ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്ന് ഭൂമിയിലെ പറുദീസയിലേക്ക്
Mail This Article
ഭാരതത്തിന്‍റെ തെക്കേയറ്റത്തു നിന്ന് വടക്കേയറ്റത്തേക്ക്, ദൈവത്തിന്‍റെ സ്വന്തം നാടായ' കേരളത്തില്‍ നിന്ന്, ഭൂമിയിലെ പറുദീസയായ കശ്മീരിലേക്ക് ഒരു യാത്ര എന്നും എന്‍റെ ഒരു സ്വപ്നമായിരുന്നു. കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കും അവിടെ നിന്ന് ശ്രീനഗറിലേക്കും വിമാനമാര്‍ഗമാണ് ഞങ്ങള്‍ സഞ്ചരിച്ചത്. ഡല്‍ഹിയില്‍ നിന്ന് വിമാനം ഉയര്‍ന്നതു മുതല്‍ ഹിമാലയത്തിന്‍റെ ആകാശകാഴ്ച ആസ്വദിക്കാനുള്ള ആകാംക്ഷയോടെ, ഞാന്‍ വിമാനത്തിന്‍റെ ചെറുജാലകത്തിലൂടെ പുറത്തേക്ക് മിഴിയും നട്ടിരുന്നു. മഞ്ഞുമൂടിയ മലനിരകളുടെ സൗന്ദര്യം ആവോളം ആസ്വദിക്കാന്‍ പറ്റിയ യാത്രയാണിത്. മലനിരകള്‍ മാത്രമല്ല, താഴ്വരകളും അവയിലൂടെ ഒഴുകുന്ന നദികളുമെല്ലാം കാണാം.
ഹിമാലയസാനുക്കളിലെവിടെയോ ഉദ്ഭവിക്കുന്ന നദികള്‍ താഴേക്കു വരും തോറും പല കൈവഴികളാകുന്നതും, മലയിടുക്കുകള്‍ കാട്ടുന്ന വഴികളിലൂടെ സമതലങ്ങളിലേക്ക് ഒഴുകിയിറങ്ങുന്നതും ഞാന്‍ കണ്‍നിറയെ നോക്കിയിരുന്നു. യോജിച്ചും വിയോജിച്ചും, കൂട്ടുപിണഞ്ഞു നാഡീവ്യൂഹം പോലെ തോന്നിക്കുന്ന നദികളുടെ കൈവഴികള്‍ സായാഹ്ന സൂര്യന്‍റെ കിരണങ്ങളേറ്റ് കണ്ണാടിപോലെ തിളങ്ങി. ഞങ്ങളുടെ കശ്മീര്‍ കാഴ്ചകളുടെ ആരംഭം പെഹല്‍ഗാം എന്ന കൊച്ചു പട്ടണത്തില്‍ നിന്നാവാം എന്നായിരുന്നു പദ്ധതിയിട്ടിരുന്നത്. വൈകിട്ട് നാലുമണിക്ക് ശ്രീനഗറില്‍ വിമാനമിറങ്ങി, 90 കിലോ മീറ്റര്‍ ദൂരെയുള്ള പെഹല്‍ഗാമിലേക്കു അന്ന് തന്നെ യാത്ര ചെയ്യാനായിരുന്നു ഞങ്ങളുടെ പദ്ധതി. അമര്‍നാഥ് യാത്രയുടെ ബേസ് ക്യാംപ് സ്ഥിതി ചെയ്യുന്നത് പെഹല്‍ഗാമിലാണ്. ഞങ്ങള്‍ കശ്മീരില്‍ എത്തുന്നതിന്‍റെ അഞ്ചാം നാള്‍ അക്കൊല്ലത്തെ അമര്‍നാഥ് യാത്രയുടെ തുടക്കമാണ്. അതുകൊണ്ടാണ്, ഞങ്ങളുടെ യാത്രയുടെ ആദ്യ മൂന്ന് ദിവസങ്ങള്‍ തന്നെ പെഹല്‍ഗാം സന്ദര്‍ശനത്തിനായി മാറ്റിവെക്കാം എന്ന് തീരുമാനിച്ചത്. അത് പ്രകാരം, അമര്‍നാഥ് യാത്രയുടെ തിരക്കുകള്‍ പെഹല്‍ഗാമില്‍ സജീവമാകുമ്പോഴേക്ക് ഞങ്ങള്‍ അവിടെ നിന്ന് തിരിച്ചു പോന്നിരിക്കും. ശ്രീനഗറില്‍ നിന്ന് പെഹല്‍ഗാമിലേക്കുള്ള യാത്രയ്ക്ക് ഷെയര്‍ ടാക്സി ഉപയോഗിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. ശ്രീനഗറില്‍ നിന്ന് അനന്ത്നാഗ് എന്ന സ്ഥലം (ഇവിടുത്തുകാര്‍ അതിനെ 'ഇസ്ലാമാബാദ്' എന്നും വിളിക്കും) വരെ ഒരു ടാക്സിയും അവിടെ നിന്ന് പെഹല്‍ഗാം വരെ മറ്റൊന്നും, അങ്ങനെയാണ് ഞങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടിയിരുന്നത്.
ഒരു മണിക്കൂര്‍ വൈകിയാണ് ഞങ്ങള്‍ ശ്രീനഗറില്‍ ലാന്‍ഡ് ചെയ്തത്. അപ്പോള്‍ തന്നെ പെഹല്‍ഗാമിലേക്കുള്ള യാത്രയെ പറ്റിയുള്ള ഒരു ആശങ്ക എന്‍റെ മനസ്സില്‍ ഉരുണ്ടുകൂടിത്തുടങ്ങി. എയര്‍പോര്‍ട്ടില്‍ നിന്ന് അവിടെ നിന്ന് ചോദിച്ചും മനസ്സിലാക്കിയും ടാക്സി സ്റ്റാന്‍ഡില്‍ ചെന്നപ്പോള്‍ അനന്ത്നാഗിലേക്കുള്ള ഒരു ജീപ്പ് അപ്പോള്‍ പോയതേ ഉണ്ടായിരുന്നുള്ളു. ഏകദേശം ഒരു മണിക്കൂര്‍ കാത്തു നിന്നതിനു ശേഷമാണ് പിന്നീടൊരു ജീപ്പ് കിട്ടിയത്.
ജീപ്പ് ലഭിച്ചത് താത്കാലികമായൊരു ആശ്വാസമായിരുന്നുവെങ്കിലും, പെഹല്‍ഗാമില്‍ അന്ന് രാത്രി തന്നെ എത്തി ചേരുമോ എന്നുള്ള സംശയം വര്‍ദ്ധിച്ചതേയുള്ളൂ. കാരണം, വൈകിട്ട് അഞ്ചുമണിക്കു ടാക്സിയില്‍ യാത്ര ആരംഭിക്കാം എന്ന് കരുതിയ ഞങ്ങള്‍ വണ്ടിയില്‍ കയറിയപ്പോള്‍ സമയം ഏഴുമണിയായിരുന്നു. സമയം വൈകിയത് കൊണ്ട്, അനന്ത്നാഗില്‍ നിന്ന് പെഹല്‍ഗാമിലേക്കുള്ള ടാക്സി കിട്ടാന്‍ പ്രയാസമായിരിക്കും എന്ന് ഞങ്ങളുടെ ഡ്രൈവര്‍ പറഞ്ഞു. അതേ ആശങ്ക ആ വണ്ടിയില്‍ ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരനും പ്രകടിപ്പിച്ചു. അവരൊക്കെ ആ റൂട്ടില്‍ സ്ഥിരം യാത്ര ചെയ്യുന്നവരാണല്ലോ.
ശ്രീനഗര്‍ നഗരം കടന്നു കിട്ടാന്‍ കുറെ സമയമെടുത്തു. വല്ലാത്ത ഗതാഗതകുരുക്കുണ്ടായിരുന്നു. കൂടാതെ പലയിടങ്ങളിലും റോഡിന്‍റെ പണിയും പുരോഗമിക്കുന്നു. ഇത് രണ്ടും കൂടിയായപ്പോള്‍ വാഹനങ്ങള്‍ ഒച്ച് പോലെയിഴഞ്ഞു. ഏകദേശം ഒരു മണിക്കൂറെടുത്തു ആ തിരക്കില്‍ നിന്ന് പുറത്തു കടക്കാന്‍. കാലപഴക്കം കൊണ്ട് നശിച്ചുതുടങ്ങിയ ഒരു പുസ്തകത്തിന് പുതിയ പുറംച്ചട്ട ഇട്ടത് പോലെയായിരുന്നു ശ്രീനഗര്‍ നഗരം. ആധുനികതയുടെ ബലഹീനമായ പുറംമോടികളുടെ പിന്നില്‍ പഴയൊരു നഗരം വ്യക്തമായി കാണാമായിരുന്നു.
ലോകത്തിലെ ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനങ്ങളില്‍ ഒന്നിന്റെ നാട്
ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപെട്ട് വണ്ടി സുഗമമായി ഓടിത്തുടങ്ങിയപ്പോള്‍ എന്‍റെ മനസ്സ് ചുറ്റുമുള്ള കാഴ്ചകളിലേക്ക് തിരിഞ്ഞു. ശ്രീനഗര്‍ നഗരത്തിന്‍റെ തിരക്കുകളില്‍ നിന്ന് പുറത്തിറങ്ങി ആദ്യം കണ്ടത് പാംപോര്‍ എന്നൊരു സ്ഥലമാണ്. കശ്മീരിന്‍റെ വാണിജ്യ മേഖലയെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണത്. നോക്കെത്താദൂരത്തോളം തരിശായി കിടക്കുന്ന ഭൂമിയാണിവിടെയെങ്ങും. പൊന്നും വിലയുള്ള ഒന്നിന്‍റെ കിഴങ്ങുകളെ ഉള്ളിലൊളിപ്പിച്ചു ഒന്നും അറിയാത്തമട്ടില്‍ വിശ്രമിക്കുകയാണ് ഈ ഭൂമി എന്ന് ഇവിടെ ആദ്യമായി വരുന്നവര്‍ക്ക് മനസ്സിലാവില്ല. ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ ഈ തരിശുനിലങ്ങള്‍ വയലറ്റ് പൂക്കള്‍ കൊണ്ട് നിറയും. ആ പൂക്കളുടെ ഉള്ളിലെ നേര്‍ത്ത തന്തുകങ്ങളാണ് ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനങ്ങളില്‍ ഒന്നായ കുങ്കുമം. ഏതാനം ദിവസങ്ങള്‍ മാത്രം നീണ്ടു നില്‍ക്കുന്ന ആ ഉണര്‍വിന് ശേഷം, അവയുടെ നിലനില്‍പ്പിന്‍റെ തെളിവുകള്‍ ഒന്നും മണ്ണിന്‍റെ മുകളില്‍ അവശേഷിപ്പിക്കാതെ കുങ്കുമചെടികള്‍ ഉണങ്ങി പോകും; അടുത്ത വസന്തത്തിന്‍റെ ഭ്രൂണത്തെ ഉള്ളിലാവാഹിച്ചു കൊണ്ടുള്ള അവയുടെ ഗര്‍ഭകാലം. പിന്നീട് അവര്‍ തലപൊക്കുന്നത് ഒന്‍പതോ പത്തോ മാസങ്ങള്‍ക്കു ശേഷമായിരിക്കും.
പാംപോര്‍ കടന്ന് സംഗം എന്ന സ്ഥലത്തേക്ക് പ്രവേശിച്ചപ്പോള്‍ റോഡിനു ഇരുവശങ്ങളിലും ക്രിക്കറ്റ് ബാറ്റുകള്‍ നിര്‍മ്മിക്കുന്ന വര്‍ക്ക് ഷോപ്പുകള്‍ ധാരാളമായി കണ്ടു. 'കശ്മീരി വില്ലോ' എന്ന മരത്തിന്‍റെ തടിവച്ചുണ്ടാക്കുന്ന ബാറ്റുകള്‍ ആണിവ. ശ്രീനഗറിലും പരിസര പ്രദേശങ്ങളിലും ധാരാളമായി കാണപ്പെടുന്ന മരമാണ് വില്ലോ. ബാറ്റുണ്ടാക്കാനായി ഒരേ നീളത്തിലും വീതിയിലും മുറിച്ച നൂറുകണക്കിന് തടികഷ്ണങ്ങള്‍ അട്ടിയടുക്കി ഓരോ വര്‍ക്ക് ഷോപ്പിന്‍റെ മുന്‍പിലും വച്ചിരുന്നു. ബാറ്റുകള്‍ വില്‍ക്കുന്ന കടകളും ഈ വര്‍ക്ക് ഷോപ്പുകളോട് ചേര്‍ന്നുണ്ടായിരുന്നു.
‘പറയുന്നത് പോലെ ഒരു മോശം സ്ഥലമല്ലിത്...’
