ADVERTISEMENT

യാത്ര സന്തോഷമാണ്, സ്വാതന്ത്ര്യമാണ്, ലഹരിയാണ്, സ്വത്വത്തിലേക്കുള്ള മടക്കമാണ്. എന്നാൽ ചിലർക്കതു സ്വപ്നങ്ങളാണ്, ഒരിക്കലും സാക്ഷാത്കരിക്കാനാവാത്ത സ്വപ്നങ്ങൾ. മിക്ക പെൺകുട്ടികളോടും വീട്ടുകാർ പറയാറുണ്ട്: ‘‘വിവാഹം കഴിഞ്ഞ് നീ ഭർത്താവിനൊപ്പം ഇഷ്ടമുള്ളിടത്തേയ്ക്കൊക്കെ യാത്ര പൊയ്ക്കോളൂ...’’. എന്നാൽ കല്യാണം കഴിയുന്നതോടെ മിക്കവാറും സ്ത്രീകൾ തങ്ങളുടെ ചുമലിലേക്കു ബാക്ക്പാക്കിന് പകരം എടുത്തുവയ്ക്കുന്നത് ഉത്തരവാദിത്തങ്ങളും കുടുംബകാര്യങ്ങളുമാകും. പല സ്വപ്നങ്ങൾക്കുമൊപ്പം അവൾ യാത്രയെന്ന സന്തോഷത്തെയും ഉള്ളകങ്ങളിലെവിടെയെങ്കിലും ഒതുക്കിവയ്ക്കും. എല്ലാവരുടേയും കാര്യമല്ലിത്, എങ്കിലും ഭൂരിഭാഗം സ്ത്രീകളും നേരിടുന്നത് ഇതാണ്. ആരോ പറഞ്ഞു കേട്ടിട്ടുണ്ട്, യാത്രകളെ സ്നേഹിച്ചിട്ടും പോകാനാത്ത ഒരാളെ കൂടെക്കൂട്ടി ലോകം ചുറ്റാനിറങ്ങണം എന്ന്. അത് അന്വർഥമാക്കിയ സഞ്ചാരിയാണ് ഷംലാൻ അബു. തന്റെ യാത്രകൾക്ക് ഈ ചെറുപ്പക്കാരൻ കൂടെക്കൂട്ടിയത് സ്വന്തം ഉമ്മയെയായിരുന്നു. പിന്നീടങ്ങോട്ട് നൂറുകണക്കിന് അമ്മമാരും സഹോദരിമാരും ഈ യാത്രികനൊപ്പം അവരുടെ സ്വപ്നസഞ്ചാരങ്ങൾ നടത്തി. കുടുംബ ബിസിനസായ ട്രാവൽ ഏജൻസി ഏറ്റെടുത്തു നടത്താൻ തീരുമാനിച്ചപ്പോൾ ഷംലാൻ മനസ്സിലൊന്നു കുറിച്ചിട്ടു; യാത്രയെ പ്രണയിക്കുന്നവർക്ക് താൻ എന്നും സഹയാത്രികനാകുമെന്ന്. 

 

അഭിനിവേശത്തെ ബാക്പാക്ക് ആക്കി സഞ്ചരിക്കുന്നവൻ 

ഷംലാൻ അബു
കശ്മീർ യാത്രയിൽ

 

ഷംലാൻ അബുവെന്ന കോഴിക്കോട്ടുകാരനു യാത്ര ജീവാത്മാവാണ്. എത്ര തവണ കശ്മീരും ഹിമാലയവും കണ്ടിട്ടുണ്ടെങ്കിലും ഓരോ പ്രാവശ്യം പോകുമ്പോഴും അവിടം തനിക്ക് പുതിയ അനുഭവങ്ങളാണ് സമ്മാനിക്കുന്നതെന്നു ഷംലാൻ പറയുന്നു. ഡൽഹിയിൽ പഠിക്കുന്നതിനോടൊപ്പം ട്രാവൽ ഗൈഡായി ജോലിചെയ്തിരുന്ന സമയത്ത് പല പ്രായത്തിലുള്ളവർക്കൊപ്പം യാത്ര ചെയ്യാൻ സാധിച്ചു. പ്രായമായ സ്ത്രീകൾ പോലും അത്യുത്സാഹത്തോടെ മലകളും കാടുകളും കയറുന്നതു കാണുമ്പോൾ വലിയ സന്തോഷം തോന്നും. എല്ലാ മനുഷ്യരിലും ഒരു സഞ്ചാരിയുണ്ട്. ചിലരതു സ്വയം തിരിച്ചറിഞ്ഞു നേടിയെടുക്കുമ്പോൾ ചിലരെ നമ്മൾ കൈപിടിച്ചു നടത്തിക്കൊടുക്കണമെന്നു മാത്രം. 

