തസ്തിക സൃഷ്ടിക്കാൻ കടുത്ത നിയന്ത്രണം; ലാസ്റ്റ് ഗ്രേഡ് സെർവന്റ് നിയമനം കുറയുന്നു

HIGHLIGHTS
  • കഴിഞ്ഞ തവണ 8255 പേർക്ക് നിയമന ശുപാർശ ലഭിച്ചിരുന്നു
psc-office-tvm
SHARE

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ലിസ്റ്റുകൾ 7 മാസം പിന്നിട്ടിട്ടും നിയമനം അതീവമന്ദഗതിയിൽ. മുൻ ലിസ്റ്റ് റദ്ദായശേഷം ഒന്നര വർഷത്തെ ഒഴിവുകൾ ലഭിച്ചെങ്കിലും 14 ജില്ലയിലുമായി 1872 പേർക്കു മാത്രമേ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. തിരുവനന്തപുരം ജില്ലയിൽ മാത്രമാണു ശുപാർശ 200 കടന്നത്. ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ 100 പേർക്കുപോലും നിയമനം ലഭിച്ചിട്ടില്ല. ബാക്കി ജില്ലകളിലും നിയമനനില ശോചനീയമാണ്. കഴിഞ്ഞ തവണ 8255 പേർക്ക് എൽജിഎസ് നിയമന ശുപാർശ ലഭിച്ചിരുന്നു.

ഒഴിവുകൾ വകമാറി

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പുതിയ തസ്തിക സൃഷ്ടിക്കാനുള്ള നിയന്ത്രണം, ഉദ്യോഗസ്ഥ പുനർവിന്യാസം തുടങ്ങിയ നടപടികളെത്തുടർന്ന് ഒഴിവുകൾ കുറയുന്നതാണു നിയമനം കുറയുന്നതിന്റെ പ്രധാന കാരണം. സെക്രട്ടേറിയറ്റ്/ പിഎസ്‌സി/അഡ്വക്കറ്റ് ജനറൽ ഓഫിസ്/ഓഡിറ്റ് ഡിപ്പാർട്മെന്റ് തുടങ്ങിയവയിലെ ലാസ്റ്റ് ഗ്രേഡ് നിയമനം ഈ ലിസ്റ്റിൽനിന്നു മാറ്റിയതും തിരിച്ചടിയായി. ഓഫിസ് അറ്റൻഡന്റ് റാങ്ക് ലിസ്റ്റിൽനിന്നാണ് ഈ സ്ഥാപനങ്ങളിലേക്ക് ഇപ്പോൾ നിയമനം നടത്തുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 27നു നിലവിൽ വന്ന ഓഫിസ് അറ്റൻഡന്റ് റാങ്ക് ലിസ്റ്റിലെ 340 പേർക്ക് ഇതുവരെ നിയമന ശുപാർശ ലഭിച്ചു.

തസ്തിക സൃഷ്ടിക്കാനുള്ള നിയന്ത്രണം ഏറ്റവും കൂടുതൽ ബാധിച്ചത് ലാസ്റ്റ് ഗ്രേഡ് നിയമനത്തെയാണ്. മറ്റുള്ളവയിൽ അത്യാവശ്യത്തിനുള്ള തസ്തിക സൃഷ്ടിക്കുന്നുണ്ടെങ്കിലും ലാസ്റ്റ് ഗ്രേഡിൽ നിയന്ത്രണം പൂർണമാണ്. എപ്പോഴെങ്കിലും പുതിയ തസ്തിക സൃഷ്ടിച്ചാലും താൽക്കാലികനിയമനമേയുള്ളൂ. റാങ്ക് ലിസ്റ്റിലുള്ളവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല.

14 ജില്ലയിലുമായി ഏകദേശം 15,000 നിയമനം മുൻപു നടന്നിരുന്നു. കഴിഞ്ഞ തവണ മുതലാണു നിയമനം ഇത്രയേറെ കുറഞ്ഞത്. ഇത്തവണ അത്രപോലും നിയമനം നടക്കാൻ സാധ്യത കുറവാണ്.

റാങ്ക് ലിസ്റ്റിൽ 16,227 പേർ

ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ 14 ജില്ലയിലുമായി 16,227 പേരാണുള്ളത്. ഏറ്റവും കൂടുതൽ പേർ തിരുവനന്തപുരം ജില്ലയിൽ–2041. കുറവ് വയനാട് ജില്ലയിൽ– 551. കൊല്ലം,എറണാകുളം,തൃശൂർ, പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂർ ജില്ലകളിലും ആയിരത്തിലധികം പേർ ലിസ്റ്റിലുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA