ചെലവു ചുരുക്കി പോയി വരാന്‍ 2 ദിവസത്തെ പ്ലാന്‍; മൂകാംബിക, ഉഡുപ്പി, മുരുഡേശ്വർ, കുടജാദ്രി യാത്ര
Mail This Article
ഭക്തര്‍ മാത്രമല്ല, സഞ്ചാരികള്‍ അടക്കം ജനലക്ഷങ്ങള്‍ ഒഴുകിയെത്തുന്ന ഇടമാണ് മൂകാംബിക ക്ഷേത്രം. കേരളത്തില്‍ നിന്നും വര്‍ഷം തോറും ലക്ഷക്കണക്കിന് സന്ദര്‍ശകരാണ് ഇവിടെ എത്തുന്നത്. കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാനും കലാപരിപാടികൾക്ക് അരങ്ങേറ്റം നടത്താനുമെല്ലാം മൂകാംബിക കഴിഞ്ഞേ മറ്റൊരു സ്ഥലമുള്ളൂ. കേരളത്തിലെ ചില പ്രധാനനഗരങ്ങളില്‍ നിന്നും കെഎസ്ആർടിസിയുടെ ബസ് സർവീസുകൾ കൊല്ലൂർക്ക് സർവീസ് നടത്തുന്നുണ്ട്. എന്നാല്‍ ഇവിടേക്ക് പോകുവാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാർഗം ട്രെയിനാണ്.
മൂകാംബികയ്ക്ക് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ബൈന്ദൂര്‍ റോഡ് ആണ്. എന്നാല്‍ എല്ലാ സ്ഥലങ്ങളും സന്ദര്‍ശിക്കണം എന്നുണ്ടെങ്കില്‍, ആദ്യത്തെ ദിവസം തന്നെ ഉഡുപ്പിയും മുരുഡേശ്വറും സന്ദര്‍ശിച്ച ശേഷം മൂകാംബികയിലേക്ക് പോകുന്നതാണ് നല്ലത്. അതിനായി ഉഡുപ്പിയില്‍ പുലര്‍ച്ചെ എത്തുന്ന രീതിയില്‍ ഉള്ള ട്രെയിനില്‍ കയറാം.
ഒന്നാം ദിവസം – ഉഡുപ്പി, മുരുഡേശ്വര്‍
ഉഡുപ്പി സ്റ്റേഷനില്‍ ഇറങ്ങിയ ശേഷം, ഓട്ടോ പിടിച്ച്, പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് പോകാം. ആദ്യം തന്നെ ക്ഷേത്രത്തിനടുത്ത് മുറിയെടുത്ത് ഫ്രെഷാവാം. 400 രൂപ മുതല്‍ മുകളിലേക്ക് റൂമുകള്‍ ലഭ്യമാണ് ഇവിടെ. ഉഡുപ്പി ക്ഷേത്രത്തില്‍ തൊഴുതിറങ്ങിയ ശേഷം, നേരെ മുരുഡേശ്വറിലേക്ക് പോകാം.
മൂന്നു മണിയ്ക്ക് മുന്നേ മുരുഡേശ്വർ എത്തുന്ന രീതിയില്‍ യാത്ര പ്ലാന്‍ ചെയ്യണം. ഉഡുപ്പിയില്‍ നിന്നും ഏകദേശം രണ്ടര മണിക്കൂര്‍ സമയമെടുക്കും മുരുഡേശ്വറിലേക്കുള്ള ബസ് യാത്രക്ക്. നേരിട്ട് ബസ് കിട്ടിയില്ലെങ്കില്‍, ഉഡുപ്പിയില്‍ നിന്നും ആദ്യം ഫട്കല്‍ എത്തി, അവിടെ നിന്നും മുരുഡേശ്വർ വഴി പോകുന്ന ബസില്‍ കയറാം. അല്ലെങ്കില്‍ ഉഡുപ്പി-മംഗലാപുരം-ഗോവ ബസിലും കയറാം. നൂറു രൂപയില്‍ താഴെയാണ് ബസ് ചാര്‍ജ് വരുന്നത്.
