ADVERTISEMENT

ഇരുപതാം വയസ്സിൽ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് റെൻസിയെ പിടികൂടുമ്പോൾ ഈ ലോകത്തിലെ ആസ്വദിക്കാനാകുന്ന സകല സാഹസങ്ങളും സഞ്ചാരങ്ങളുമായിരുന്നു ആ ചെറുപ്പക്കാരന്റെ ഉള്ളുനിറയെ. രോഗം തന്നെ പിന്നോട്ടു വലിക്കുമെന്നറിഞ്ഞിട്ടും പ്രകൃതിയോട് കൂട്ടുകൂടാനായിരുന്നു റെൻസി തീരുമാനിച്ചത്. അന്ന് രോഗത്തെ പഴിച്ച് മുറിക്കുള്ളിൽ ഒതുങ്ങിയിരുന്നെങ്കിൽ ഈ ചരിത്രം ഇവിടെ പിറക്കില്ലായിരുന്നു. ഉദ്ഭവ സ്ഥാനമായ ഗോമുഖിൽനിന്ന് പല നാടുകളിലൂടെ, സംസ്കാരങ്ങളിലൂടെ അലതല്ലിയും ശാന്തമായും പരന്നും നീണ്ടുമെല്ലാം ഒഴുകി ഗംഗാസാഗറിൽ യാത്ര അവസാനിപ്പിക്കുന്ന ഗംഗാ നദിക്കൊപ്പം 95 ദിവസം ഒറ്റയ്ക്കു സഞ്ചരിച്ച് റെൻസി തോമസ് കുറിച്ചത് അവർണനീയമായ ഇതിഹാസത്തിന്റെ ഏട് മാത്രമല്ല, തന്നെ തോൽപിക്കാൻ ശ്രമിക്കുന്ന രോഗത്തിനു മേലുള്ള വിജയം കൂടിയാണ്. കന്യാകുമാരി സ്വദേശിയും മലയാളിയുമായ റെൻസി തോമസ് ഉത്തരാഖണ്ഡിലെ ഗോമുഖിൽനിന്നു ബംഗാളിലെ ഗംഗാ സാഗർ വരെ ഒറ്റയ്ക്ക് കയാക്കിങ്, ട്രെക്കിങ്, സൈക്കിളിങ് എന്നിവയിലൂടെ ഗംഗാ പര്യവേഷണം പൂർത്തിയാക്കി റെക്കോർഡ് സ്ഥാപിച്ചിരിക്കുന്നു. കണക്കു കൂട്ടിയതിൽനിന്ന് 5 ദിവസം മുൻപ്, 95 ദിവസം കൊണ്ടാണ് തോമസ് ഈ നേട്ടം കൈവരിച്ചത്. ഗോമുഖിൽനിന്നു ഗംഗാ സാഗറിലേക്കുള്ള യാത്ര ഏകാന്തമായും മോട്ടർ സഹായമില്ലാതെയും പൂർത്തിയാക്കിയ ആദ്യത്തെ വ്യക്തിയായി റെൻസി തോമസ്.

