ADVERTISEMENT

അമ്മയ്ക്കൊപ്പം പ്രസിദ്ധമായ സോമനാഥക്ഷേത്രം സന്ദര്‍ശിച്ച് ബോളിവുഡ് നടി പ്രീതി സിന്‍റ. ഞായറാഴ്ചയാണ്, ഇന്ത്യയിലെ 12 ജ്യോതിർലിംഗങ്ങളിൽ ഒന്നായ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍  പ്രീതി അമ്മയ്‌ക്കൊപ്പം എത്തിയത്. ക്ഷേത്രത്തിലേക്കുള്ള യാത്രയുടെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ വിഡിയോ ആയി പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഹൃദയസ്പർശിയായ ഒരു കുറിപ്പിനൊപ്പമാണ് നടി വിഡിയോ പങ്കുവച്ചിരിക്കുന്നത്. സോമനാഥക്ഷേത്രം സന്ദര്‍ശിച്ച അനുഭവം ഈ കുറിപ്പില്‍ ഉണ്ട്. 'ഇന്ത്യയിലെ 12 ജ്യോതിർലിംഗങ്ങളെ സന്ദർശിക്കണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. ഗുജറാത്തിലെ അവിശ്വസനീയമായ സോമനാഥ ക്ഷേത്രത്തിൽ നിന്ന് യാത്ര തുടങ്ങണമെന്നും ഞങ്ങൾ തീരുമാനിച്ചു. ക്ഷേത്രം അടുത്ത് നിന്ന് കണ്ടപ്പോൾ ശരിക്കും ഭയം തോന്നി. ഉച്ചകഴിഞ്ഞുള്ള സമയം ആരതി ലഹരി നിറഞ്ഞതായിരുന്നു, വല്ലാത്തൊരു അനുഭവമായിരുന്നു ആ കാഴ്ച. ഈ മനോഹരമായ ക്ഷേത്രം ഇന്ത്യൻ പൈതൃകത്തിന്റെയും പ്രതിരോധത്തിന്റെയും മഹത്തായ പ്രതീകമാണ്. വളരെ വൃത്തിയുള്ളതും നന്നായി പരിപാലിക്കുന്നതുമാണ് ഇൗ ക്ഷേത്രം. ആത്മീയമായ ഇൗ യാത്ര അമ്മയോടൊപ്പം നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഈ ക്ഷേത്രം തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്'. താരം കുറിച്ചതിങ്ങനെ.

somnath-temple1
Harshit Trivedi/shutterstock

ഇനിയും ബാക്കിയുള്ള ക്ഷേത്രം കൂടി കാണാന്‍ പോകുമെന്നും പറയുന്നുണ്ട്. ജ്യോതിർലിംഗ രൂപത്തിൽ ശിവനെ ആരാധിക്കുന്ന ക്ഷേത്രമാണ് ‘ജ്യോതിർലിംഗം’ എന്നറിയപ്പെടുന്നത്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള പന്ത്രണ്ടു ക്ഷേത്രങ്ങളാണ് ഉള്ളത്. 

ജ്യോതിർലിംഗങ്ങളുടെ ഐതിഹ്യം വിഷ്ണു പുരാണത്തിലാണ് പരാമർശിക്കപ്പെട്ടിട്ടുള്ളത്‌. ശിവൻ സൃഷ്ടിച്ച അനന്തമായ പ്രകാശസ്തംഭത്തിൽ നിന്നാണ് ജ്യോതിർലിംഗങ്ങൾ പ്രത്യക്ഷപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. യഥാർത്ഥത്തിൽ 64 ജ്യോതിർലിംഗങ്ങൾ ഉണ്ടായിരുന്നു, അതിൽ 12 എണ്ണം ശുഭകരവും വിശുദ്ധവുമായി കണക്കാക്കപ്പെടുന്നു.

12 ജ്യോതിർലിംഗങ്ങളിൽ ആദ്യത്തേതായി കണക്കാക്കപ്പെടുന്ന സോമനാഥ ക്ഷേത്രം, ഗുജറാത്തിലെ കത്യവാഡ് ജില്ലയിലെ വെരാവലിനടുത്താണ് സ്ഥിതി ചെയ്യുന്നത്. വിദേശീയരുടെ ആക്രമണത്തില്‍ ഒട്ടേറെ തവണ നശിപ്പിക്കപ്പെടുകയും പുനർനിർമിക്കുകയും ചെയ്തതാണ് ഈ ക്ഷേത്രം. ആന്ധ്രാപ്രദേശിലെ ശ്രീശൈലത്തിലെ മനോഹരമായ കുന്നുകളിൽ സ്ഥിതി ചെയ്യുന്ന മല്ലികാർജുന ക്ഷേത്രമാണ് അടുത്തത്. ശാന്തമനോഹരിയായൊഴുകുന്ന കൃഷ്ണ നദിയും ഉയർന്ന ഗോപുരങ്ങളും സങ്കീർണ്ണമായ കൊത്തുപണികളുമുള്ള വാസ്തുവിദ്യാ വിസ്മയക്കാഴ്ചയായ ക്ഷേത്രവുമെല്ലാം കൌതുകം പകരും.

somnath-temple
Ravi Kanani/shutterstock

മധ്യപ്രദേശിലെ ഉജ്ജയിനിൽ സ്ഥിതി ചെയ്യുന്ന മഹാകാലേശ്വർ ക്ഷേത്രം ഭസ്മ ആരതി ചടങ്ങിന്  പേരുകേട്ടതാണ്. പ്രഭാതത്തിനുമുമ്പ് നടക്കുന്ന ഈ പവിത്രമായ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഭക്തർ ഒത്തുകൂടുന്നു. നർമ്മദാ നദിയിലെ ഒരു ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഓംകാരേശ്വർ ക്ഷേത്രത്തിലെത്താന്‍ പാലം കടന്നോ ബോട്ടിലോ പോകണം. 11,755 അടി ഉയരത്തിൽ, ഹിമാലയൻ കൊടുമുടികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കേദാർനാഥ് ക്ഷേത്രം മഞ്ഞു പുതച്ച പർവതങ്ങളുടെ അതിമനോഹരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. മഹാരാഷ്ട്രയിലെ സഹ്യാദ്രി പർവതനിരകള്‍ക്കിടയില്‍, ഇടതൂർന്ന വനങ്ങളാലും അപൂർവ സസ്യജന്തുജാലങ്ങളാലും ചുറ്റപ്പെട്ട ഭീമശങ്കര ക്ഷേത്രമാണ് മറ്റൊന്ന്. പുരാതന നഗരമായ വാരണാസിയിൽ സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രവും മറ്റൊരു ജ്യോതിര്‍ലിംഗ ക്ഷേത്രമാണ്. 

ജാർഖണ്ഡിലെ ദിയോഘറിലെ ബൈദ്യനാഥ് ജ്യോതിർലിംഗം, തമിഴ്‌നാട്ടിലെ രാമേശ്വരത്തുള്ള രാമനാഥസ്വാമി ജ്യോതിർലിംഗം, ഗുജറാത്തിലെ ദ്വാരകയിലെ നാഗേശ്വർ ജ്യോതിർലിംഗം, മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ത്രയംബകേശ്വർ ജ്യോതിർലിംഗം, മഹാരാഷ്ട്രയിലെ ഔറംഗബാദിലെ ഘൃഷ്ണേശ്വർ ജ്യോതിർലിംഗം എന്നിവയാണ് ഇക്കൂട്ടത്തിലുള്ള മറ്റു ക്ഷേത്രങ്ങള്‍.

English Summary: Preity Zinta Wants To Take Her Mom To 12 Jyotirlingas, Visits Gujarat’s Somnath Temple First

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com