മൂന്നു മണിക്കാണ് മുരുഡേശ്വർ ക്ഷേത്രം തുറക്കുന്നത്. സാധനങ്ങള്‍ ക്ലോക്ക് റൂമില്‍ സൂക്ഷിച്ച ശേഷം കയറി തൊഴാം. സാധാരണയായി ഇവിടെ അധികം തിരക്ക് അനുഭവപ്പെടാറില്ല. ഇവിടെ തൊഴുതിറങ്ങിയ ശേഷം നേരെ മൂകാംബികയിലേക്കുള്ള യാത്ര തുടങ്ങാം. ഇതിനായി ബൈന്ദൂര്‍ ബസില്‍ കയറാം. ബൈന്ദൂരില്‍ നിന്നും മൂകാംബികയിലേക്ക് ബസ് കിട്ടും.
മൂകാംബികയില്‍ എത്തിയാല്‍ യഥേഷ്ടം റൂമുകള്‍ ലഭ്യമാണ്. രാത്രി നന്നായി വിശ്രമിച്ച ശേഷം, പുലര്‍ച്ചെ തന്നെ മൂകാംബിക ക്ഷേത്രത്തില്‍ കയറി തൊഴാം.
ക്ഷേത്രത്തിലെ കാഴ്ചകള്‍
കൊല്ലൂർഗ്രാമത്തിന്‍റെ മധ്യത്തിലായാണ് മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്‍റെ ദർശനം കിഴക്കോട്ടാണ്. കിഴക്കേ നടയിലൂടെയാണ് അകത്ത് പ്രവേശിക്കേണ്ടത്. അവിടെ സ്വർണ്ണക്കൊടിമരവും ഏതാണ്ടത്ര തന്നെ വലുപ്പമുള്ള ദീപസ്തംഭവും കാണാം. കന്നഡ ശൈലിയിലാണ് കൊടിമരം പണിതിട്ടുള്ളത്. ദീപസ്തംഭത്തിൽ 'സ്തംഭഗണപതി'യുണ്ട്. തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാട്ട് ദർശനമായി സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലാണ്. സുബ്രഹ്മണ്യസ്വാമിയോടൊപ്പം നാഗദൈവങ്ങളും ശ്രീകോവിലിലു ണ്ട്.
നടുവില്‍ സ്വര്‍ണരേഖയുള്ള സ്വയംഭൂ ലിംഗമാണു കൊല്ലൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഈ പ്രതിഷ്ഠയുടെ വലതുഭാഗത്തായി മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ മൂന്നു രൂപങ്ങളുണ്ട്. ഇടതു വശത്ത് ത്രിമൂര്‍ത്തികൾ സ്ഥിതി ചെയ്യുന്നുവെന്നാണു സങ്കല്‍പം.
സ്വയംഭൂലിംഗത്തിനു പുറകിലായി ആദി ശങ്കരനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശംഖ് ചക്രഗധാധാരിയായ പഞ്ചലോഹനിര്‍മിതമായ ദേവീ വിഗ്രഹവും ഉണ്ട്. ദേവി പ്രതിഷ്ഠക്കു പുറമെ പഞ്ചമുഖ ഗണപതി, സുബ്രഹ്മണ്യന്‍, ഹനുമാന്‍, മഹാവിഷ്ണു, വീരഭദ്രന്‍ എന്നീ ഉപദേവതകളും നാലമ്പലത്തിനുള്ളില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.
നാലുവശവും നിരവധി മലകളാണ്. പന്ത്രണ്ടടി ഉയരമുള്ള ആനപ്പള്ളമതിൽ ക്ഷേത്രത്തെ ചുറ്റി നിൽക്കുന്നു. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ രണ്ട് ഇരുനില ഗോപുരങ്ങൾ. വലംപിരി ഗണപതി ഭഗവാന്‍റെ ഒരു ചെറു ക്ഷേത്രം തെക്കുകിഴക്ക് ഭാഗത്തുണ്ട്. അതിനടുത്തായാണ് തന്ത്രിമാരുടെ താമസസ്ഥലവും. ഒരു ദിവസം മലയാളികൾ ആരെങ്കിലും ഈ ക്ഷേത്രത്തിൽ വരാതെയിരുന്നാൽ അന്ന് കൊല്ലൂർ ദേവി മലയാളക്കരയിലേക്ക് വരുമെന്നാണ് സങ്കല്പം. എന്നാൽ അങ്ങനെയൊരു ദിവസം ഇതുവരെയുണ്ടായിട്ടില്ല.
ക്ഷേത്രദര്‍ശനം കഴിഞ്ഞ ശേഷം, നേരെ കുടജാദ്രിയിലേക്ക് പോകാം. ഏകദേശം രണ്ടര വരെ മൂകാംബികയില്‍ നിന്നും കുടജാദ്രിയിലേക്ക് ജീപ്പ് സര്‍വീസ് ലഭ്യമാണ്. ഒരു പന്ത്രണ്ടു മണിയോടെ തന്നെ ജീപ്പില്‍ കയറി പോകാന്‍ ശ്രമിക്കണം. ഒരാള്‍ക്ക് ഏകദേശം അഞ്ഞൂറ് രൂപയാണ് ചാര്‍ജ് വരുന്നത്. ജീപ്പില്‍ പോയിക്കഴിഞ്ഞാല്‍ വൈകുന്നേരമാകുമ്പോഴേക്കും കുടജാദ്രിയില്‍ എത്താം. വെയില്‍ താഴ്ന്ന് കോടയിറങ്ങുന്ന ഈ സമയം കുടജാദ്രിയിലെ അനുഭവം വളരെ മനോഹരമാണ്. ശങ്കരാചാര്യരുടെ സര്‍വജ്ഞപീഠവും ചുറ്റുമുള്ള കാഴ്ചകളുമെല്ലാം കാണാം. ഇങ്ങനെ ജീപ്പില്‍ പോകുമ്പോള്‍ തിരിച്ച് ഒരു എഴുമണി അടുപ്പിച്ച് തിരിച്ചു വീണ്ടും മൂകാംബികയിലേക്ക് എത്താം.
വൈകുന്നേരത്തെ ശീവേലിയും ദീപക്കാഴ്ചയുമെല്ലാം കാണാനായി, ആവശ്യമെങ്കില്‍ വീണ്ടും മൂകാംബിക ക്ഷേത്രത്തിലേക്ക് പോകാം. അതിനു ശേഷം, അന്ന് രാത്രി മൂകാംബികയില്‍ വിശ്രമിച്ച ശേഷം പിറ്റേന്ന് കാലത്ത് തിരിച്ചുള്ള യാത്ര പുറപ്പെടാം. മൂകാംബികയില്‍ നിന്നും ബൈന്ദൂരിലേക്കുള്ള ബസില്‍ കയറി അവിടെ നിന്നും തിരിച്ചു കേരളത്തിലേക്കുള്ള ട്രെയിനില്‍ കയറാം.
മൂകാംബിക മാത്രം കണ്ടാല്‍ മതിയെങ്കില്‍ ഇങ്ങനെ
മൂകാംബിക ക്ഷേത്രം മാത്രം സന്ദര്‍ശിച്ചാല്‍ മതിയെങ്കില്‍, കയറിയാൽ ട്രെയിനില്‍ കയറുമ്പോള്‍ ബൈന്ദൂർ സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. മൂകാംബിക ക്ഷേത്രത്തിൽ നിന്ന് 30 കീമി അകലെയാണ് ബൈന്ദൂർ. ഇവിടെ നിന്നും ഷെയർ ടാക്‌സി വാനുകളും ലഭ്യമാണ്. ബസ് സ്റ്റാൻഡിൽ എത്തിയാൽ മൂകാംബികയിലേക്ക് 15 മിനിട്ട് ഇടവിട്ട് ബസ് സർവീസ് ഉണ്ട്. ഒരു മണിക്കൂറോളം സമയമെടുക്കും ക്ഷേത്രത്തിലെത്താൻ.
English Summary: plan 2 days budget trip to mookambika murudeshwar and udupi