പാംപോറിലെ കുങ്കുമപ്പാടങ്ങളെ പറ്റിയും, സംഗത്തിലെ ബാറ്റ് നിര്‍മാണശാലകളെ പറ്റിയും എനിക്ക് പറഞ്ഞു തന്നത് ഞങ്ങളുടെ ഡ്രൈവര്‍ മുഷ്താഖ് ആണ്. സ്ഥലങ്ങളെ പറ്റി പറയുന്നതിന്‍റെ കൂടെ അദ്ദേഹം പറഞ്ഞു: ‘‘കാശ്മീരിനെയും ഇവിടുത്തെ ജനങ്ങളെയും വളരെ മോശമായാണ് മാധ്യമങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. അവര്‍ പറയുന്നത് പോലെ ഒരു മോശം സ്ഥലമല്ലിത്. 'കശ്മീരിലെവിടെയും ബോംബ് സ്ഫോടനങ്ങള്‍ ആണെന്നും, കശ്മീരികള്‍ ഒക്കെയും തീവ്രവാദികള്‍ ആണെന്നും’’, ആണ് പൊതുജനത്തിന്‍റെ തെറ്റിദ്ധാരണ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശരിയാണ്, മനസ്സില്‍ കശ്മീരിന്‍റെ ചിത്രം അശാന്തിയുടെയും ആക്രമണങ്ങളുടെയും ഒരു പ്രദേശമായാണ്. കശ്മീര്‍ യാത്രക്കായ് പുറപ്പെടുന്നതിന് മുന്‍പ് നടത്തിയ വായനകളിലും അന്വേഷണങ്ങളിലും നിന്നാണ് അവിടുത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഗുല്‍മാര്‍ഗ്, പെഹല്‍ഗാം, സോന്‍മാര്‍ഗ് എന്നിവയുടെ പേരുകള്‍ ഞാന്‍ അറിയുന്നത്. എന്നാല്‍ യുദ്ധം കൊണ്ടും തീവ്രവാദി ആക്രമണങ്ങള്‍ കൊണ്ടും കുപ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥലപ്പേരുകള്‍ ഒക്കെയും പരിചിതമായിരുന്നുതാനും: കാര്‍ഗില്‍, പുല്‍വാമ, ബാരാമുള്ള, പൂഞ്ച്, ഷോപിയാന്‍, ബദ്ഗാം എന്നിവയൊക്കെ ഉദാഹരണങ്ങള്‍ മാത്രം. ഇവയില്‍ ചില സ്ഥലങ്ങളുടെ പേരുകള്‍ ഹൈവേയില്‍ സ്ഥാപിച്ചിരുന്ന ചൂണ്ടുപലകകളില്‍ മിന്നിമായുന്നത് ഞാന്‍ ശ്രദ്ധിച്ചു.
മുഷ്താഖ് പറഞ്ഞത് ഒരുകണക്കിന് ശരിയാണ്, 'സല്‍പ്പേരിനെക്കാള്‍ അധികം ചീത്തപ്പേരാണ് കശ്മീരിനുള്ളത് (നാം സെ ജ്യാദാ ബദ്നാം).
അനന്ത്നാഗില്‍ എത്തിയപ്പോള്‍ സമയം രാത്രി എട്ടരയായി. ഞങ്ങള്‍ നേരത്തെ ആശങ്കപ്പെട്ടത് തന്നെ സംഭവിച്ചു. അവിടുത്തെ ടാക്സി സ്റ്റാന്‍ഡൊക്കെ ഞങ്ങള്‍ ചെന്നപ്പോഴേക്ക് കാലിയായിരുന്നു. അനന്ത്നാഗില്‍ നിന്ന് ലക്ഷ്യസ്ഥാനമായ പെഹല്‍ഗാമെത്താന്‍ മറ്റൊരു മാര്‍ഗ്ഗമില്ലാതെ ഞങ്ങള്‍ കുഴങ്ങി. ഞങ്ങള്‍ അവിടം വരെയെത്തിയ ടാക്സിയുടെ ഡ്രൈവര്‍, മുഷ്താഖ് അനന്ത്നാഗുകാരനാണ്. ഈ ഓട്ടവും കഴിഞ്ഞു വീട്ടില്‍ പോവാനുള്ളത് കൊണ്ട് പെഹല്‍ഗാം വരെ ഞങ്ങളുടെ കൂടെ വരാന്‍ കഴിയില്ല എന്ന് അയാള്‍ ആദ്യമേ പറഞ്ഞിരുന്നു.
