എന്നെ ഞാനാക്കിയത് ഇവിടമാണ്; കേദാര്‍നാഥിന്റെ ഓര്‍മകളുമായി സാറ അലി ഖാന്
Mail This Article
ബോളിവുഡ് നടി സാറ അലി ഖാന് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് കേദാര്‍നാഥ്. സോഷ്യല്‍ മീഡിയയിലെ ഒട്ടനവധി കുറിപ്പുകളിലൂടെയും മറ്റും സാറ ഇക്കാര്യം അനേകം തവണ പറഞ്ഞിട്ടുമുണ്ട്. സാറയുടെ ആദ്യചിത്രമായ കേദാര്‍നാഥ് ചിത്രീകരിച്ചത് ഇവിടെ വച്ചായിരുന്നു. അഭിഷേക് കപൂർ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം 2018 ലാണ് പുറത്തിറങ്ങിയത്.
അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുത് ആയിരുന്നു ഈ ചിത്രത്തില്‍ സാറയുടെ നായകന്‍. ചരിത്രപ്രസിദ്ധമായ കേദാർനാഥ് ക്ഷേത്രത്തിന് സമീപം, ഒരു സമ്പന്ന ഹിന്ദു ബ്രാഹ്മണ പെൺകുട്ടിയും ഒരു മുസ്ലീം ആൺകുട്ടിയും തമ്മിലുള്ള പ്രണയ കഥ പറഞ്ഞ ഈ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടി.
കേദാര്‍നാഥ് പുറത്തിറങ്ങി അഞ്ചു വര്‍ഷത്തിന് ശേഷം, കേദാര്‍നാഥ് സിനിമയെക്കുറിച്ചും ആ സ്ഥലത്തെക്കുറിച്ചും ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് സാറ അലി ഖാന്‍.
സാറയുടെ കുറിപ്പ് വായിക്കാം
"5 വർഷങ്ങള്‍ - ചൂടുള്ള, മസാല ചേർത്ത മാഗിയുടെ രുചി, നനഞ്ഞ മണ്ണിന്‍റെ ഗന്ധം, നേരം പുലരുന്നതിന് മുമ്പുള്ള വിളികള്‍, ഇടയ്ക്കിടെയുള്ള വിറയലുകൾക്കിടയിൽ ഞാൻ മനസില്ലാമനസോടെ കുടിക്കുന്ന തണുത്ത മഴയുടെ രുചി, ഗട്ടു സാർ ‘‘റോൾ കാമറ...’’ പറയുമ്പോള്‍ ഉയരുന്ന എന്‍റെ ഹൃദയമിടിപ്പ്, ഇനിയും കൂടുതല്‍ നന്നാക്കാന്‍ എന്ത് ചെയ്യാന്‍ പറ്റുമെന്ന് ചോദിക്കുമ്പോള്‍, സുശാന്ത് നല്‍കുന്ന നിസ്വാർത്ഥവും നിരുപാധികവുമായ സഹായവും പിന്തുണയും. ആകാശത്ത് നൃത്തം ചെയ്യുന്ന നിറങ്ങള്‍, മഞ്ഞുമൂടിയ പർവതങ്ങളില്‍ മാന്ത്രികമായി പ്രതിഫലിപ്പിക്കുന്ന കാഴ്ച, പാക്കപ്പ് സമയത്ത്, എന്‍റെ തണുത്തതും ക്ഷീണിച്ചതുമായ മുഖത്ത് ആദ്യ സൂര്യരശ്മികൾ പതിക്കുന്ന അനുഭവം - എല്ലാം ഇന്നലെയെന്ന പോലെ തോന്നുന്നു.
5 വർഷം മുമ്പ്, വെള്ളിത്തിര പറഞ്ഞു ‘സാറാ അലി ഖാനെ പരിചയപ്പെടുത്തുന്നു...’ ഈ സിനിമയുടെ ഓരോ നിമിഷവും വീണ്ടും ജീവിക്കാൻ ഞാൻ ആഗ്രഹിക്കാത്ത ഒരു ദിവസം പോലുമില്ല."
കേദാർനാഥ്; ആയിരം വര്‍ഷങ്ങളുടെ ചരിത്രമുറങ്ങുന്ന ക്ഷേത്രം
ഉത്തരഖണ്ഡിലെ കേദാർനാഥിൽ ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന കേദാർനാഥ് ക്ഷേത്രം, ലോകമെങ്ങുമുള്ള ഹിന്ദുമത വിശ്വാസികളുടെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രമാണ്. സമുദ്രനിരപ്പില്‍ നിന്നും 3584 മീറ്റര്‍ ഉയരെയായി ശിവലിംഗം ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഈ പ്രതിഷ്ഠ, എഡി എട്ടാം നൂറ്റാണ്ടില്‍ ശങ്കരാചാര്യരാണ് പുന: പ്രതിഷ്ടിച്ചത്. ശങ്കരാചാര്യർ അന്നുണ്ടാക്കിയ നിയമവും വ്യവസ്ഥകളും തന്നെയാണ് ഇന്നും ക്ഷേത്രത്തില്‍ പിന്തുടരുന്നത്.
ഒരു സഹസ്രാബ്ദത്തിലധികം പഴക്കമുണ്ട്, പുരാതനമായ ഈ ക്ഷേത്രത്തിന്. കുരുക്ഷേത്ര യുദ്ധത്തിനു ശേഷം പാണ്ഡവര്‍ ഇവിടെയെത്തി പ്രായശ്ചിത്തത്തിനായി പ്രാര്‍ഥിച്ചുവെന്നാണ് ഐതിഹ്യം. ചതുരാകൃതിയിലുള്ള തറയ്ക്കു മുകളില്‍ കൂറ്റന്‍ ശിലാഫലകങ്ങള്‍ കൊണ്ടാണ് ഈ ക്ഷേത്രം പടുത്തുയര്‍ത്തിയിരിക്കുന്നത്. പ്രാര്‍ത്ഥന നടത്തുന്ന സ്ഥലം 'ഗര്‍ഭ ഗ്രിഹ' എന്നറിയപ്പെടുന്നു. പൂജകളും ആചാരങ്ങളും നടത്തുന്ന മണ്ഡപവും ഇവിടെയായി കാണാം. ക്ഷേത്രത്തിന്‍റെ പുറംഭാഗത്ത്, നന്ദിയുടെ വിഗ്രഹം കാണാം.
മന്ദാകിനി നദിക്കരയിലുള്ള ഈ ക്ഷേത്രം ഏപ്രിൽ അവസാനം മുതൽ കാർത്തിക പൂർണ്ണിമ വരെയുള്ള സമയങ്ങളിലാണ് ഭക്തർക്കായി തുറന്നുകൊടുക്കുന്നത്. ശൈത്യകാലത്ത് പ്രതിഷ്ഠ 'ഉഖീമഠ്' എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അവിടെ പൂജ ചെയ്യുന്നു.