ADVERTISEMENT

ജീവിത യാത്രയിലെ വിരസതകളിൽ നിന്ന് ഒരു ആശ്വാസം കിട്ടുവാൻ അറുപത് കഴിഞ്ഞ മൂന്നു  വനിതാ സുഹൃത്തുകളുമായി  ജാതിയുടെയും മതത്തിന്റെയും വർണ്ണത്തിന്റെയും വേലിക്കെട്ടുകൾ പൊളിച്ചു മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന പോണ്ടിച്ചേരിയിലെ ഓറോവില്ലയിലുള്ള  മാതൃമന്ദിരത്തിലേക്ക്  യാത്ര പോയത്. പോണ്ടിച്ചേരിയിൽ കാഴ്ചകൾ കാണുവാനും വ്യത്യസ്ത രുചികൾ രുചിച്ചറിയുവാനും ഒരുപാട് സ്ഥലങ്ങൾ ഉണ്ട്. ഫ്രഞ്ച്  കോളനികൾ, ക്ഷേത്രങ്ങൾ, ആശ്രമങ്ങൾ,പള്ളികൾ,പാർക്കുകൾ, നിരവധി ബീച്ചുകൾ...  എല്ലായിടവും  കണ്ടെങ്കിലും ഓർമയിൽ മായാതെ നിൽക്കുന്നത് മാതൃമന്ദിർ ആണ്.

matru-mandir-06
പോണ്ടിച്ചേരി യാത്രയിൽ നിന്നും

മാതൃമന്ദിരം എന്ന പേരിന്റെ  അർത്ഥം അമ്മയുടെ ക്ഷേത്രം എന്നാണ്. ശാന്തതതേടുന്നവർക്ക് പ്രിയപ്പെട്ട ഒരിടം. സ്വർണവും സ്റ്റീലും സ്ഫടികവും ഉപയോഗിച്ചു ആയിരം ഇതളുകളുള്ള സുവർണഗ്ലോബ്, അതാണ് മാതൃ മന്ദിരം. പോണ്ടിച്ചേരിയിൽ നിന്നും  10 കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ടൗൺഷിപ്പാണ് ഓറോവില്ല. രണ്ടായിരം ഏക്കർ സ്ഥലത്താണ് ഓറോവിൽ സ്ഥിതി ചെയ്യുന്നത്. 1968 ൽ ശ്രീ അരബിന്ദോയുടെ ശിഷ്യയായ മിറ അൽഫസ്സയാണ് ഇത് സ്ഥാപിച്ചത്. ജാതി മത രാഷ്ട്രീയം ഇല്ലാതെ മനുഷ്യരാശിയെ അഭിവൃത്തിപ്പെടുത്താൻ അനുവദിക്കുക എന്ന ആശയത്തോടെ 195 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഒരേ മനസ്സോടെ ഇവിടെ ജീവിക്കുന്നു. 

matru-mandir-02
പോണ്ടിച്ചേരി യാത്രയിൽ നിന്നും

120 സെറ്റിൽമെന്റുകളിലായി 2,100 പേർ ഇവിടെ താമസിക്കുന്നുണ്ട്. അവർക്ക് ആവശ്യമുള്ള സ്കൂൾ, ഹോസ്പിറ്റൽ, കച്ചവടസ്ഥാപനങ്ങൾ  എല്ലാം ഇതിനുള്ളിൽ ഉണ്ട്. അവർക്കായി പ്രത്യേക കറൻസിയും ഉണ്ട്. സ്വർണ ഡിസ്കുകളാൽ പൊതിഞ്ഞ താഴിക കുടം. വിവിധ രാജ്യങ്ങളില്‍നിന്നായി ശേഖരിച്ച മണ്ണു നിറച്ച തറയിലാണ് ഇവിടത്തെ  മാതൃമന്ദിര്‍ നിർമിച്ചിരിക്കുന്നത്. ആയിരക്കണക്കിനാളുകളുടെ മുപ്പതു വർഷക്കാലത്തെ അധ്വാനമാണ് ആയിരം ഇതളുകളുള്ള സുവർണഗ്ലോബ്.

