sections
MORE

ഇടയന്മാരുടെ ഗ്രാമത്തിൽ, സൗന്ദര്യലഹരിയുടെ നിറവില്‍... കശ്മീർ യാത്ര തുടരുന്നു

HIGHLIGHTS
  • വിഷാദരോഗികളുടെ ഉദ്യാനം
pahalgam-kashmir
SHARE

(യാത്ര–ഭാഗം 2)

കശ്മീരിന്റെ ഗ്രാമ ഭംഗി മുഴുവനായി കാണാന്‍ കഴിയുക പഹല്‍ഗാമിലാണ്. അനന്ത്‌നാഗ് ജില്ലയില്‍ ലിഡ്ഡര്‍ നദിക്കരയിലാണ് ആട്ടിടയന്‍മാരുടെ ഗ്രാമമായ പഹല്‍ഗാം. ശ്രീനഗറിൽ നിന്ന്  92 കിലോമീറ്റര്‍ ദൂരത്തു കിടക്കുന്ന പഹല്‍ഗാമിലേക്കുള്ള റോഡിന് ഇരുവശത്തും കൃഷിസ്ഥലങ്ങളാണ്. പച്ചയും കടുംമഞ്ഞയും നിറത്തില്‍ കണ്ണെത്താദൂരത്തോളം കടുകുപാടങ്ങള്‍. പുത്തുതുടങ്ങുന്ന കുങ്കുമപ്പാടങ്ങള്‍. പുല്ലിലും കാട്ടുചെടികളിലും  വിടര്‍ന്നുല്ലസിക്കുന്ന അനേകം പൂവുകള്‍. പിങ്ക് നിറമുള്ള കാട്ടു ട്യൂലിപ്പുകളുടെ വശ്യ സൗന്ദര്യം. അവന്തിപ്പുരയും പാംപോറും പുല്‍വാമയുമെല്ലാം പോകുന്ന വഴിയിലാണ്. സൈനികര്‍ കൊല്ലപ്പെട്ട സ്ഥലം ഗൈഡ് കാണിച്ചു തന്നു. വലിയ ഒരു ദുരന്തം നടന്നതിന്റെ ലക്ഷണമൊന്നുമില്ല.

റോഡിന്റെ ഒരു ഭാഗത്ത് കരിയടയാളങ്ങള്‍. എല്ലാം ആസൂത്രിതമായ രാഷ്ട്രീയക്കളിമാത്രമാണെന്നു ദൃക്‌സാക്ഷിയായ ചെറുപ്പക്കാരന്‍ ആവര്‍ത്തിച്ചു. ചെറുപ്പക്കാരെ മുഴുവന്‍ ഭീകരവാദികളെന്നു മുദ്ര കുത്തി, ജോലികളില്‍ നിന്നു മാറ്റി നിര്‍ത്തി, സഞ്ചാരികളെയും ഭയപ്പെടുത്തി ഞങ്ങളെ നശിപ്പിക്കുകയാണ്. തൊഴിലില്ലായ്മ രൂക്ഷമാണെന്നു പലരും പറഞ്ഞുകേട്ടിരുന്നു. അഭ്യസ്തവിദ്യരായ ആരോഗ്യമുള്ള യുവാക്കള്‍ ചില്ലറ ജോലികള്‍ ചെയ്താണ് ഉപജീവനം കഴിക്കുന്നത്. അതിനിടയില്‍ നോട്ട് നിരോധനം കൂടി വന്നതോടെ അവസ്ഥ മോശമായി.

way-side-shop-kashmir

തണുപ്പു കുപ്പായങ്ങളും കരകൗശലവസ്തുക്കളുമായി എല്ലാ ദിവസവും അതിരാവിലെത്തന്നെ ഹോട്ടലിന്റെ മുന്‍വശത്ത് കൂടുന്ന കച്ചവടക്കാര്‍. അവരില്‍ യുവാക്കളും വൃദ്ധരുമുണ്ട്. ഭംഗിയുള്ള ചിത്രപ്പണി ചെയ്ത മണികളുമായി വരുന്ന യുവാവ് പറഞ്ഞിരുന്നു ജോലിയൊന്നും കിട്ടാത്തതിനാല്‍ സ്വയം ചിത്രപ്പണി ചെയ്ത് ഇത്തരം കരകൗശലവസ്തുക്കള്‍ വില്‍ക്കുകയാണെന്ന്. യുവാക്കള്‍ക്ക് തൊഴിലില്ലാത്തതിനാല്‍ വൃദ്ധന്‍മാരും ജോലി ചെയ്‌തേ പറ്റു എന്നതാണു സത്യം. കശ്മീരിന്റെ ദയനീയമായ മുഖം നിരാശയുടേതും വിഷാദത്തിന്റേതുമാണ്. ആരുടെയൊക്കെയോ തെറ്റിന് ശിക്ഷ അനുഭവിക്കുന്ന യുവത. സ്ത്രീകള്‍ വീട്ടിലിരുന്ന് ക്രോഷെ വര്‍ക്ക് ചെയ്തുണ്ടാക്കുന്ന തൊപ്പികളും ബാഗുകളും എംബ്രോയ്ഡറി ചെയ്ത വസ്ത്രങ്ങളും ടൂറിസ്റ്റുകള്‍ക്ക് വില്‍പന നടത്തുകയാണ് ഭൂരിഭാഗം പേരും.

