ADVERTISEMENT

മേഘാലയയുടെ തലസ്ഥാന നഗരമായ ഷില്ലോങ്ങിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലാണ് കോങ്‌തോങ് ഗ്രാമം. ഖത്-അർ-ഷ്‌നോങ് താഴ്‌വര കടന്ന് ഇവിടേക്ക് യാത്ര ചെയ്യുമ്പോള്‍ത്തന്നെ, കാറ്റില്‍ പല ഈണങ്ങളിലുള്ള ചൂളം വിളികള്‍ പറന്നെത്തും! ഗ്രാമത്തിനോട്‌ കൂടുതല്‍ അടുക്കുംതോറും ചൂളംവിളികള്‍ വന്നു പൊതിയുന്നതായി തോന്നും. എന്താണ് സംഭവം എന്ന് നോക്കി അന്തിച്ച് ചുറ്റും നോക്കുമ്പോഴേക്കും നിങ്ങളുടെ നേരെയും വരും പ്രത്യേക ഈണത്തില്‍ ഒരു ചൂളംവിളി! ഇറങ്ങി ഓടാനുള്ള സിഗ്നല്‍ അല്ല ഇതെന്നാണ് ആദ്യം മനസ്സിലാക്കേണ്ട കാര്യം, അവര്‍ നിങ്ങളെ വിളിക്കുന്നതാണ്!

നമ്മുടെ നാട്ടില്‍ പേരറിയില്ലെങ്കില്‍ ‘ശൂ ശൂ’ എന്ന് വിളിക്കുന്നത് പോലെയല്ല ഇത്. ഇവിടെ ഓരോ ആള്‍ക്കും പ്രത്യേകമായി ഓരോ ഈണമുണ്ട്, പേരിനു പകരം ഈ ഈണത്തില്‍ ചൂളംവിളിച്ചാണ് ഇവിടെ ആളുകള്‍ പരസ്പരം വിളിക്കുന്നത്. കോങ്‌തോങ്ങിൽ 700 ഓളം ആളുകള്‍ ഉണ്ട്, ഇവര്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ തരം വിസില്‍ ആണ് ഉപയോഗിക്കുന്നത്. ഈ സവിശേഷത കൊണ്ടുതന്നെ 'വിസിൽ വില്ലേജ്' എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.

അമ്മയുടെ സ്‌നേഹഗാനം

കോങ്‌തോങ് ഗ്രാമത്തിലെ ആളുകള്‍ ഇങ്ങനെ പേരിനു പകരം ഉപയോഗിക്കുന്ന ഈണത്തെ 'ജിംഗർവായ് ലോബെയ്' എന്നാണ് വിളിക്കുന്നത്, ‘അമ്മയുടെ സ്‌നേഹഗാനം’ എന്നാണ് ഇതിനര്‍ത്ഥം. സാധാരണയായി വീടുകളില്‍ അമ്മമാരാണ് കുഞ്ഞുങ്ങള്‍ക്ക് പേരിനുള്ള ഈണം കണ്ടെത്തുന്നത്. പലപ്പോഴും ഇവ 30 സെക്കന്‍ഡ് വരെ നീണ്ടതായിരിക്കും. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ പരിചയക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം ഇവരെ ചുരുക്കി വിളിക്കാന്‍ മറ്റൊരു ഈണവും ഉണ്ടാകും, ഏകദേശം 10 സെക്കന്‍ഡ് ആണ് ഇതിന്‍റെ പരമാവധിദൈര്‍ഘ്യം. 

1772665304
Hari Mahidhar/shutterstock

ഈണം കൂടാതെ സാധാരണ എല്ലായിടത്തും ഉള്ളതുപോലെ സര്‍ക്കാര്‍ രേഖകളില്‍ ഉപയോഗിക്കുന്ന ഒരു പേരും ഇവര്‍ക്ക് ഉണ്ടായിരിക്കും.ഗ്രാമത്തില്‍ ഒരു പുതിയ കുഞ്ഞ് ജനിക്കുമ്പോൾ ഒരു പുതിയ ഈണം ജനിക്കുന്നു. ആരെങ്കിലും മരിച്ചാൽ, ആ വ്യക്തിയുടെ ഈണവും അയാള്‍ക്കൊപ്പം മരിക്കും, അത് പിന്നീട് ഒരിക്കലും ഉപയോഗിക്കില്ല.

പേരിനുവേണ്ടി മാത്രമല്ല...

മറ്റൊരാളെ വിളിക്കാനും അഭിസംബോധന ചെയ്യാനും മാത്രമല്ല ഈണത്തോട് കൂടിയ ചൂളംവിളി കോങ്‌തോങ് ഗ്രാമത്തില്‍ ഉപയോഗിക്കുന്നത്, മറ്റ് ഗ്രാമീണരുമായി ആശയവിനിമയം നടത്താനും ഈ ട്യൂണുകൾ ഉപയോഗിക്കുന്നു. ഓരോ തരം സന്ദേശത്തിനും കാലങ്ങളായി ഉപയോഗിച്ചുവരുന്ന ചൂളംവിളികളുണ്ട്.

ഗ്രാമത്തിലെ ടൂറിസവും കാഴ്ചകളും

കണ്ണെത്താ ദൂരത്തോളം സമൃദ്ധമായ പച്ചപ്പ്‌ നിറഞ്ഞ ഗ്രാമമാണ് കോങ്‌തോംഗ്. ഗുഹകളും വെള്ളച്ചാട്ടങ്ങളുമെല്ലാം ധാരാളമുണ്ട്. പ്രകൃതിഭംഗി വഴിഞ്ഞൊഴുകുന്ന ഈ പ്രദേശം സഞ്ചാരികള്‍ക്കിടയില്‍ ഏറെ ജനപ്രിയമാണ്. ഇവിടുത്തുകാര്‍ ഉണ്ടാക്കുന്ന പ്രത്യേകതരം ചൂലുകളും പ്രശസ്തമാണ്.

2021 ൽ, ടൂറിസം മന്ത്രാലയം ലോക ടൂറിസം ഓർഗനൈസേഷന്‍റെ മികച്ച ടൂറിസം ഗ്രാമങ്ങൾക്കുള്ള അവാർഡിനായി കോങ്‌തോങ്ങിനെ നാമനിർദ്ദേശം ചെയ്തിരുന്നു. 2019 ൽ ബീഹാറിൽ നിന്നുള്ള രാജ്യസഭാ എംപി രാകേഷ് സിൻഹ ഗ്രാമം ദത്തെടുക്കുകയും ഗ്രാമത്തിന് യുനെസ്കോ പദവി നല്‍കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

എങ്ങനെ എത്താം?

ഷില്ലോങ് വിമാനത്താവളം കോങ്തോങ്ങിൽ നിന്ന് 79 കി.മീ. അകലെയാണ്. ഷില്ലോങ്ങിലെ ബാരാ ബസാർ സുമോ സ്റ്റാൻഡിൽ നിന്ന് കോങ്‌തോങ്ങിലേക്ക് ഷെയർ സുമോകളും ഷെയര്‍ ജീപ്പുകളും ഉണ്ട്. കോങ്‌തോങ്ങിൽ എത്താൻ ഏകദേശം 3-4 മണിക്കൂർ എടുക്കും. അല്ലെങ്കില്‍ ഷില്ലോങ്ങിൽ നിന്ന് കോങ്‌തോങ്ങിലേക്ക് കാറോ ടാക്സിയോ വാടകയ്‌ക്കെടുക്കാം.

English Summary: Visit Whistling Village of Meghalaya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com