സ്റ്റീലും സ്വർണവും സ്ഫടികവും ഉപയോഗിച്ച് നിർമിച്ചിട്ടുള്ള ഗോളത്തിന്റെ മധ്യ താഴികകുടത്തിനുള്ളിൽ അകത്തെ അറ എന്നറിയപ്പെടുന്ന ധ്യാന ഹാൾ ഉണ്ട്. ഇവിടെയാണ്  ലോകത്തിലെ ഏറ്റവും വലിയ ഒപ്റ്റികലി പെർഫ്ക്റ്റ് ഗ്ലാസ് ഗ്ലോബ് ഉള്ളത്. മനോഹരമായ പച്ചപ്പ് നിറഞ്ഞ മാതൃമന്ദിരത്തിൽ 12 പേരുകളുള്ള ഗാർഡനുകളുണ്ട്. ഓരോന്നിനെയും വൈവിധ്യമാർന്ന  പൂക്കളും കുറ്റി ചെടികളും മരങ്ങളും  കൊണ്ടു  വേർതിരിച്ചിരിക്കുന്നു. ഗോളാകൃതിയിലുള്ള മാതൃ മന്ദിരത്തിന്റ ഘടനയാണ് ഓറോവില്ലിന്റെ പ്രധാന ആകർഷണം.

പ്രവേശനം ഫ്രീ  ആണെങ്കിലും തലേ  ദിവസം തന്നെ ഓൺ ലൈനിൽ പാസ് എടുത്തിരിക്കണം. 17 വയസിനു താഴെ ഉള്ളവർക്ക് അവിടെ പ്രവേശനം ഇല്ല. അതുകൊണ്ട്  കുട്ടികളുമായി  ആർക്കും ഇവിടെ പ്രവേശനമില്ല.

matru-mandir-05
മാതൃമന്ദിരത്തിന്റെ  വ്യൂ പോയിന്റ്

പാസ് ഇല്ലാത്തവർക്ക്  ഒന്നര കിലോമീറ്ററോളം  ഗൈഡ് പറഞ്ഞു തരുന്ന  വഴിയിലൂടെ പോയാൽ മാതൃ മന്ദിരത്തിന്റെ  വ്യൂ പോയിന്റ് ദൂരെ നിന്നു കണ്ട്‌ ആസ്വദിക്കാം.

ഞങ്ങൾ താമസിച്ച ഹോട്ടലിൽ നിന്ന് 12 കിലോമീറ്റർ ദൂരം. രാവിലെ 8.30 ന് പ്രവേശനം ആരംഭിക്കും. കാവടത്തിൽ  ചെന്നപ്പോൾ ആളുകൾ കൂട്ടമായി വരുന്നുണ്ടായിരുന്നു. ഓൺ  ലൈൻ പാസ് ഉള്ളവരെ  മാത്രമേ അതിന്റെ ഉള്ളിലേക്കു കടത്തി വിടുകയുള്ളൂ. ഉള്ളിലേക്കു നേരെ ചെല്ലുന്നത് ചെറിയ ഒരു  തിയേറ്റർ.  അവിടെ 15 മിനിറ്റ്   ഓറോവില്ലയെക്കുറിച്ചുള്ള  ഒരു  ചെറിയ ഡോക്യൂമെന്ററി കാണിച്ചു തന്നു.