rency-07

മനസ്സും ശരീരവും പ്രകൃതിക്കു സമർപ്പിച്ച മനുഷ്യൻ 

അതിജീവനത്തിന്റെ, ഇച്ഛാശക്തിയുടെ, മനക്കരുത്തിന്റെയൊക്കെ ജീവിക്കുന്ന സാക്ഷ്യമാണ് റെൻസി തോമസ്. വിട്ടുമാറാത്ത റൂമറ്റോയ്ഡ് ആർത്രൈറ്റിസ് കണ്ടെത്തിയപ്പോൾ, ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ചികിത്സാപര്യടനത്തിനു പകരം അദ്ദേഹം തിരഞ്ഞെടുത്തത് പ്രകൃതിയുടെ ഉള്ളകങ്ങളിലേക്കുള്ള ഇറങ്ങിച്ചെല്ലലായിരുന്നു. സ്ഥിരോത്സാഹിയായിരുന്ന റെൻസി അടങ്ങിയിരിക്കാൻ തയാറല്ലാത്തതിനാലാവാം ശരിരത്തിന്റെ വേദനകൾ മനസ്സിന്റെ പ്രേരകശക്തിയായി മാറി. രോഗം കണ്ടെത്തുന്ന സമയത്ത് എൻസിസി എയർ വിങ്ങിലെ, ഇന്ത്യയിലെ ഏറ്റവും മികച്ച നാലാമത്തെ പൈലറ്റായിരുന്നു റെൻസി. മാസങ്ങളോളം കിടക്കയിൽ വേദനകൾ സഹിച്ചു. കാലിടറിയെങ്കിലും ആ ഇടർച്ചയിൽനിന്നു പറന്നുയരാനുള്ള ശക്തി ആ യുവാവ് ആർജ്ജിച്ചിരുന്നു. ആരോഗ്യപരമായ വെല്ലുവിളികൾക്കിടയിലും റെൻസി പ്രകൃതിയിൽ ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു. ആ ശ്രമങ്ങൾ ചെന്നുനിന്നത് ഹിമാചൽ പ്രദേശിലെ മണാലി ആസ്ഥാനമായുള്ള ലൈവ് 360 അഡ്വഞ്ചേഴ്സ് എന്ന സാഹസിക ടൂറിസം സ്ഥാപനത്തിന്റെ ആരംഭത്തിലാണ്. ഇപ്പോൾ രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം, ട്രെക്കിങ്, മൗണ്ടൻ ബൈക്കിങ്, കയാക്കിങ് എന്നിവയുടെ സംയോജനത്തിലൂടെ ഗംഗയുടെ മുഴുവൻ ഭൂപടവും താണ്ടുന്ന ആദ്യ വ്യക്തിയായി മാറിയിരിക്കുന്നു. 95 ദിവസം കൊണ്ട് 2,700 ലധികം കിലോമീറ്റർ ഒറ്റയ്ക്ക്, യന്ത്രസഹായമില്ലാതെ, ഭൂരിഭാഗം വഴിയും കയാക്കിങ്ങിലൂടെ തുഴഞ്ഞ് പൂർത്തിയാക്കുക എന്ന അങ്ങേയറ്റം സാഹസികവും എന്നാൽ പ്രചോദനാത്മകവുമായ യാത്രയാണ് റെൻസി തോമസ് പൂർത്തിയാക്കിയത്. 

rency-05

തുടക്കം മുതൽ ഒടുക്കം വരെ : എന്തുകൊണ്ട് ഗംഗ? 

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട നദിയാണ് ഗംഗ, ഗംഗാനദിയുടെ മലിനമാക്കപ്പെട്ട വശത്തെക്കുറിച്ചു മാത്രമാണ് പലപ്പോഴും സംസാരിക്കപ്പെടുന്നത്. എന്നാൽ ജനസംഖ്യയുടെ 40 ശതമാനത്തിലധികം ജനങ്ങൾ ഗംഗയുടെ തീരങ്ങളെ ആശ്രയിച്ചു ജീവിതം പച്ചപിടിപ്പിക്കുന്നു. ആ നദിയുടെ പ്രാധാന്യം ഒഴുകുന്ന പ്രദേശങ്ങളിലുടനീളം അതു വളർത്തിയെടുക്കുന്ന ജീവിതത്തിലാണ്. ഗംഗയുടെ മഹത്വം ലോകത്തെ അറിയിക്കണമെന്ന ലക്ഷ്യത്തോടെയാണ് താൻ ഈ സഞ്ചാരം ഏകോപിപ്പിച്ചതെന്ന് റെൻസി. ഒരു സാഹസികൻ എന്ന നിലയിൽ മതിയായ അനുഭവസമ്പത്ത് തനിക്ക് ഉണ്ടായിരുന്നെങ്കിലും ഗംഗാ പര്യവേഷണം എന്നത് അതിൽനിന്നൊക്കെ വ്യത്യസ്തമായിരുന്നുവെന്ന് റെൻസി പറയുന്നു. 

