ഇതുപോലെ ഇനിയും ഷോക്കടിപ്പിക്കരുത്!
Mail This Article
വിവിധ തസ്തികകളിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങളുടെ വ്യക്തതയില്ലായ്മയും വിജ്ഞാപനം വന്നശേഷം യോഗ്യതയിൽ വരുത്തുന്ന മാറ്റങ്ങളും ഒഴിവാക്ക പ്പെടേണ്ടതാണെന്നാണ് കെഎസ്ഇബി മീറ്റർ റീഡർ/സ്പോട് ബില്ലർ തസ്തികയിലെ ഹൈക്കോടതി വിധി നൽകുന്ന സൂചന. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചശേഷം യോഗ്യതയിൽ വരുത്തിയ കൂട്ടിച്ചേർക്കലാണ് കോടതി ചോദ്യം ചെയ്തത്. നിയമനം ലഭിച്ചവരുടെ ജോലിപോലും നഷ്ടമാകുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കരുതായിരുന്നു.
ഈ തസ്തികയുടെ വിജ്ഞാപനത്തിൽ വ്യക്തമാക്കിയ യോഗ്യത എട്ടാം ക്ലാസ് ജയം, ഇലക്ട്രിഷ്യൻ/വയർമാൻ/ഇലക്ട്രോണിക് ട്രേഡ് എന്നിവയിലെ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻടിസി) എന്നിവയാണ്. കെഎസ് & എസ്എസ്ആറിലെ റൂൾ 10(a)(ii) ഈ തസ്തികയ്ക്ക് ബാധകമാണെന്നും വിജ്ഞാപനത്തിലുണ്ട്. ഇതനുസരിച്ച് തത്തുല്യ യോഗ്യതയും ഉയർന്ന യോഗ്യതയും സ്വീകരിക്കാം.
അങ്ങനെയാണ് ഡിപ്ലോമ, ബിടെക് യോഗ്യതയുള്ളവർ അപേക്ഷിച്ചതും അതു പരിഗണിച്ച് അർഹരായവരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി നിയമന ശുപാർശ നൽകിയതും. എന്നാൽ, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചശേഷം 2022 ജനുവരി 21ന് ഇലക്ട്രിക്കൽ ഡിപ്ലോമ കോഴ്സ് ഉയർന്ന യോഗ്യതയാണെന്നു വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. ഇതു ചോദ്യം ചെയ്ത് ഉദ്യോഗാർഥികൾ നൽകിയ ഹർജിയാണ് ഇപ്പോഴത്തെ വിധിക്കു വഴിയൊരുക്കിയത്.
ഐടിഐ, എൻടിസി തുടങ്ങിയ യോഗ്യത നേടിയവർക്കു സർക്കാർ സർവീസിൽ വളരെ ചുരുക്കം അവസരമാണു ലഭിക്കാറുള്ളത്. ഡിപ്ലോമ, ബിടെക് യോഗ്യതക്കാർ അപേക്ഷ നൽകുന്നത് ഇവരുടെ അവസരം ഇല്ലാതാക്കുമെന്നും ഈ സാഹചര്യം വിലക്കണമെന്ന ആവശ്യവും വർഷങ്ങളായുള്ളതാണ്. അങ്ങനെയാണ്, ഐടിഐ യോഗ്യത നിശ്ചയിക്കുന്ന വിജ്ഞാപനങ്ങളിൽ ഡിപ്ലോമ, ബിടെക് തുടങ്ങി ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാനാവില്ലന്ന് കഴിഞ്ഞ ജനുവരി 17നു തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവിറക്കിയത്.
വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിൽ ബിരുദധാരികൾക്ക് അപേക്ഷിക്കാൻ അവസരമില്ല. വിജ്ഞാപനത്തിൽ ഇക്കാര്യം വ്യക്തമാക്കാറുണ്ട്. ഉയർന്ന യോഗ്യത അയോഗ്യതയായ മറ്റു തസ്തികകളിലും ഇക്കാര്യം വിജ്ഞാപനത്തിൽത്തന്നെ വ്യക്തമാക്കണം. വിജ്ഞാപനത്തിനു വിരുദ്ധമായി തിരഞ്ഞെടുപ്പു നടത്താതിരിക്കയും വേണം. മീറ്റർ റീഡർ തസ്തികയിലേതുപോലെ, ജോലിയിൽ പ്രവേശിച്ചവർക്കുപോലും സുരക്ഷിതത്വം ഇല്ലാതെയാവുന്ന സാഹചര്യം ആവർത്തിക്കാൻ ഇടയാക്കരുത്.