അതിമനോഹരമായിരുന്നു പഹല്‍ഗാം. ദുര്‍ഘടമായ പാതയിലൂടെ കുതിരപ്പുറത്തു രണ്ടു മണിക്കൂര്‍ പോയാലേ വ്യൂപോയിന്റില്‍ എത്തൂ. സഞ്ചാരികളെ കണ്ടതോടെ കുതിരക്കാര്‍  ചുറ്റും കൂടി. മൂന്നാലു ദിവസമായി സഞ്ചാരികളില്ലായിരുന്നുവെന്നതിനാല്‍ അവരെല്ലാവരും കൂടി പിടിവലി കൂടുകതന്നെയായിരുന്നു. 2000 രൂപയില്‍ തുടങ്ങി ഒടുവില്‍ 700 രൂപയ്ക്കു  കുതിരയെ കിട്ടി. കൂടെ അഷ്‌റഫ് എന്ന കുതിരക്കാരനും.

കുറച്ചു കുസൃതിയെങ്കിലും ദില്‍ഭര്‍ എന്ന കുതിരക്കുട്ടി കുഴപ്പക്കാരനല്ലായിരുന്നു. യാത്ര തുടങ്ങി പത്തുമിനിട്ടു കഴിഞ്ഞപ്പോള്‍ത്തന്നെ മനസ്സിലായി പോകാന്‍ വഴിയൊന്നുമില്ലെന്ന്. ഉരുളന്‍ കല്ലുകളും മഞ്ഞുരുകി വരുന്ന വെള്ളവും പൊടിമണ്ണും കുഴഞ്ഞ് ആകെ ചെളിമയം. അമര്‍നാഥ് യാത്രയുടെ ബേസ് ക്യാംപാണ് പഹല്‍ഗാം. ബാബ അമര്‍നാഥില്‍ നിന്നുവരുന്ന ലിഡ്ഡർ നദിയുടെ ഓരത്താണ് ഇടയഗ്രാമം. കുതിര ഇടയ്ക്ക് തീറ്റ തേടി കുന്നിന്‍ ചെരിവിലേക്ക് തലനീട്ടുമ്പോള്‍ ഭയം തോന്നും. ആഴമേറിയ താഴ്‌വരയും കുതിച്ചൊഴുകുന്ന നദിയും. താഴെ വീണാല്‍ പിന്നെ ഒന്നും ബാക്കിയുണ്ടാവില്ല.

സഞ്ചാരികളുടെ കൂട്ടം എതിരെ വരുമ്പോള്‍ കുതിരകള്‍ തോന്നിയ പോലെ മാറി നില്‍ക്കും. ഒടുവില്‍ മുകളിലെത്തി. നിരവധി സിനിമകളില്‍, കലണ്ടറുകളില്‍ കണ്ടു പരിചയിച്ച  മനോഹരമായ ദൃശ്യഭംഗി. നൂഡില്‍സും ചായയും ഓംലറ്റുമെല്ലാം കനത്ത വിലയില്‍ വില്‍ക്കുന്നുണ്ട്. കശ്മീരി വസ്ത്രമിട്ട് ഫോട്ടോയെടുക്കുന്നവരും. ഹിമാലയന്‍ മുയലുകളെ ഓമനിക്കാന്‍ തരുന്നവരുമുണ്ട്. ഒരുപാടു നേരം നില്‍ക്കാന്‍ പറ്റിയില്ല, അപ്പോഴേ്ക്കും കുതിരക്കാരന്‍ വിളിച്ചു.

ഇനി രണ്ടു മണിക്കൂര്‍ തിരിച്ചും യാത്രയുണ്ട്. സുരക്ഷിതമായി എത്തിച്ചാലേ അയാള്‍ക്ക് പോകാന്‍ പറ്റൂ. അയാളുടെ മാലിക്കിന് നാലുകുതിരകള്‍ ഉണ്ട്. സഞ്ചാരികള്‍ വരുന്നതിനനുസരിച്ച് ദിവസം പല പ്രാവശ്യം സവാരിയുണ്ടാവും. ഒരു റൈഡിന് 200 രൂപയാണ് കൂലി. കുതിര ക്ഷീണിക്കില്ലേ എന്നു ചോദിച്ചപ്പോള്‍ അഷ്‌റഫ് മുഖം താഴ്ത്തി. പിന്നെയാണോര്‍ത്തത് കുതിരയ്ക്കൊപ്പം ദുര്‍ഘടമായ വഴിയിലൂടെ ഇത്ര ദൂരം നടക്കുന്ന അയാളുടെ അവസ്ഥ എന്താവും എന്ന്. യാത്ര പറഞ്ഞ് ബക്ഷീസ് കൊടുത്തപ്പോള്‍ അയാള്‍ സങ്കോചത്തോടെ ചിരിച്ചു. കുതിരസവാരി കഴിഞ്ഞപ്പോഴേക്കും തല മുതല്‍ കാല്‍പാദം വരെ ചെളിമയം. ലിഡ്ഡര്‍ നദിയിലിറങ്ങി കുറേസമയമെടുത്ത് വൃത്തിയാക്കിയിട്ടാണ് ഭക്ഷണം കഴിക്കാന്‍ പോയത്.

∙ സൗന്ദര്യലഹരിയുടെ നിറവില്‍

ശ്രീനഗറും പരിസരപ്രദേശങ്ങളുമാണ് ഇനി കാണാനുള്ളത്. ഹസ്രത് ബാല്‍ മസ്ജിദിലും നിഷാത് ഗാര്‍ഡനിലും ഷോപ്പിങ് താൽപര്യമുള്ളവര്‍ക്ക് ലാല്‍ ചൗക്കിലും ഒക്കെ കറങ്ങാം. ശ്രീ ശങ്കരാചാര്യരുടെ ക്ഷേത്രമാണ് മറ്റൊരു ആകര്‍ഷണം. സബര്‍വാന്‍ മലകള്‍ക്കു മുകളിലാണ് ഈ ക്ഷേത്രം. ശങ്കരാചാര്യര്‍  ക്ഷേത്രം സന്ദര്‍ശിക്കുകയും ധ്യാനമനുഷ്ഠിക്കുകയും ചെയ്തതോടെയാണ് ആദി ശങ്കരാചാര്യരുടെ ക്ഷേത്രമെന്ന പേരില്‍ ഇത് അറിയപ്പെടാന്‍ തുടങ്ങിയത്.

സൗന്ദര്യലഹരി പിറവിയെടുത്തത് ഇവിടെയാണെന്ന് പറയപ്പെടുന്നു. കൂറ്റന്‍ പാറക്കല്ലില്‍ പണിതതാണ് ക്ഷേത്രവും പടവുകളും. 243 പടവുകള്‍ കയറിയാല്‍ ക്ഷേത്രത്തിലെത്താം. പിന്നെയും 10 പടവുകള്‍ കയറണം ശിവപ്രതിഷ്ഠയുടെ അടുത്തെത്താന്‍. സിന്ദൂരവും കല്‍ക്കണ്ടവും പ്രസാദമായിത്തന്ന പൂജാരി കേരളത്തില്‍ നിന്നാണോ വരുന്നതെന്നു ചോദിച്ചു. പ്രതിഷ്ഠയുടെ കീഴിലായാണ് ശങ്കരാചാര്യര്‍ തപസ്സു ചെയ്ത ഗുഹ. പാറക്കല്ലിന്റെ പൗരാണികതയും തണുപ്പും ഉള്‍ക്കൊണ്ട് നിശ്ശബ്ദമായി കുറച്ചിട ഏകാന്തമായിരിക്കാം. 

kashmir temple

ക്ഷേത്രത്തിന്റെ മുകളില്‍ നിന്നാല്‍ ശ്രീനഗര്‍ മുഴുവന്‍ കാണാം.ദാല്‍ തടാകം വിസ്തൃതമായി കിടക്കുന്നത് അവർണനീയമായ കാഴ്ച തന്നെ. ഗൗരീ കുണ്ഡ് എന്ന പേരില്‍ ചെറിയൊരു കുളമുണ്ട്, പാര്‍വതി ദേവി കുളിക്കാന്‍ വന്നിരുന്നതാവാം. വെള്ളമൊന്നുമില്ല ഇപ്പോള്‍. ആരോ കാണിക്കയായര്‍പ്പിച്ച നാണയങ്ങള്‍ നിലത്തുകിടക്കുന്നു. പാറവിളുമ്പുകളില്‍ ഓറഞ്ച് നിറമുള്ള കാട്ടു പോപ്പിച്ചെടികള്‍പൂ വിടര്‍ത്തി നില്‍ക്കുന്നു. വലിയൊരു ചീനാര്‍മരം ക്ഷേത്രത്തിനു മീതെ പടര്‍ന്നു വളരുന്നുണ്ട്. പട്ടാളത്തിന്റെ നിരീക്ഷണ ബങ്കര്‍ ഇവിടെയും കാണാം. അതിനുള്ളില്‍ നിന്നു നോക്കുമ്പോള്‍ കുറെ താഴെയായി ഹെലികോപ്റ്റര്‍ പറക്കുന്നുണ്ടായിരുന്നു. ബിഎസ്എഫ് ജവാന്മാരുടെ നിയന്ത്രണത്തിലാണ് ക്ഷേത്രം. സുരക്ഷയെക്കരുതി ക്യാമറ, മൊബൈല്‍, ബാഗ് ഒന്നും അനുവദനീയമല്ല.

Kashmir chashme shahi

ഷാജഹാന്‍ ചക്രവര്‍ത്തി നിര്‍മ്മിച്ച ചഷ്മ ശാഹി എന്ന രാജകീയ ഉറവയും ചുറ്റുമുള്ള പൂന്തോപ്പും ഇവിടെനിന്ന് അധികം ദൂരെയല്ല. ഉറവയിലെ ജലം പല അസുഖങ്ങള്‍ക്കും ഔഷധമാണെന്ന വിശ്വാസം ഉള്ളതിനാല്‍ ആളുകള്‍ വെള്ളം ശേഖരിച്ചു കൊണ്ടുപോവുന്നുണ്ട്. എന്തുതന്നെയായാലും നല്ല രുചിയുള്ള തെളിഞ്ഞ വെള്ളമാണ് ചഷ്മ ശാഹിയിലേത്. കാറ്റ് തൊടുമ്പോഴേക്കും ആയിരമായിരം വെളുത്ത പൂക്കള്‍ വിഴ്ത്തുന്ന പേരറിയാമരങ്ങള്‍ ചഷ്മാ ശാഹിയെ അലങ്കരിച്ചു. ഉദ്യാനങ്ങളുടെ നഗരമാണ് ശ്രീനഗര്‍. വിസ്തൃതിയേറിയ നിരവധി പൂന്തോപ്പുകള്‍, ഷാലിമാര്‍ ഗാര്‍ഡന്‍, നിഷാത് ബാഗ്, ട്യൂലിപ്പ് ഗാര്‍ഡന്‍ എല്ലാം വര്‍ണ്ണങ്ങളുടെ ഉത്സവം. ട്യൂലിപ്പ് ഗാര്‍ഡന്‍ ഏപ്രില്‍ മാസം മാത്രമേ തുറന്നുവെയ്ക്കു.