അതു  കഴിഞ്ഞു അടുത്തുള്ള  ഇടനാഴിയിലൂടെ ക്യൂ ആയി അകത്തേക്കു ചെന്നപ്പോൾ പാസും ഐ. ഡി കാർഡും കാണിച്ചു കൊടുക്കേണ്ടി വന്നു. ബഹളമില്ലാത്ത ശാന്തമായ അന്തരീക്ഷത്തിന്റെ തുടക്കം ആയിരുന്നു. അവിടെ നിന്നു  മന്ദിരത്തിലേക്കു പോകുവാൻ ഫ്രീ ആയി ബസ് ഉണ്ട്. പോകുന്ന  വഴിയിൽ കാണുന്ന  തണൽ മരങ്ങളുടെ വേരുകളും  തടിയും തിരിച്ചറിയുവാൻ പറ്റാത്ത വിധത്തിൽ  മുകളിലോട്ട് ഒന്നിച്ചു വളർന്നു പന്തലിച്ചു നിൽക്കുന്ന മനോഹരമായ കാഴ്ചകൾ കാണാം. 100 വർഷത്തിലധികം പഴക്കമുള്ള  ആൽമരവും ഈ കുട്ടത്തിൽ ഉണ്ട്. മരങ്ങൾക്കിടയിലൂടെ 10 മിനിറ്റ് യാത്ര ചെയ്തു കഴിയുമ്പോൾ ഒരു  കാവടത്തിൽ എത്തിച്ചേരും. മുഖത്തു ചെറു പുഞ്ചിരിയുമായി നമ്മളെ സ്വീകരിക്കാൻ ഗൈഡുകൾ  അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഫ്രാൻസ്, ഇംഗ്ലണ്ട്, തമിഴ്നാട്...പല നാടുകളിൽ നിന്നുള്ള ആളുകൾ. ഇതിൽ പ്രായം  ചെന്നവരും  ചെറുപ്പക്കാരുമുണ്ട്.

matru-mandir-03
പോണ്ടിച്ചേരി യാത്രയിൽ നിന്നും

ഫോണും ബാഗും പേഴ്സും എല്ലാം അവിടെ ലോക്കറിൽ ഏൽപിച്ചു. ഒരു  സാധനവും അകത്തേക്കു കൊണ്ടുപോകുവാൻ പാടില്ല.  അകത്തെ ഫോട്ടോ എടുക്കുവാൻ അനുവാദമില്ല.

അവിടെ അടുത്തു തന്നെ ഒരു  തണൽ മരത്തിന്റെ അടുത്തുള്ള  സിമന്റ് ബെഞ്ചുകളിലേക്കു ഞങ്ങളെ ഇരുത്തി. ഗൈഡുകൾ സംസാരമില്ല ആഗ്യഭാഷ മാത്രം. കുറച്ചു കഴിഞ്ഞപ്പോൾ ഒരു  ഫ്രഞ്ച്  വനിത വന്ന് മാതൃമന്ദിരത്തെ കുറിച്ചും അവിടുത്തെ  ജീവിത രീതിയെക്കുറിച്ചും ചെറുവിവരണം തന്നു. പിന്നെ അടുത്ത സ്ഥലത്തേക്കു കൊണ്ടുപോയത് വേറൊരു ഗൈഡ്. വഴിനീളെ ഗൈഡുകൾ കൈ മാറിയാണ് സന്ദർശകരെ അകത്തേക്കു കടത്തി വിടുന്നത്.

പല തരം പൂക്കൾ നിറഞ്ഞ പൂന്തോട്ടത്തിന്റെ നടുവിലൂടെ ഒരു  ഗ്രൂപ്പിന്റെ കൂടെ ഞാനും നടന്നു. താമര ഇതൾ പോലെ  ചെടികൾ വച്ചു  പിടിപ്പിച്ച സ്ഥലത്തിന്റെ വഴിയിലൂടെ ഉള്ളിലേക്കു പോകുമ്പോൾ കുറച്ചു ദൂരെയായി സൂര്യ പ്രകാശത്തിൽ വെട്ടി തിളങ്ങുന്ന ആയിരം ഇതളുകളുള്ള സുവർണ ഗ്ലോബിന്റെ മുകൾ ഭാഗം കാണാമായിരുന്നു. കുറച്ചു ദൂരെ ആയി വലിയ മരങ്ങളുടെ ചുറ്റിനുമുള്ള   സിമന്റ്  ബെഞ്ചിലേക്കാണ്   അടുത്തതായി   കൊണ്ടു പോയത്.

മരങ്ങളുടെ ചുവട്ടിൽ ആളുകൾ നിൽക്കുന്നതു ദൂരെ നിന്നു തന്നെ കാണാമായിരുന്നു. അടുത്ത് എത്തിയപ്പോൾ പലരും പല  പോസിലാണ് അവിടെ നിന്നിരുന്നത്. ചിലർ മരത്തെ കെട്ടി പുണർന്നും മുഖം മാത്രം തടിയോടു ചേർത്തുവച്ചും മരത്തെ താങ്ങി നിർത്തുന്നതുപോലെ കൈ രണ്ടു മുകളിലേക്ക് പൊക്കിപിടിച്ചുകൊണ്ടും ഒറ്റകാലിലും പല രൂപത്തിലായിരുന്നു അവരുടെ എല്ലാം നിൽപ്പ്. ഒന്നു കൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ ഇവരെല്ലാം കണ്ണുകൾ അടച്ചു ധ്യാനത്തിലാണെന്നു മനസ്സിലായി. ഇതിൽ പല രാജ്യത്തിലെ ആളുകൾ  പുരുഷനും സ്ത്രീയും പ്രായം ചെന്നവരും എല്ലാം ഉണ്ട്.

എങ്ങും നിശബ്ദത മാത്രം. ഗൈഡ്  ഞങ്ങളെ ആ  ബെഞ്ചുകളിലേക്ക് ഇരുത്തി. പലരും ചമ്രം പടിഞ്ഞിരുന്നു കണ്ണുകൾ അടച്ചു ധ്യാനത്തിൽ മുഴുകി തുടങ്ങിയിരുന്നു. ഞാനും ചമ്രം പടിഞ്ഞിരുന്നു കണ്ണുകൾ  മുറുകെ അടച്ചു. എങ്ങും നിശബ്ദ. ഇടയ്ക്കു കിളികളുടെ  ചെറിയ ശബ്ദം  മാത്രം കേൾക്കാം. 10 മിനിറ്റ് അങ്ങനെ ഇരുന്നതിനു  ശേഷം ഗൈഡ് ഞങ്ങളേയും കൊണ്ടു വീണ്ടും നടന്നു തുടങ്ങി.

തിരിഞ്ഞു നോക്കിയപ്പോൾ അപ്പോഴും പ്രതിമകളെപ്പോലെ മരങ്ങളിൽ പിടിച്ചു ധ്യാനത്തിൽ  മുഴുകി നിൽക്കുന്നവരെ കാണാമായിരുന്നു. അവർ എല്ലാം മറന്ന്  വേറെ ലോകത്തായിരുന്നു. 

മാതൃ മന്ദിരത്തിന്റെ അടുത്ത് എത്തിയപ്പോൾ മനോഹരമായ കാഴ്ചയാണ് നമുക്കു കാണാൻ പറ്റുക. ഇതളുകൾക്കിടയിലൂടെ താഴേക്കു സ്റ്റെപ്പുകൾ.  ഗൈഡുകൾ മാറിക്കൊണ്ടിരുന്നു.

ചെരുപ്പുകൾ ഊരി വച്ചു താഴേക്കുള്ള പടവുകൾ ഇറങ്ങി ചെന്നു നിൽക്കുന്നതു നടുമുറ്റത്ത്. മാർബിളിൽ  തീർത്ത  വലിയ താമര ഇതളുകൾ  പരന്നു കിടന്നതുപോലെ തോന്നും. അതിലൂടെ വെള്ളം വരുകയും  ഒഴുകി പോകുന്നതും കാണാം. പക്ഷേ വെള്ളം വരുന്നതും പോകുന്നതും എവിടെ നിന്നാണെന്നു അറിയുവാൻ സാധിക്കുകയില്ല.  വെള്ളം ഒഴുകുന്നതിന്റെ ശബ്ദം മാത്രം.

ഗൈഡ് ചുറ്റിനും ഇരിക്കുവാൻ ആഗ്യം കാണിച്ചും. എങ്ങും നിശബ്‍ത മാത്രം. അവർ കാണിച്ചു തന്ന നടുമുറ്റത്തിനു ചുറ്റുമുള്ള വളയങ്ങൾക്കുള്ളിൽ ഇരുന്നു. ചുറ്റും ഒന്നു കണ്ണ് ഓടിച്ചപ്പോൾ പ്രതിമകളെ പോലെ  ഇതളുകൾക്കിടയിൽ മന്ദിരത്തിന്റെ ഉള്ളിൽ  അവിടവിടെയായി ധ്യാനത്തിൽ മുഴുകിയിരിക്കുന്നവരെയും കണ്ടു. നിലത്ത് ഇരിക്കുവാൻ  പറ്റാത്തവർക്കു അരികിലായി കസേരകളും ഇട്ടിട്ടുണ്ട്. മെഡിറ്റേഷൻ ചെയ്യാൻ പറ്റിയ സ്ഥലം.

ഞാനും ചമ്രം പടിഞ്ഞിരുന്നു കണ്ണുകൾ അടച്ചു. എങ്ങും  നിശബ്ത. നടുക്കുള്ള  മാർബിളിൽ തീർത്ത താമര ഇതളുകളുടെ  ഇടയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ  കിലു കിലു ശബ്ദം മാത്രം. ഇടയ്ക്ക് തണുത്ത കാറ്റും നമ്മളെ തഴുകി പോകുന്നു. ഏതോ കാട്ടിലെ അരുവിയുടെ അടുത്ത് ഇരിക്കുന്ന പ്രതീതി. കണ്ണടച്ച് അതിൽ ലയിച്ചിരുന്നു സമയം പോകുന്നത് അറിഞ്ഞില്ല. ഗൈഡ് വന്ന് തൊട്ടപ്പോൾ ആണ് കണ്ണ് തുറന്നത്. അപ്പോൾ അടുത്ത സ്ഥലത്തേക്കു പോകുവാൻ എല്ലാവരും എഴുന്നേറ്റു തുടങ്ങിയിരുന്നു. പിന്നെ താമര ഇതളുകളുടെ ഉള്ളിലൂടെ  വീണ്ടും കറങ്ങി കറങ്ങി മുകളിലേക്ക്. അങ്ങനെ മുകളിലേക്കു നടന്നപ്പോൾ മറ്റൊരു സൈഡിലെ ഇതളുകൾക്കിടയിലൂടെ  സന്ദർശകർ താഴേക്കു പോകുന്നതു കാണാമായിരുന്നു. എല്ലായിടവും  മാർബിൾ മയം. ലൈറ്റ്, ഫാൻ ഒന്നും ഇല്ല.  പുറത്തു നല്ല ചൂടാണെങ്കിലും അകത്തു ചെറിയ തണുപ്പുണ്ട്.

കയറുന്ന വഴി ഗൈഡുകൾ നമ്മളെ കാത്തു  നിൽക്കുന്നതു കാണാം. ഇടയ്ക്ക് ഒരു സ്ഥലത്തു മാത്രം രണ്ടു ചെറിയ ദീപങ്ങൾ കണ്ടു. വീണ്ടും മുകളിലേയ്ക്ക്  നല്ല തണുപ്പുള്ള അന്തരീക്ഷം. ലൈറ്റ് ഇല്ലെങ്കിലും ആവശ്യത്തിനുള്ള സൂര്യപ്രകാശം മുകളിൽ നിന്നു കിട്ടുന്നുണ്ട്. അടുത്ത സ്ഥലത്ത്  എത്തിയപ്പോൾ അവിടെന്ന് എല്ലാവർക്കും സോക്സ് തന്നു. അവിടെ ഇരുന്നു സോക്സ് ഇട്ടപ്പോൾ പാന്റിനു മുകളിലേക്കു സോക്സ് ചേർത്തു കേറ്റി വച്ചു തന്നു ഗൈഡ്. വീണ്ടും  റൗണ്ടിൽ  ഉള്ള വഴികളിലൂടെ മുകളിലേക്ക്. 

