ഇന്ത്യക്കാർക്കു പോലും യാത്രാനുമതി വേണം ഇന്ത്യയിലെ ഈ സ്ഥലങ്ങളിൽ
Mail This Article
ഇന്ത്യ നമ്മുടെ രാജ്യമാണ്. അതുകൊണ്ടു രാജ്യത്ത് എല്ലായിടത്തേക്കും ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ നമുക്ക് യാത്ര ചെയ്യാം എന്നു കരുതരുത്. നാട്ടുകാരൊക്കെയാണെങ്കിലും ഇന്ത്യക്കാർക്കുപോലും പ്രവേശിക്കാൻ യാത്രാനുമതി ആവശ്യമുള്ള ചില പ്രദേശങ്ങൾ നമ്മുടെ രാജ്യത്തുണ്ടെന്ന് നിങ്ങൾക്കറിയാമോ. ഇന്ത്യയിൽ, ചില പ്രദേശങ്ങളിൽ സന്ദർശനത്തിനായി ഇന്നർ ലൈൻ പെർമിറ്റ് (ILP) വേണം. ഇത്തരം പ്രദേശങ്ങൾ ഇന്ത്യയുടെ രാജ്യാന്തര അതിർത്തികൾക്കു സമീപമാണ് സ്ഥിതി ചെയ്യുന്നത്, അതുകൊണ്ടുതന്നെ അവ സെൻസിറ്റീവ് സോണുകളായി കണക്കാക്കപ്പെടുന്നു. ഏതൊക്കെ പ്രദേശങ്ങളിലേക്കാണ് യാത്രാനുമതി ആവശ്യമുള്ളതെന്നു നോക്കാം.
അരുണാചൽ പ്രദേശ്
മ്യാൻമർ, ഭൂട്ടാൻ, ചൈന എന്നിവയുമായി അതിർത്തി പങ്കിടുന്ന അരുണാചൽ പ്രദേശിന് അതിന്റെ സെൻസിറ്റീവ് സ്വഭാവം കാരണം അങ്ങോട്ടേക്കു പ്രവേശിക്കുന്നതിന് തദ്ദേശീയരല്ലാത്തവർക്ക് ഇന്നർ ലൈൻ പെർമിറ്റുകൾ ആവശ്യമാണ്. കൊൽക്കത്ത, ഡൽഹി, ഷില്ലോങ്, ഗുവാഹത്തി തുടങ്ങിയ നഗരങ്ങളിലുള്ള അരുണാചൽ പ്രദേശ് സർക്കാരിന്റെ റസിഡന്റ് കമ്മിഷണറിൽനിന്ന് പെർമിറ്റ് ലഭിക്കും.
മേഘാലയ
മേഘാലയയിലും പെർമിറ്റ് വേണം. ടൂറിസ്റ്റുകൾ, തൊഴിലാളികൾ, ബിസിനസ് ആവശ്യങ്ങൾ എത്തുന്നവർ തുടങ്ങിയവരടക്കം 24 മണിക്കൂറിലധികം സംസ്ഥാനത്തു താമസിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ പെർമിറ്റ് എടുക്കുകയും ആവശ്യമായ രേഖകൾ നൽകുകയും വേണം.
നാഗാലാൻഡ്
മ്യാൻമറുമായി അതിർത്തി പങ്കിടുന്ന നാഗാലാൻഡിലും സന്ദർശകർക്ക് ഇന്നർ ലൈൻ പെർമിറ്റ് നിർബന്ധമാണ്. ദിമാപുർ, കൊഹിമ, ന്യൂഡൽഹി, ഷില്ലോങ്, മൊകോക്ചംഗ്, കൊൽക്കത്ത എന്നിവിടങ്ങളിലെ ഡപ്യൂട്ടി കമ്മിഷണറിൽ നിന്നോ ഓൺലൈനായോ പെർമിറ്റ് ലഭിക്കും.
മിസോറം
മ്യാൻമറിനോടും ബംഗ്ലദേശിനോടും ചേർന്നുള്ള അതിർത്തികളുള്ള മിസോറമിലേക്കും ഇന്നർ ലൈൻ പെർമിറ്റ് ആവശ്യമാണ്. അത് മിസോറം സർക്കാരിന്റെ ലെയ്സൺ ഓഫിസറിൽനിന്നു ലഭിക്കും. ഗുവാഹത്തി, സിൽച്ചാർ, കൊൽക്കത്ത, ഷില്ലോങ്, ന്യൂഡൽഹി തുടങ്ങിയ നഗരങ്ങളിലെ ഓഫിസ ഈ പെർമിറ്റുകൾ നൽകുന്നുണ്ട്. ഐസ്വാളിലെ ലെങ്‌പുയ് വിമാനത്താവളത്തിൽ വിമാന യാത്രികർക്കു പ്രത്യേക പാസ് ലഭ്യമാണ്. മിസോറാമിലേക്ക് രണ്ട് തരം എഎൽപികൾ ലഭ്യമാണ് ഒന്ന് 15 ദിവസത്തേയ്ക്കുള്ള താൽക്കാലിക പെർമിറ്റും മറ്റൊന്ന് ആറ് മാസത്തേക്കുള്ള പതിവ് പെർമിറ്റും.
സിക്കിമിലെ സംരക്ഷിത പ്രദേശങ്ങൾ
സിക്കിമിലെ വിദൂര സംരക്ഷിത പ്രദേശങ്ങളായ സോംഗോ-ബാബ മന്ദിർ, നാഥുലാ പാസ്, ദ്സോങ്‌ഗ്രി ട്രെക്ക്, സിംഗലീല ട്രെക്ക്, യുമെസാംഡോംഗ്, ഗുരുഡോങ്‌മാർ തടാകം, സീറോ പോയിന്റ്, യംതാങ്, താംഗു-ചോപ്ത വാലി എന്നിവ സന്ദർശിക്കുന്നതിന് ടൂറിസം ആൻഡ് സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്‌മെന്റ് നൽകുന്ന അനുമതി ആവശ്യമാണ്. ടൂർ ഓപ്പറേറ്റർമാരുടെയോ ട്രാവൽ ഏജന്റുമാരുടെയോ സഹായത്തോടെ ബാഗ്‌ഡോഗ്ര എയർപോർട്ടിലും റംഗ്‌പോ ചെക്ക്‌പോസ്റ്റിലും പെർമിറ്റുകൾ നേടാനാകും.
ലക്ഷദ്വീപ്
ഇന്ത്യൻ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപു സന്ദർശിക്കാൻ പെർമിറ്റിനായി തിരിച്ചറിയൽ രേഖകൾക്കൊപ്പം പ്രാദേശിക പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റും നൽകണം. പെർമിറ്റിന് ഓൺലൈനായും അപേക്ഷിക്കാം.
മണിപ്പൂർ
പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട മണിപ്പുരിൽ, 2019 ഡിസംബറിൽ പെർമിറ്റ് പ്രാബല്യത്തിൽ വന്നു. ഒരു താൽക്കാലിക പെർമിറ്റ് 30 ദിവസം വരെയും പതിവ് പെർമിറ്റ് 90 ദിവസം വരെയും സാധുവാണ്. പെർമിറ്റ് ലഭിക്കുന്നതിന് പൗരത്വ രേഖയും ഫോട്ടോയും ആവശ്യമാണ്.