ദാല്‍ തടാകത്തില്‍ വച്ച് ഗുല്‍സാര്‍ പറഞ്ഞിരുന്നു, ട്യൂലിപ്പ് ഗാര്‍ഡന്‍ കാണാന്‍ രാവിലെ പോകണം എന്ന്. രാവിലെത്തന്നെ എത്തി. വര്‍ണ്ണങ്ങളുടെ പരവതാനി വിരിച്ചതുപോലെ. കണ്ടിട്ടു തീരാത്തത്ര വര്‍ണ്ണങ്ങളില്‍ പല വലുപ്പത്തില്‍ ട്യൂലിപ്പുകള്‍ പൂത്തുലഞ്ഞു കിടക്കുന്നു.

tulip-garden-kashmir

ഉദ്യാനത്തില്‍ കുറേ സമയം ചുറ്റിക്കറങ്ങി. കണ്ണും മനസ്സും നിറഞ്ഞു പുറത്തേക്കിറങ്ങിയപ്പോള്‍ ഒരു വൃദ്ധന്‍ അടുത്തേക്കു വന്ന് ഇത്ര വേഗം ഇറങ്ങിയതെന്തേ എന്ന് ചോദിക്കുകയുണ്ടായി. ഓരോ കശ്മീരിയും അവരുടെ നാടിന്റെ സൗന്ദര്യത്തെ, കാഴ്ചകളെ അത്രയും സ്‌നേഹത്തോടെ, അഭിമാനത്തോടെയാണ് നെഞ്ചോടു ചേര്‍ത്തു പിടിക്കുന്നത്. ട്യൂലിപ്പ് ഗാര്‍ഡനിലേക്കു കയറും മുമ്പുള്ള ദേഹപരിശോധനയ്ക്കിടെ എവിടെ നിന്നു വരുന്നുവെന്നു ചോദിച്ച പൊലിസ് സുന്ദരി. കേരളം എന്നു പറഞ്ഞപ്പോള്‍ തോളില്‍തട്ടി, കശ്മീര്‍ ഇഷ്ടമായോ എന്നും ട്യൂലിപ്പുകളെ ആസ്വദിച്ചു വരൂ എന്നും പറഞ്ഞ് മനോഹരമായി പുഞ്ചിരിച്ചു. ട്യൂലിപ്പ് സീസണില്‍ ഇവിടെ പരമ്പരാഗതമായ കരകൗശലവസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും നടക്കുന്നു. കശ്മീരിന്റെ സൗന്ദര്യം രേഖപ്പെടുത്തിയ ടി ഷര്‍ട്ടുകള്‍ വില്‍ക്കുന്നതും കണ്ടു.

∙ വിഷാദരോഗികളുടെ ഉദ്യാനം

ട്യൂലിപ്പ് ഗാര്‍ഡനു പുറത്തു നില്‍ക്കുമ്പോളാണ് ഗുലാം നബി എന്ന ഓട്ടോ ഡ്രൈവറെ പരിചയപ്പെട്ടത്. 70 വയസ്സു കഴിഞ്ഞിരിക്കുന്നു. മകനുണ്ട്. കോളജ് വിദ്യാഭ്യാസം കഴിഞ്ഞു ഡിഗ്രിയെടുത്തിട്ടും ജോലി ആയിട്ടില്ല. സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷ ക്ഷണിച്ചിട്ട് വര്‍ഷങ്ങളായി. നിരവധി തസ്തികകള്‍ ഒഴിഞ്ഞു കിടപ്പാണെന്നും അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ ജോലിയില്ലാതെ നടക്കുകയാണെന്നും അയാള്‍ പറഞ്ഞു. പ്രായമായി എങ്കിലും  ഓട്ടോ ഓടിച്ചേ പറ്റു. അല്ലെങ്കില്‍ ജീവിക്കാന്‍ പ്രയാസമാണ്. ഓട്ടോയുടെ അടവു തീര്‍ന്നിട്ടില്ല. അപ്പോഴാണ് നോട്ട് നിരോധനം വരുന്നത്. മക്കള്‍ മുതിര്‍ന്നാല്‍ ജോലി ചെയ്ത് കുടുംബം പുലര്‍ത്തുമെന്ന പ്രതീക്ഷ കശ്മീരി കുടുംബങ്ങള്‍ക്ക് ഇല്ലാതെയായിരിക്കുന്നു.

