ADVERTISEMENT

ഐറിഷ് ലയനത്തിനു വേണ്ടി വാദിക്കുന്ന ഷിൻ ഫെയ്ൻ പാർട്ടി നേതാവ് മിഷേൽ ഒനീൽ വടക്കൻ അയർലൻഡിൽ ഫസ്റ്റ് മിനിസ്റ്റർ ആയതോടെ യുകെയിൽ വീണ്ടും അയർലൻഡ് ഒരു ചർച്ചാവിഷയമാകുകയാണ്. ഈ ദശാബ്ദത്തിൽ തന്നെ റിപ്പബ്ലിക് ഓഫ് അയർലൻഡുമായി ലയിക്കാനുള്ള ഹിതപരിശോധന വടക്കൻ അയർലൻഡിൽ നടത്തുമെന്നു ഷിൻ ഫെയ്‌ൻ പാർട്ടി നേതാക്കൾ പ്രഖ്യാപിക്കുകകൂടി ചെയ്തതോടെ യാണ് യുണൈറ്റഡ് കിങ്ഡം എന്ന നാലംഗ കൂട്ടായ്മയിൽ വേർപിരിയലിന്റെ ചിന്തകൾ അലയടിക്കുന്നത്. വടക്കൻ അയർലൻഡിനെപ്പോലെ, സ്കോട്‌ലൻഡും സ്വതന്ത്ര രാജ്യമായി മാറാനുള്ള ആഗ്രഹം മനസ്സിൽ താലോലിക്കുന്ന പ്രദേശമാണ്.

ഐആർഎയുടെ ബാക്കിപത്രം

വടക്കൻ അയർലൻഡും റിപ്പബ്ലിക് ഓഫ് അയർ‌ലൻഡും ഒരുമിച്ച് ഒരു രാജ്യമാകണമെന്ന് ആവശ്യപ്പെടുന്ന സായുധസംഘമായ ഐറിഷ് റിപ്പബ്ലിക്കൻ ആർമിയുടെ (ഐആർഎ) രാഷ്ട്രീയ ഘടകമാണ് ഷിൻ ഫെയ്ൻ. 90 അംഗ നിയമസഭയിലേക്ക് 2022ൽ നടന്ന തിരഞ്ഞെടുപ്പിൽ 27 സീറ്റാണു ഷിൻ ഫെയ്നുള്ളത്. ബ്രിട്ടിഷ് അനുകൂല ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിക്ക് (ഡിയുപി) 24 സീറ്റുണ്ട്. മിതവാദികളായ അലയൻസ് പാർട്ടിക്ക് 17 സീറ്റും. ഡിയുപിയുമായി സഖ്യത്തിലെത്താൻ കഴിയാതിരുന്നതിനാൽ രണ്ടു വർഷമായി വടക്കൻ അയർലൻഡ് നിയമസഭയിൽ ഭരണസ്തംഭനമായിരുന്നു. ഡിയുപി നേതാവ് എമ്മ ലിറ്റിൽ പെൻഗിലിയുമായി ഒനീൽ ഇനി അധികാരം പങ്കുവയ്ക്കും.

ഐറിഷ് റിപ്പബ്ലിക്കൻ ആർമി ബന്ധമുള്ള കുടുംബത്തിലാണു മിഷേൽ ഒനീലിന്റെ ജനനം. റിപ്പബ്ലിക് ഓഫ് അയർലൻഡിലാണു ജനിച്ചതെങ്കിലും 47 വയസ്സുള്ള ഒനീൽ വളർന്നത് വടക്കൻ അയർലൻഡിലാണ്. ഐആർഎയിൽ പ്രവർത്തിച്ചതിന് ഒനീലിന്റെ പിതാവ് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഒരു അർധസഹോദരനെ ബ്രിട്ടിഷ് സൈന്യം വെടിവച്ചു കൊല്ലുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടനെതിരെ 30 വർഷം നീണ്ട രക്തരൂക്ഷിത പോരാട്ടമായിരുന്നു ഐആർഎ നടത്തിയത്.

യുണൈറ്റഡ് കിങ്ഡം

ഇംഗ്ലണ്ട്, സ്കോട്‌ലൻഡ്, വെയ്‌ൽസ്, വടക്കൻ അയർലൻഡ് എന്നിവയുടെ കൂട്ടായ്മയാണ് യുണൈറ്റഡ് കിങ്ഡം എന്ന യുകെ. യൂറോപ്യൻ വൻകരയുടെ വടക്ക് പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപുരാഷ്ട്രമാണ് യുണൈറ്റഡ് കിങ്ഡം. ലണ്ടനാണ് ഔദ്യോഗിക തലസ്ഥാനം. ഗ്രേറ്റ് ബ്രിട്ടൻ എന്ന വലിയ ദ്വീപും അയർലൻഡ് എന്ന ദ്വീപിന്റെ വടക്ക്–കിഴക്കൻ ഭാഗത്തായുള്ള വടക്കൻ അയർലൻഡും ചെറുതും വലുതുമായ മറ്റ് 6,000 ദ്വീപുകളും യുകെയുടെ ഭാഗമാണ്. ലണ്ടനാണ് ഇംഗ്ലണ്ടിന്റെ തലസ്ഥാനം. കാർഡിഫ് വെയ്‌ൽസിന്റെയും എഡിൻബറ സ്കോട്‌ലൻഡി ന്റെയും ബെൽഫാസ്റ്റ് വടക്കൻ അയർലൻഡിന്റെയും തലസ്ഥാനങ്ങളാണ്. റിപ്പബ്ലിക് ഓഫ് അയർലൻഡിന്റെ സ്വാതന്ത്ര്യത്തിനു ശേഷം 1921ലാണ് പ്രൊട്ടസ്റ്റന്റ് വിഭാഗത്തിനു ഭൂരിപക്ഷമുള്ള ബ്രിട്ടൻ അനുകൂല വടക്കൻ അയർലൻഡ് നിലവിൽ വന്നത്.

English Summary:

Ireland First Minister Michelle Oneill Current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com