rency-02

2023 നവംബർ 4 നാണ് അസാധാരണ സാഹസിക യാത്രയുടെ തുടക്കം. റെൻസിക്ക് എല്ലാവിധ സഹായങ്ങളും പിന്തുണയും നൽകി നാലംഗ സംഘവും ഒപ്പമുണ്ടായിരുന്നു. കേരളം, ഉത്തരാഖണ്ഡ്, ഹിമാചൽ എന്നിവിടങ്ങളിൽ നിന്നുള്ള ടീം അംഗങ്ങൾ റോഡ് മാർഗമാണ് റെൻസിയെ പിൻതുടർന്നത്. ഗോമുഖിൽനിന്നു ഗംഗോത്രിയിലേക്കുള്ള ട്രെക്കിങ്ങോടെയാണ് യാത്ര ആരംഭിച്ചത്, തുടർന്ന് ഗംഗോത്രിയിൽനിന്ന് ദേവപ്രയാഗിലേക്കുള്ള മൗണ്ടൻ ബൈക്കിങ്ങും. പക്ഷേ യാത്രയുടെ ഹൈലൈറ്റ് കയാക്കിങ് തന്നെ. വൈറ്റ് വാട്ടർ കയാക്കിങ് ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരുന്നു. ദേവപ്രയാഗിൽനിന്ന് ഋഷികേശ് വരെയുള്ള അതികഠിനമായ ഗംഗാപ്രവാഹത്തിലൂടെ, ആത്മവിശ്വാസം കൈവിടാതെ റെൻസി തുഴയെറിഞ്ഞു. രാവിലെ എട്ടുമണിക്ക് യാത്ര ആരംഭിക്കും. ഒരു ദിവസം പരമാവധി 40-50 കിലോമീറ്റർ വരെയാണ് തുഴയുന്നത്. 70 കിലോമീറ്റർ വരെ തുഴഞ്ഞ ദിവസങ്ങളുണ്ടായിരുന്നുവെന്ന് റെൻസി. അതാത് ദിവസങ്ങളിൽ യാത്ര പൂർത്തിയാകുന്ന നദീതീരത്ത് ടെന്റടിച്ച് രാത്രി ചെലവഴിക്കും. 95 ദിവസത്തെ യാത്രയിലുടനീളം റെൻസിയും ടീമും വിവിധ ഭൂപ്രദേശങ്ങളിലൂടെ കടന്നുപോയി. പല സംസ്കാരങ്ങളും ആവാസ വ്യവസ്ഥകളും കണ്ടു. കാൺപുർ, വാരാണസി, പട്‌ന, ഭഗൽപുർ, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലെ നദീതീരങ്ങളിൽ ക്യാംപ് ചെയ്യുകയും ചിലപ്പോൾ ഹോട്ടലുകളിൽ താമസിക്കുകയും ചെയ്തു. 

rency-04
റെൻസി തോമസ് ഗോമുഖിൽ നിന്നു ഗംഗാ സാഗറിലേക്കുള്ള യാത്രയിൽ.

ഗംഗയുടെ ആരും കാണാത്ത ഭാവവും മുഖവും ലോകമറിയണം എന്ന ഉദ്ദേശ്യത്തോടെ നടത്തിയ യാത്രയിലുടനീളം ഓരോ നാടും നാട്ടകങ്ങളും നദീതടജീവിതങ്ങളും റെൻസി അടുത്തറിഞ്ഞു. അതൊടൊപ്പം, അസുഖമെന്നു പറഞ്ഞ് എല്ലാമുപേക്ഷിച്ച് ഒതുങ്ങിക്കൂടാതെ പുറത്തേക്കിറങ്ങാൻ എല്ലാവർക്കുമൊരു പ്രചോദനം കൂടിയാവട്ടെ തന്റെ ഈ തീരുമാനം എന്നും ഈ സാഹസികൻ കരുതി. ഓരോ യാത്രയിൽനിന്നും താൻ കണ്ടെത്തുന്നത് പുതിയ തന്നെത്തന്നെയാണെന്ന തിരിച്ചറിവാണ് റെൻസിയെ വീണ്ടും വീണ്ടും സഞ്ചാരങ്ങളിലേക്ക് ഇറങ്ങാൻ പ്രേരിപ്പിക്കുന്നത്. 

rency-01
ഇച്ഛാശക്തിയുടെ തോണിയിലേറി റെൻസി തോമസ്

വെല്ലുവിളികൾ നിറഞ്ഞ നദിയിലൂടെ വിജയത്തിന്റെ തുഴയെറിഞ്ഞ് 

വിട്ടുമാറാത്ത ആർത്രൈറ്റിസുമായി മല്ലിടുകയും ദിവസവും ആറ് മണിക്കൂറിലധികം ഗംഗയിൽ ഒറ്റയ്ക്ക് സഞ്ചരിക്കുകയും ചെയ്തിരുന്നു. അതിനു സഹായകമായത്, യാത്രയ്ക്കു മുമ്പായി കൊല്ലത്തുള്ള സിസിജി എക്കോ സ്പോർട്സിൽ ഒരു മാസത്തോളം കയാക്കിങ്ങിൽ നേടിയ പരിശീലനമാണെന്നു റെൻസി പറയുന്നു. കൃത്യമായ പരിശീലനമില്ലാതെ ഇത്തരം വെല്ലുവിളി നിറഞ്ഞ എക്സ്പിഡീഷന് പോകാനാകില്ല, ദിവസവും എട്ടുമണിക്കൂറോളം ഒറ്റയ്ക്ക് കായലിലും കടലിലുമായി താൻ പരിശീലനം നടത്തിയെന്നും റെൻസി പറഞ്ഞു. 

rency-03
റെൻസി തോമസ് ഗോമുഖിൽ നിന്നു ഗംഗാ സാഗറിലേക്കുള്ള യാത്രയിൽ.

മോട്ടർ ഘടിപ്പിക്കാത്ത, പൂർണമായും മനുശ്യശക്തിയിൽ പ്രവർത്തിക്കുന്ന കയാക്കിലാണ് റെൻസിയുടെ യാത്ര മുഴുവൻ. ഏതാണ്ട് 2,750 കിലോമീറ്റർ സഞ്ചരിച്ചു. അതിൽ 23 കി.മീ ട്രെക്കിങ്, 800 കി.മീ മൗണ്ടൻ ബൈക്കിങ്, 60 കി.മീ വൈറ്റ് വാട്ടർ കയാക്കിങ്, 1,870 കി.മീ കടൽ കയാക്കിങ് എന്നിവ ഉൾപ്പെടുന്നു. കൈകളുടെ സന്ധികളിലെ വേദന തടസമായപ്പോഴും ലക്ഷ്യത്തിലേക്ക് എത്താൻ റെൻസി തുഴഞ്ഞുകൊണ്ടേയിരുന്നു. കുറച്ചധികമാലമായി മനസ്സിലിട്ടുകൊണ്ടു നടക്കുന്ന പദ്ധതിയായിരുന്നു ഇതെന്നും 35 ലക്ഷത്തിലധികം രൂപ ഇതിനായി ചെലവായതായും റെൻസിയുടെ ടീം മെമ്പർ പൊന്നി നാഥ് പറഞ്ഞു. പല ട്രാവൽ ആൻഡ് അഡ്വഞ്ചറസ് കമ്യൂണിറ്റികളും സുഹൃത്തുക്കളും യാത്രാസ്നേഹികളുമെല്ലാം ഇതിനായി തങ്ങൾക്കൊപ്പം നിന്നുവെന്നും റെൻസിയുടെ മനഃശക്തിയാണ് ഈ യാത്ര വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. 

rency-320

റെൻസിയുടെ ഈ ഐതിഹാസിക യാത്ര ഒടിടി പ്ലാറ്റ്ഫോമിൽ ഡോക്യൂമെന്ററി ആയി റിലീസ് ചെയ്യാനും പദ്ധതിയുണ്ട്. ഗോമുഖിൽ നിന്നു ഗംഗാ സാഗറിലേക്കുള്ള യാത്ര ഏകാന്തമായും യന്ത്രസഹായമില്ലാതെയും പൂർത്തിയാക്കിയ ആദ്യത്തെ വ്യക്തി എന്ന ഗിന്നസ് റെക്കോർഡ് സ്വന്തം പേരിലാക്കാനുള്ള തയാറെടുപ്പ് ഒരു വശത്ത് നടക്കുമ്പോൾ അടുത്ത സാഹസികതയ്ക്കുള്ള കോപ്പുകൂട്ടൽ റെൻസി ആരംഭിച്ചുകഴിഞ്ഞു, അധികതാമസമില്ലാതെ പുതിയൊരു ചരിത്രത്തിനുകൂടി നമുക്കു സാക്ഷ്യം വഹിക്കാം.

English Summary:

Rency Thomas, a man traveling the Ganga River alone.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com