ജോലി കിട്ടാതെ വെറുതെ വീട്ടിലിരുന്ന് മകന് മാനസികമായി ആഘാതമുണ്ടായെന്നും ഇപ്പോള്‍ മസ്സൂറിയില്‍ ചെറിയ  പണി ചെയ്തു ജീവിക്കുകയാണെന്നും ഗുലാം നബി പറഞ്ഞു. ‘തീവ്രവാദത്തിന്റെ പേരില്‍ യുവാക്കളെ ഭരണകൂടവും സേനകളും ഉപദ്രവിക്കുകയാണ്. മാധ്യമങ്ങള്‍ ഇല്ലാത്ത വാര്‍ത്തകള്‍ പെരുപ്പിച്ച് കാട്ടി ഇപ്പോള്‍ സഞ്ചാരികളും മുടങ്ങുന്നു. ഇന്ന് രാവിലെ മുതല്‍ ഒരൊറ്റ ഓട്ടം പോലും കിട്ടിയിട്ടില്ല. വെറുതെ നില്‍പ്പാണ്. എന്തു ചെയ്യാം! ഇരുട്ടിനൊടുവില്‍ പ്രകാശം വരുമായിരിക്കും..’ ആ വൃദ്ധന്റെ വാക്കുകള്‍ എല്ലാ ആഹ്ലാദങ്ങളെയും തുടച്ചു നീക്കാന്‍ പോന്നതായിരുന്നു.

‘ഗവര്‍ണറാണ്...’ ഗാര്‍ഡനു മീതെ പറക്കുന്ന ഹെലികോപ്റ്റര്‍ ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു. ഗാര്‍ഡനില്‍ എന്തോ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ വന്നതാണ്. അതാണ് ഇത്രയ്ക്ക് പൊലീസും പട്ടാളവും. എന്തിനാണിതൊക്കെ.. നിങ്ങളും ഒരു മനുഷ്യന്‍, ഞാനും ഒരു മനുഷ്യന്‍, ഗവര്‍ണരും ഒരു മനുഷ്യന്‍ അത്രതന്നെ. കശ്മീരിലെ സാധാരണക്കാരനു ഭരണകൂടത്തോടും രാഷ്ട്രീയത്തോടും സേനയോടുമുള്ള അടങ്ങാത്ത അവജഞയാണ് ആ മുഖത്തും വാക്കുകളിലും തെളിഞ്ഞു നിന്നത്. വീട്ടില്‍ ആരൊക്കെയുണ്ടെന്നും എന്തു ചെയ്യുന്നുവെന്നും അയാള്‍ ചോദിച്ചു.

‘നിങ്ങള്‍ കേരളീയരൊക്കെ ഭാഗ്യമുള്ളവരാണ്. എല്ലാവര്‍ക്കും ജോലിയുണ്ട്, ശമ്പളമുണ്ട്.ഇവിടെ പെണ്‍കുട്ടികളുടെ വിവാഹം നടത്തണമെങ്കിലും പാടാണ്. സാധാരണക്കാരനു ചെലവ്  താങ്ങാന്‍ പറ്റില്ല. അതിഥികള്‍ക്ക് വാജ് വാന്‍ (ചോറും ഇറച്ചിയും ഒക്കെചേര്‍ന്ന് 36 ഐറ്റം ഉപദംശങ്ങളുള്ള കശ്മീരി വിഭവം) കൊടുക്കണമെങ്കില്‍ത്തന്നം മൂന്നാലു ലക്ഷം രൂപ വരും. നാലു പേര്‍ ഒരുമിച്ചിരുന്നാണ് വാജ് വാന്‍ കഴിക്കുന്നത്. അതിന് ഇരിപ്പിടം ഒരുക്കാനും അത്രതന്നെ ചെലവു വരും. വിവാഹം കാത്തു കഴിയുന്ന അനേകം പെണ്‍കുട്ടികളുണ്ട് ഞങ്ങളുടെ വീടുകളില്‍. നിവൃത്തിയില്ലാഞ്ഞിട്ടാണ്. ഇവിടെ ഒരു പ്രശ്‌നവുമില്ല.നിങ്ങള്‍ക്കെന്തെങ്കിലും പ്രയാസം തോന്നിയോ? നോക്കൂ എത്രമാത്രം സത്രീകളാണ് ഇവിടെ തനിച്ചു സഞ്ചരിക്കുന്നത്. എന്നിട്ടും മാധ്യമങ്ങള്‍ ഞങ്ങളെയെല്ലാം എങ്ങിനെയാണ് കാണുന്നത്...!

മനസ്സ് മൂടിക്കെട്ടിയിരുന്നു. ഹൃദയഹാരിയായ ഈ പ്രകൃതിസൗന്ദര്യത്തിനു പിന്നില്‍ എന്തുമാത്രം വേദനകളാണ്  മറഞ്ഞിരിക്കുന്നത്. ഹൈദര്‍ എന്നായിരുന്നു ഗുലാം നബിയുടെ ഓട്ടോ റിക്ഷയുടെ പേര്. കശ്മീരി യുവാക്കളുടെ അവസ്ഥ വെളിവാക്കുന്ന ‘ഹൈദര്‍’ എന്ന ഹിന്ദി സിനിമയെ വീണ്ടും ഓർമിപ്പിച്ചു അത്. മഞ്ഞില്‍ നിഴലുപോലെ തെളിയുന്ന ഭുര്‍ജ മരങ്ങളും പോപ്ലാറും വില്ലോ മരങ്ങളും തടാകവും മരണവും കൂടിച്ചേര്‍ന്ന വിഷാദാത്മകമായ  അന്തരീക്ഷമാണ് ഹൈദരില്‍. യാത്ര പറഞ്ഞു പിരിയുമ്പോള്‍ കയ്യില്‍ വച്ചു കൊടുത്ത പണം ഗുലാം നബി സ്‌നേഹത്തോടെ നിരസിച്ചു. ഒന്നും വേണ്ട. നമ്മളിത്ര നേരം മനസ്സുതുറന്നു സംസാരിച്ചില്ലേ, അതു മതി. തീര്‍ച്ചയായും ഇനിയും വരൂ കശ്മീരിലേക്ക്.