 

ഷംലാൻ അബു
ഷംലാൻ അബു കശ്മീർ യാത്രയിൽ

നിയമപഠനം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുമ്പോൾ ഷംലാന്റെ മനസ്സിൽ ഒന്നേയുണ്ടായിരുന്നുള്ളു, തന്റെ ഉമ്മയ്ക്ക് നേടിക്കൊടുക്കാനായ സന്തോഷം ഒത്തിരിപ്പേരിലേക്കു പകരണം. ആ കഥ വഴിയെ പറയാം. കാലങ്ങളായി ട്രാവൽ ഏജൻസി നടത്തുന്നവരാണ് ഷംലാന്റെ കുടുംബം. പഠിച്ചു നേടിയ ബിരുദത്തെ അതിന്റെ വഴിക്കു വിട്ട് ഷംലാൻ തന്റെ വഴിക്കു പോകാൻ തീരുമാനിച്ചു. സ്വന്തം വഴി വെട്ടിത്തെളിച്ചു നടക്കുന്നവർ എന്നും ചരിത്രം സൃഷ്ടിച്ചിട്ടേയുള്ളു. കൊച്ചിയിൽ ഗോൾഡൻ പാലസ് ടൂർ ആൻഡ് ട്രാവൽസിന്റെ പുതിയ ഓഫിസ് തുടങ്ങുമ്പോൾ ഷംലാന്റെ മനസ്സിൽ യാത്രയെ ജനകീയമാക്കുന്നതിനെക്കുറിച്ചുള്ള ചിന്തകളായിരുന്നു. സോഷ്യൽ മീഡിയയിലൂടെയും മറ്റും അതിന് കൂടുതൽ പ്രചാരം നൽകിയതോടെ ഷംലാന്റെ യാത്രകളിൽ കൂട്ടുകൂടാൻ ആളേറെയായിത്തുടങ്ങി. ഷീ ക്യാംപുകൾ, ഇവന്റുകൾ എന്നിവ സംഘടിപ്പിച്ച് സ്ത്രീകൾക്ക് കൂടുതൽ യാത്രകൾ ചെയ്യാൻ പ്രചോദനമാവുകയാണ് ഈ യുവാവ്. 

 

‘കശ്മീർ ഈസ് ആൻ എക്സ്പീരിയൻസ്

 

ഡൽഹിയിൽ പഠിക്കുന്ന കാലത്ത് പൈസ കൂട്ടിവച്ച് ഷിംലയ്ക്കു യാത്ര പോയ ചെറിയ പയ്യനിൽനിന്ന്, 1500 ൽ അധികം പേരെ കശ്മീർ എന്ന സ്വർഗഭൂമിയിലേക്ക് ആനയിച്ച സ്വപ്നസഞ്ചാരിയിലേക്കു വളർന്നിരിക്കുന്നു ഷംലാൻ. ഷംലാൻ അബുവെന്നു പറഞ്ഞാൽ പലർക്കും പെട്ടെന്ന് പിടികിട്ടില്ല, കശ്മീരിലുള്ളവർ പോലും അബുക്കാ എന്നാണ് വിളിക്കുന്നത്. ‘കശ്മീർ ഈസ് ആൻ എക്സ്പീരിയൻസ്’ എന്നാണ് ഷംലാൻ പറയുന്നത്. അതെ, കശ്മീർ അനുഭവിച്ചറിയേണ്ടതാണ്. ആ നാട് ഷംലാന് അത്ര പരിചിതമാണ്. ആ നാടിന്റെ സ്പന്ദനം അടുത്തറിഞ്ഞ്, ഓരോ ഭാവവും അനുഭവിച്ചറിഞ്ഞ ഒരാൾക്കൊപ്പം യാത്ര ചെയ്യാൻ സാധിക്കുന്നതും ഭാഗ്യം തന്നെ. സംഘടിപ്പിക്കുന്ന എല്ലാ യാത്രകളിലും സന്തതസഹചാരിയായി ഷംലാനുണ്ടാകും. അവിടെയെത്തിയാൽ എറ്റവും നല്ല കാഴ്ചകൾ ഏതെല്ലാമാണെന്ന് കൊണ്ടുപോയി കാണിച്ചുതരുന്നതും ഷംലാൻ എന്ന ക്യൂറേറ്റർ തന്നെ. 

 

കശ്മീർ യാത്രയിൽ
കശ്മീർ യാത്രയിൽ

കശ്മീർ എന്നും തനിക്ക് നല്ല ഓർമകൾ മാത്രം സമ്മാനിച്ചിട്ടുള്ള ഇടമാണെന്ന് ഷംലാൻ. ‘‘ഒരിക്കൽ കൊറോണക്കാലത്ത് അവിടെ പെട്ടുപോയി. അന്ന് നോമ്പുകാലമായിരുന്നു. വൈകുന്നേരം നോമ്പുതുറക്കാൻ ഓരോ ദിവസവും ഓരോ വീട്ടിലേക്കു ക്ഷണിക്കും. കശ്മീരിലെ ജനങ്ങളുടെ സ്നേഹം നേരിട്ടനുഭവിക്കേണ്ട ഒന്നാണ്. ഒരാഴ്ചയോളം ഞാൻ അവിടെ ചെലവഴിച്ചു. അവിടെ കുടുങ്ങിയതാണെങ്കിലും അത് ശരിക്കും ആസ്വദിക്കാനായി. നമ്മൾ മനസ്സുനിറഞ്ഞ് കുടുങ്ങിക്കിടക്കുന്നപോലെ.’’

 

യാത്ര എന്ന അഭിനിവേശത്തെ കരിയറാക്കി മാറ്റി ആയിരക്കണക്കിനു പേരെ യാത്ര ചെയ്യിച്ച ഷംലാൻ പതിനായിരക്കണക്കിനുപേരെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നു. പെൺകുട്ടികൾക്ക്, പ്രത്യേകിച്ച് മലബാറിലുള്ളവർക്ക്, യാത്രകൾ അത്ര പെട്ടെന്ന് കയ്യെത്തിപ്പിടിക്കാനാവുന്ന ഒന്നല്ല. എന്നാൽ നൂറുകണക്കിന് പെൺകുട്ടികൾ ഷംലാൻ സംഘടിപ്പിക്കുന്ന ഷീ ക്യാംപുകളിൽനിന്നും ട്രാവൽ ഇവന്റുകളിൽനിന്നും ഊർജം ഉൾക്കൊണ്ട് യാത്ര ചെയ്യുന്നുണ്ട്. കശ്മീരിലടക്കം നിരവധി ഷീ ക്യാംപുകളും യാത്രയുമായി ബന്ധപ്പെട്ട ഇവന്റുകളും മിക്കവാറും ഷംലാന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കാറുണ്ട്. ഇതിന്റെയെല്ലാം തുടക്കം ആ യാത്രയിൽ നിന്നാണ്. തന്റെ ഉമ്മയ്ക്കൊപ്പം റോഹ്താങ് പാസ് കീഴടക്കിയ ഇതിഹാസ യാത്ര… 

 

ഉമ്മയുടെ സന്തോഷം അനേകരിലേക്കു പകരുന്ന മകൻ

 

കൊറോണക്കാലത്ത് സമൂഹ മാധ്യമങ്ങളിൽ ഹിറ്റായൊരു വിഡിയോ ആയിരുന്നു രണ്ട് ഉമ്മമാർ അവരുടെ മക്കൾക്കൊപ്പം ബുള്ളറ്റിൽ റോഹ്താങ് പാസിലേക്കു യാത്ര ചെയ്യുന്നത്. മകൻ വന്ന് ഇങ്ങനെയൊരു കാര്യം പറഞ്ഞപ്പോൾ ഉമ്മച്ചിക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അങ്ങനെ ഉമ്മയെയും കൂട്ടി ഷംലാൻ റോഹ്താങ് പാസിലേക്ക്. മണാലിയിലെ ബിയാസ് നദിയുടെ തീരത്ത് ക്യാംപ് ചെയ്തപ്പോൾ ഷംലാന് ഒരാഗ്രഹം, എല്ലാവരും സുഹൃത്തുക്കൾക്കൊപ്പവും പങ്കാളിക്കൊപ്പമുമെല്ലാം ബുള്ളറ്റിൽ റോഹ്താങ് പാസിലേയ്ക്ക് പോകുന്നത് കണ്ടിട്ടുണ്ട്, എന്നാൽ ഉമ്മയെയും കൊണ്ട് ബുള്ളറ്റിൽ പോയാലോ എന്ന്. ഉമ്മയോട് ചോദിച്ചപ്പോൾ ഷംലാനേക്കാൾ ആവേശം. അങ്ങനെയാണ് ആ യാത്ര തുടങ്ങുന്നത്.

