ADVERTISEMENT

കാലാവസ്ഥ, ഭൂപ്രകൃതി, ഭക്ഷണം, മനുഷ്യര്‍, ഭാഷ എന്നിങ്ങനെ ഒരുപാടു വിഷയങ്ങളില്‍ ഇന്ത്യയോളം വൈവിധ്യമുള്ള മറ്റൊരു നാട് ഭൂമിയിലില്ല. അങ്ങനെയുള്ള ഇന്ത്യയെ മുഴുവനായി കണ്ടറിയുകയെന്നതു തന്നെ ഒരുപാട് സഞ്ചാരികളുടെ സ്വപ്‌നമാണ്. മുഴുവന്‍ സംസ്ഥാനങ്ങളിലൂടെയും ഇന്ത്യാ വന്‍കരയിലെ ആറു കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും ഒരു യാത്ര കാറില്‍ പോവുകയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് വാഹന പ്രേമിയും സഞ്ചാരിയും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ എമില്‍ ജോര്‍ജ്. 

ഈ അത്യപൂര്‍വ യാത്ര ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡില്‍ ഇടം പിടിക്കുകയും ചെയ്തു. കൊച്ചിയില്‍നിന്ന് 2022 സെപ്റ്റംബര്‍ 20ന് ആരംഭിച്ച 'ഡിസ്‌കവര്‍ ഇന്ത്യ 28.6' യാത്ര 2022 ഡിസംബര്‍ 26 നാണ് പൂര്‍ത്തിയായത്. ടാറ്റ ഹാരിയറില്‍ 97 ദിവസം കൊണ്ട് 19,426 കിലോമീറ്ററാണ് എമില്‍ ജോര്‍ജും സുഹൃത്തും യുട്യൂബറുമായ ഷെറിനും സഞ്ചരിച്ചത്. ഡിസ്‌കവര്‍ ഇന്ത്യ 28.6 യാത്രയുടെ വിശേഷങ്ങള്‍ എമില്‍ മനോരമ ഓണ്‍ലൈനുമായി പങ്കുവയ്ക്കുന്നു. 

MIZORAM
മിസോറാമിൽ നിന്നുള്ള ചിത്രം

ആദ്യ പ്രണയം ജീപ്പിനോട്

കണ്ണൂര്‍ ജില്ലയിലെ മലയോര കുടിയേറ്റ ഗ്രാമമായ കുടിയാന്‍മലയിലാണ് എമില്‍ ജോര്‍ജ് ജനിച്ചത്. മലമ്പ്രദേശമായതുകൊണ്ടുതന്നെ ജീപ്പിനെയാണ് യാത്രയ്ക്കും ചരക്കു നീക്കത്തിനുമൊക്കെ നാട്ടുകാരും വീട്ടുകാരും ആശ്രയിച്ചിരുന്നത്. പൈതല്‍ മലയുടെ താഴ്‌വാരമായ കുടിയാന്‍മലയിലെ സ്വന്തം നാട്ടുകാരുടെ 'ഓഫ് റോഡ്' ഡ്രൈവിങ് കണ്ടാണ് ഡ്രൈവിങ്ങിനോടു പ്രത്യേകം ഇഷ്ടം തോന്നുന്നത്. ആദ്യ പ്രണയം പോലെ ഇന്നും എമിലിന് ജീപ്പിനോടു പ്രത്യേക ഇഷ്ടവുമുണ്ട്. 

 

emil-george-01

മൂന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ബോര്‍ഡിങ് സ്‌കൂളിലായിരുന്നു പഠനം. എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും സ്വാതന്ത്ര്യം ഇല്ലായിരുന്നു. അതായിരിക്കാം ഒരുപാട് യാത്രകള്‍ ചെയ്യണമെന്നും സ്ഥലങ്ങള്‍ കാണണമെന്നുമുള്ള ആഗ്രഹമായി ഉള്ളില്‍ വളര്‍ന്നതെന്ന് എമില്‍ പറയുന്നു. പിന്നീട് ഡ്രൈവിങ് ലൈസന്‍സ് സ്വന്തമായപ്പോള്‍ ഒറ്റയ്ക്കു യാത്ര ചെയ്യാനും ഡ്രൈവ് ചെയ്യാനും ലഭിച്ച ഒരു അവസരവും പാഴാക്കിയുമില്ല. 

 

അനുഭവം മുതല്‍ക്കൂട്ടാക്കി മുന്നൊരുക്കം

Daman

 

നേരത്തേ പലതവണ ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കും നേപ്പാളും ഭൂട്ടാനും പോലുള്ള അയല്‍ രാജ്യങ്ങളിലേക്കും വാഹനം ഓടിച്ചു പോവാന്‍ സുഹൃത്തുക്കള്‍ക്കൊപ്പവും അല്ലാതെയും അവസരം ലഭിച്ചിരുന്നു. ഈ യാത്രകള്‍ റോഡുകളെയും ഒരു യാത്രയ്ക്കു വേണ്ട മുന്നൊരുക്കങ്ങളെയും കുറിച്ചു ധാരണ നല്‍കാന്‍ സഹായിച്ചു. അതുകൊണ്ടുതന്നെ യാത്രയ്ക്കിടെ വേണ്ട വസ്ത്രങ്ങളും മരുന്നുകളും വണ്ടിക്കു വേണ്ട കാര്യങ്ങളുമൊക്കെ വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്യാനായി. 

 

emil-george-travel-mm

യാത്രയ്ക്കു മുന്നോടിയായി ഹാരിയറിന്റെ എൻജിന്‍ ഓയില്‍ അടക്കമുള്ളവ പരിശോധിച്ച് മാറ്റിയിരുന്നു. ബ്രേക്ക് പാഡുകള്‍ മാറ്റുകയും പുതിയ ബ്രേക്ക് പാഡുകള്‍ വാങ്ങി സൂക്ഷിക്കുകയും ചെയ്തു. മഞ്ഞില്‍ ഓടിക്കുമ്പോള്‍ വേണ്ട സ്‌നോ ചെയിന്‍ ഹാരിയറിന്റെ പാകത്തിനു നിര്‍മിച്ച് കരുതി. ബിഎസ് 6 വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഡെഫ് ഫ്‌ളൂയിഡും ഒപ്പം ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ ഇന്ധനം കൂടുതല്‍ കരുതാന്‍ ജെറി കാനുകളും എടുത്തിരുന്നു.

 

ഇത്തരം യാത്രകളില്‍ എയര്‍ ഫില്‍ട്ടര്‍, ഓയില്‍ ഫില്‍ട്ടര്‍, എസി ഫില്‍ട്ടര്‍ എന്നിവയ്ക്കെല്ലാം സാധാരണയേക്കാള്‍ ആയുസ്സ് കുറവായിരിക്കും. അതുകൊണ്ട് ഇടയ്ക്കിടെ പരിശോധിക്കുകയും ആവശ്യമുള്ളപ്പോള്‍ മാറ്റുകയും വേണം. മഞ്ഞിലും മഴയിലും കൂടുതല്‍ വ്യക്തമായ കാഴ്ച നല്‍കുന്ന ലൈറ്റുകളും ദീര്‍ഘയാത്രയ്ക്ക് അനുയോജ്യമായ ടയറുകളും ഹാരിയറില്‍ ഘടിപ്പിച്ചിരുന്നു. വാഹനത്തിന്റെ ഫ്യൂസുകള്‍ മാറ്റാനും പഞ്ചര്‍ വന്നാല്‍ ഒട്ടിക്കാനും ടയര്‍ മാറ്റിയിടാനുമൊക്കെ പഠിച്ചു. പഞ്ചര്‍ കിറ്റിനൊപ്പം മെക്കാനിക്കല്‍ പമ്പും കെട്ടി വലിക്കാന്‍ കയറും കരുതി. ഈ മുന്നൊരുക്കങ്ങളെല്ലാം യാത്രയ്ക്കിടയിലെ അനാവശ്യ സമയനഷ്ടവും പണനഷ്ടവുമെല്ലാം കുറയ്ക്കാന്‍ സഹായിച്ചെന്നും എമില്‍ സൂചിപ്പിച്ചു. 

emil-travel

 

ഹാരിയറിന്റെ സുരക്ഷ, ടാറ്റയുടെ ഉറപ്പ് 

fotula

 

എമിലിന്റെ സുഹൃത്തും ഓട്ടമൊബീല്‍ ജേണലിസ്റ്റുമായ ഹാനി മുസ്തഫയാണ് ഈ യാത്രയെക്കുറിച്ച് ടാറ്റ മോട്ടോഴ്‌സിനെ അറിയിക്കുന്നത്. യാത്രയില്‍ ഉടനീളം നല്ല പിന്തുണയാണ് ടാറ്റ മോട്ടോഴ്‌സ് തന്നതെന്നും എമില്‍ പറയുന്നു. യാത്രയ്ക്കിടെ വാഹനത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ടാറ്റ മോട്ടോഴ്‌സ് ഒരു വാട്‌സാപ് ഗ്രൂപ്പുണ്ടാക്കി. ഇതുവഴി, വാഹനത്തിന് എവിടെ വച്ച് എന്തു പ്രശ്‌നമുണ്ടായാലും ടാറ്റ മോട്ടോഴ്‌സിന്റെ അടുത്തുള്ള സര്‍വീസ് സെന്ററില്‍ ചെന്ന് വേഗത്തില്‍ പ്രശ്‌നം പരിഹരിച്ച് യാത്ര തുടരാനായി. ടാറ്റ മോട്ടോഴ്‌സിന്റെ ഈ പിന്തുണയുടെ കൂടി സഹായത്തിലാണ് വിജയകരമായി ഈ യാത്ര പൂര്‍ത്തിയാക്കാനായതെന്നും എമില്‍ പറയുന്നു. 

 

Highest-motorable-road-in-the-world-UMLING
Highest motorable road in the world - UMLING LA TOP

ഹാരിയറിന്റെ ഇഷ്ടപ്പെട്ട ഫീച്ചര്‍ സേഫ്റ്റിയും യാത്രാ സുഖവുമാണ്. വെല്ലുവിളികള്‍ നിറഞ്ഞ വഴികളിലൂടെ പോകുമ്പോഴും സുരക്ഷിതത്വം അനുഭവിച്ചിരുന്നു. അത്യാവശ്യം ഗ്രൗണ്ട് ക്ലിയറന്‍സുള്ളതിനാല്‍ പല സ്ഥലങ്ങളിലേക്കും പോകാനായി. ഇതുപോലുള്ള യാത്രകളില്‍ പലപ്പോഴും സര്‍വീസുകള്‍ നേരത്തേ ചെയ്യേണ്ടി വരും. തുടക്കത്തിലും അവസാനത്തിലും കൊച്ചിയില്‍ നടത്തിയ സര്‍വീസുകള്‍ക്കു പുറമേ യാത്രക്കിടെ ആറു തവണ സര്‍വീസ് നടത്തേണ്ടി വന്നു. മൊത്തത്തില്‍ ഹാരിയറിലെ അനുഭവം മികച്ചതായിരുന്നു. ഇത്ര വലിയ യാത്രയ്ക്കൊടുവില്‍ സുരക്ഷിതമായി തിരിച്ചെത്തിച്ച വണ്ടിയോടുള്ള അടുപ്പം കൂടിയിട്ടേയുള്ളൂവെന്നും എമില്‍ പറയുന്നു. 

 

നോര്‍ത്ത് ഈസ്റ്റ് കാണാനിറങ്ങി, ഇന്ത്യ കണ്ടു

 

മുമ്പ് പലതവണ ഇന്ത്യയിൽ യാത്ര ചെയ്തപ്പോഴും സമയക്കുറവുകൊണ്ടും കാലാവസ്ഥാ പ്രശ്‌നം കൊണ്ടും വിട്ടുപോയ, ഒഴിവാക്കേണ്ടി വന്ന സ്ഥലങ്ങളുണ്ടായിരുന്നു. പ്രത്യേകിച്ചും വടക്കു കിഴക്കേ ഇന്ത്യയിലെ പ്രദേശങ്ങള്‍. ത്രിപുര പോലുള്ള സംസ്ഥാനങ്ങളിലേക്ക് വണ്ടി ഓടിച്ച് എത്തുകയെന്നതു തന്നെ വലിയ വെല്ലുവിളിയാണ്. അരുണാചല്‍ പ്രദേശിലെ തവാങിനെ കുറിച്ച് ഒരുപാട് കേട്ടിരുന്നെങ്കിലും പോവാനായിരുന്നില്ല. 

 

emil-george-02

യുട്യൂബ് വ്ലോഗറും സുഹൃത്തുമായ ഷെറിനാണ് വിട്ടു പോയ ഈ സ്ഥലങ്ങളിലേക്ക് ഒരു യാത്ര പോയാലോ എന്ന് ചോദിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് കറങ്ങി വരികയായിരുന്നു ആദ്യത്തെ പ്ലാന്‍. പിന്നീട് 28 സംസ്ഥാനങ്ങളിലേക്കും ഇന്ത്യയുടെ വന്‍കരയിലെ ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും പ്ലാനിങ്ങും യാത്രയും വലുതാവുകയായിരുന്നു. യാത്രയില്‍ ഷെറിനും ഉണ്ടായിരുന്നെങ്കിലും തുടക്കം മുതല്‍ അവസാനം വരെ ഡ്രൈവിങ് സീറ്റില്‍ എമിലായിരുന്നു. 

 

രണ്ടു മാസം കൊണ്ട് യാത്ര തീര്‍ക്കണമെന്നാണ് ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും നീണ്ടു പോയി. രണ്ടു സ്ഥലത്ത് പ്രകൃതി ദുരന്തങ്ങളാണ് യാത്രയെ താല്‍ക്കാലികമായി പിടിച്ചു നിര്‍ത്തിയത്. നോര്‍ത്ത് സിക്കിമില്‍ വച്ച് മണ്ണിടിച്ചിലുണ്ടാവുകയും ഏഴു ദിവസത്തോളം കുടുങ്ങിപ്പോകുകയും ചെയ്തു. സാധാരണ സഞ്ചാരികള്‍ ഡിസംബറില്‍ ലഡാക്കിലേക്ക് പോവാറില്ല. എമിലും ഷെറിനും പോയ 2022 ലെ ഡിസംബറിലെ ആദ്യ ആഴ്ചകളില്‍ വലിയ മഞ്ഞു വീഴ്ചയുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സോജുലപാസ് യാത്രികര്‍ക്കായി തുറന്നിരുന്നു. എന്നാല്‍ ലഡാക്കില്‍നിന്നു തിരിച്ചു വരുമ്പോള്‍ മഞ്ഞുമലയിടിഞ്ഞ് പണികിട്ടി. സോജുലപാസ് അടഞ്ഞതോടെ ദ്രാസില്‍ ഒമ്പത് ദിവസത്തോളം കുടുങ്ങി.

Kohima

 

റെക്കോർ‌ഡ് യാത്രയല്ല, യാത്ര റെക്കോർഡായതാണ്

emil-AIZWAL

 

ഇന്ത്യ ബുക്‌സ് ഓഫ് റെക്കോർഡിനു വേണ്ടി യാത്രയ്ക്കിടെ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ചുവെന്ന് ചോദിച്ചാല്‍ ഒന്നുമില്ലെന്നാണ് എമില്‍ മറുപടി പറയുക. കാരണം റെക്കോർഡ് ലക്ഷ്യമിട്ട് യാത്രയ്ക്കിറങ്ങിയതല്ല, മറിച്ച് യാത്ര ചെയ്തു വന്നപ്പോള്‍ ഇതൊരു അപൂര്‍വസംഗതിയാണെല്ലോ എന്നറിഞ്ഞ് റെക്കോർഡിന് ശ്രമിച്ചതാണ്. ഡിസ്‌കവര്‍ ഇന്ത്യ 28.6 എന്ന യാത്ര ആരംഭിക്കുമ്പോഴോ അവസാനിച്ചപ്പോഴോ ഒന്നും എമിലിന് റെക്കോർഡിനെക്കുറിച്ചുള്ള ചിന്തയുണ്ടായിരുന്നില്ല. 

 

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലൂടെയും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും ഒരൊറ്റ യാത്രയില്‍ കാര്‍ ഓടിച്ചുവെന്ന് അറിഞ്ഞ സുഹൃത്തുക്കളാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിനെ സമീപിക്കാന്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് യാത്രയുടെ വിവരങ്ങള്‍ സഹിതം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് അധികൃതരെ എമില്‍ ഇ-മെയില്‍ വഴി ബന്ധപ്പെടുകയായിരുന്നു. അവര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വേണ്ട വിവരങ്ങളും യാത്രയുടെ തെളിവുകളും നല്‍കിയതോടെ ആ സ്വപ്‌നയാത്രയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിന്റെ അംഗീകാരം ലഭിച്ചു. 

 

കഠിനകഠോരമീ ഹാന്‍ലേ

 

ലേയില്‍നിന്ന് 250 കിലോമീറ്റര്‍ ദൂരത്തുള്ള ഹാന്‍ലേ എന്ന ഗ്രാമത്തില്‍ വച്ചാണ് കാലാവസ്ഥ അതിന്റെ ഭീകരതയില്‍ അനുഭവിച്ചത്. രാത്രിയില്‍ കൃത്രിമ പ്രകാശം വളരെ കുറവായതിനാലും അന്തരീക്ഷത്തിലെ ഈർപ്പം വളരെ കുറവായതിനാലും അതി മനോഹരമാണ് ഹാന്‍ലേയിലെ രാത്രിക്കാഴ്ചകള്‍. ഇന്ത്യയിലെ ആദ്യത്തെ ഡാര്‍ക് സ്‌കൈ റിസര്‍വായ ഹാന്‍ലേയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിസ്‌ക് വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിട്ടുമുണ്ട്. 

 

ടിബറ്റ് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമമാണ് ഹാന്‍ലേ. വലിയ തണുപ്പുള്ള, സഞ്ചാരികള്‍ പൊതുവേ വരാത്ത ഡിസംബറിലാണ് ഹാന്‍ലേയിലേക്ക് എമിലും ഷെറിനും എത്തുന്നത്. ഹാന്‍ലേയില്‍ തങ്ങിയ രാത്രിയിലെ താപനില മൈനസ് 25 വരെ താഴ്ന്നിരുന്നു. താങ്ങാനാവാത്ത തണുപ്പ്. വണ്ടിക്കും ഇത് വലിയ പ്രശ്‌നങ്ങളുണ്ടാക്കും. രാത്രി മുഴുവനും വാഹനം സ്റ്റാര്‍ട്ട് ചെയ്തു നിര്‍ത്തേണ്ടി വന്നു. എന്നിട്ടു പോലും പിറ്റേന്ന് ഫ്യുവല്‍ പമ്പിനും ചില സെന്‍സറുകള്‍ക്കുമൊക്കെ ചെറിയ തകരാറുകള്‍ കാണിച്ചു. വണ്ടി കുറച്ച് പവര്‍ ലോസൊക്കെ കാണിച്ചെങ്കിലും പിറ്റേന്നു തന്നെ സുരക്ഷിതമായി ലേയിലെത്തി. ടാറ്റ മോട്ടോഴ്‌സിന്റെ സര്‍വീസ് സെന്ററില്‍ കാണിച്ച് പ്രശ്‌നങ്ങള്‍ പരിഹരിച്ച് യാത്ര തുടരുകയായിരുന്നു. 