‘അന്ധകാരത്തിനു ശേഷം തീര്‍ച്ചയായും സൂര്യന്‍ ഉദിക്കുകതന്നെ ചെയ്യും...’

മറ്റൊന്നും പറയാനുണ്ടായിരുന്നില്ല 

‘പ്രകാശം വരട്ടെ കുട്ടീ..അതിന് ദൈവം അനുഗ്രഹിക്കണം’

വാർധക്യത്തിന്റെ ചുളിവു വീണ ആ വിരലുകളില്‍ തൊട്ട് ഖുദാഹാഫിസ് പറഞ്ഞു.

∙ ചായക്കോപ്പയിലെ സ്‌നേഹക്കൊടുങ്കാറ്റ്   

ശ്രീനഗറിലെ അവസാനത്തെ സായാഹ്നം ദാല്‍ ലേക്കിന്റെ തിരക്കില്‍ത്തന്നെയാവട്ടെ എന്നു തീരുമാനിച്ചു. പതിവില്ലാത്ത വിധം മഴക്കാര്‍ മൂടിക്കെട്ടിയിരുന്നു. തണുത്ത കാറ്റ് വരാ ന്‍പോകുന്ന ശൈത്യത്തെ ഓര്‍മ്മിപ്പിച്ചു. തടാകത്തിന്റെ പ്രഭ നഷ്ടപ്പെട്ടതുപോലെ വിഷാദമഗ്നമായ അന്തരീക്ഷം. എങ്കിലും ലേക്കിനു സമാന്തരമായ പാത സജീവമായിരുന്നു.

ലാല്‍ചൗക്കിലേക്ക് ഷോപ്പിങ്ങിനു കൊണ്ടുപോകാനായി മത്സരിക്കുന്ന ഓട്ടോക്കാര്‍, കരകൗശലവസ്തുക്കളും തുകല്‍ ഉല്‍പ്പന്നങ്ങളും ഷാളുകളുമായി  പിന്തുടരുന്ന വില്‍പ്പനക്കാര്‍, സായാഹ്ന നടത്തക്കാര്‍. ഷിക്കാരക്കാരില്‍ നിന്ന് ഒരു ചായ കുടിക്കാമെന്നു കരുതി പഴ്‌സ് തുറന്നപ്പോള്‍ ചില്ലറയൊന്നും തന്നെയില്ല. കശ്മീരില്‍ നേരിട്ട ഒരു പ്രയാസം ആരുടെ കയ്യിലും ചില്ലറ തരാനില്ല എന്നതായിരുന്നു. അഞ്ഞൂറു രൂപ നോട്ട് കണ്ടിട്ട് എത്ര ദിവസങ്ങളായി എന്നറിയാമോ. പിന്നെവിടുന്നാണ് ചില്ലറ തരിക..എല്ലാവരും അതു തന്നെ പറഞ്ഞു. ചിലരൊക്കെ കച്ചവടം മുടങ്ങരുതെന്നു കരുതി പല കടകളില്‍ കയറിയിറങ്ങി ചില്ലറ മാറിത്തന്നു. കുറഞ്ഞ തോതിലുള്ള കച്ചവടമേ ലഭിക്കുന്നുള്ളൂ. എന്നിരുന്നാലും  മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളിലെപ്പോലെ കൂട്ടമായി വന്നാക്രമിക്കുന്നില്ല. അങ്ങേയറ്റം മാന്യതയോടെ, സൗമ്യതയോടെ, സ്‌നേഹത്തോടെ മാത്രം ഇടപെടുന്നവര്‍. 

dal lake

ഇന്നലെ വൈകുന്നേരം ഇവിടെയിരിക്കുമ്പോള്‍ സോനാമാര്‍ഗില്‍ നിന്നു വരുന്ന മൈലാഞ്ചിത്താടിക്കാരന്‍ വൃദ്ധന്‍ വന്ന് ക്രോഷെ വര്‍ക്ക് ചെയ്ത തൊപ്പികളും ബാഗും മുന്നില്‍ വച്ചു.

‘ഞങ്ങളുടെ സ്ത്രീകള്‍ വീട്ടിലിരുന്ന് തുന്നുന്നതാണ്. എന്തെങ്കിലും വാങ്ങി സഹായിക്കണം’. നിസ്സഹായരായ കശ്മീരി യുവത്വം വേദനയോടെ മുന്നില്‍ വന്നു ചിരിക്കുന്നു. എല്ലാവരും തീവ്രവാദികള്‍ അല്ല. ഞങ്ങള്‍ക്ക് ജീവിക്കണം. പ്രണയം പോലും മറന്നു പോയിരിക്കുന്നു അവര്‍. സ്വപ്‌നങ്ങള്‍ നഷ്ടപ്പെട്ട മുഖങ്ങള്‍. എല്ലാ മുഖങ്ങളിലും വിഫലമായ ഒരു പ്രാർഥന തളം കെട്ടി നില്‍ക്കുന്നതുപോലെ. ഭൂമിയിലേക്കു ചില്ലകള്‍ കുനിഞ്ഞു വളരുന്ന വില്ലോ മരങ്ങള്‍ കാണുമ്പോഴും അതേ നിസ്സഹായത തോന്നും.

