ എന്നിവ ചേർത്താണു ബ്രിക്സ് നിർമിക്കുന്നത്. മണ്ണ് നന്നായി അരിച്ചെടുത്ത് അതിലെ എല്ലാത്തരം പാഴ്‌വസ്തുക്കളും മാറ്റി സിമന്റും ഗ്രാവൽ മിക്സും റബർ കെമിക്കലുകളും ചേർത്ത് മിക്സ് ചെയ്ത് ഡൈ സെറ്റിലിട്ട് ബ്രിക്സ് രൂപപ്പെടുത്തിയെടുക്കുന്നു. ഇതു നനയ്ക്കേണ്ട ആവശ്യമില്ല. 20 ഇഞ്ച് വരുന്ന മെറ്റീരിയലുകൾ കംപ്രസ് ചെയ്ത് 10 ഇഞ്ച് ആക്കുന്നതുകൊണ്ടാണു കൂടുതൽ ബലവും ദൃഢതയും സൗകര്യവും ലഭിക്കുന്നത്. വെർട്ടിക്കലായും ഹൊറിസോണ്ടലായും ലോക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇത്തരം ബ്രിക്സിലുള്ളത്. സിമന്റ് ബ്രിക്‌സിന്റെ അത്രതന്നെ ഭാരമാണ് ഇതിനു വരുന്നത്.
അടിസ്ഥാനസൗകര്യം
മണ്ണു ലഭിക്കാനുള്ള സൗകര്യമാണ് പ്രധാനമായി കാണേണ്ടത്. മണ്ണു കൊണ്ടുവരാനും സംഭരിക്കാനും തുറന്ന സ്ഥലം ആവശ്യമുണ്ട്. 2000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടവും ഏതാനും മെഷിനറികളും ആവശ്യമുണ്ട്. മണ്ണ് അരിക്കുന്ന മെഷിൻ, മിക്സിങ് മെഷിൻ, ഡൈ സെറ്റുകൾ, ബ്രിക്സ് മേക്കിങ് മെഷിൻ എന്നിവയാണു പ്രധാന യന്ത്രങ്ങൾ. ഇവയെല്ലാം പ്രാദേശികമായി ലഭിക്കും. മെഷിനറിക്കു മാത്രം ഏകദേശം 20 ലക്ഷം രൂപ ചെലവുണ്ട്. 15 എച്ച്പി പവറും ഏകദേശം എട്ടു തൊഴിലാളികളും വേണ്ടിവരും.
വിപണിസാധ്യത
ഇത്തരം ഉൽപന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾ തീരെ കുറവാണ്. കെട്ടിടനിർമാണം വളരെ ഈസിയാക്കുന്ന ഉൽപന്നം എന്ന നിലയിൽ വലിയ സ്വീകാര്യതയുണ്ട്. നിലവിൽ കിടമത്സരം ഇല്ലെന്നുതന്നെ പറയാം. 30 ശതമാനത്തിൽ കുറയാതെ അറ്റാദായം ലഭിക്കാനും അവസരമുണ്ട്.
കോൺട്രാക്ടർമാരും കെട്ടിടനിർമാണ സ്ഥാപനങ്ങളും ഇത്തരം മെറ്റീരിയലുകളെ ആശ്രയിച്ചുവരുന്നു. വളരെ വേഗം ജോലി തീർക്കാമെന്നതാണ് ഏറ്റവും വലിയ ആകർഷകത്വം. മാത്രമല്ല, സിമന്റ്, മണൽ, പ്ലാസ്റ്ററിങ് ചെലവുകൾ വലിയതോതിൽ ഒഴിവാക്കാൻ കഴിയുന്നു എന്നതും മേന്മയാണ്. ഇതുവഴി ഏകദേശം 30% വരെ നിർമാണച്ചെലവ് കുറയ്ക്കാൻ കഴിയുന്നതായാണു വിലയിരുത്തൽ. ബ്രിക്സ് ഒന്നിന് 40 മുതൽ 50 വരെ രൂപയാണു വില. കൺസ്ട്രക്‌ഷൻ മെറ്റീരിയലുകൾ റീ–ഡിസ്ട്രിബ്യൂട്ട് ചെയ്യുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വിൽപനക്കരാർ ഉണ്ടാക്കാം.
മാതൃകാസംരംഭം
ഇന്റർലോക്കിങ് മഡ് ബ്ലോക്ക് നിർമ്മാണ രംഗത്ത് വിജയകരമായി മുന്നേറുന്ന സ്ഥാപനമാണ് തിരുവനന്തപുരത്തെ കിരൺ കൺസ്ട്രക്‌ഷൻ ഇന്റർലോക്ക് ബ്രിക്സ്. ബി.ടെക് ബിരുദധാരിയായ കിരൺ രാജാണ് സ്ഥാപനം നടത്തുന്നത്. മൂന്നു പ്ലാന്റുകളിലായാണ് ഉൽപാദനം. കേരളത്തിനു പുറമെ, തമിഴ്നാട്ടിലും കർണാടകയിലും ഉൽപന്നങ്ങൾ വിൽക്കുന്നു. സ്ഥിരം കസ്റ്റമേഴ്സ് ഉണ്ട്. ഒരു കോടി രൂപയോളം നിക്ഷേപം നടത്തിയ ഈ സ്ഥാപനത്തിൽ ഇരുപതിലേറെ തൊഴിലാളികൾ ജോലി ചെയ്യുന്നു.