 

ഉയര്‍ന്ന പ്രദേശങ്ങളിലെ യാത്രയ്ക്കിടെ പലപ്പോഴും ഓക്‌സിജന്റെ കുറവുമൂലം മയക്കം വന്നിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ കയ്യിലെ ഓക്‌സിജന്‍ സിലിണ്ടര്‍ ഉപയോഗിച്ചും ആവശ്യത്തിന് വിശ്രമമെടുത്തുമാണ് മുന്നോട്ടു പോയത്. ചെറിയൊരു മയക്കം തോന്നുമ്പോള്‍ത്തന്നെ വണ്ടി നിര്‍ത്തി പുറത്തിറങ്ങി മുഖം കഴുകി അല്‍പദൂരം നടക്കും. തിരിച്ചെത്തി പഴങ്ങള്‍ കഴിച്ചും വെള്ളവും എനര്‍ജി ഡ്രിങ്കും കുടിച്ചുമെല്ലാമാണ് ആള്‍ട്ടിറ്റിയൂഡ് സിക്‌നസിന് പിടികൊടുക്കാതെ രക്ഷപ്പെട്ടതെന്നും എമില്‍ പറഞ്ഞു. 

 

മോശം റോഡും മികച്ച ഡ്രൈവിങ്ങും

 

ഇന്ത്യയിലെ തന്നെ ഏറ്റവും മോശം റോഡുകളായി തോന്നിയത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില അതിര്‍ത്തി പ്രദേശങ്ങളിലാണ്. ത്രിപുര, മേഘാലയ അതിര്‍ത്തിയിലെ വഴിയും മണിപ്പുര്‍, മിസോറാം എന്നിവിടങ്ങളിലെ അതിര്‍ത്തികളോട് ചേര്‍ന്നുള്ള വഴികളും മോശമായിരുന്നു. ഇവിടുത്തെ പ്രവചിക്കാനാവാത്ത കാലാവസ്ഥയും ഭൂപ്രകൃതിയുമെല്ലാം റോഡുകളുടെ മോശം അവസ്ഥയ്ക്ക് കാരണമായിട്ടുണ്ടാവാം. റോഡിന്റെ ശോചനീയാവസ്ഥക്ക് പുറമേ ആക്രമണ സാധ്യതയും പണം പിടിച്ചുവാങ്ങലുമൊക്കെ ഉള്ളതിനാല്‍ രാത്രി പരമാവധി ഈ പ്രദേശങ്ങളില്‍ യാത്ര ഒഴിവാക്കുന്നതാണ് നല്ലതെന്നും എമില്‍ പറയുന്നു.

 

അതേസമയം ഇന്ത്യയില്‍ ഏറ്റവും നല്ല ഡ്രൈവിങ് സംസ്‌കാരമുള്ളതു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണെന്നും എമില്‍ എടുത്തു പറയുന്നുണ്ട്. ‘മിസോറമിന്റെ തലസ്ഥാനമായ ഐസ്വാള്‍ സൈലന്റ് സിറ്റിയെന്നാണ് അറിയപ്പെടുന്നത്. വാഹനങ്ങള്‍ പൊതുവേ ഹോണ്‍ അടിക്കാറില്ല. അല്ലെങ്കില്‍ അടിക്കേണ്ടി വരാറില്ല. അനാവശ്യമായ ഓവര്‍ടേക്കിങ്ങോ ഡ്രൈവര്‍മാരുടെ പ്രകോപനമോ കുത്തിക്കയറ്റലോ ഒന്നും ഇവിടെ കാണില്ല. സിക്കിമും നാഗാലാന്‍ഡുമൊക്കെ അച്ചടക്കമുള്ള ഡ്രൈവിങ്ങിന്റെ കാര്യത്തില്‍ ഞെട്ടിച്ച നാടുകളാണ്’’.