 

12 ദിവസം നീണ്ട യാത്ര.13,000 അടി ഉയരത്തിലുള്ള റോഹ്താങ് പാസിലൂടെ മകന്റെ ബൈക്കിനു പിന്നിലിരുന്ന് പോകുമ്പോൾ ലോകം കീഴടക്കിയ ആഹ്ലാദമായിരുന്നിരിക്കണം ആ ഉമ്മയുടെ മനസ്സുനിറയെ. ജീവിതത്തിലെ പല ശീലങ്ങളും മാറ്റിവയ്ക്കേണ്ടി വന്ന ആ ദിവസങ്ങളത്രയും പക്ഷേ അവർ സന്തോഷവതിയായിരുന്നു. ‘‘ആരേയും കാണിക്കാനോ സോഷ്യൽ മീഡിയിൽ താരമാകാനോ ഒന്നുമല്ല ആ വിഡിയോ ഷെയർ ചെയ്തത്. എന്റെ ഉമ്മ അന്ന് അനുഭവിച്ച ആ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. അത് എല്ലാവരിലേക്കും എത്തണം എന്നുമാത്രമേ ആഗ്രഹിച്ചുള്ളൂ’’–. ഷംലാൻ പറയുന്നു. പ്രായമായതിന്റെ ബുദ്ധിമുട്ടുകളോ പ്രയാസങ്ങളോ ഇല്ലായിരുന്നുവെന്നു പറയാനാവില്ല. പക്ഷേ അവർ അതെല്ലാം മറന്നുവെന്നു പറയുന്നതാണ് ഉചിതം. ചിലരുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും നിമിത്തമാകാൻ, കൂട്ടാകാൻ സാധിക്കുക എന്നുപറയുന്നത് വലിയ കാര്യമാണ്. ഷംലാന് അതാണ് വലിയ സന്തോഷം.

 

അതുപോലെ മറ്റൊരു സംഭവം കൂടി ഓർത്തെടുക്കുകയാണ് ഷംലാൻ. സുഹൃത്തിന്റെയും സഹോദരന്റെയും ട്രാവൽ ഏജൻസികളുടെ കോഓർഡിനേറ്ററായി പ്രവർത്തിക്കുന്ന സമയത്ത് കേരളത്തിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിനിയായ 80 കാരി ജാനകി എന്ന അമ്മയെ കണ്ടുമുട്ടി. രാജസ്ഥാൻ, ആഗ്ര, ഡൽഹി, മണാലി ഫാമിലി ട്രിപ്പായിരുന്നു. ഒരു സ്ഥലത്തുപോലും അവർ തളർന്നിരിക്കുന്നതു കണ്ടിട്ടില്ല. സത്യം പറഞ്ഞാൽ ആ ഗ്യാങ്ങിലെ ഏറ്റവും എനർജറ്റിക് ആയിട്ടുള്ള ആൾ ആ അമ്മയായിരുന്നു. റോഹ്താങ് പാസൊക്കെ കൂളായിട്ടാണ് ആൾ കയറിയത്. ആ അമ്മയ്ക്കൊപ്പമുള്ള യാത്ര ജീവിതത്തിലൊരിക്കലും മറക്കാനാവില്ലെന്ന് ഷംലാൻ. സ്ത്രീകൾക്ക് യാത്ര ചെയ്യാൻ എളുപ്പമല്ലെന്ന വാദം ഒരു പരിധി വരെ ശരിയാണെങ്കിലും തീരുമാനിച്ച് ഇറങ്ങിപ്പുറപ്പെട്ടാൽ അത് സാധ്യമാക്കാമെന്നാണ് ഷംലാൻ പറയുന്നത്.