എങ്കിലും ആ ഒരു പരിതസ്ഥിതിയില്‍, പെഹല്‍ഗാം വരെ വരാന്‍ അയാളെ നിര്‍ബന്ധിക്കുക എന്നതായിരുന്നു ഏറ്റവും പ്രായോഗികമായ പരിഹാരം. മുഷ്താഖിനെ സമ്മതിപ്പിക്കാന്‍ അതേ വണ്ടിയിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനും കൂടി. അയാള്‍ക്കും പോകേണ്ടിയിരുന്നത് ഞങ്ങളുടെ അതെ റൂട്ടിലായിരുന്നു. അല്പനേരത്തെ നിര്‍ബന്ധങ്ങള്‍ക്കും വിലപേശലുകള്‍ക്കും ശേഷം മുഷ്താഖ് ഞങ്ങളോടൊപ്പം വരാമെന്നേറ്റു. അങ്ങനെ ഞങ്ങള്‍ പെഹല്‍ഗാം യാത്രയുടെ രണ്ടാം പാദം ആരംഭിച്ചു.
ഇരുട്ട് വീണിരുന്നത് കൊണ്ട് പുറത്തെ കാഴ്ചകളൊക്കെ രാത്രിയുടെ തിരശ്ശീലയില്‍ മറഞ്ഞു കഴിഞ്ഞിരുന്നു. പിന്നെ കൂട്ടിനുണ്ടായിരുന്നത് രാപകലെന്നില്ലാതെ ആ മലനിരകളില്‍ അലഞ്ഞുനടന്നിരുന്ന തണുത്ത കാറ്റ് മാത്രം. തഴുകിയും ചൂളം വിളിച്ചും ചിലപ്പോള്‍ ആഞ്ഞടിച്ചും ഞങ്ങളുടെ കശ്മീര്‍ യാത്രയിലുടനീളം ഒരു സഹയാത്രികനായി അവനും കൂടെ കൂടി.
പെഹല്‍ഗാം
ഏതായാലും പിന്നീട് തടസങ്ങളൊന്നും നേരിടാതെ, രാത്രി 9:30 ആയപ്പോഴേക്ക് ഞങ്ങള്‍ ലക്ഷ്യസ്ഥാനമായ പെഹല്‍ഗാം എത്തി. ടൗണില്‍ തന്നെ, ടാക്സി സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള ഒരു ഹോട്ടലിലായിരുന്നു ആയിരുന്നു അന്ന് രാത്രി താമസം. തീപ്പെട്ടിക്കൂട് പോലെ ഇടുങ്ങിയതും, വൃത്തിഹീനവുമായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയ മുറി. റൂം മാറ്റി തരണമെന്ന് പറഞ്ഞു ഞാന്‍ റിസപ്ഷനിലേക് വിളിച്ചു. 'റൂമിന് എന്ത് പറ്റി' എന്ന് ഉപചാരത്തിന് പോലും ചോദിക്കാതെ അവര്‍ ഞങ്ങള്‍ക്ക് അത് മാറ്റി തന്നു. ആദ്യം തന്ന മുറി അത്ര മോശം ആണെന്ന് അവര്‍ക്ക് തന്നെ നല്ല ബോധ്യം ഉണ്ടായിരുന്നു എന്ന് തോന്നിപ്പോയി. രണ്ടാമത് കിട്ടിയ റൂം താരതമേന്യ വലുതും വൃത്തിയുള്ളതുമായിരുന്നു. താമസിച്ച ഹോട്ടലിലെ തന്നെ റസ്റ്ററന്റിൽ നിന്നു ഭക്ഷണം കഴിച്ചു. അടുത്ത ദിവസം കശ്മീര്‍ ഞങ്ങള്‍ക്കായി കാത്തുവെച്ചിരുന്ന കാഴ്ചകളെ സ്വപ്നം കണ്ട് സുഖമായുറങ്ങി.