 

എന്തും കഴിക്കും, ഇല്ലെങ്കിൽ കഴിച്ചുപോവും

 

ഇതുപോലുള്ള യാത്രയ്ക്കിടെ നമ്മള്‍ ഏതു ഭക്ഷണം കഴിക്കാനും തയ്യാറായിരിക്കണമെന്നാണ് എമില്‍ പറയുന്നത്. ‘‘നാഗാലാന്‍ഡിലൊക്കെ എന്തും കഴിക്കാന്‍ കിട്ടും. ഈച്ചയും പാറ്റയും പുഴുവും പട്ടിയും പാമ്പുമൊക്കെ അവിടെ കിട്ടും. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ നോണ്‍ വെജ് ഭക്ഷണം കിട്ടാന്‍ പാടാണ്. എന്നാല്‍ രുചികരമായ സസ്യാഹാരം ലഭിക്കുകയും ചെയ്യും. പഞ്ചാബിലൊക്കെ കേരളത്തിലെപ്പോലെ എരിവുള്ള നോണ്‍ വെജ് വിഭവങ്ങള്‍ കിട്ടും. ഏറ്റവും രുചിയേറിയ മീന്‍ വിഭവങ്ങള്‍ കിട്ടിയത് ഗോവയിലാണ്. മിസോറാമിലൂടെ യാത്ര ചെയ്തപ്പോള്‍ ഒരിക്കല്‍ രാവിലെ ഭക്ഷണമൊന്നും കിട്ടിയില്ല. ഉച്ചയോടെ ഒരു ഉള്‍ഗ്രാമത്തിലെത്തി. അവിടെ ആകെയുള്ള ചെറിയൊരു ഹോട്ടലിലെത്തി. അവിടെ ആകെ കിട്ടിയത് ചോറും പുഴുങ്ങിയെടുത്ത വലിയ പോര്‍ക്കിന്റെ കഷണവും മുളകുമായിരുന്നു. വിശന്നു പൊരിഞ്ഞിരുന്ന ആ സമയത്ത് രുചിയൊന്നും നോക്കാതെ ആ ഭക്ഷണം കഴിക്കുകയായിരുന്നു.’’

 

ചെറിയ വലിയ സന്തോഷങ്ങള്‍

 

ചെറിയ യാത്രകള്‍ നടത്തിയിരുന്ന കാലത്ത് എമിലിന് വലിയ യാത്രകള്‍ക്കു പ്രചോദനമായത് ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ എന്ന സിനിമയായിരുന്നു. പിന്നീട് ദുൽഖര്‍ സല്‍മാനെ കാണാനും പരിചയപ്പെടാനും സാധിച്ചു. ഈ യാത്രയ്ക്കിടെ ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ ചിത്രീകരിച്ച സ്ഥലത്തെത്തിയപ്പോള്‍ അവിടെനിന്നു ഫോട്ടോയൊക്കെ എടുത്ത് ആവേശത്തോടെ ദുൽഖറിന് അയച്ചുകൊടുത്തു. വലിയ തിരക്കുകള്‍ക്കിടയിലും വളരെ ക്ഷമയോടെ അദ്ദേഹം റിപ്ലെ ചെയ്യുകയും യാത്രയ്ക്ക് ആശംസകള്‍ നേരുകയുമൊക്കെ ചെയ്തത് വലിയ സന്തോഷം നല്‍കിയ നിമിഷമായിരുന്നുവെന്നും എമില്‍ ഓര്‍ക്കുന്നു. 