 

‘എക്സ്പ്ലോർ ആൻഡ് ഇംപ്രൂവ്’ 

 

ഉമ്മയ്ക്കൊപ്പമുള്ള യാത്രയിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് ഷംലാൻ കൂടുതൽ യാത്രപരിപാടികൾ സംഘടിപ്പിക്കാൻ തുടങ്ങി. അങ്ങനെയാണ് മദർ കേരള എന്ന പദ്ധതി രൂപംകൊള്ളുന്നത്. നെല്ലിയാമ്പതിയിലേക്ക് അമ്മമാരെയും കൂട്ടി ഒരു ട്രിപ്പ്. അമ്മമാർ മാത്രമല്ല കുട്ടികളും ഉണ്ടായിരുന്നു ആ യാത്രയ്ക്ക്. സാമ്പത്തികമായി കുറച്ചധികം നഷ്ടം ആ യാത്രയിൽ ഉണ്ടായെങ്കിലും അതിനെക്കാൾ ,അത്രയും ആളുകളുടെ സന്തോഷത്തിൽ പങ്കാളിയാകാനായല്ലോ എന്ന ചാരിതാർഥ്യമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നു ഷംലാൻ പറയുന്നു.

 

‘‘കശ്മീർ ശരിക്കും ടൂറിസത്തെ ആശ്രയിച്ചു ജിവിക്കുന്ന നാടാണ്. ഓരോ തവണ പോകുമ്പോഴും ഞാൻ അവിടെയുള്ളവർക്കുകൂടി സഹായകമാകുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കാറുണ്ട്. കുറച്ചു വർഷങ്ങളായി അവിടെ പോയിവരുന്നതിനാൽ അവിടുത്തെ ലോക്കൽ ടാക്സിക്കാരും ഹോട്ടലുകളുമെല്ലാം പരിചിതമായി. അവർക്കുകൂടി ഒരു വരുമാനമാർഗം എന്നെക്കൊണ്ടാവും വിധം ഉണ്ടാക്കിക്കൊടുക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഓരോ കശ്മീർ യാത്രയ്ക്കും.’’ മദർ കേരള പോലെ മദർഇന്ത്യ എന്ന പദ്ധതിയുടെ പണിപ്പുരയിലാണിപ്പോൾ ഷംലാൻ. കശ്മീർ തന്നെയാണ് ഡെസ്റ്റിനേഷൻ. അതിന്റെ അവസാന ഘട്ടങ്ങളിലേക്ക് എത്തിനിൽക്കുകയാണിപ്പോൾ. എക്സ്പ്ലോർ ആൻഡ് ഇംപ്രൂവ് എന്ന ആപ്തവാക്യം മനസ്സിൽ സൂക്ഷിച്ചാണ് ഷംലാന്റെ സഞ്ചാരങ്ങളത്രയും. 

 

യാത്രകൾ ഒരു വ്യക്തിയെ യഥാർഥ മനുഷ്യനാക്കി പാകപ്പെടുത്തുകയാണ്. അതിനുദാഹരണം ഷംലാനാണ്. മറ്റുള്ളവരുടെ സന്തോഷത്തിൽ ഒരു ചെറിയ ഭാഗമാകാനാകുന്നുവെന്നതു മാത്രമാണ് തന്റെ ഏറ്റവും വലിയ സന്തോഷം അതിനപ്പുറത്തേക്ക് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നു ഷംലാൻ പറയുന്നു. വീടകങ്ങളിൽനിന്നും തിരക്കുകളിൽനിന്നും കാഴ്ചകളിലേക്ക് ഊളിയിടാൻ, സ്വപ്നങ്ങൾ തേടിയലയാൻ, ഒരിക്കൽ മനസ്സിനുള്ളിൽ താഴിട്ടുപൂട്ടിയ സ്വപ്നങ്ങൾക്ക് ജീവൻ നൽകാൻ, യാത്രകളിലൂടെ ഇതിനെല്ലാം ഉത്തരം കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് ഷംലാനുണ്ട് കൂട്ട്, ‘‘ലെറ്റ്സ് എക്സ്പ്ലോർ, എക്സ്പീരിയൻസ് ആൻഡ് ഇംപ്രൂവ് ഗൈസ്...’’

 

Content Summary : Explore and improve travel with abu.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com