കെട്ടിയിട്ട ഷിക്കാരയിലെ  അടുപ്പില്‍ തീപ്പൂട്ടുന്നുണ്ട് രണ്ടുപേര്‍.

ചായയുണ്ടാക്കാനുള്ള തയാറെടുപ്പാണ്.

‘ഭയ്യാ .ഒരു ചായ വേണമായിരുന്നു. പക്ഷേ എന്റെ കയ്യില്‍ ചില്ലറയില്ല...’

അവര്‍  പരസ്പരം ഒന്നു നോക്കി. എന്താണു ഭാവം എന്നു പിടികിട്ടിയില്ല. ഒന്നും പറഞ്ഞതുമില്ല.

‘മധുരം അധികം വേണോ..?’

മുഖമുയര്‍ത്താതെ ചോദ്യം വന്നു.

വേണ്ട കുറച്ചുമതി. മതിലില്‍ ഇരുന്നു ചുറ്റും നോക്കി. നൂറുകണക്കിനു ഷിക്കാരകള്‍, പൂക്കളും പഴങ്ങളും കുങ്കുമവും വില്‍ക്കുന്നവര്‍. തടാകത്തില്‍ പ്രതിഫലിക്കുന്ന ആകാശത്തിന്റെ ഇരുളിമ.

ആവി പറക്കുന്ന ചായ മുന്നിലെത്തി. കഴിക്കാന്‍ എന്തെങ്കിലും വേണോ.

വിശപ്പില്ലാഞ്ഞിട്ടും എന്തെങ്കിലും ആവാം എന്നു പറഞ്ഞത് ചില്ലറപ്രശ്‌നം പരിഹരിക്കാമല്ലോ എന്നു കരുതിയാണ്. കശ്മീരി റൊട്ടിയും കേക്കും പാത്രത്തിലെടുത്തു വച്ച് അവരിരുവരും സംഭാഷണത്തിലേക്കു മടങ്ങി. വളരെ പതുക്കെയാണ് സംസാരിക്കുന്നത്.

പാത്രങ്ങള്‍ എടുക്കാനായി അയാള്‍ അടുത്തുവന്നു. ചാരനിറമുള്ള നീളന്‍ തണുപ്പുകുപ്പായമാണ് ധരിച്ചിരിക്കുന്നത്.

പണം കൊടുത്തപ്പോള്‍ മനോഹരമായ ഒരു പുഞ്ചിരിയോടെ അയാള്‍ തലയാട്ടി.

‘ഈ ചായയ്ക്ക്  പണം വേണ്ട. നിങ്ങളിന്ന് എന്റെ അതിഥിയാണ്...’

തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു അത്. ടൂറിസ്റ്റുകളെക്കൊണ്ട് ഉപജീവനം കഴിക്കുന്നവരാണ്. ഇന്നാണെങ്കില്‍ തിരക്കു കുറവും. എന്നിട്ടാണ്..

ഒന്നുകൂടി നിര്‍ബന്ധിച്ചു.

ഇല്ല അള്ളാഹുവിന്റെ നാമത്തില്‍ ഞാനിതിനു പണം വാങ്ങുകയില്ല.

കണ്ണുകള്‍ നിറഞ്ഞുപോയത് അവരെ അമ്പരപ്പിച്ചിരിക്കണം.

‘എന്തുപറ്റി, എന്തെങ്കിലും വിഷമമുണ്ടോ? നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും ആവശ്യമുണ്ടോ?’

ഉൽകണ്ഠയോടെ അടുത്തിരുന്നു ചോദിക്കുന്ന ആ മനുഷ്യര്‍ പൊട്ടിക്കരയിപ്പിക്കുമെന്നു തോന്നി.

ഒന്നുമില്ല. മനസ്സ് നിറഞ്ഞു തൂവിയതാണ് സഹോദരാ.. ഒരു മഹാരാജ്യത്തിന്റെ അങ്ങേയറ്റത്തും ഇങ്ങേയറ്റത്തും കിടക്കുന്ന മനുഷ്യര്‍. മുഖം വാടിയതുകണ്ട്, കണ്ണു നിറഞ്ഞതു കണ്ട് ഉദ്വേഗത്തോടെ എന്റെയരികിലിരിക്കാന്‍ അവരെ തോന്നിപ്പിച്ചത് ഏത് ജന്മാന്തരങ്ങളിലെ സാഹോദര്യമാവാം. അവര്‍ക്കത് മനസ്സിലായിക്കാണണം.

അയാള്‍ പതിയെ സംസാരിക്കാന്‍ തുടങ്ങി.

‘കശ്മീരിന്റെ മനസ്സിതാണ്. നിങ്ങള്‍ ഇവിടെ വന്നത് ഒരുപാടു ഭയങ്ങളും പരിഭ്രമങ്ങളും കൊണ്ടാവും. നാട്ടില്‍പോയി എല്ലാവരോടും പറയണം. കശ്മീരില്‍ ഒന്നും സംഭവിക്കുന്നില്ലെന്ന്. ഒരു ഭീകരവാദിയും ഞങ്ങളുടെ അതിഥികളെ ആക്രമിക്കില്ല. അല്ലെങ്കിലും തീവ്രവാദമല്ല ഞങ്ങളുടെ പ്രശ്‌നം. അധികാരവും രാഷ്ട്രീയവും ചേര്‍ന്നുണ്ടാക്കുന്ന മുറിവുകളിലാണ് ഞങ്ങള്‍ ജീവിക്കുന്നത്...’ ഷൗക്കത്ത് എന്നായിരുന്നു അയാളുടെ പേര്