മുകളിലത്തെ കാഴ്ച കാണേണ്ടതു തന്നെയാണ്

മാതൃ മന്ദിരത്തിന്റെ മുകളിലെ അർദ്ധ ഗോളത്തിലെ വിശാലമായ അകത്തെ ഈ അറയിലാണ് ധ്യാന ഹാൾ. അറയിലെ ചുമരുകളും തറയും മുഴുവനും വെളുത്ത മാർബിൾ. ഇവിടെയാണ്‌ ലോകത്തിലെ ഏറ്റവും വലിയ ഒപ്റ്റികലി പെർഫ്ക്റ്റ് ഗ്ലാസ് ഗ്ലോബ് സ്ഥപിച്ചിട്ടുള്ളത്. വെളുത്ത പരവധാനിയും ഇരിപ്പടവും വിരിച്ചിരിക്കുന്നു. മധ്യഭാഗത്ത് ക്രിസ്റ്റൽ ഗ്ലാസ് ഗ്ലോബ്. അതിനു ചുറ്റുമായി 12 വലിയ മാർബിളിൽ  തീർത്ത തൂണുകൾ. അതിന്റെ നേരെ മുകളിലായി  മേൽക്കൂരയിൽ സൂര്യ പ്രകാശം താഴേക്കു പതിക്കുവാൻ  നടുവിലായി ഒരു ക്രിസ്റ്റൽ ഗ്ലാസുണ്ട്. ഇത് ഇലക്ട്രോണിക്ക് മാർഗ നിർദ്ദേശമുള്ള ഒരു  കിരണത്തെ സ്വാധീനിക്കുന്നു, അത് ഗോളത്തിന്റെ ദ്വാരത്തിലൂടെ അതിൽ പതിക്കുന്നു. ഇടയ്ക്ക് ഒരു മിന്നൽ വെളിച്ചം പോലെ സൂര്യ പ്രകാശം വന്നുകൊണ്ടിരിക്കും.

എല്ലാവരും അവിടെ ചമ്രം പടിഞ്ഞ് ഇരുന്നു. അറിയാതെ തന്നെ എന്റെ  കണ്ണുകളും താനെ അടഞ്ഞു.

എന്താ പറയുക. അത് അനുഭവിച്ചു തന്നെ അറിയണം. മനസ്സും ശരീരവും ശാന്തമായ ഏതോ ലോകത്തിലൂടെ ഒഴുകി പോകുന്നതായി തോന്നി. സമയം പോയത് അറിഞ്ഞില്ല. അരമണിക്കൂറോളം അങ്ങനെ ഇരുന്നു. കരയാതെ തന്നെ കണ്ണീർ തുള്ളികൾ അറിയാതെ ഒഴുകി. മനസ്സിൽ നിന്ന് എന്തോ ഒരു വലിയ  ഭാരം ഇറക്കി വച്ച  പോലെ തോന്നി. ചെറിയ ഒരു വിളിച്ചം മിന്നിയപോലെ തോന്നിയപ്പോൾ കണ്ണ് താനെ തുറന്നു. തിരിച്ചു താഴേക്ക് ഇറങ്ങിയപ്പോൾ എതിർ ദിശയിലൂടെ  മുകളിലേക്കു സന്ദർശകരെയും കൊണ്ട് ഒരു  ഫ്രഞ്ച് വനിത  പോകുന്നതു കാണാമായിരുന്നു. മനസമാധാനം തേടിയുള്ള യാത്ര.

തിരിച്ചു പോരുന്ന വഴി മാതൃ മന്ദിരത്തിന്റെ വ്യൂ പോയിന്റ് കാണുവാൻ പോയി. അവിടേക്കു പോകുവാനും വണ്ടികൾ ഉണ്ട്. വ്യൂ പോയിന്റിലൂടെ മാതൃമന്ദിരത്തിന്റെ  സ്വർണ നിറത്തിലുള്ള പുറം ഭാഗങ്ങൾ വെട്ടി തിളങ്ങുന്നതു കാണാം. മാതൃ മന്ദിരത്തിന്റെ ഉള്ളിൽ പ്രവേശിക്കുവാൻ പറ്റാത്തവർക്ക് അവിടെ നിന്നാൽ മാതൃ മന്ദിരവും ചുറ്റുപാടും  ശരിക്കും കാണാം.

മനസ്സിലെ കുറെ ഭാരം ഇറക്കിവച്ചു വീണ്ടും പുതിയ  ഭാരം ചുമക്കുവാൻ ഞങ്ങൾ വീണ്ടും  ജീവിത യാത്രയിലേക്കു തിരിച്ചു നടന്നു. 

English Summary:

The Matrimandir is a place for individual silent concentration.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com