 

‘‘ഒരു ഡ്രൈവര്‍ എന്ന നിലയില്‍ ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള റോഡായ ഉമിങ്‌ലാ പാസിന് മുകളിലെത്തിയ നിമിഷം വലിയ ആവേശമായി. മനുഷ്യന് ഇന്ന് വാഹനം ഓടിക്കാന്‍ സാധിക്കുന്ന ഏറ്റവും ഉയരത്തിലുള്ള റോഡിലേക്ക് എത്തിയപ്പോഴുണ്ടായ അനുഭവം പറഞ്ഞറിയിക്കാനാവില്ല. അവിടെ എത്തിയപ്പോള്‍ -15 ഡിഗ്രിയായിരുന്നു താപനില. പോരാത്തതിന് ശക്തമായ കാറ്റും. എവറസ്റ്റ് ബേസ് ക്യാംപിനെക്കാള്‍ ഉയരത്തിലുള്ള ഉമിങ്‌ലാ പാസിലെത്തിയത് ഈ യാത്രയിലെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങളിലൊന്നാണ്.’’

 

യാത്രാ പങ്കാളി, സ്വപ്‌നയാത്ര

 

ഒന്നിലേറെ പേര്‍ യാത്ര ചെയ്യുമ്പോള്‍ പങ്കാളിയെ തിരഞ്ഞെടുക്കുന്നത് വളരെ സൂക്ഷിച്ചു വേണമെന്നും എമില്‍ ഓര്‍മിപ്പിക്കുന്നു. ദീര്‍ഘസമയം യാത്ര ചെയ്യുമ്പോള്‍, ഒരാഴ്ചയൊക്കെ കഴിയുമ്പോഴേക്കും എല്ലാവരുടെയും യഥാര്‍ഥ സ്വഭാവങ്ങള്‍ വെളിപ്പെടും. എല്ലാവര്‍ക്കുമുണ്ട് മോശം സ്വഭാവങ്ങള്‍. ഇതില്‍ പലതും ഒപ്പം യാത്ര ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടാവാതെ നോക്കുകയെന്നതാണ് പ്രധാനം. തീരെ മുന്നോട്ടു പോവാനാവില്ലെന്നു തോന്നിയാല്‍ ആ യാത്ര പൂര്‍ത്തിയാക്കുമെങ്കിലും പിന്നീട് ഒരുമിച്ചുള്ള യാത്രകള്‍ ഒഴിവാക്കുകയാണ് തന്റെ രീതിയെന്നും എമില്‍ പറയുന്നു. 

 

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വിറ്റ്‌സര്‍ലൻഡും ഫ്രാന്‍സും സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചിരുന്നു. അപ്പോള്‍ മുതലുള്ള ആഗ്രഹമാണ് യൂറോപ്യന്‍ രാജ്യങ്ങളിലൂടെ വാഹനം ഓടിച്ചു യാത്ര ചെയ്യുകയെന്ന്. ഇതിനായുള്ള ഷെങ്കന്‍ വീസ ലഭിച്ചിട്ടുണ്ട്. ആ സ്വപ്‌നത്തിലേക്കുള്ള ദൂരം കുറയുകയാണെന്നും അത് വൈകാതെ സംഭവിക്കുമെന്ന പ്രതീക്ഷയും എമില്‍ പങ്കുവെച്ചു. 

 

കോട്ടയം സ്വദേശി അഞ്ജുവാണ് എമിലിന്റെ ഭാര്യ. എറണാകുളത്ത് ഐസിഐസിഐ മാനേജരായി ജോലി ചെയ്യുന്നു. എറണാകുളം വെണ്ണലയിലെ ടര്‍ട്ടില്‍ വാക്‌സ് കാര്‍ ഡീറ്റെയ്‌ലിങ് സ്റ്റുഡിയോയുടെയും കളമശ്ശേരിയിലെ കെ പെര്‍ഫോമന്‍സ് എന്ന ഓട്ടമൊബീല്‍ കസ്റ്റമൈസേഷന്‍ സ്ഥാപനത്തിന്റെയും ഉടമ കൂടിയാണ് എമില്‍ ജോര്‍ജ്.

 

Content Summary : The fastest solo car expedition across the mainland of India was completed by Emil George.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com