Showkath

കേരളത്തെക്കുറിച്ച്, തിരഞ്ഞെടുപ്പിനെക്കുറിച്ച്, അവര്‍ തിരക്കുകയുണ്ടായി. രാഹുല്‍ ഗാന്ധി ജയിക്കില്ലേ എന്നു ഉല്‍ക്കണ്ഠയോടെ ചോദിച്ചു. ഞങ്ങളാര്‍ക്കും വോട്ടു ചെയ്യില്ല. മുഫ്തി മുഹമ്മദ് നല്ലതായിരുന്നു. പക്ഷേ മകള്‍ ഞങ്ങളുടെ പ്രതീക്ഷകളെ തകിടം മറിച്ചു. കസേരയില്‍ അള്ളിപ്പിടിക്കാന്‍ ശ്രമിച്ചു അവര്‍.ഒ ടുവില്‍ കസേര മറിഞ്ഞ് വീഴുകയും ചെയ്തു.

എല്ലാവരും കള്ളന്‍മാരാണ്. വോട്ട് കഴിഞ്ഞാല്‍ ആര്‍ക്കും പറഞ്ഞതൊന്നും ഓര്‍മ്മയുണ്ടാവില്ല. എല്ലാം മടുത്തിരിക്കുന്നു. ഷൗക്കത്തിന്റെ കൂട്ടുകാരന്‍ ബഷീറിന്റെ കണ്ണുകളില്‍ കനലെരിഞ്ഞു. 

ഷിക്കാരയില്‍ ചീരയിലയുടെ ഒരു ചെറിയ കെട്ട്.

‘വീട്ടിലേക്കുള്ള സബ്ജിയാണ്. തടാകത്തിന്റെ അങ്ങേക്കരയില്‍ ഹൗസ്‌ബോട്ടുകള്‍ക്കു പിന്നിലെന്റെ കുടിലുണ്ട്’.

ഷൗക്കത്ത് സൗമ്യമായി വീണ്ടും ചിരിക്കുന്നു.

കേരളീയര്‍ എത്ര ഭാഗ്യം ചെയ്തവര്‍. കഴിയുമെങ്കില്‍ ഇനിയും വരൂ. .ദൈവാനുഗ്രഹമുണ്ടെങ്കില്‍ നമ്മളിനിയും കാണും, ഖുദാ ഹാഫിസ്..

വലിയൊരു മേഘപാളി തടാകത്തിനു മുകളില്‍ കുടനിവര്‍ത്തിക്കിടന്നു. കാറ്റില്‍ ചെറു മഴത്തുള്ളികള്‍ പറന്നുവീഴാന്‍ തുടങ്ങി. ഇന്നത്തെ രാത്രി ശൈത്യം വിറപ്പിക്കുമെന്നുറപ്പ്.

മുറിയിലേക്കു തിരിച്ചു നടക്കുമ്പോള്‍ തോക്കുചൂണ്ടിയ പട്ടാളക്കാര്‍ തലങ്ങും വിലങ്ങും നിരത്തിലൂടെ കടന്നുപോകുന്നതു കണ്ടു. ശത്രു തൊട്ടുമുന്നിലുണ്ടെന്ന പോലെ ജാഗ്രതയോടെ. തടാകത്തിലൂം വാട്ടര്‍ സ്‌കൂട്ടറില്‍ അവര്‍ റോന്തു ചുറ്റുന്നുണ്ട്

ആര് ആരെയാണ് ഭയപ്പെടുന്നത്...!

ഹൗസ് ബോട്ടില്‍ ചാഞ്ചാടുന്ന ബോളേവാര്‍ഡ് റോഡിലെ പോസ്റ്റ് ഓഫിസിനു മുന്നിലൂടെ തണുപ്പേറ്റ് വിറച്ചു നടക്കുമ്പോള്‍ ഉള്ളു വിങ്ങിക്കൊണ്ടിരുന്നു.

ശ്രീനഗറിലെ അവസാനത്തെ രാത്രി കടുത്ത ശൈത്യത്തിന്റേതായിരുന്നു. അപ്രതീക്ഷിതമായി പെയ്ത മഴ നിലച്ചിരുന്നു. എവിടെ നിന്നും ഒരു ശബ്ദവും കേള്‍ക്കാതെ ഹോട്ടല്‍ നിശ്ശബ്ദമായിക്കിടന്നു. ജനാലയ്ക്കപ്പുറം തടാകവും ശാന്തമാണ്. ഇത്ര ദിവസങ്ങളിലായി കണ്ട അവർണനീയമായ പ്രകൃതി സൗന്ദര്യത്തേക്കാള്‍, അനുഭവിച്ച ആഹ്ലാദത്തേക്കാള്‍ ഉപരിയായി ഗുല്‍സാറിന്റെ, ഗുലാം നബിയുടെ, ഷൗക്കത്തിന്റെ, ബഷീറിന്റെ പേരറിയാത്ത മറ്റാരുടെയൊക്കെയോ വേദനകള്‍, നിസ്സഹായതകള്‍ വലിയൊരു കരച്ചിലായി പുറത്തേക്കൊഴുകുന്നു. 

‘ദൈവമേ ഇവരുടെ പഴയ സ്വർഗം ഇവര്‍ക്കു തിരികെ കൊടുക്കണേ...’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA