ADVERTISEMENT

സാഹസികസഞ്ചാരികള്‍ക്ക് ആവേശകരമായ വാര്‍ത്ത‍യുമായി ലഡാക്ക് ടൂറിസം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും തണുപ്പുള്ളതുമായ യുദ്ധഭൂമിയും ധ്രുവേതര പ്രദേശങ്ങളിൽ വച്ച്, രണ്ടാമത്തെ വലിയ ഹിമാനിയുമായ സിയാച്ചിൻ ഹിമാനികൾ വിനോദസഞ്ചാരികള്‍ക്കായി തുറന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ കാരണം, ഇവിടേക്ക് മുൻകാലങ്ങളിൽ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. പുതിയ നിയമങ്ങൾ അനുസരിച്ച്, വിനോദസഞ്ചാരികൾക്ക് പ്രത്യേക അനുമതിയില്ലാതെ സിയാച്ചിൻ ബേസ് ക്യാംപിന് അടുത്തുള്ള സിവിൽ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് യാത്ര ചെയ്യാം.

 

 ഹിമാലയത്തിലെ കിഴക്കൻ കാരക്കോറം പർവതനിരകളിൽ, 12,000 അടി മുതൽ 15,000 അടി വരെ ഉയരത്തിലാണ് ബേസ് ക്യാംപ് സ്ഥിതി ചെയ്യുന്നത്, ഇത് വരെ മാത്രമേ സഞ്ചാരികൾക്ക് പ്രവേശനമുള്ളൂ. ഇപ്പോഴും ഇന്ത്യൻ സൈന്യത്തിന്‍റെ നിയന്ത്രണത്തില്‍ തന്നെയാണ് ഈ പ്രദേശം. സുരക്ഷയുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാൽ ഈ പരിധിക്കപ്പുറമുള്ള പ്രദേശത്തേക്ക് കടക്കാന്‍ അനുവാദമില്ല. ബേസ് ക്യാംപിൽ, വിനോദസഞ്ചാരികൾക്ക് ഇന്ത്യൻ സൈന്യത്തെയും അവരുടെ നിസ്വാർത്ഥ പരിശ്രമത്തെയും സ്മരിക്കാനായി നിർമിച്ച യുദ്ധ സ്മാരകം സന്ദർശിക്കാം. സൈനിക നടപടിക്കിടെ വീരമൃത്യു വരിച്ച സൈനികരെ ഇവിടെ ആദരിക്കുന്നു.

1702720045
Sandeep Singh Reyal/shutterstock

 

തീവ്രമായ കാലാവസ്ഥാ സാഹചര്യങ്ങൾ അനുഭവപ്പെടുന്ന ഇടമാണെങ്കിലും,, തവിട്ട് കരടികൾ, ഐബെക്‌സ്, വിവിധയിനം പക്ഷികൾ തുടങ്ങി വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങള്‍ ഈ മേഖലയിലുണ്ട്. വേനൽ മാസങ്ങളിൽ വിരിയുന്ന മനോഹരമായ ആൽപൈൻ പൂക്കൾ താഴ്‍‍വരയാകെ സ്വര്‍ഗീയ ചാരുത പടര്‍ത്തുന്നു.

 

 സാൽട്ടോറോ കാൻഗ്രി, തേരാം കാംഗ്രി തുടങ്ങിയ ഒട്ടേറെ ട്രെക്കിങ് റൂട്ടുകളും ഈ മേഖലയിലുണ്ട്. ആഭ്യന്തര വിനോദസഞ്ചാരികൾക്ക് ഇവിടേക്ക് കടക്കാന്‍ അധികാരികളിൽ നിന്ന് എൻഒസി ലഭിക്കേണ്ടതില്ലെങ്കിലും ജില്ലാ ഭരണകൂടം പരിസ്ഥിതി ഫീസ് ഈടാക്കുന്നത് തുടരും. താപനില -60 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്നതിനാല്‍, ഇവിടം സന്ദര്‍ശിക്കുന്നത് എളുപ്പമല്ല. ആവശ്യമായ മുന്‍കരുതലുകള്‍ കൈക്കൊള്ളുകയും മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തി ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുകയും വേണം. 

 

 എങ്ങനെ എത്തിച്ചേരാം

 

ലേയിലെ കുശോക് ബകുല റിംപോച്ചെ എയർപോർട്ടാണ് സിയാച്ചിൻ ബേസ് ക്യാംപിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ലേയിൽ നിന്ന് ഇവിടേക്ക് എത്താൻ, ടാക്സിയിലാണെങ്കില്‍ ഏകദേശം 9 മുതൽ 10 മണിക്കൂർ വരെ എടുക്കും. ബേസ് ക്യാമ്പിലെത്താൻ ഒന്നുകില്‍ ലേയിൽ നിന്ന് ടാക്സി വാടകയ്‌ക്കെടുക്കുകയോ അല്ലെങ്കിൽ നുബ്ര താഴ്‌വരയിലൂടെ ഡ്രൈവ് ചെയ്യുകയോ ചെയ്യാം.

English Summary: Indian tourists can now visit Siachen Glacier Base Camp without any special permits

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com