പെഹല്‍ഗാമും ഹട്ട് റിസോര്‍ട്ടിലെ താമസവും
പെഹല്‍ഗാം സന്ദര്‍ശനത്തിന്‍റെ ആദ്യത്തെ ദിവസം മാത്രമേ ഞങ്ങള്‍ പാലസ്തീന്‍ ഹോട്ടലില്‍ തങ്ങിയുള്ളു. പിറ്റേന്ന് കശ്മീര്‍ ഗവണ്മെന്‍റിന്‍റെ ടൂറിസം വകുപ്പിന്‍റെ കീഴിലുള്ള ഹട്ട് റിസോര്‍ട്ടിലേക്കു മാറി. ബൈസരണ്‍ വാലിയിലേക്കുള്ള വഴിയില്‍ ടൗണിനോട് അടുത്തു തന്നെയുള്ള ഒരു മലയുടെ ചെരുവില്‍, അമ്പതോളം ഹട്ടുകള്‍. അവയില്‍ ഓരോന്നിനും ബെഡ്റൂം, ഹാള്‍, അടുക്കള, ബാത്റൂം എന്നിവയുണ്ടായിരുന്നു. മുന്നിലെയും ഒരു വശത്തേയും മലനിരകളെ നോക്കിയിരിക്കാന്‍ സൗകര്യമുള്ള ഒരു സിറ്റ്ഔട്ടും ഒാരോ ഹട്ടിനും ഉണ്ടായിരുന്നു.
ദേവദാരുവിൽ പണിതെടുത്ത ഹട്ട്
ഈ യാത്രയിലുടനീളം ഞങ്ങള്‍ താമസിച്ചവയില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ട താമസസ്ഥലം ആയിരുന്നു ഇത്. പൂര്‍ണമായും തടികൊണ്ട് നിര്‍മ്മിച്ച ഹട്ടിന്‍റെ നിര്‍മാണ ശൈലി വളരെ ഭംഗിയുള്ളതായിരുന്നു. തടികൊണ്ടുള്ള മേല്‍ത്തട്ടും കൊത്തുപണികള്‍ ധാരാളമായുള്ള തടിസാധനങ്ങളും ഇവിടെ ഉണ്ടായിരുന്നു. പാനലിങ്ങിന് പൈന്‍ അല്ലെങ്കില്‍ ദേവദാരുവും ഫര്‍ണിച്ചറുകള്‍ക്ക് വാല്‍നട്ടിന്‍റെ തടി എന്നിവയാണ് മുഖ്യമായും ഉപയോഗിച്ചിരിക്കുന്നത്. വാല്‍നട്ട് തടിയില്‍ കൊത്തുപണി ചെയ്തെടുത്ത കസേരകളും മേശകളും കശ്മീരില്‍ സര്‍വ്വ സാധാരണമാണ്.
രണ്ടു ദിവസങ്ങള്‍ ഞങ്ങള്‍ ഹട്ടില്‍ തങ്ങി. അവിടെയുണ്ടായിരുന്ന ഒരേയൊരു പോരായ്മ ഭക്ഷണം കിട്ടാനുള്ള പ്രയാസമായിരുന്നു. അവിടെ ഒരു റസ്റ്ററന്റ് ഉണ്ടായിരുന്നുവെങ്കിലും ഞങ്ങള്‍ അവിടെ താമസിച്ച സമയത്തു അതു പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. അമര്‍നാഥ് യാത്രയോട് അനുബന്ധിച്ചുള്ള എന്തൊക്കെയോ നിയന്ത്രണങ്ങളുടെ ഭാഗമായിരുന്നു അത്. പൊലീസ്, സിആർപിഎഫ് എന്നിവയുടെ കുറെ ഉദ്യോഗസ്ഥര്‍ അവിടെ തങ്ങുന്നുണ്ടായിരുന്നു. അതുകൊണ്ട്, തോക്കേന്തിയ സിആർപിഎഫ് ഉദ്യോഗസ്ഥര്‍ അവിടെ സദാസമയവും കാവലിനുണ്ടായിരുന്നു. ഞങ്ങള്‍ പെഹല്‍ഗാമില്‍ നിന്ന് ശ്രീനഗറിലേക്ക് പോരുന്ന ദിവസം രാവിലെ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ എല്ലാ ഹട്ടുകളിലും കയറി പരിശോധന നടത്തി. വലിയ തോക്കുകളേന്തി വന്ന അവരെ കണ്ടാല്‍ ഭയം തോന്നുമെങ്കിലും, വളരെ സൗമ്യമായി അനുവാദം ചോദിച്ചിട്ടാണ് അവര്‍ ഹട്ടിനുള്ളില്‍ പ്രവേശിച്ചത്...(തുടരും)