ADVERTISEMENT

ഹൈദരാബാദിലെ കൊത്വാൾഗുഡ ഇക്കോ പാർക്കില്‍ ലോകത്തെ ഏറ്റവും വലിയ അക്വാ മറൈൻ പാർക്ക് (ടണൽ അക്വേറിയം) വരുന്നു. ഇതിനായി ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ഡെവലപ്മെന്‍റ് അതോറിറ്റി(HMDA) പ്രോപ്പോസലുകള്‍ ക്ഷണിച്ചു. ഇക്കോ പാർക്കിനുള്ളിൽ 427 ഏക്കറില്‍ വിഭാവനം ചെയ്യുന്ന അക്വാമറൈൻ പാര്‍ക്ക്, രാജ്യത്തെ ഇത്തരത്തിലുള്ള ഏറ്റവും വലുതായിരിക്കും.

ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, സ്രാവുകൾ ഉൾപ്പെടെയുള്ള വിവിധതരം സമുദ്രജീവികളെ ഉൾക്കൊള്ളുന്ന ഒന്നിലധികം ടണലുകൾ ഇവിടെ ഉണ്ടാകും. പ്രദർശനങ്ങൾ/പാനൽ ഡിസ്പ്ലേകൾ, ഡോം തിയേറ്റർ, 7D തിയേറ്റർ, വെർച്വൽ അക്വേറിയം, ടച്ച് ടാങ്കുകൾ,  കുട്ടികൾക്കുള്ള ഇന്ററാക്ടീവ് കിയോസ്കുകൾ എന്നിവയുമുണ്ടാകും. 250,000 ചതുരശ്ര മീറ്ററിലാണ് അക്വാ പാർക്ക് ഉദ്ദേശിക്കുന്നത്. ഇതിനുള്ളില്‍ ഒരേസമയം ഏകദേശം 2,500 ആളുകളെ ഉൾക്കൊള്ളാനുള്ള ശേഷി ഉണ്ടായിരിക്കും. പദ്ധതിയുടെ മതിപ്പ് ചെലവ് 55 കോടിയാണ്. 

tunnel-aquarium
Sonia Alves-Polidori/shutterstock

രാജ്യത്തെ ഏറ്റവും വലിയ ഏവിയറി, ബട്ടർഫ്ലൈ പാർക്ക്, വ്യൂവിങ് പോയിന്റുകൾ, 2.5 കിലോമീറ്റർ ബോർഡ്‌വാക്ക്, അഡ്വഞ്ചർ സോൺ, സെൻസറി പാർക്ക്, ഗ്രീനറി ലാൻഡ്സ്കേപ്പിംഗ് എന്നിവയും, കൂടാതെ ഔട്ടർ റിംഗ് റോഡിന് കുറുകെയുള്ള സൈറ്റുകളെ ബന്ധിപ്പിക്കുന്നതിനുള്ള സസ്പെൻഷൻ ബ്രിഡ്ജ്, ആഡംബര റിസോർട്ട്, ഇൻഫിനിറ്റി പൂൾ, കൺവെൻഷൻ സെന്റർ, ഫുഡ് കോർട്ടുകൾ, റെസ്റ്റോറന്റുകൾ എന്നിവയാണ് പാർക്കിൽ നിർദ്ദേശിച്ചിട്ടുള്ള മറ്റു ചിലവ. 5 കിലോമീറ്റർ നീളവും 6 മീറ്റർ വീതിയുമുള്ള പാതകളും ഒരുക്കും.

കൂടാതെ  ഇക്കോ പാർക്കിൽ കുറഞ്ഞത് 50 തടി കോട്ടേജുകളോ, ആഡംബര ടെന്റുകളോ അല്ലെങ്കില്‍ ഇവ രണ്ടുമോ ഉണ്ടായിരിക്കും. കേന്ദ്ര ടൂറിസം മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി, ത്രീ സ്റ്റാറിനു മുകളിലായിരിക്കും ഇവയിലെ സൗകര്യങ്ങള്‍.

ഉള്ളിലുള്ള സൗകര്യങ്ങള്‍ കൂടാതെ, ഭൂപ്രദേശത്തിന് അനുയോജ്യമായ വിവിധ സാഹസികപ്രവർത്തനങ്ങളും ഉണ്ടാകും. യുവസന്ദര്‍ശകരെ ലക്ഷ്യം വെച്ച്, സിപ്പ് ലൈനിങ്, അമ്പെയ്ത്ത്, ഷൂട്ടിങ്, ഹൈ-റോപ്പ് കോഴ്‌സുകൾ, ബംഗി ജംപിങ്, റോക്ക് ക്ലൈംബിങ് തുടങ്ങിയ വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കും.

രംഗറെഡ്ഡി ജില്ലയിലെ കോത്വാൾഗുഡ ഗ്രാമത്തിലാണ് കൊത്വാൾഗുഡ ഇക്കോ പാർക്ക്. അക്വേറിയം പൂര്‍ത്തിയാകുന്നതോടെ ഇവിടേക്ക് വിനോദസഞ്ചാരികള്‍ ഒഴുകിയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. 

English Summary: India’s largest tunnel aquarium ‘Aqua Marine Park’ to come up in Hyderabad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com